Saturday, October 28, 2017

ഗോകർണ്ണൻറ്റെ മനസ്സിൽ. ശ്രീമദ് ഭാഗവത സപ്താഹം വീണ്ടും നടത്തണ്ടേതിനെക്കുറിച്ച് ആലോചിച്ചപ്പോൾ മനസ്സിൽ സന്തോഷവും, ആനന്ദവും അലതല്ലി. അങ്ങിനെ മനസ്സിനുളളിൽ സന്തോഷത്തിൻ തിരമാലകൾ ഉണ്ടായി. ആ അലകൾ അടങ്ങുന്നതിന്ന് മുമ്പ് വീണ്ടും ഒരു സപ്താഹ യജ്ഞത്തിന്ന് ഗോകർണ്ണൻ മാനസികമായി തയ്യാറായി.
സന്താപവും മനസ്സിൽ നിറഞ്ഞു. ആദ്യം നടത്തിയ ഭാഗവത സപ്താഹ യജ്ഞം ശ്രവണ, കീർത്തനങ്ങളാൽ ശ്രീഹരി പ്രസാദിച്ചില്ലല്ലോ എന്ന് ഓർത്ത് മനസ്സിന്ന് വേദനയും തോന്നി. പിന്നെ ജ്ഞാനിയായ ഗോകർണ്ണൻ ശ്രിമദ് ഗീതയിലെ ശ്ലോകം മനസ്സാൽ സ്മരിച്ചു.
“സുഖ ദുഃഖേ സമേ കൃത്വാ ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി”
ഭഗവാൻ പാടിയ ഈ ശ്ലോകം മനസ്സിൽ ഒരു പ്രാവശ്യം സ്മരിച്ചപ്പോൾ തന്നെ സന്താപത്തിൻ വിത്തുകൾ നശിച്ചു. ശരീരത്തിന്നും, മനസ്സിനും ഉണർവുണ്ടായി. ഹരിദാസമ്മാരുടെ ആജ്ഞ ശിരസാ വഹിച്ച് ചിങ്ങമാസത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം കേമമായി നടത്തി. ഗുരുവായ ഗോകർണ്ണനും, ബാക്കി സഹൃദയമ്മാരും ശ്രവണം, കീർത്തനം, വന്ദനം എന്നിവ ഒരു അണു ഇട പോലും തെറ്റാതെ നടത്തി.
സപ്താഹം എല്ലാവരും ശ്രവിച്ചു, പൂർണ്ണമായി കഴിഞ്ഞപ്പോൾ ഒരു അത്ഭുതം സംഭവിച്ചു. ഹരിദാസമ്മാരേയും കൂട്ടി ശ്രീഹരി തന്നെ നേരിട് വിമാനത്തിൽ വന്നിറങ്ങി. ആ സമയത്ത് ഹരേ കൃഷ്ണാ…..ഹരേ രാമാ…..ഹരേ ഗോവിന്ദാ…..ഹരേ മുരാരേ എന്നീ ശബ്ദങ്ങളും ജയജയ വിളികളും ഉണ്ടായി.
ശ്രീഹരി സന്തോഷത്താൽ സ്വന്തം പാഞ്ചജന്യത്തെ ഉറക്കെ ശബ്ദിപ്പിച്ചു. സന്തോഷം പ്രകടമാക്കിക്കൊണ്ട് ശ്രീഹരി ഗോകർണ്ണനെ കെട്ടി പിടിച്ചു. മാത്രമല്ല ഗോകർണ്ണനെ ശ്രീഹരിയുടെ അതേ രൂപം ആക്കി, ഭഗവാനിൽ ലയിപ്പിച്ചു. ഹോ ഭാഗ്യം ………….. ഹോ ഭാഗ്യം.
ബാക്കിയുളള ഭക്ത ജനത്തേയും മഞ്ഞപ്പട്ടുത്തവരായും, കിരീടം കുണ്ഠലം എന്നിവയാലും അലങ്കരിച്ചു. ആ ഗ്രാമത്തിലെ സകല ജാതി ജനങ്ങളെയും ഇത് പോലെ ആക്കി, എന്താ കാരണം ആ ജനങ്ങൾ എല്ലാം ഗോകർണ്ണനെ മനസ്സാൽ ആരാധിക്കുകയും, ആദരിക്കുകയും ചെയ്യതിരുന്നു. അവരെ എല്ലാം ശ്രീഹരി ഗോകർണ്ണനോടുളള കാരുണ്യത്താൽ വിമാനത്തിൽ കയറ്റി കൊണ്ടു പോയി.
ഭാഗവത കഥാ ശ്രവണത്തെ വീണ്ടും പുകഴ്ത്തുന്നു.
“കഥാശ്രവണതഃ പ്രീതോ നിര്യയൌ ഭക്തവത്സലഃ
അയോദ്ധ്യവാസിനഃ പൂർവ്വഃ യഥാ രാമേണ സംഗതാഃ
തഥാ കൃഷ്ണേന തേ നീതാ ഗോലോകം യോഗിദുർല്ലഭം”
ഭാഗവത കഥ ശ്രവണം ചെയ്യുന്നവരിൽ സന്തുഷ്ടനായിട്ട് അവരെ സ്വന്തം ലോകത്തേക്ക് കൊണ്ടു പോകുന്നു. ആ ലോകത്തിൽ മുക്തിയും നൽകുന്നു. അയോദ്ധ്യാ വാസികൾ വളരെ മുമ്പ് ശ്രീരാമചന്ദ്രൻറ്റെ സംഗമത്തിൽ വൈകുണ്ഠം പ്രാപിച്ച പോലെ. ശ്രീകൃഷ്ണനും കിട്ടാൻ വിഷമമുളള ഗോലോകത്തിലേക്ക് അവരെ എല്ലാം കൊണ്ടു പോയി.
വീണ്ടും കഥാ ശ്രവണത്തിൻ മഹിമ അവതരിപ്പിക്കുന്നു. ഈ പരമവും പവിത്രവുമായ ഭാഗവത കഥ ഒരു പ്രാവശ്യം കേൾക്കുന്നവർക്ക് വീണ്ടും ഒരു ഗർഭ പാത്രത്തിൽ പ്രവേശിക്കാൻ ഭഗവാൻ അനുവദിക്കില്ല. പക്ഷെ ഭക്തി പുരസ്സരം ആയിരിക്കണം കഥാ ശ്രവണവും മനനവും. അങ്ങിനെ ആയാൽ അവർക്ക് മുക്തി സുനിശ്ചിതം.
ഉപവാസം, കഠിന തപസ്സ്, യോഗാനുഷ്ടാനം എന്നിവയാൽ മുക്തി അത്ര എളുപ്പം സാധ്യമാവില്ല. എന്നാൽ ഭാഗവത കഥാ മനസ്സറിഞ്ഞുളള ഭക്തിയാൽ കേൾക്കുകയാണെങ്കിൽ ജീവൻ മുക്തിക്ക് വിഷമമേ ഉണ്ടാവില്ല…..സുനിശ്ചിതം.
ശാണ്ഡല്യ മുനീശ്വരൻ ബ്രഹ്മാനന്ദം സാക്ഷാൽക്കരിച്ചിരിക്കുന്നു, എന്നാലും അദ്ദേഹവും ഈ ഭാഗവതത്തെ ദിവസവും വായിക്കുന്നു. ആശ്ചര്യം ………….. ആശ്ചര്യം.
അവസാനമായി പറയുന്നു ഈ ഭാഗവത കഥ ഒരു പ്രാവശ്യം കേൾക്കുന്നവർക്ക്, അവരുടെ സകല പാപത്തേയും ഈ കഥാഖ്യാനം നശിപ്പിക്കും. പിതൃക്കളുടെ ശ്രാദ്ധ ദിവസം വായിച്ചാൽ അവർ തൃപ്തരാവും. ദിവസേന വായിക്കുന്നവർക്ക് പുനർജന്മം ഉണ്ടാവില്ല.
ചുരുക്കത്തിൽ ഭാഗവതം സ്വയം വായിക്കുന്നതും, സപ്താഹം കേൾക്കുന്നതും ഉത്തമം എന്ന് സാരം.
പത്മപുരാണത്തിലെ ഗോകർണ്ണ ഭക്തി വർണ്ണനവും അവസാനിച്ചു.

No comments: