Friday, October 27, 2017

‘സന്ധ്യ’ എന്ന രണ്ടക്ഷരം വളരെ പാവനമാണ്; മഹ്വതമുള്ളതാണ്. സന്ധ്യയ്ക്ക് സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്നാണ് ആചാരമതം. നാമജപാദികള്‍ കൊണ്ട് ഗൃഹാന്തരീക്ഷം ഐശ്വര്യപൂര്‍ണ്ണമാകുന്നത് സന്ധ്യാവേളയിലാണ്. നിലവിളക്ക് ജ്വലിപ്പിച്ച് സന്ധ്യയെ നാം എതിരേല്‍ക്കുന്നു. ഉഷഃസന്ധ്യയും സായംസന്ധ്യയും തുല്യപ്രാധാന്യം അര്‍ഹിക്കുന്നു. എങ്കിലും സായംസന്ധ്യയ്ക്കാണ് കൂടുതല്‍ മഹത്വം കല്‍പ്പിച്ചിട്ടുള്ളത്.സന്ധ്യ സന്ധ്യാദേവിയാണ്.
ബ്രഹ്മദേവന്റെ മാനസപുത്രിയായി ജന്മമെടുത്ത സന്ധ്യയാണ് പിന്നീട് സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠന്റെ ധര്‍മപത്‌നിയായത്. പാതിവ്രത നിഷ്ഠക്ക് ഉത്തമദൃഷ്ടാന്തമാണ് അരുന്ധതീദേവി. ഈ പതിവ്രതാരത്‌നത്തിന്റെ ജന്മരഹസ്യം സന്ധ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.അത്രി, പുലഹന്‍, പുലസ്ത്യന്‍, നാരദന്‍, ക്രതു, മരീചി, അംഗിരസ്സ്, വസിഷ്ഠന്‍, ഭൃഗു, ദക്ഷന്‍ തുടങ്ങിയ മാനസപുത്രന്മാരെ സൃഷ്ടിച്ച ബ്രഹ്മദേവന്‍ ഒരു മാനസപുത്രിയെയും സൃഷ്ടിച്ചു. മുനിമാരെപ്പോലും മയക്കുന്ന സൗന്ദര്യമുള്ള ആ സുന്ദരീരത്‌നം ‘സന്ധ്യ’ എന്ന പേരിനാല്‍ പ്രഖ്യാതയായി.ബ്രഹ്മദേവന്റെ സൃഷ്ടികളുടെ കൂട്ടത്തില്‍ ഒരു സുന്ദരപുരുഷനും ഉണ്ടായിരുന്നു.
എല്ലാവരുടെയും മനസ്സിനെ മഥിക്കുന്നതുകൊണ്ട് ‘മന്മഥന്‍’ എന്നും എല്ലാവരിലും കാമഭാവങ്ങള്‍ ഉണര്‍ത്തുന്നതുകൊണ്ട് ‘കാമദേവന്‍’ എന്നും ഉള്ള നാമധേയങ്ങള്‍ അദ്ദേഹത്തിനുണ്ടായി. എല്ലാവരുടെയും മനോധൈര്യം കളഞ്ഞ്, മനസ്സിനെ മോഹിപ്പിച്ച്, മനശ്ചാഞ്ചല്യം വരുത്തുക എന്നുള്ളതായിരുന്നു കാമദേവന് വിധാതാവ് കല്‍പിച്ച കര്‍മ്മം.ഒരിക്കല്‍ കാമദേവന്‍ തന്നെ ഏല്‍പ്പിച്ച കര്‍മ്മം പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. സ്വന്തം സഹോദരരിലും പിതാവിലും ആയിരുന്നു ആ പരീക്ഷ നടത്തിയത്.
തല്‍ഫലമായി ബ്രഹ്മദേവനും മാനസപുത്രനും സുന്ദരിയായ സന്ധ്യയെ കാമഭാവത്തില്‍ വീക്ഷിക്കാനിടയായി. സന്ധ്യയ്ക്കും മനസ്സിന് ഭാവമാറ്റം ഉണ്ടായി.ബ്രഹ്മാവിന്റെ തന്നെ മറ്റൊരു പുത്രനായ ധര്‍മ്മന്‍ പിതാവിനും സഹോദരന്മാര്‍ക്കും ഉണ്ടായ ഭാവമാറ്റം അറിഞ്ഞു. അദ്ദേഹം ശ്രീപരമേശ്വരനെ സ്മരിച്ചു. നിര്‍ഗുണനും നിര്‍വികാരനുമായ ഭഗവാനെ ശിവസ്തുതികളാല്‍ പ്രകീര്‍ത്തിച്ചു. പാപബുദ്ധികളായി മാറിയ പിതാവിനെയും സഹോദരെയും പാപത്തില്‍നിന്ന് രക്ഷിക്കുവാന്‍ അപേക്ഷിച്ചു.
ധര്‍മ്മന്റെ പ്രാര്‍ത്ഥനയില്‍ സന്തുഷ്ടനായ മഹാദേവന്‍ പ്രത്യക്ഷപ്പെട്ടു. ജഗദ്പിതാവ് അവെര പരിഹസിച്ചു. പുത്രിയും സഹോദരിയും സഹോദരപത്‌നിയും മാതാവിനെപ്പോലെയാണെന്നും അവരെ ദുഷ്ടദൃഷ്ടിയോടും വികൃതമായ മനസ്സോടും കൂടി പെരുമാറുകയില്ലെന്നും ഉള്ള ഭഗവാന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ബ്രഹ്മാവ് വിയര്‍ത്തുപോയി. അദ്ദേഹത്തിന്റെ വിയര്‍പ്പുതുള്ളികളില്‍നിന്ന് അഗ്‌നിഷ്വത് എന്ന പേരോടുകൂടിയ പിതൃക്കള്‍ ഉണ്ടായി. ‘രതി’ എന്ന പേരോടുകൂടിയ ആ സുന്ദരി പിന്നീട് കാമദേവന്റെ പത്‌നിയായിത്തീര്‍ന്നു.പരിഹാസ വാക്കുകള്‍കൊണ്ട് എല്ലാവവേരയും ഉത്ബുദ്ധരാക്കിയതിനുശേഷം മഹാദേവന്‍ പറഞ്ഞു. ധര്‍മ്മന്റെ യഥോചിതമായ പ്രവൃത്തിയുടെ ഫലമായി എല്ലാവരും പാപത്തില്‍നിന്ന് മോചിതരായി.വിധാതാവ് ഈ പാപം ചെയ്യാനിടയാക്കിയ കാമേദവനോട് ജയിച്ചു. അതു കണ്ടപ്പോള്‍ മന്മഥന്‍ തന്റെ ബാണങ്ങള്‍ പിന്‍വലിച്ചു.
പിതാമഹന്‍ കാമദേവനെ ഇപ്രകാരം ശപിച്ചു. ”അഹങ്കാരംകൊണ്ട് മോഹിക്കപ്പെട്ട കാമന്‍ മഹേശന്റെ മുന്നില്‍ ദുഷ്‌ക്കരമായ കര്‍മ്മം ചെയ്തു. അദ്ദേഹത്തിന്റെ നേത്രാഗ്‌നിയില്‍ ദഹിക്കാനിടയാകും.”ഈ ശാപം കേട്ടപ്പോള്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നോട് പിതാമഹന്‍ പറഞ്ഞ കാര്യം പരീക്ഷിച്ചു നോക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും കാമദേവന്‍ പറഞ്ഞു. തന്റെ പുത്രിയായ രതി കാമത്തിന് ലക്ഷ്യമാക്കിയതുകൊണ്ട് ശപിച്ചതെന്നും ജഗദീശന്‍ പത്‌നിയെ സ്വീകരിക്കുമ്പോള്‍ ശരീരം ലഭിക്കുമെന്നും ബ്രഹ്മാവ് മോക്ഷം നല്‍കി.കാമബാണങ്ങള്‍ കാരണം ബ്രഹ്മാവിനും മാനസപുത്രന്മാര്‍ക്കും മനശ്ചാഞ്ചല്യം സന്ധ്യക്കും ഉണ്ടായി.
പിറന്ന ഉടനെ കൈവന്ന യുവത്വത്തിന്റെ ഫലമായിട്ടാണ് കാമപ്രേരണയാല്‍ പിതാവും അദ്ദേഹത്തിന്റെ മാനസപുത്രന്മാരും തന്നില്‍ അനുരക്തരായതെന്ന് സന്ധ്യയ്ക്ക് മനസ്സിലായി.കാമന്റെ പ്രവൃത്തിയുടെ ഫലമായിട്ടാണ് തന്റെ ചിത്തത്തിന്  ചാഞ്ചല്യം ഉണ്ടായതെന്ന് അറിയാമായിരുന്നുവെങ്കിലും താന്‍ പാപം ചെയ്തവളായി സന്ധ്യയ്ക്കു തോന്നി. അഗ്‌നിയില്‍ തന്റെ ശരീരം ഹോമിച്ച് ആ പാപത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ബ്രഹ്മ തനയ തീരുമാനിച്ചു.
എന്നാല്‍ ആ കര്‍മ്മം അനുഷ്ഠിക്കുന്നതിന് മുമ്പ് ഒരു ലോകമര്യാദ ഉണ്ടാക്കണമെന്നും ആഗ്രഹിച്ചു. ആ ആഗ്രഹത്തിന്റെ സഫലീകരണത്തിനുവേണ്ടി സന്ധ്യ തപസ്സ് ചെയ്യാന്‍ തീരുമാനിച്ചു. ‘ചന്ദ്രഭാഗാ’ എന്ന നദീതീരത്തിനടുത്തുള്ള ‘ചന്ദ്രഭാഗാ’ എന്ന പര്‍വ്വതത്തിന്റെ സമീപമാണ് തപസ്സനുഷ്ഠിക്കാന്‍ യോജിച്ച സ്ഥലമായി കണ്ടെത്തിയത്.തപസ്സനുഷ്ഠിക്കാന്‍ പോയ സന്ധ്യയ്ക്ക് അതിനുവേണ്ടതായ ഉപദേശങ്ങള്‍ നല്‍കാന്‍ ബ്രഹ്മദേവന്‍ തന്റെ മാനസപുത്രനായ വസിഷ്ഠനെ നിയോഗിച്ചു. യഥാര്‍ത്ഥ രൂപത്തില്‍ ചെന്നാല്‍ സന്ധ്യ ഉപദേശങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുകയില്ലെന്ന് ബ്രഹ്മദേവന് തോന്നി. അതിനാല്‍ ഒരു ബ്രഹ്മചാരിയുടെ രൂപത്തിലാണ് വിധാതാവിന്റെ  അഭ്യര്‍ത്ഥന പ്രകാരം വസിഷ്ഠന്‍ സന്ധ്യാസമീപം സമാഗതനായത്.തപോവനത്തില്‍ തപസ്സു ചെയ്യണമെന്ന ഉദ്ദേശ്യത്തോടുകൂടി എത്തിയതാണെന്നും എന്നാല്‍ തപസ്സിന്റെ രീതികളൊന്നും അറിഞ്ഞുകൂടെന്നും അവ ഉപദേശിച്ചുതരണമെന്നും സന്ധ്യ ബ്രഹ്മചാരിയെ അറിയിച്ചു. തപസ്സിനെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു.”എല്ലാവരും ആരാധിക്കുന്ന ശ്രീപരമേശ്വരനെ മനസ്സില്‍ ചിന്തിക്കണം.
ലോകത്തിന്റെ ആദിയിലുണ്ടായവനും ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ക്ക് ആദികാരണമായവനും ആയ ദേവാധിദേവനെ ഭജിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സാധിക്കും. ”ഓം നമഃശങ്കരായ ഓം” എന്ന മന്ത്രം മൗനത്തോടുകൂടി ജപിക്കണം. മൗനമായി സ്‌നാനം ചെയ്യുകയൂം മൗനമായി ശിവപൂജയും നിര്‍വ്വഹിക്കണം. ആദ്യം ജലപാനം മാത്രംനടത്തിയും പിന്നീട് ഉപവാസം നടത്തിയും ഭഗവാനെ ആരാധിച്ചാല്‍ അഭീഷ്ടങ്ങളെല്ലാം സാധിക്കും.” ഉപദേശം നല്‍കിയതിനു ശേഷം ബ്രഹ്മചാരി സ്വസ്ഥാനത്തേയ്ക്ക് തിരിച്ചുപോയി.ബ്രഹ്മചാരി ഉപദേശിച്ചതുപോലെ സന്ധ്യ തപസ്സനുഷ്ഠിച്ചു ഭക്തിയോടുകൂടി പരമേശ്വരനെ പൂജിച്ചു. ഏറെ നാളത്തെ തപസ്സിനുശേഷം ജഗദീശ്വരന്‍ പ്രത്യക്ഷപ്പെട്ടു. താന്‍ മനസ്സില്‍ പ്രതിഷ്ഠിച്ച ഭഗവാന്‍ മുന്നില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ സ്തുതി ചെയ്യാനറിയാതെ സന്ധ്യ വ്യാകുലചിത്തയായി. അപ്പോള്‍ മഹേശ്വരന്‍ ഹൃദയത്തില്‍ വച്ച് ദിവ്യവാക്കും ദിവ്യദൃഷ്ടിയും ദിവ്യജ്ഞാനവും നല്‍കി.
സന്ധ്യയ്ക്ക് ലോകനാഥനെ സ്തുതിക്കുവാന്‍ കഴിഞ്ഞു.സന്ധ്യയുടെ സ്തുതിയില്‍ ശങ്കരഭഗവാന്‍ പ്രസന്നനായി. തപസ്വിനിയായി നില്‍ക്കുന്ന സന്ധ്യയോട് മഹാദേവന്‍ കാരുണ്യത്തോടുകൂടി ഇങ്ങനെ പറഞ്ഞു.”നിന്റെ തപസ്സിലും സ്തുതിയിലും ഞാന്‍ പ്രീതനാണ്. നിന്റെ മനോഭിലാഷം അനുസരിച്ചുള്ള വരം ഞാന്‍ നല്‍കാം. അപ്പോള്‍ സന്ധ്യ ആവശ്യപ്പെട്ടത് ലോകത്തില്‍ ജീവിക്കാന്‍ പിറന്ന ഉടനെ കാമഭാവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കാമത്തോടുകൂടി ആരെങ്കിലും തന്നെ നോക്കിയാല്‍ അയാള്‍ ക്ലീബനായി തീരണം. പതിയായി വരുന്ന ആള്‍ സുഹൃത്തായിരിക്കണം.സന്ധ്യയ്ക്ക് മഹാദേവന്‍ ആ വരങ്ങള്‍ നല്‍കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.”നീ തപസ്സുകൊണ്ട് ശുദ്ധയായി, നിന്റെ ആഗ്രഹം പോലെ ഭവിക്കും. ശൈശവം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്ന നാല് അവസ്ഥകള്‍ എല്ലാ ജീവികള്‍ക്കും ഉണ്ടാകും.
ഇവയില്‍ കൗമാരത്തിന്റെ അവസാനത്തിലും യൗവ്വനത്തിലും മാത്രമേ ജീവികള്‍ക്ക് കാമഭാവം ഉണ്ടാകുകയുള്ളൂ. നിന്റെ പതി  ഒരു മഹാത്മാവായിരിക്കും. നിന്നോടൊപ്പം അനേകം കാലം അദ്ദേഹം ഉണ്ടാകും. മറ്റാര്‍ക്കും ഉണ്ടാകാത്തവിധം സതീഭാവം നിനക്ക് സിദ്ധിക്കും. പതിയല്ലാതെ മറ്റാരെങ്കിലും കാമഭാവത്തില്‍ നിന്നെ നോക്കിയാല്‍ അയാള്‍ ക്ലൈബ്യത്തെ പ്രാപിക്കും.ഇപ്രകാരം വരം നല്‍കിയ മഹാദേവന്‍ പാപങ്കിലമായ ശരീരം അഗ്‌നിയില്‍ ഹോമിക്കണമെന്ന സന്ധ്യയുടെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടതായ മാര്‍ഗ്ഗനിര്‍ദ്ദേശവുംനല്‍കി.ചന്ദ്രഭാഗാ നദീതീരത്തില്‍ ‘മേധാതിഥി’ എന്ന മുനിവര്യന്‍ ഒരു യാഗം നടത്തുന്നുണ്ട്. ഭഗവദനുഗ്രഹംകൊണ്ട് ആ യാഗത്തില്‍ സന്ധ്യക്ക് മറ്റാരും കാണാതെ സ്വശരീരം ത്യജിക്കാന്‍ കഴിയും. ശരീരം ത്യജിക്കുന്ന സമയത്ത് വരനാകാന്‍ ആഗ്രഹിക്കുന്ന ആളെ മനസ്സില്‍ കണ്ടുകൊണ്ട് ത്യജിക്കണം.
ശരീരം ഭസ്മീകൃതമാകുമ്പോള്‍ ആ അഗ്‌നിയില്‍ നിന്ന് പുതിയ ശരീരത്തോടുകൂടി ജനിക്കും. അപ്പോള്‍ മുനി അഗ്‌നിയില്‍നിന്ന് ഉണ്ടായ പുത്രിയായി സ്വീകരിക്കും. ഇങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനുശേഷം ഭഗവാന്‍ അപ്രത്യക്ഷനായി.മഹാദേവന്‍ അന്തര്‍ദ്ധാനം ചെയ്തപ്പോള്‍ സന്ധ്യ മേധാതിഥിയുെട ആശ്രമത്തിലേക്കു പോയി. തപസ്സിന് ഉപദേശം നല്‍കിയ ബ്രഹ്മചാരിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സന്ധ്യ ശരീരം ഉപേക്ഷിച്ചു. ഈശ്വരാനുഗ്രഹത്താല്‍ മറ്റാരും ഇത് കണ്ടില്ല. അവളില്‍നിന്നുണ്ടായ ഹവിസ്സിന്റെ ഗന്ധം എല്ലായിടവും ആരും അറിയാതെ വ്യാപിച്ചു.മഹാദേവന്റെ ആജ്ഞയാല്‍ അഗ്‌നിദേവന്‍ അവളുടെ ശരീരത്തെ ദഹിപ്പിച്ച് സൂര്യസ്ഥാനത്തെത്തിച്ചു. സൂര്യദേവന്‍ ആ ഉടലിനെ രണ്ടായി വിഭജിച്ച് തന്റെ തേരില്‍ സ്ഥാപിച്ചു.
ആ ശരീരത്തിന്റെ മുകള്‍ഭാഗം രാത്രിക്കും പകലിനും മദ്ധ്യത്തിലുള്ള ഉഷഃസന്ധ്യയായി തീര്‍ന്നു. ശേഷിച്ച ഭാഗം പകലിനും രാത്രിയ്ക്കും മദ്ധ്യത്തിലുള്ള സായംസന്ധ്യയായിതീര്‍ന്നു. സൂര്യോദയത്തിനു മുമ്പായി പ്രഭാതഃസന്ധ്യയും സൂര്യാസ്തമയത്തോടുകൂടി സായംസന്ധ്യയും ഉണ്ടാകുന്നു.ഇങ്ങനെ ബ്രഹ്മപുത്രിയായി ജനിച്ച സന്ധ്യാദേവി ലോകത്തില്‍ മര്യാദ നടപ്പിലാക്കിയതിനുശേഷം സന്ധ്യയായി മാറി. ഉഷഃസന്ധ്യയും സായംസന്ധ്യയും നമുക്ക് അനുഭവവേദ്യമാണല്ലോ.സന്ധ്യയുടെ ഉടലിന് ഇങ്ങനെ ദിവ്യത്വം നല്‍കിയ ശങ്കരഭഗവാന്റെ പ്രാണനും ദിവ്യശരീരം നല്‍കി.
മുനിയുടെ യജ്ഞകവാടത്തില്‍വച്ച് അദ്ദേഹത്തിന് അഗ്‌നിയില്‍നിന്ന് ഒരു പുത്രിയെ ലഭിച്ചു. ആ ദിവ്യകന്യകയാണ് അരുന്ധതി. ഒരിക്കലും ധര്‍മ്മത്തില്‍നിന്ന് വ്യതിചലിക്കാത്ത ആ സതീദേവി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ അനുഗ്രഹത്താല്‍ വസിഷ്ഠ പത്‌നിയായിത്തീര്‍ന്നു.ശരീരം ത്യജിക്കുന്ന സമയത്ത് സന്ധ്യ മനസ്സില്‍ സങ്കല്‍പ്പിച്ചത് ഉപദേശം നല്‍കാന്‍ എത്തിയ ബ്രഹ്മചാരിയെയാണ്. അതുകൊണ്ട് വസിഷ്ഠന്‍ എന്ന  ബ്രഹ്മചാരിയാണ് അരുന്ധതിയുടെ പതിയായത്. വ്രതനിഷ്ഠയില്‍ സ്ത്രീകള്‍ക്ക് മാതൃകയാണ് അരുന്ധതീദേവി.ദിവ്യവും പരിപാവനവുമായ ഒരു ജന്മത്തിന്റെ പുനരവതാരമാണ് ഈ സാധ്വി എന്ന കാര്യം അറിയുമ്പോള്‍ ആ ദേവിയോടുള്ള ഭക്ത്യാദരങ്ങള്‍ ദ്വിഗുണീഭവിക്കുന്നു.
.ക്ലീബന്‍ = നപുംസകം


ജന്മഭൂമി: http://www.janmabhumidaily.com/news727842#ixzz4wkg0m8g8

No comments: