Friday, October 27, 2017

ആസക്തി വെടിയാം ആനന്ദം നേടാം

October 28, 2017
ദുഃഖത്തിന്റെ ഏക നിദാനം ഇതാണ്; നാം സക്തന്മാരാണ്, നാം പിടിയില്‍ പെടുന്നു. അതിനാല്‍ ഗീത പറയുന്നു; നിരന്തരം കര്‍മ്മം ചെയ്യുക; കര്‍മ്മം ചെയ്യുക. പക്ഷേ നിസ്സംഗനായിരിക്കുക, പിടിക്കപ്പെടാതിരിക്കുക, ഏതൊരു വസ്തുവും, നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടതായാലും ശരി, അതിനുവേണ്ടി മനസ്സ് എത്ര വ്യാകുലപ്പെട്ടാലും ശരി, അതുപേക്ഷിക്കേണ്ടിവന്നാല്‍ എത്ര ഹൃദയവേദന തോന്നുമെങ്കിലും ശരി, അതില്‍നിന്ന് മനസ്സിനെ നിസ്സംഗമാക്കാന്‍വേണ്ട ശക്തി സ്വയം കരുതിവെച്ചുകൊള്ളുക; എപ്പോള്‍ വേണമെങ്കിലും അതിനെ ഉപേക്ഷിക്കാന്‍ വേണ്ട ശക്തി കരുതിവെച്ചുകൊള്ളുക. ദുര്‍ബ്ബലന്മാര്‍ക്ക് ഇവിടെ സ്ഥാനമില്ല ഈ ജീവിതത്തിലും മറ്റേതു ജീവിതത്തിലുമില്ല. ദൗര്‍ബ്ബല്യം അടിമത്തത്തിലേയ്ക്കു നയിക്കുന്നു. ദൗര്‍ബ്ബല്യം കായികവും മാനസികവുമായ എല്ലാത്തരം കഷ്ടപ്പാടുകളിലേയ്ക്കും നയിക്കുന്നു. ദൗര്‍ബ്ബല്യം മരണമാകുന്നു.
നമുക്കുചുറ്റും അനേകായിരം അണുജീവികളുണ്ട്; എന്നാല്‍ നാം ബലഹീനരായിത്തീരുന്നതുവരെ, നമ്മുടെ ശരീരം അവയെ കൈക്കൊള്ളാന്‍ ഉന്മുഖമാകുന്നതുവരെ, അവയ്ക്കു നമ്മെ ഉപദ്രവിക്കാന്‍ വയ്യ. ലക്ഷോപലക്ഷം ദുഃഖാണുജീവികള്‍ നമുക്കു ചുറ്റും ചരിക്കുന്നുണ്ടാവാം. സാരമില്ല, അവ നമ്മെ സമീപിക്കാന്‍ ധൈര്യപ്പെടുകയില്ല; നമ്മുടെ മനസ്സ് ദുര്‍ബ്ബലമാകുന്നിടംവരെ നമ്മുടെമേല്‍ പിടിയുറപ്പിക്കുവാന്‍ അവ ശക്തങ്ങളല്ല. ഇതാണ് അതിപ്രധാനമായ വസ്തുത. ബലമാണ് ജീവിതം, ദൗര്‍ബ്ബല്യം മരണവും. ബലമാണ് സന്തുഷ്ടി, നിത്യവും അമൃതവുമായ ജീവിതം. ദൗര്‍ബ്ബല്യം നിരന്തരമായ ക്ലേശവും ദുഃഖവുമാകുന്നു. ദൗര്‍ബ്ബല്യം മരണംതന്നെയാകുന്നു.
ആസക്തിയാണ് ഇന്നു നമ്മുടെ സുഖങ്ങളുടെയെല്ലാം ഉറവിടം. നാം നമ്മുടെ സ്‌നേഹിതരിലും ബന്ധുക്കളിലും ആസക്തരാണ്; നാം നമ്മുടെ ബുദ്ധിപരവും ആദ്ധ്യാത്മികവുമായ പ്രവൃത്തികളില്‍ ആസക്തരാണ്. നാം ബാഹ്യവസ്തുക്കളില്‍ ആസക്തരാണ്, തത്ഫലമായി അവയില്‍നിന്ന് നമുക്കു സുഖം ലഭിക്കുന്നു. ഇനി, ദുഃഖമുണ്ടാക്കുന്നതും ഈ ആസക്തിയല്ലാതെ മറ്റെന്താണ്? ആനന്ദം നേടുവാന്‍ നാം ആസക്തിയെ കൈവെടിയേണ്ടിയിരിക്കുന്നു. ഇച്ഛാനുസാരം അനാസക്തരാകാനുള്ള കഴിവു നമുക്കുണ്ടായിരുന്നെങ്കില്‍ ഒരു ദുഃഖവും നമ്മെ ബാധിക്കുമായിരുന്നില്ല.
തന്റെ സകല ശക്തികളോടും കൂടി ഒരു വസ്തുവില്‍ സക്തനാകുവാനുള്ള കഴിവിനോടൊപ്പംതന്നെ വേണ്ടിവരുമ്പോള്‍ അതില്‍ അനാസക്തനാകുവാനുള്ള കഴിവും യാതൊരു മനുഷ്യനുണ്ടോ, അയാള്‍ക്കുമാത്രമേ പ്രകൃതിയെ ഉത്തമമായവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ആസക്തനാകാന്‍ വേണ്ടത്ര കഴിവുതന്നെ അനാസക്തനാകാനും വേണമെന്നുള്ളതിലാണ് ബുദ്ധിമുട്ട്. ഒന്നിലും ആകര്‍ഷണം തോന്നാത്ത മനുഷ്യരുണ്ട്. അവര്‍ക്കു സ്‌നേഹിക്കാന്‍ കഴിവില്ല; അവര്‍ കഠിനഹൃദയരും സഹതാപശൂന്യരുമാണ്. അവര്‍ ജീവിതത്തിലെ മിക്ക കഷ്ടപ്പാടുകളില്‍നിന്നും വിട്ടുനില്‍്ക്കുന്നു. ചുമര്‍ ഒരിക്കലും സ്‌നേഹിക്കുന്നില്ല, ഒരിക്കലും ഉപദ്രവിക്കപ്പെടുന്നുമില്ല. പക്ഷേ എത്രയായാലും അതൊരു ചുമര്‍ മാത്രം. തീര്‍ച്ചയായും ഒരു ചുമരായിരിക്കുന്നതിനേക്കാള്‍ നല്ലത് ആസക്തനാവുകയും പിടിക്കപ്പെടുകയുമാണ്.
(വിവേകാനന്ദ സാഹിത്യസര്‍വ്വസ്വത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news727833#ixzz4wkgEjuuN

No comments: