Friday, October 27, 2017

ഗ്രഹങ്ങള്‍ ചില പ്രത്യേക രീതിയില്‍ ജാതകത്തില്‍ സ്ഥിതിചെയ്യുന്നതിനെയാണ് യോഗം എന്നു പറയുന്നത്. ഇത്തരം യോഗങ്ങള്‍ക്ക് സാധാരണ ഗ്രഹസ്ഥിതികൊണ്ട് പറയുന്ന ഫലങ്ങളേക്കാളുപരി ചില വിശേഷഫലങ്ങളും അനുഭവപ്പെടുന്നതായി ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ജാതകത്തില്‍ രാഹു-കേതുക്കളുടെ പ്രത്യേകസ്ഥിതിവിശേഷമാണ് കാലസര്‍പ്പയോഗത്തിന് കാരണം.
ജാതകത്തില്‍ എല്ലാ ഗ്രഹങ്ങളും രാഹു-കേതുക്കളുടെ ഇടയ്ക്ക് വരുന്നതാണ് കാലസര്‍പ്പയോഗം. എല്ലാ ഗ്രഹങ്ങളെയും രാഹു വിഴുങ്ങുന്നു എന്ന അര്‍ത്ഥത്തിലാണ് കാലസര്‍പ്പയോഗം എന്ന പേരുവന്നത്. രാഹു-കേതുക്കള്‍ മുജ്ജന്മ കര്‍മ്മഫലങ്ങളെ സൂചിപ്പിക്കുന്നു. ജാതകത്തിലെ രാഹു-കേതുക്കള്‍ മുജ്ജന്മ കര്‍മ്മഫലങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. പ്രാമാണിക ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചു കാണുന്ന കാലസര്‍പ്പയോഗം ഇന്ന് ബഹുചര്‍ച്ചിതമാണ്. രാഹു-കേതു എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്.
സര്‍പ്പവുമായുള്ള രാഹു-കേതു ബന്ധമായിരിക്കണം ഇതിനു കാരണം. ഈ ഭയത്തിന്റെ അടിസ്ഥാനത്തില്‍ രാഹു-കേതു ദശകള്‍ കഷ്ടപ്രദമാണെന്നുള്ള ധാരണ പരന്നിരിക്കുന്നതുപോലെ കാലസര്‍പ്പയോഗവും ക്ലേശപ്രദമാണ് എന്ന ധാരണയാണ് ജനങ്ങള്‍ക്കുള്ളത്. ഈ ധാരണയ്ക്ക് താത്വിക അടിസ്ഥാനമില്ല. കാലസര്‍പ്പയോഗത്തിന് മൂന്ന് വ്യവസ്ഥകളാണുള്ളത്. 1.രാഹു ആദ്യത്തെ 6 ഭാവങ്ങളിലൊന്നിലായിരിക്കണം 2.ലഗ്നവും ഏഴുഗ്രഹങ്ങളും രാഹുകേതുക്കളുടെ മദ്ധ്യത്തിലായിരിക്കണം. 3.രാഹുവിന്റെയോ കേതുവിന്റെയോ രാശിയില്‍ മറ്റൊരുഗ്രഹവും നില്‍ക്കരുത്. രാഹു-കേതുക്കള്‍ ഒന്നിനു നേരെ വിപരീതമായി മറ്റുഗ്രഹങ്ങളുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്നു. രാഹു ശിരസ്സും കേതു പുച്ഛവുമാണ്. ലഗ്നവും മറ്റു ഏഴു ഗ്രഹങ്ങളും ശിരസ്സിനും വാലിനുമിടയ്ക്ക് വരണം.
രാഹുവും കേതുവും നില്‍ക്കുന്ന രാശിയില്‍ മറ്റ് ഗ്രഹങ്ങള്‍ നില്‍ക്കാതെ അതിനിടയിലുള്ള രാശികളിലാണ് മറ്റ് ഗ്രഹങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ ദോഷത്തിന്റെ കാഠിന്യം വര്‍ദ്ധിച്ചിരിക്കും. ഇതില്‍ തന്നെ ലഗ്നം രാഹുകേതുക്കള്‍ക്ക് പുറത്ത് വരികയാണെങ്കിലും രാഹുകേതുക്കളോട് മറ്റ് ഗ്രഹങ്ങള്‍ യോഗം ചെയ്താവും കാലസര്‍പ്പയോഗമായി കണക്കാക്കാമെന്ന അഭിപ്രായവും ഉണ്ട്. അഞ്ചുരാശികള്‍ ശുദ്ധങ്ങളായിരുന്നാല്‍ കാലസര്‍പ്പയോഗമായി എന്നാണ് പൊതു അഭിപ്രായം. കാലസര്‍പ്പയോഗാനന്തരം വരാവുന്ന ദൗര്‍ബല്യങ്ങള്‍ ചിന്തിക്കുമ്പോള്‍-ഗ്രഹങ്ങള്‍ക്കൊന്നും ഏഴിലെ ദൃഷ്ടി, വിശേഷിച്ച് ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ലഭിക്കില്ല. വ്യാഴദൃഷ്ടി ഒരു ഗൃഹത്തിനും ഭാവത്തിനും സാധാരണഗതിയില്‍ ലഭിക്കില്ല.
പാപ ഗ്രഹ(ശനി, കുജന്‍)ദൃഷ്ടി മാത്രമേ സാധാരണ ഗതിയില്‍ ലഭിക്കുന്നുള്ളൂ.ജാതകത്തില്‍ സന്തുലിത ഗ്രഹസ്ഥിതി ഉണ്ടായിരിക്കുകയില്ല. ചന്ദ്രന്‍ സൂര്യന്റെ അടുത്ത് തന്നെ സ്ഥിതിചെയ്യുവാന്‍ സാധ്യത ഉള്ളതുകൊണ്ട് പക്ഷബലം വരും. മിക്കവാറും ഗ്രഹങ്ങള്‍ക്ക് ദ്വിദ്വിശ സ്ഥിതി (2/12). 1191 കര്‍ക്കിടകം 32(16-8-2016) വൈകിട്ട് 6 മണി 43 മിനിട്ട് ചിങ്ങം രാശിയില്‍ സൂര്യസംക്രമം നടന്നതുമുതല്‍ കാലസര്‍പ്പയോഗം ആരംഭിച്ചു. 2017 ആഗസ്റ്റ് 21 മുതല്‍ 2018 ഫെബ്രുവരി 6 വരെ കര്‍ക്കിടക-മകര കാലസര്‍പ്പയോഗമാണ്. യൂറോപ്പ്, ഹോളണ്ട്, സ്‌കോട്ട്‌ലന്റ്, ന്യൂസിലാന്റ്, സൗത്ത് ആഫ്രിക്ക, സ്വീഡന്‍, മൗറീഷ്യസ്, അറേബ്യ, റഷ്യ, എന്നീ രാജ്യങ്ങള്‍ക്ക് പ്രകൃതിക്ഷോഭം, സുനാമി മുതലായ ദോഷങ്ങള്‍ക്ക് സാധ്യത ഉണ്ട്.
പോളണ്ട്, ഫ്രാന്‍സ്, ഇറ്റലി, റോം, ബ്രിസ്റ്റാള്‍, ചിക്കാഗോ, ഡമാസ്‌കസ്, ഇന്ത്യ, അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ കാലസര്‍പ്പയോഗം അനുകൂലമല്ല. ഭൂകമ്പങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, സാമ്പത്തിക മാന്ദ്യം, ആഭ്യന്തരകലഹം, രാഷ്ട്രീയ അധികാരമാറ്റം, വരള്‍ച്ച, ട്രെയിന്‍, കപ്പല്‍, വിമാനാപകടങ്ങള്‍ക്ക് സാധ്യത കാണുന്നു. ഭരണകര്‍ത്താക്കള്‍ക്ക് അധികാരനഷ്ടവും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മുന്‍കാലങ്ങളില്‍ 1979 മാര്‍ച്ച് 22 മുതല്‍ 1979 സെപ്തംബര്‍ 15 വരെയും 1980 മാര്‍ച്ച് 14 മുതല്‍ ജൂണ്‍ 28 വരെയും 1991 ഫെബ്രുവരി 1 മുതല്‍ 1991 ഏപ്രില്‍ 12വരെയും കാലസര്‍പ്പയോഗം ധാരാളം അരിഷ്ടതകളെ ചെയ്തിട്ടുണ്ട്. ഭാവിയില്‍ 2035 മേയ് 29 മുതല്‍ 2035 ആഗസ്റ്റ് 6 വരെ സിംഹകുംഭ കാലസര്‍പ്പയോഗം ഭവിക്കേണ്ടിവരും.
ജാതകത്തില്‍ കാലസര്‍പ്പയോഗമുള്ളവര്‍ പരിഹാരമായി രാഹുകേതു പൂജ കാളഹസ്തി ക്ഷേത്രത്തില്‍ (ആന്ധ്ര)ചെയ്യുന്നത് ഉചിതം. പാശുപത മന്ത്രം ജപിച്ച് ശിവന് ക്ഷീരധാര, ഇളനീര്‍ധാര, ജലധാര, ഭസ്മാഭിക്ഷേകം, കൂവളമാലചാര്‍ത്ത്, മൃത്യുഞ്ജയ പുഷ്പാഞ്ജലി മുതലായവ ചെയ്യുക. നാഗദൈവങ്ങള്‍ക്ക് പാട്ട്, സര്‍പ്പബലി, നൂറുംപാലും അഭിക്ഷേകം, പാല്‍പ്പായസം, കദളിപ്പഴ നിവേദ്യം, എന്നിവ ചെയ്യുക. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ രാഹു-കേതു പൂജ ചെയ്യുന്നത് വിശിഷ്ടം. വിശേഷാല്‍ മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ പരിഹാരകര്‍മ്മങ്ങള്‍ ചെയ്യുന്നത് ശുഭം എന്നു കാണുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news727207#ixzz4wiXJQbnd

No comments: