യോഗാമാര്‍ഗ്ഗത്തിന്റെ അന്യാദൃശമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. അത് മൂന്നാകയാല്‍ ഉത്തമമായി. സാധാരണ ക്രിയാദികള്‍ക്ക് മൂന്ന് പ്രാണായാമമാണ് വിധിച്ചിട്ടുള്ളത് എന്ന് ഓര്‍ത്താല്‍ ഈ അടിസ്ഥാനം പിടികിട്ടുന്നതാണ്. സാധാരണ ദേവന്മാര്‍ക്ക് സാധാരണ പ്രദക്ഷിണവും ശിവന് സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിന്റെ പൊരുള്‍ ഇതാണ്.
സാധാരണ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും വിദ്യാഭ്യാസത്തിന്റെ അവസാനഭാഗത്തും ഗുരുദക്ഷിണ ചെയ്യണമെന്നാണ് വ്യവസ്ഥ. കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ നാം ചെയ്യുന്നത് പുരോഹിതനെ താല്‍ക്കാലിക ആചാര്യനായി വരിക്കുകയാണ്. ആചാര്യവരണം എന്ന് ഇതിനെ പറയാവുന്നതാണ്. അങ്ങനെ ഒരു ക്രിയ യാഗാദി കര്‍മ്മങ്ങളിലും ഉയര്‍ന്ന താന്ത്രിക കര്‍മ്മങ്ങളിലും പതിവുണ്ട്.
അപ്പോള്‍ പുരോഹിതന്‍ താല്‍ക്കാലികാചാര്യനാണ്, ഗുരുവാണ്. ആ ഗുരുവിന്റെ പ്രഭാവംകൊണ്ട് നമ്മുടെ ആദ്ധ്യാത്മിക ശക്തിയുടെ പ്രബോധനം ഉണ്ടാവുകയാണ് ചെയ്യുന്നത്. പുരോഹിതനും ഗുരുനാഥനുമെല്ലാം ഇതാണ് ചെയ്യുന്നത്. അപ്പോള്‍ ഉണര്‍ന്ന ഈശ്വര ശക്തി നമ്മുടെ കര്‍മ്മമാര്‍ഗത്തിലൂടെ ചരിക്കുമ്പോള്‍ കാര്യപ്രാപ്തിയും കര്‍മ്മഫലവും ഉണ്ടാകുന്നു. വിദ്യാഭ്യാസമാണെങ്കില്‍ അതിന്റെ പ്രാപ്തിയും.
അങ്ങനെ ഉണര്‍ത്തിവിട്ട ഈശ്വരശക്തിയെ വേണ്ട മാര്‍ഗ്ഗത്തില്‍ പിംഗളാമാര്‍ഗ്ഗത്തിലൂടെ കൊണ്ടുപോകണമെന്നുള്ളതിന്റെ സൂചനയാണ് ഗുരുവിനായി നാം ചെയ്യുന്ന ദക്ഷിണ. ആ ദക്ഷിണ വലതുകൈകൊണ്ട് നമ്മുടെ സ്വയാര്‍ജ്ജിതവിത്തം പൗരുഷത്തിന്റെ പ്രതിരൂപം ഗുരുവിന്, ആചാര്യന്, ഈശ്വരന്റെ പ്രതിപുരുഷന് നാം അര്‍പ്പിക്കുന്നു.
അതായത് ഈശ്വരാഭിമുഖമായി നാം ചരിക്കുവാന്‍ തുടങ്ങുന്നു. ഇതാണ് ഏതു ക്രിയയുടെയും അവസാന ചടങ്ങ്. അതുകൊണ്ടാണ് ദക്ഷിണ ചെയ്തില്ലെങ്കില്‍ കര്‍മ്മഫലപ്രാപ്തി ഉണ്ടാവുകയില്ലെന്ന് പറയുന്നത്. ഗുരു ദക്ഷിണയുടേയും കഥ ഇതുതന്നെ. ഗുരു സാധകനില്‍ നിക്ഷേപിച്ച ഈശ്വരചൈതന്യത്തെ സ്വന്തം തപസ്സിനാല്‍, പ്രയത്‌നത്താല്‍ വളര്‍ത്തിയെടുക്കുന്ന പ്രക്രിയ തന്നെയാണ ദക്ഷിണ.
പ്രദക്ഷിണവുമായി അതിന് ബന്ധമുണ്ട്. ആദ്ധ്യാത്മിക ശക്തിയുടെ ഊര്‍ദ്ധ്വപ്രവാഹമാണത്. പൗരുഷംകൊണ്ടും തപസ്സുകൊണ്ടും സാധിക്കേണ്ടതാണ്. ദക്ഷിണയെന്ന പൗരുഷപ്രധാനമായ സ്വപ്രയത്‌നം കൊണ്ടല്ലാതെ ഈശ്വരശക്തിയും അനുഗ്രഹങ്ങളും ഫലിക്കാതെ പോകുന്നതിന്റെ പൊരുള്‍ ഇതാണ്. താന്‍പാതി ദൈവംപാതി എന്നുണ്ടല്ലോ. ഉയര്‍ന്ന ആദ്ധ്യാത്മിക സാധനകളുടെ കാര്യത്തിലും ഇതുതന്നെയാണ് പ്രമാണം എന്നുവരുന്നു.
ദക്ഷിണവും പ്രദക്ഷിണവും വാസ്തവത്തില്‍ ഒരേ ആശയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നാം വ്യക്തമായി ധരിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാര്‍ ചെയ്യുന്ന പ്രദക്ഷിണം മുതലായ ചടങ്ങുകളില്‍ പോലും അതിരഹസ്യങ്ങളായ ആദ്ധ്യാത്മിക സാധനാമാര്‍ഗ്ഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വ്യക്തമാകും. പൂജ ചെയ്യാന്‍ അറിയാത്ത ഒരാള്‍ ഈശ്വരനെ ആരാധന ചെയ്യേണ്ടത് ഇങ്ങനെയാണ്.
വാസ്തവത്തില്‍ പ്രദക്ഷിണ നമസ്‌കാരാദികള്‍ ആരാധനയുടെ സാധാരണ രൂപമായ അര്‍ഘ്യം പാദ്യം തുടങ്ങിയ ഷോഡശോപചാരപൂജയുടെ അവസാനത്തെ ചടങ്ങുകള്‍ ആണ്. പൂജ ചെയ്യാന്‍ സാധാരണക്കാരന് അവകാശമില്ലെന്ന അവകാശവാദത്തിന്റെ അടിത്തറ ഇവിടെ ഇളകുകയാണ് എന്ന് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. പക്ഷേ, സാധാരണ ക്ഷേത്രങ്ങളില്‍ ഇങ്ങനെയെല്ലാവരും അകത്തുകയറി പൂജ ചെയ്തു തുടങ്ങിയാലത്തെ കുഴപ്പമോര്‍ത്തുകൊണ്ട് അതിന് യോഗ്യരായ പരിശീലനം ലഭിച്ചു ശാന്തിക്കാരായി നിയമിച്ചിരിക്കുകയാണ് ക്ഷേത്രങ്ങളില്‍.
ഒരു ബാങ്കില്‍ കാഷ്യര്‍ ആകുവാന്‍ എല്ലാ മനുഷ്യര്‍ക്കും അധികാരമുണ്ടെങ്കിലും അതിന് യോഗ്യതയും പരിശീലനവുമുള്ളയാളിനെ നിയമിക്കുന്നതുപോലെയുള്ള ഒരു പ്രക്രിയയാണത്. നേരെമറിച്ചു വരുന്നവരെല്ലാം ക്യാഷില്‍ കയറിയിരുന്ന് ക്യാഷ് കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയും കുഴപ്പങ്ങളും ആലോചിച്ചുനോക്കൂ.
അത്തരത്തിലുള്ള ദുരവസ്ഥ വന്ന് സ്ഥാപനം താറുമാറായിപ്പോകാതിരിപ്പിക്കാനാണ് ക്ഷേത്രങ്ങളില്‍ ഇത്തരം ചിട്ടകള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം ചിട്ടകളെ സാധാരണക്കാര്‍ പൂര്‍ണ്ണമനസ്സോടെ ഭക്തിശ്രദ്ധാദികളോടെ അനുഷ്ഠിക്കുകയാണെങ്കില്‍ തങ്ങളില്‍ ലീനമായ ഈശ്വരശക്തി ഉണര്‍ന്ന് കിട്ടുകയും അങ്ങനെ കിട്ടുന്ന ഭഗവല്‍ പ്രസാദത്തിന്റെ മാഹാത്മ്യംകൊണ്ട് ആത്മീയങ്ങളും ഭൗതികങ്ങളുമായ നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിത പ്രായങ്ങളാകുകയും ചെയ്യും.
ജന്മഭൂമി: http://www.janmabhumidaily.com/news718598#ixzz4v98j6NYA
No comments:
Post a Comment