Monday, October 09, 2017

പ്രഹ്ലാദന്‍ ചെയ്യുന്ന ഉപദേശം----
ഒരു ദിവസം അദ്ധ്യാപകന്‍ ഇല്ലാത്ത സമയം സഹപാഠികള്‍ പ്രഹ്ലാദനെ പുറത്ത്‌ കളിക്കാന്‍ ക്ഷണിച്ചു. അപ്പോള്‍ പ്രഹ്ലാദന്‍ പറഞ്ഞുഃ “സുഹൃത്തുക്കളേ, ഈ മനുഷ്യജീവിതം വളരെയേറെ വിലപിടിച്ചതാണ്‌. അതുകൊണ്ട്‌ ചെറുപ്പത്തിലേതന്നെ ഈശ്വരസാക്ഷാല്‍ക്കാരം നേടാന്‍ ഉതകുന്ന സദ്ഗുണങ്ങളും ഈശ്വരഭക്തിയും നാം വളര്‍ത്തിയെടുക്കണം.. നാം പരിശ്രമിക്കാതെ തന്നെ ദുഃഖം നമുക്ക്‌ വന്നുചേരുന്നതുപോലെ, നമ്മുടെ ശ്രമം കൂടാതെ തന്നെ സുഖാനുഭവങ്ങളും ഉണ്ടാവുന്നു. നമ്മുടെ കര്‍മ്മഫലം കൊണ്ടാണിത്‌. അതുകൊണ്ട്‌ ഒരുവന്‍ തന്റെ ഊര്‍ജ്ജം സുഖസമ്പാദനത്തിനായി വിനിയോഗിക്കരുത്, കാരണം ആ ശ്രമം ഭഗവല്‍പാദകമലങ്ങളിലേക്ക്‌ നമ്മെ നയിക്കുകയില്ല.” ഈ ശരീരം പ്രവര്‍ത്തനക്ഷമമായിരിക്കുമ്പോള്‍ തന്നെ ഭഗവല്‍പാദപ്രാപ്തിക്കായി നാം പരിശ്രമിക്കേണ്ടതാണ്‌.
ജീവിതം എത്ര ക്ഷണഭംഗുരം. ഒരു നൂറു വര്‍ഷം ആയുസ്സുളള ഒരാള്‍ അതില്‍ പകുതി ഉറങ്ങിക്കളയുന്നു. ബാക്കിയുളളതില്‍ ഇരുപതു വര്‍ഷം കുട്ടിക്കളികളിലും യുവചാപല്യങ്ങളിലും ചെലവഴിക്കുന്നു. മറ്റൊരു ഇരുപതുവര്‍ഷം ജരാതുരത്വത്തിന്റെ പിടിയില്‍ കഴിയുന്നു. ബാക്കിയുളള തുലോം ചെറിയ കാലയളവ്‌ പ്രയോജനരഹിതമായ സുഖാന്വേഷണത്തിനായി മനുഷ്യന്‍ ചെലവഴിക്കുന്നു. ഇതുമൂലം കൂടുതല്‍ ആശങ്കയും അരക്ഷിതാബോധവും അവനുണ്ടാകുന്നു.
എങ്കിലും അജ്ഞാനിയായ മനുഷ്യന്റെ പ്രശ്നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്‌. അവന്റെ ഇന്ദ്രിയങ്ങള്‍ നിയന്ത്രണത്തിലല്ലാത്തതുകൊണ്ട്‌ സുഖഭോഗ വസ്തുക്കളുടെ ആകര്‍ഷണത്തില്‍ നിന്നും അവന്‌ മുഖം തിരിക്കാനാവുന്നില്ല. അവന്‍ ആ വസ്തുക്കളെ അത്യന്താപേക്ഷിതങ്ങളായി കണക്കാക്കുന്നു
ഏതൊരുവന്‌ എന്റെ, നിന്റെ, അവന്റെ എന്നീ നാനാത്വബോധമുണ്ടോ, എതൊരുവന്‍ സ്വന്തം സ്വത്തുക്കളെയും അപരന്റെ സ്വത്തുക്കളെയും വേറിട്ട്‌ കണ്ട്‌ അവയെല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവോ അവന്‌ വിദ്യാഭ്യാസമുണ്ടെങ്കില്‍ കൂടി ഈശ്വരസാക്ഷാത്കാരം അസാദ്ധ്യം. അങ്ങനെയുളളവരുമായ സംഗം ഉപേക്ഷിക്കണം. എന്നാല്‍ ഈശ്വരസാക്ഷാല്‍ക്കാരത്തിന്‌ കഠിനശ്രമങ്ങളൊന്നും ചെയ്യേണ്ടതായില്ല, കാരണം ഭഗവാന്‍ സര്‍വ്വവ്യാപിയത്രെ. സത്സംഗവും, സര്‍വ്വഭൂതദയയും സുഹൃദ്ഭാവവും മാത്രമേ അതിനു വേണ്ടതായുളളൂ. ഇവയില്‍നിന്നാണ്‌ നമ്മുടെ കണ്ണുതുറപ്പിക്കുന്ന ആ സത്യം നമുക്കു് വെളിപ്പെടുന്നത്‌. ഈ വിശ്വം മുഴുവന്‍ വെറുമൊരു കാഴ്ച മാത്രമാണെന്നും ഭഗവാന്‍ മാത്രമേ നിജമായിട്ടുളളൂ എന്നും നാം അറിയുന്നു. ഹരേ കൃഷ്ണാ

No comments: