Sunday, April 22, 2018

ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ, നൈതത് ത്വയ്യുപപദ്യതേ’ എന്ന സന്ദേശം- ലോകത്തില്‍ വിളംബരപ്പെടുത്താന്‍ കഴിഞ്ഞാല്‍, അപ്പോള്‍, എല്ലാ വ്യഥയും വിഷാദവും പാപവും ദുഃഖവും ഈ ഭൂമുഖത്തുനിന്നു മൂന്നുനാള്‍ക്കകം കാണാതാകും. പിന്നീട് ദൌര്‍ബ്ബല്യത്തെസ്സംബന്ധിച്ച ഈ ആശയങ്ങള്‍ ഒരിടത്തും ഉണ്ടാവില്ല. ഇന്ന് അതെല്ലായിടത്തുമുണ്ട്. ഭയസ്പന്ദങ്ങളുടെ പ്രവാഹം. ഈ പ്രവാഹത്തിന്റെ ഗതി തിരിച്ചു വിടുക, എതിര്‍ സ്പന്ദങ്ങള്‍ സൃഷ്ടിക്കുക- അപ്പോള്‍ കാണാം അത്ഭുതകരമായ പരിവര്‍ത്തനം. നിങ്ങള്‍ സര്‍വ്വശക്തരാണ്-പീരങ്കിയുടെ മുഖത്തേക്കുതന്നെയും ചെല്ലുക, ഭയമരുത്. അതിനീചനായ പാപിയെപ്പോലും വെറുക്കരുത്. അവന്റെ പുറം തൊലിയിലേയ്ക്കു നോക്കരുത്. അന്തരംഗത്തിലേക്കു നോക്കുക. അവിടെ പരമാത്മാവ് ഇരുന്നരുളുന്നു. കാഹളധ്വനിയിലേക്കു ലോകത്തെ മുഴുവന്‍ ഇപ്രകാരം വിളിച്ചറിയിക്കുക-‘നിന്നില്‍ പാപമില്ല. നിന്നില്‍ ദുഃഖമില്ല. നീ സര്‍വ്വശക്തികളുടേയും സംഭരണകേന്ദ്രമാണ്. ഉത്തിഷ്ഠത, ജാഗ്രത, അകത്തുള്ള ബലം പ്രകാശിപ്പിക്കുക.’
ഒരുവന്‍ ഈ ഒരു ശ്ളോകം വായിച്ചാല്‍ മതി- ‘ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ, നൈതത്ത്വയ്യുപപദ്യതേ! ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരംതപ’- അയാള്‍ക്കു ഗീത മുഴുവന്‍ വായിക്കുന്നതിന്റെ ഫലവും സിദ്ധിക്കുന്നു. എന്തെന്നാല്‍ ഈ ഒറ്റ ശ്ളോകത്തില്‍ ഗീതയുടെ സന്ദേശം മുഴുവന്‍ അടങ്ങിയിരിക്കുന്നു...swamiji

No comments: