Sunday, September 13, 2026

*നവരാത്രി വിഗ്രഹഘോഷയാത്ര 2026* കൊല്ലവർഷം 1202-ാം മാണ്ട് (2026) കന്നിമാസത്തിൽ പ്രഥമ മുതൽ ദശമി വരെ അനന്തപുരിയിൽ നടക്കുന്ന നവരാത്രി പൂജയ്ക്ക് തുടക്കം കുറിക്കുന്ന ഘോഷയാത്രയുടെ ആദ്യ വിഗ്രഹമായ ശുചീന്ദ്രം മുൻ ഉദിത്തനങ്കദേവി 08/10/2026 രാവിലെ ഏഴിനും എട്ടിനും ഇടയ്ക്ക് ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചക്ക് ചുങ്കങ്കട (ഗൗരി ശങ്കർ) യിൽ എത്തി വിശ്രമിച്ചശേഷം, വൈകുന്നേരത്തോടെ തക്കല കൽക്കുളം ശ്രീ നീലകണ്ഠ പെരുമാൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. തുടർന്ന് 09/10/2026 ന് രാവിലെ എട്ടു മണിയോടുകൂടി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഉടവാൾ ആചാരപൂർവ്വം കൈമാറ്റം ചെയ്ത്‌ തേവാരക്കെട്ടിൽ സരസ്വതി ദേവിയെ ആനപ്പുറത്തും, വേളിമല കുമാരസ്വാമിയും, ശുചീന്ദ്രം മുൻ ഉദിത്തനങ്ക ദേവിയും പല്ലക്കുകളിലും എഴുന്നള്ളിച്ച് ഉച്ചയോടെ കേരളപുരം ശ്രീ മഹാദേവക്ഷേത്രത്തിൽ എത്തി വിശ്രമിച്ചശേഷം അന്ന് (09/10/2026) വൈകുന്നേരത്തോടെ കുഴിത്തുറ ശ്രീ മഹാദേവക്ഷേത്രത്തിൽ എത്തിച്ചേരുന്നു. 10/10/2026 ന് രാവിലെ അവിടെ നിന്നും തിരിക്കുന്ന ഘോഷയാത്ര പതിനൊന്ന് മണിയോടു കൂടി കേരള - തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിലെ ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി, ഉച്ചയോടെ പാറശ്ശാല ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തി വിശ്രമിച്ചശേഷം വൈകുന്നേരത്തോടെ നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ എത്തുകയും, 11/10/2026 നു രാവിലെ ഏഴുമണിക്ക് നെയ്യാറ്റിൻകരയിൽ നിന്നും തിരിക്കുന്ന ഘോഷയാത്ര ഉച്ചയോടുകൂടി നേമം വില്ലേജ് ഓഫീസിൽ വിശ്രമിച്ചശേഷം വൈകുന്നേരം നാലു മണിയോടുകൂടി സരസ്വതിദേവിയും, കുമാരസ്വാമിയും കരമന ആവടൈയമ്മൻ കോവിലിൽ എത്തി കുമാരസ്വാമിയെ പല്ലക്കിൽനിന്നും ഇറക്കി വെള്ളി കുതിരന്മേൽ അലങ്കരിക്കുമ്പോൾ, മുൻ ഉദിത്തനങ്ക ദേവി കിള്ളിപ്പാലത്തുള്ള ഉജ്ജയിനി മാകാളി അമ്മൻകോവിലിൽ എത്തുകയും, സരസ്വതിദേവിയും കുമാരസ്വാമിയും കരമനയിൽ നിന്നും ഇറങ്ങി കിള്ളിപ്പാലത്ത് വന്ന് മുൻ ഉദിത്തനങ്ക ദേവിയെയും കൂട്ടി ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി മൂവരും കൂടി വൈകുന്നേരം ഏഴുമണിയോടുകൂടി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ എത്തിചേരുകയും സരസ്വതി ദേവിയെ പൂജയ്ക്കായി അവിടെ കുടിയിരുത്തിയ ശേഷം കുമാരസ്വാമിയും, മുൻ ഉദിത്തനങ്ക ദേവിയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വലംവച്ച് കുമാരസ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലും, മുൻ ഉദിത്തന ദേവിയെ ചെന്തിട്ട ദേവീ ക്ഷേത്രത്തിലും പൂജയ്ക്കായി കുടിയിരുത്തുന്നു. തുടർന്നു ഒൻപത് രാത്രിയും പത്തു പകലുകളുമായി നടക്കുന്ന നവരാത്രി പൂജയ്ക്കുശേഷം പത്താം ദിനമായ 21/10/2026 ന് രാവിലെ എട്ടു മണിക്ക് ആര്യശാല ദേവീ ക്ഷേത്രത്തിൽ നിന്നും കുമാരസ്വാമിയെ വെള്ളിക്കുതിരയിൽ അലങ്കരിച്ച് പൂജപ്പുര മണ്ഡപത്തിലേക്ക് വേട്ടയ്ക്കായി എഴുന്നള്ളിപ്പിക്കുകയും വൈകുന്നേരം നാലു മണിയോടെ അവിടെ നിന്നും തിരിച്ച് ചാല ഇലക്കട റോഡിൽ ചെന്തിട്ട ദേവീക്ഷേത്രത്തിൽ നിന്നും എത്തിനിൽക്കുന്ന മുൻ ഉദിത്തനങ്കദേവിയേയും കൂട്ടി വൈകുന്നേരം ഏഴു മണിയോടുകൂടി വീണ്ടും നവരാത്രി മണ്ഡപത്തിനു മുന്നിൽ എത്തി വലിയ തമ്പുരാന്റെ കാണിക്കയും, മടക്കയാത്ര അനുമതിയും വാങ്ങി അവരവരെ പൂജയ്ക്കായി കുടിയിരുത്തിയിരിക്കുന്ന ലാവണങ്ങളിൽ തിരിച്ചെത്തുകയും 22/10/2026 നു ഒരു ദിവസത്തെ നല്ലിരിപ്പിന് ശേഷം (അന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെയില്ല) 23/10/2026 രാവിലെ എട്ടുമണിയോടു കൂടി പഴയ വേണാട്ടിലെ മാതൃക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങളുടെ മടക്കയാത്ര ആരംഭിക്കുകയും ചെയ്യുന്നു. 23/10/2026 ന് നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലും, 24/10/2026 ൽ കുഴിത്തുറ ശ്രീ മഹാദേവക്ഷേത്രത്തിലും തങ്ങിയശേഷം, 25/10/2026 ന് പത്മനാഭപുരം കൊട്ടാരത്തിൽ എത്തി സരസ്വതി ദേവിയും കുമാരസ്വാമിയും അവരവരുടെ മാതൃ ക്ഷേത്രങ്ങളിലേക്ക് മടങ്ങുമ്പോൾ മുൻ ഉദിത്തനങ്കദേവി കൽക്കുളം ശ്രീ നീലകണ്ഠ പെരുമാൾ ക്ഷേത്രത്തിൽ വിശ്രമിച്ച് അവിടെനിന്നും 26/10/2026 നു പുലർച്ചെ മൂന്നു മണിയോടുകൂടി യാത്ര തിരിച്ച് രാവിലെ എട്ടുമണിയോടുകൂടി ശുചീന്ദ്രം ക്ഷേത്രത്തിൽ തിരികെ കയറുകയും ചെയ്യുന്നതോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കുന്നു. #navarathrighoshayathra 🗓️ #1share

No comments: