ആദികാവ്യമെന്നു പുകള്‍പെറ്റ രാമായണം അവസാന കാവ്യമെന്ന് പണ്ഡിതര്‍, അതായത്, കാവ്യത്തിന്റെ അവസാന വാക്കും രാമായണമത്രെ. . ഈ അതുല്യ സൃഷ്ടിയെ സാഹിത്യമീമാംസകര്‍ വിസ്മയത്തോടെയല്ലാതെ കണ്ടിട്ടില്ല. മികവും തികവുമുറ്റ ഈ കൃതി സാഹിതീയ മനസ്സിലെ പ്രകൃഷ്ടപ്രകാശ താരം തന്നെ.
മികവുറ്റ ഒരു കേവല സാഹിത്യ സൃഷ്ടി മാത്രമല്ല രാമായണമെന്നത് വേറൊരു സത്യം. സഹസ്രാബ്ദങ്ങളായി ഭാരതീയ ജനതയെ പ്രതേ്യകിച്ചും മറ്റു പല ഏഷ്യന്‍ രാജ്യനിവാസികളെ പൊതുവേയും ഇത്രയും ഗാഢമായി സ്വാധീനിച്ച മറ്റൊരു കൃതിയില്ല തന്നെ. നമ്മുടെ സംസ്കാരത്തെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും വലിയ മതിപ്പില്ലായിരുന്നെന്നു കരുതപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുപോലും വാല്മീകി രാമായണത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ: ‘കഴിഞ്ഞ യുഗങ്ങളില്‍ എണ്ണമറ്റ ജനങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും രൂപപ്പെടുത്തിക്കൊണ്ടുപോന്നിട്ടുള്ള ഒരു മഹാഗ്രന്ഥമാകുന്നു രാമായണം. പാടത്തു പണിയെടുക്കുന്ന കൃഷിക്കാരനും, യന്ത്രശാലകളില്‍ ജോലിചെയ്യുന്ന തൊഴിലാളിയും ധനികരും പണ്ഡിതപാമരന്മാരും സകലരും രാമന്റേയും സീതയുടേയും കഥ ഒരു സജീവ ചരിത്രമായിത്തന്നെ കാണുന്നു.’
എല്ലാ ഭാരതീയ ഭാഷകളിലും രാമായണത്തെ ഉപജീവിച്ച് ധാരാളം ആഖ്യാനങ്ങളും ഭാഷാരാമായണങ്ങളും പില്ക്കാലത്ത് രചിക്കപ്പെട്ടിട്ടുണ്ട്. ഓരോന്നും രാമായണ കഥയുടെ മാറ്റു കൂട്ടുന്നുണ്ട്. മൂലകഥയില്‍ ഇല്ലാത്തതും അതില്‍ നിന്നും അല്‍പ്പ സ്വല്പം വ്യതിരിക്തമായതുമായ അനുബന്ധ ഉപകഥകള്‍ കൂട്ടിച്ചേര്‍ത്ത് രചയിതാവിന്റെ മനോധര്‍മ്മമനുസരിച്ച് മാറ്റങ്ങളും വരുത്തിയിട്ടുണ്ട് ചില ആഖ്യാനങ്ങളില്‍. ഭാരതീയ ഭാഷകളില്‍ മാത്രമല്ല, ടിബറ്റ്, ഇന്തോനേഷ്യ, ബര്‍മ്മ, ജാവ, സുമാത്ര, ബാലി മുതലായ രാജ്യങ്ങളിലെല്ലാം അവരുടേതായ രാമായണങ്ങള്‍ പ്രചുരപ്രചാരത്തിലുണ്ടായിരുന്നു. അവയുടെ ശേഷിപ്പുകള്‍ ഇന്നും ഈ രാജ്യങ്ങളില്‍ നിലനില്ക്കുന്നു.
രാമായണത്തിന്റെ ഈ സാര്‍വജനീനമായ സ്വീകാര്യതയുടെ കാരണമെന്തെന്ന് അനേ്വഷിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ഉത്തരം അത് മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവിതസ്പര്‍ശിയും ജീവിതഗന്ധിയുമായ ഒരു ഇതിഹാസമാണ് എന്നുള്ളതാണ്. വായിച്ചു രസിച്ചതിനുശേഷം മറക്കാനോ തള്ളാനോ ഉള്ള ഒരു കൃതിയല്ലിത്. മറിച്ച്, കര്‍മ്മജടിലമായ ലോകത്ത് മനുഷ്യ രാശിക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന ഒരു ജീവിത കൈപ്പുസ്തകമാണിത്. ഇതിലെ കഥാനായകന് ഇതിഹാസ പുരുഷനാണ്. ചരിത്ര പുരുഷനാണ്. അനുകരണീയനാണ്.
പ്രപഞ്ചത്തെ മുഴുവന്‍ ഭരിക്കുന്ന, നയിക്കുന്ന ധാര്‍മിക നിയമങ്ങളുടെ ജീവിക്കുന്ന ആള്‍രൂപമായിട്ടാണ് ശ്രീരാമനെ നാം രാമായണത്തില്‍ കാണുന്നത്. കര്‍മ്മമണ്ഡലത്തില്‍ രാജാവിനും പ്രജകള്‍ക്കും ഒരുപോലെ ആരാധ്യനും അനുകരണീയനുമാണ് രാമന്. സ്വകര്‍മത്തെ മുഴുവന്‍ ധര്‍മവല്‍ക്കരിച്ച് പുരുഷശ്രേഷ്ഠനായിട്ടാണ് രാമന് നമ്മുടെ മുമ്പില്‍പ്രത്യക്ഷപ്പെടുന്നത്, രാമായണത്തിലൂടെ. രാമായണത്തിലെ കര്‍മസങ്കല്‍പ്പം ധര്‍മസങ്കല്‍പ്പത്തിന്റെ ആവിഷ്കാരമാണ്.
ജന്മഭൂമി
No comments:
Post a Comment