Monday, July 31, 2017

രാമായണസുഗന്ധം - 16
കാശ്യപന്‍ ദിതിയോടിനിയുള്ള കാലം വ്രതഭംഗം വരാതെ നോക്കണമെന്നും എങ്കില്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ ദിതിക്ക് തന്നിലൂടെ ഒരു പുത്രനുണ്ടാവുമെന്നും അവന്‍ ഇന്ദ്രനെ വധിക്കുവാന്‍ പ്രാപ്തനായിരിക്കുമെന്നും പറഞ്ഞു.
തന്റെ പുത്രന്മാരുടെ വംശനാശം വരുത്തിയ ഇന്ദ്രനെ വധിക്കുവാന്‍ കഴിവുള്ള ഒരു പുത്രനെ തനിക്കു നല്‍കേണമെന്ന് ദിതി കാശ്യപനോടാവശ്യപ്പെടുകയുണ്ടായി. ഇതിനു വരം നല്‍കിയ കാശ്യപന്‍ ദിതിയോടിനിയുള്ള കാലം വ്രതഭംഗം വരാതെ നോക്കണമെന്നും എങ്കില്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ ദിതിക്ക് തന്നിലൂടെ ഒരു പുത്രനുണ്ടാവുമെന്നും അവന്‍ ഇന്ദ്രനെ വധിക്കുവാന്‍ പ്രാപ്തനായിരിക്കുമെന്നും പറഞ്ഞു. കാശ്യപന്‍ പോയശേഷം ദിതി കുശപ്‌ളവം എന്ന പ്രദേശത്തെത്തി. കഠിനമായ തപശ്ചര്യകളും വ്രതാനുഷ്ഠാനവും ഏറ്റവും കൃത്യമായും സന്തോഷത്തോടെയും തുടങ്ങുകയും ചെയ്തു.
ഇതറിഞ്ഞ ഇന്ദ്രന്‍ ദിതിക്കു തപസ്സിനുവേണ്ട സഹായങ്ങള്‍ ചെയ്യുവാനായി ദിതിയുടെയടുത്തെത്തുകയും പൂജകള്‍ക്കാവശ്യമായ അഗ്‌നി, ദര്‍ഭ, വിറക്, ജലം, പഴങ്ങള്‍ തുടങ്ങിയവയെത്തിച്ചു കൊടുക്കുകയും അവരുടെ ക്ഷീണിച്ച അംഗങ്ങള്‍ ഉഴിഞ്ഞുകൊടുക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ സന്തോഷവതിയായ ദിതി ഇന്ദ്രനോടിങ്ങനെ പറഞ്ഞു- ഇനി പത്തുവര്‍ഷംകൂടി കഴിഞ്ഞാല്‍ എന്റെ വ്രതകാലം പൂര്‍ണ്ണമാകും. എന്റെ ഭര്‍ത്താവിന്റെ അനുഗ്രഹത്താല്‍ എനിക്ക് നിന്നെ ജയിക്കാന്‍പോന്ന ഒരു പുത്രനുണ്ടാകും (നിന്റെ അനുജന്‍). അവനെ ഞാന്‍ നിനക്കനുകൂലനമാക്കും. ഒരിക്കല്‍ ശരീരക്ഷീണം കൊണ്ടുറങ്ങിപ്പോയ ദിതി വ്രതഭംഗം വരുംരീതിയിലാണ് കിടന്നതും ഉറങ്ങിയതും.
ഈയവസരത്തില്‍ ഇന്ദ്രന്‍ തന്റെ യോഗശക്തിയാല്‍ ദിതിയുടെ ഉള്ളില്‍ കടന്ന് ഭ്രൂണത്തെ ഏഴായും അതില്‍ ഓരോന്നിനേയും വീണ്ടും ഏഴേഴായും (മൊത്തം നാല്‍പത്തിയൊമ്പത്) വിഭജിച്ചു. ഗര്‍ഭസ്ഥശിശുവിനെ കൊല്ലരുത് എന്ന് ദിതി പറഞ്ഞുകൊണ്ടിരുന്നു. വിഭജിച്ചുകൊണ്ടിരുന്നപ്പോള്‍ കരയരുതെന്ന് (മാ രുദ്) എന്ന് ഇന്ദ്രനും പറഞ്ഞുകൊണ്ടിരുന്നു. ദിതിയുടെ ഉള്ളില്‍ നിന്നും പുറത്തുവന്ന ഇന്ദ്രന്‍ ചെയ്ത പ്രവൃത്തിക്ക് ദിതിയോടു മാപ്പപേക്ഷിച്ചു. ഈ പുത്രന്മാരാണ് മരുദ്ദേവന്മാര്‍ എന്നറിയപ്പടുന്ന മരുത്തുക്കള്‍. ഇവര്‍ സൂക്ഷ്മശരീരികളായി വായുമണ്ഡലത്തില്‍ ഏഴ്പാളികളായിക്കഴിയുന്നു. ഇങ്ങനെയൊരു ധാരണയില്‍ ഇന്ദ്രനും ദിതിയും (ഇന്ദ്രന്റെ ചെറിയമ്മ) സ്വര്‍ഗ്ഗലോകത്തേക്കു പോവുകയും ചെയ്തു. ഇന്ദ്രന്‍ ദിതിക്കു സേവചെയ്ത ഭൂപ്രദേശമാണ് ഈ വിശാല.
ഇക്ഷ്വാകുവിന് അലംബുഷയില്‍ ജനിച്ച മകനാണ് വിശാല എന്ന ധര്‍മ്മിഷ്ഠനായ രാജാവ്. അദ്ദേഹമാണീ നഗരം സ്ഥാപിച്ചത്. ഈ വംശത്തിലെ ഒരു രാജാവായിരുന്നു പ്രസിദ്ധനായ കാകുത്സ്ഥന്‍. അദ്ദേഹത്തിന്റെ പുത്രനായ സുമതിയാണ് ഇപ്പോഴത്തെ രാജാവ്. ഇക്ഷ്വാകുവിന്റെ അനുഗ്രഹത്താല്‍ ആ വംശത്തിലെയെല്ലാ രാജാക്കന്മാരും ദീര്‍ഘായുസ്സുകളും ശക്തരും ധര്‍മ്മിഷ്ഠരുമാണത്രേ. ഇന്നിവിടെ വിശ്രമിച്ചിട്ട് നാളെ ജനകനെ കാണാമെന്നും ബ്രഹ്മര്‍ഷി പറഞ്ഞു. ഇതിനിടെ, ബ്രഹ്മര്‍ഷി വന്നതറിഞ്ഞ് മഹാരാജാവ് സുമതി അദ്ദേഹത്തിന്റെയടുത്തെത്തി.



ജന്മഭൂമി: http://www.janmabhumidaily.com/news680287#ixzz4oT9ywn3S

No comments: