Wednesday, July 19, 2017

ശാന്തമായി ഉറങ്ങുന്ന വ്യക്തിയില്‍ ശാരീരിക പ്രവര്‍ത്തനങ്ങളെല്ലാം സാധാരണ പോലെതന്നെ നടക്കുന്നുണ്ട്. ശരീരം നിരന്തരം പ്രവര്‍ത്തിക്കുന്ന സഗുണാവസ്ഥയിലിരിക്കുമ്പോള്‍തന്നെ, വ്യക്തി സുഖമായി ഉറങ്ങുന്ന നിര്‍ഗുണാവസ്ഥയെ പ്രാപിക്കുമ്പോള്‍ വിഷമമുണ്ടാകുന്നില്ല. രണ്ടവസ്ഥയും ഒന്നില്‍തന്നെ വര്‍ത്തിക്കുന്നു. ഇത് ശക്തിചേതനയും സ്വബോധവും അഥവാ ദിശാബോധവുമുള്ള ബ്രഹ്മചൈതന്യത്തിന്റെ പ്രവര്‍ത്തനത്താല്‍ നമുക്ക് (ഒരു പക്ഷേ ബുദ്ധിയുള്ള ജന്തുക്കള്‍ക്കും) തോന്നുന്ന രണ്ടു പ്രതിഫലനങ്ങള്‍ മാത്രമാണ്. ഒന്നില്‍തന്നെ രണ്ട് അവസ്ഥകളും വര്‍ത്തിക്കുന്നു. സഗുണം എന്ന പദത്തിന്റെ വിപരീതപദം നിര്‍ഗുണം എന്നാണെങ്കിലും, സഗുണബ്രഹ്മത്തിന്റെ വിപരീതപദം നിര്‍ഗുണബ്രഹ്മമല്ല. എപ്രകാരമെന്നാല്‍ ലോവര്‍ പ്രൈമറിക്ക് വിപരീതമല്ല അപ്പര്‍ പ്രൈമറി എന്നത്.
അത്യാധുനികശാസ്ത്രം, പരമാണുവിലും പ്രപഞ്ചത്തിലും ജീവജാലത്തിലും കാണുന്ന സ്വബോധവും ചൈതന്യമുള്ള പരബ്രഹ്മചൈതന്യമെന്ന ഈ പ്രതിഭാസത്തെ വിവരിക്കുന്നത്. ‘self awareness, അഥവാ consciousness”’ എന്നാണ്. self aware universe എന്നത് അത്യാധുനിക ശാസ്ത്രത്തിന്റെ അവസാനത്തെ വാക്കാണ്. ഇത് ഭാരതീയ ഉപനിഷത്തിലെ ആദ്യവരിയായിരുന്നു. ഈശാവാസ്യമിദം സര്‍വം…
അതായത് അത്യാധുനിക ശാസ്ത്രത്തിന്റെ self awareness ഉം consciousness ഉം അതിപുരാതന ഭാരതീയന്റെ പ്രജ്ഞാനം തന്നെയാണ്. ബ്രഹ്മചൈതന്യത്തിന്റെ ഈ നിര്‍വചനത്തിന്റേയും വിവരണത്തിന്റേയും അടിസ്ഥാനത്തില്‍ എല്ലാ സനാതന ചിന്താധാരകളും പരിശോധിക്കാന്‍ വളരെ എളുപ്പമാണ്.
സൂര്യനെ ദേവനായി, ഈശ്വരചൈതന്യമായിക്കാണുവാന്‍ കാരണം: പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന ചൈതന്യത്തിന്റെ അവിഭാജ്യഘടകമായ പ്രകാശം, താപം, ഇവ ജ്യോതിര്‍ഗോളങ്ങള്‍ക്കും സസ്യലതാദികള്‍ക്കും നല്‍കി അവയുടെ ജീവചൈതന്യം പോഷിപ്പിക്കുന്നു- സൂര്യനില്‍ ബ്രഹ്മചൈതന്യമുണ്ട്.
വായുവിനെ ഈശ്വരനായി കാണുവാന്‍ കാരണം. സസ്യലതാദികളിലും ജന്തുജാലങ്ങളിലും ആത്മചൈതന്യം നിലനിര്‍ത്തുന്നത് വായുവിലെ ഓക്‌സിജനുപയോഗിച്ചാണ്.
ജലത്തെ ഈശ്വരചൈതന്യമായി കാണുവാന്‍ കാരണം: ജീവാത്മാവിനെ ഭൂമിയില്‍ നിലനിര്‍ത്താന്‍ അത്യാവശ്യമാണത്. ജീവചൈതന്യം തന്നെയാണ് ബ്രഹ്മ ചൈതന്യവും. അതിനാല്‍ ജീവന്‍ നിലനിര്‍ത്തുന്നതും അതേ ചൈതന്യമാണ്.
ഭൂമിയേയും മറ്റു ഗ്രഹങ്ങളേയും ആരാധിക്കുവാന്‍ കാരണം: പ്രപഞ്ചം നിറഞ്ഞിരിക്കുന്ന ബ്രഹ്മചൈതന്യമായ പരമാത്മചൈതന്യം ഈ ഗോളങ്ങളിലുമുണ്ട്. അതിനാല്‍ ദിശാബോധത്തോടെ അത്യുജ്ജ്വല വേഗത്തില്‍ അവ കറങ്ങുകയും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ഗ്രഹങ്ങളില്‍ ഈശ്വരാംശത്തെ നാം ദര്‍ശിക്കുന്നു.
പര്‍വ്വതങ്ങളേയും നദികളേയും ഈശ്വരചൈതന്യാംശമായി കാണുവാന്‍ കാരണം: അവയെല്ലാം അതിമഹത്തായ പ്രപഞ്ചത്തിന്റെ അംശമായ ഭൂമിയുടെ അംശമാണ്.
സസ്യങ്ങളില്‍ ഈശ്വരാംശത്തെ ദര്‍ശിക്കുവാന്‍ കാരണം: ഓരോസെല്ലുകളിലും പ്രജ്ഞാന ബോധത്തോടുകൂടിയ പ്രവര്‍ത്തനത്തിലൂടെ ജീവചൈതന്യം വര്‍ത്തിക്കുന്നു.
ഭൂമിയെ മാതാവായി കാണുവാന്‍ കാരണം: ജീവാത്മചൈതന്യം ഓരോ ജീവിയിലും നിലനില്‍ക്കുന്നത് വളര്‍ത്തമ്മയായ ഭൂമിയുടെ പാലും (ജലവും) മറ്റു ഭക്ഷണങ്ങളും ലഭിക്കുന്നു.
മാതൃ- പിതൃദേവോ ഭവ എന്നു പറയുമ്പോള്‍ കാരണം: നമ്മുടെ ശരീരവും, ആത്മചൈതന്യവും പ്രപഞ്ചത്തിലെ ദ്രവ്യങ്ങളുപയോഗിച്ച് നമുക്കുതന്നത് മാതാപിതാക്കളാണ്.
ആചാര്യദേവോ ഭവ എന്ന സന്ദേശം ആചരണത്തില്‍ കൊണ്ടുവരുവാന്‍ കാരണം: പ്രപഞ്ചത്തില്‍ നിന്ന് മാതാപിതാക്കളിലൂടെ സ്വതഃസിദ്ധമായി നമുക്കു ലഭിച്ച ബ്രഹ്മചൈതന്യമായ പ്രജ്ഞാനം എന്ന ജ്ഞാനത്തിലേക്ക് ഗുരുവും ആചാര്യനും വീണ്ടും ജ്ഞാനം സംഭാവന ചെയ്യുന്നു.
അതിഥിദേവോ ഭവ എന്ന വിശ്വസിക്കുവാന്‍ കാരണം: ജീവന്‍ നിലനിര്‍ത്താനാവശ്യത്തിനായി ഭക്ഷണം ആവശ്യപ്പെട്ട് അത് ദാനമായി സ്വീകരിക്കാന്‍ വരുന്ന വ്യക്തിക്ക് നല്‍കുന്നത്. തദ് വ്യക്തിയുടെ ആത്മ ചൈതന്യത്തിന്റെ പോഷണത്തിനാണ്, ആ വ്യക്തിയിലെ ആത്മചൈതന്യം നാം അറിഞ്ഞ് ദേവനുതുല്യമാക്കി.
അക്ഷരത്തെ (പുസ്തകത്തെ) പൂജിക്കുന്നത് അറിവ് എന്ന പ്രജ്ഞാനം ബ്രഹ്മമായതുകൊണ്ട്.
ആയുധപൂജ നടത്തുന്നത്, ബ്രഹ്മമായ അന്നത്തിന് ആയുധം/ ഉപകരണം/വാഹനം ഇവ ഉപയോഗിച്ച് സമ്പത്ത് നേടുന്ന മാര്‍ഗമായി സ്വീകരിക്കുന്നതുകൊണ്ട്.
പ്രഭാതം- സഹായം സന്ധ്യകളില്‍ വിളക്കുവെയ്ക്കുവാന്‍ കാരണം സന്ധി (സന്ധ്യ)കളില്‍ താപ-പ്രകാശചൈതന്യസ്രോതസ് പകരുന്നതിനുവേണ്ടി (അന്ധകാരം അകറ്റാനും) ജ്യോതിസ്വരൂപം തെളിയിക്കുന്നതിനു വേണ്ടി.
നമസ്‌തേ എന്നു പറഞ്ഞു കൈകൂപ്പുവാന്‍ കാരണം: ക്ഷേത്രമാകുന്ന നമ്മുടെ ശരീരത്തിലെ ജീവചൈതന്യമാകുന്ന ഈശ്വരന് നമസ്‌കാരം ചെയ്യുന്നു.
ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കുവാന്‍ കാരണം: പ്രപഞ്ചത്തില്‍ അന്തര്‍ലീനമായ ചൈതന്യത്തെ മന്ത്ര-ശംഖ-വാദ്യ-മണിനാദമാകുന്നsound energyയും, ധൂപ ദീപങ്ങളിലൂടെ Heat and light energyയും പത്രപുഷ്പങ്ങളിലൂടെ chemical energyയും കൊടുത്ത് കൂടുതല്‍ ചൈതന്യവത്താക്കി, പ്രസരണം നടത്താവുന്ന നിലവാരത്തിലെത്തിക്കുവാന്‍ സാധിക്കുന്നു. (അര്‍ചകസ്യപ്രഭാവേന ശിലാഭവതി ശങ്കരഃ അര്‍ചകസ്യാ ളപ്രഭാവേന ശിവോ ഭവതി ശിലാ), അര്‍ച്ചകന്റെ പ്രഭാവത്താല്‍ (തേജസ്വിയായ പൂജാരിയുടെ കര്‍മ്മത്താല്‍) ഒരു ശിലപോലും ശങ്കരചൈതന്യം നേടുന്നു. പ്രഭാവമില്ലാത്ത പൂജാരി പൂജിച്ചാല്‍ ശിവചൈതന്യം പോലും നശിക്കും.
ശിവലിംഗത്തിനാകൃതി ലഭിച്ചതിനുകാരണം ഊര്‍ജ്ജസ്രോതസ്സിന്റെ സംഭരണിയാക്കുവാന്‍ സാധിക്കുന്ന ഉത്തമമായ ആകൃതിയായതിനാല്‍ ലോകത്തിലെ എല്ലാ ആറ്റമിക് റിയാക്ടറുകളും ശിവലിംഗത്തിന്റെ ആകൃതിയിലാണ്. ശിവന് ജലം കൊണ്ട് അഭിഷേകം നടത്തുമ്പോള്‍ ആറ്റമിക് റിയാക്ടറില്‍ ഘനജലം ഉപയോഗിക്കുന്നു. (ഗണിത ശാസ്ത്രപ്രകാരവും ശിവലംഗാകൃതി ശാസ്ത്രീയമാണ്)
മന്ത്രധ്വനിക്ക് മഹത്വമുണ്ടാകുവാന്‍ കാരണം: ബ്രഹ്മചൈതന്യത്തിന്റെ ഭാഗമായ ശബ്ദബ്രഹ്മമാണ്.
ഓംകാര മഹത്വത്തിനുകാരണം: ശബ്ദബ്രഹ്മമായതിനാല്‍ തന്നെ
കാല്‍തൊട്ട് വന്ദിക്കുന്നത് ജീവാത്മചൈതന്യം വര്‍ത്തിക്കുന്ന ശരീരത്തിന് കാല്‍ ആധാരമായതുകൊണ്ട്.
തലതൊട്ടനുഗ്രഹിക്കുന്നത്, ആത്മചൈതന്യപ്രവാഹം തലച്ചോറിനെ ചൈതന്യവത്താക്കേണ്ടതുകൊണ്ട്.
പ്രാര്‍ത്ഥിക്കുന്നത് ശരീരത്തിലെ പ്രജ്ഞാനബ്രഹ്മത്തെ സന്തുലിത പ്രവര്‍ത്തനാവസ്ഥയിലെത്തിക്കുവാന്‍
ഭക്ഷണത്തിനു മുമ്പ് പ്രാര്‍ത്ഥിക്കുന്നത്: ഭക്ഷിക്കുന്ന യജ്ഞത്തിലെ ഹവിസ്സാണ് അന്നം എന്നതിനാല്‍ ആ അന്നവും ബ്രഹ്മചൈതന്യത്തിന്റെ ഭാഗമായതിനാലും അത് ബ്രഹ്മമായിത്തീരുന്നതിനാലും
ഹവനം (ഹോമം) നടത്തുന്നത്, പ്രപഞ്ചചൈതന്യമായ പരമാത്മ ചൈതന്യത്തിന് അഗ്നിയിലൂടെ നാം ഒരംശം നല്‍കി നന്ദി പറയുന്നതിന് (സ്വന്തമായത് ത്യജിക്കാനുള്ള മനോഭാവത്തോടെ). അഗ്നിയെ ഹവ്യവാഹനനെന്നാണ് അഭിസംബോധന ചെയ്യുക.
വേദങ്ങള്‍ക്കു പ്രാധാന്യം വരുവാന്‍ കാരണം: പ്രപഞ്ചം നിറഞ്ഞിരിക്കുന്ന ബ്രഹ്മചൈതന്യത്തെ വിവരിക്കുന്നു.
ജ്ഞാനത്തിന്റെ മൂര്‍ത്തിമത് ഭാവമായി ഉപനിഷത്തുക്കളെ ഗണിക്കുവാന്‍ കാരണം ജ്ഞാനത്തിന്റെ അന്തിമബിന്ദുവായ ബ്രഹ്മജ്ഞാനത്തെ ഉപനിഷത്തുകള്‍ വിവരിക്കുന്നു.


ജന്മഭൂമി: h

No comments: