Wednesday, July 19, 2017

അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തിന്റെ ബാലകാണ്ഡം ഒന്നാം സര്‍ഗ്ഗത്തില്‍ ശ്രീപാര്‍വ്വതീദേവി, കൈലാസാചലത്തില്‍ അനേകം ആദിത്യന്മാര്‍ക്കു തുല്യം കാന്തിയുള്ള മണിമന്ദിരത്തില്‍ രത്‌നസിംഹാസനത്തില്‍ അനേകം സിദ്ധന്മാരാല്‍ സേവിക്കപ്പെട്ട് ആനന്ദമഗ്നനായിരിക്കുന്ന ശ്രീപരമേശ്വരനോട് ഭക്തിയോടുകൂടി ഇങ്ങനെ ചോദിച്ചു.
പൃച്ഛാമി ചാന്യച്ചപരംരഹസ്യം
തദേവ ചാഗ്രേ വദ വാരിജാക്ഷ!
ശ്രീരാമചന്ദ്രേഖിലലോകസാരേ
ഭക്തിര്‍ദൃഢാ നൗര്‍ഭവതി പ്രസിദ്ധാ.
ഞാന്‍ വേറൊരു രഹസ്യം ചോദിക്കുന്നു. ഹേ പങ്കജാക്ഷാ, അതിനെക്കുറിച്ച് ആദ്യം പറഞ്ഞുതരൂ. സര്‍വ്വലോകസാരഭൂതനായ ശ്രീരാമനിലുള്ള ദൃഢഭക്തിയാണല്ലോ സംസാര സാഗരത്തെ കടക്കാനുള്ള കപ്പലായിത്തീരുന്നത്. അപ്പോള്‍ ഒരു സംശയം. ശ്രീരാമന്‍ മനുഷ്യനോ പരമാത്മാവോ?
വദന്തീ രാമം പരമേകമാദ്യം
നിരസ്തമായാ ഗുണസമ്പ്രവാഹം
ഭജന്തീ ചാഹര്‍ന്നിശമപ്രമത്താം പാരം പദം യാന്തി തഥൈവസിദ്ധാഃ
വദന്തി കേചില്‍ പരമോപി രാമഃ സ്വാവിദ്യയാ സംവൃതമാത്മസംജ്ഞാ
ജാനാതിനാത്മനമതഃ പരേണ
സംബോധിതോ വാദ പരാത്മതത്ത്വം.
ചിലര്‍ രാമനെ ഏകനെന്നും ആദ്യനെന്നും ഗുണങ്ങളോ രാഗദ്വേഷാദികളോ ഇല്ലാത്തവനെന്നും പറയുന്നു. ചിലര്‍ ആ രാമനെ നിരന്തരമായി രാവും പകലും ഭജിക്കുന്നു. അവരെല്ലാം സിദ്ധന്മാരായി പരമപദം പ്രാപിക്കുന്നു. ആ രാമന്‍ പരമാത്മാവാണെങ്കിലും സ്വമായയ്ക്കടിമയായി ആ മായയുടെ ആവരണത്താല്‍ സ്വയം അറിയാതിരിക്കുന്നു. മറ്റുള്ളവര്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ മാത്രമാണ് താന്‍ ആത്മതത്ത്വമാണെന്ന് മനസ്സിലാക്കുന്നത്. ഇതുശരിയാണെങ്കില്‍ രാമന്‍ പരാമാത്മാവാണെന്നു പറയാമോ?
യദി സ്മജാനാതി കുതോ വലാപഃ
സീതാകൃതേ തേന പരേണ
ജാനാതി നൈവം യദി കേനസേവ്യഃ
സമോഹി സര്‍വ്വൈരപി ജീവജാതൈഃ
സദാ ആത്മജ്ഞാനിയാണ് രാമനെങ്കില്‍ സീതയെക്കുറിച്ച് വിലപിച്ചതെന്തിന്? അതല്ല ആത്മജ്ഞാനമില്ലാത്തവനാണെങ്കില്‍ മറ്റുള്ള ജീവജാലങ്ങളോടു തുല്യനല്ലേ? അതായത് വെറും മനുഷ്യനല്ലേ എന്നു സാരം. അദ്ദേഹത്തെ അന്യന്മാര്‍ സേവിക്കുന്നതെന്തിന്? ആരാധിക്കുന്നതെന്തിന്? എന്റെ ഈ സംശയം അങ്ങു തീര്‍ത്തുതരണം.
പാര്‍വ്വതീദേവിയുടെ ഈ സംശയത്തില്‍ നിന്നാണ് രാമന്‍ മനുഷ്യനോ ഈശ്വരനോ എന്ന സംശയം ഉടലെടുക്കുന്നത്. ഇത്തരമൊരു ചോദ്യം ആത്മതത്വം അറിയണമെന്നാഗ്രഹിക്കുന്നവര്‍ മാത്രമേ ഉന്നയിക്കുകയുള്ളൂ. അതിന് ശ്രീ പരമശിവന്‍ കൊടുത്ത മറുപടിയാണ് അദ്ധ്യാത്മരാമായണം.

ജന്മഭൂമി

No comments: