Wednesday, July 26, 2017

രാമായണ സുഗന്ധം - 11
അടുത്ത പ്രഭാതത്തില്‍ യജ്ഞകര്‍മ്മങ്ങള്‍ തുടങ്ങുകയാല്‍ തങ്ങള്‍ രാക്ഷസന്മാരെ, വിശേഷിച്ച് മാരീചനേയും സുബാഹുവിനേയും, എപ്പോഴാണ് പ്രതീക്ഷിക്കേണ്ടതെന്ന് രാമന്‍ ആരാഞ്ഞു. ഇന്നുമുതല്‍ ആറുരാത്രികള്‍ (പകലും) നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ഈ സമയം ബ്രഹ്മര്‍ഷി മൗനവ്രതത്തിലായിരിക്കുമെന്നും മറ്റു ഋഷികള്‍ അറിയിച്ചു.
അഞ്ചുനാള്‍ കടന്നുപോയി. ആറാംനാള്‍ രാത്രിയില്‍ യാഗാഗ്‌നി ആളിക്കത്തി. ഇത് രാക്ഷസന്മാരുടെ സാന്നിദ്ധ്യം അറിയിച്ചു. മാരീചനും സുബാഹുവും യജ്ഞം അശുദ്ധമാക്കുവാന്‍ മുതിരുമ്പോള്‍ താനവരെ മാനവാസ്ത്രത്താല്‍ പ്രഹരിച്ച് ഛിന്നഭിന്നമാക്കാമെന്ന് രാമന്‍ ലക്ഷ്മണനോടുപറഞ്ഞു. രാമന്റെ ശീതേഷു എന്ന അസ്ത്രപ്രയോഗത്താല്‍ മാരീചന്‍ നൂറുയോജന അകലെ മഹാസമുദ്രത്തിന്റെ മദ്ധ്യത്തിലേക്കെറിയപ്പെട്ടു. അവനിപ്പോള്‍ മരണകാലമായിട്ടില്ലായെന്നു രാമന്‍ പറഞ്ഞു. ആഗ്‌നേയാസ്ത്രാല്‍ സുബാഹുവിനെ വധിക്കുകയും ചെയ്തു. മറ്റസ്ത്രങ്ങളാല്‍ യജ്ഞത്തിനു വിഘ്‌നമുണ്ടാക്കാനെത്തിയ മറ്റുരാക്ഷസന്മാരേയും രാമന്‍ നിര്‍മ്മാര്‍ജനം ചെയ്തു. യജ്ഞം സന്തോഷകരമായി പര്യവസാനിക്കുകയും സിദ്ധാശ്രമത്തിന്റെ പേര് അന്വര്‍ത്ഥമാക്കുകയാല്‍ ബ്രഹ്മര്‍ഷി സന്തുഷ്ടനാവുകയും ചെയ്തു.
ആ രാത്രി യജ്ഞസ്ഥലത്തു വിശ്രമിച്ചശേഷം വിശ്വാമിത്രന്‍ രാമനോടും ലക്ഷ്മണനോടും മറ്റ് ഋഷികളോടുംകൂടി ജനകമഹാരാജാവിന്റെ ധനുര്‍യജ്ഞം കാണുവാനായി ഉത്തരദിക്കു ലക്ഷ്യമാക്കി മിഥിലാരാജ്യത്തേക്കു യാത്രയായി. ഈ യാത്രയില്‍ നൂറിലധികം വണ്ടികള്‍ പലപല സാധന സാമഗ്രികളുമായി ബ്രഹ്മര്‍ഷിയെ അനുഗമിച്ചു. സിദ്ധാശ്രമത്തിലെ മൃഗങ്ങളും പക്ഷികളുംഅവരെ അനുഗമിച്ചുവെങ്കിലും അവയെ മടക്കിയയയ്ക്കുകയാണുണ്ടായത്. രാത്രിയില്‍ ശോണനദിയുടെ കരയില്‍ വിശ്രമം. ആ രാജ്യത്തെപ്പറ്റി വിശദമായി അറിയുവാന്‍ രാമന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ‘അവിടെ മഹത്തരമായ ഒരു ധനുസ്സുണ്ട്. അത് ശിവന്റെ ധനുസ്സാണ്. മിഥിലയിലെ ഒരു രാജാവിനു പണ്ട് ലഭിച്ചതത്രേ. മഹാതേജസ്സുള്ള ആ ധനുസ്സ് കാണണം’ ബ്രഹ്മര്‍ഷി പറഞ്ഞു.


ജന്മഭൂമി

No comments: