പണ്ടൊരിക്കല്‍ ദേവന്മാരും അസുരന്മാരും കൂടിച്ചേര്‍ന്ന് പാലാഴിയെ മന്ദരപര്‍വ്വം കടകോലാക്കി കടഞ്ഞകഥ വിശ്വാമിത്രന്‍ രാമനെ കേള്‍പ്പിച്ചു. ഗംഗാനദിയെ കടന്ന് മറുകരയിലെത്തിയ ബ്രഹ്മര്‍ഷിയേയും സംഘത്തേയും അവിടെ കാത്തുനിന്ന ഋഷികള്‍ സ്വീകരിച്ചു. വിശ്വാമിത്രനും സംഘവും സ്വര്‍ഗ്ഗതുല്യമായ വിശാല എന്ന നഗരത്തിലേക്കു നടന്നു. അവിടെ ഏതുരാജവംശമാണ് ഭരണം നടത്തുന്നതെന്നാരാഞ്ഞ രാമനോട് ബ്രഹ്മര്‍ഷി താന്‍ കേട്ട ഒരു പഴയ കഥ പറഞ്ഞു തുടങ്ങി.
മുമ്പൊരു കൃതയുഗത്തില്‍ ദിതി്ക്കും അദിതിക്കും ശക്തന്മാരും ധര്‍മ്മനിഷ്ഠരുമായ പുത്രന്മാര്‍ ജനിക്കുകയുണ്ടായി. കാലംകുറേ കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് തങ്ങള്‍ക്ക് വാര്‍ദ്ധക്യത്തില്‍നിന്നും മരണത്തില്‍നിന്നും മുക്തി ലഭിക്കുകയെന്ന ചിന്ത അവരെ അലട്ടാന്‍തുടങ്ങി. അപ്പോള്‍ അവരുടെ മനസ്സില്‍ ഒരുതോന്നലുണ്ടായി-ഒരുപക്ഷേ പാലാഴി കടഞ്ഞാല്‍ അതിനുള്ള ഔഷധം അതില്‍നിന്നു ലഭിച്ചേക്കാം. അവര്‍ മന്ദരപര്‍വ്വതത്തെ കടകോലായും വാസുകിയെ കയറായും ഉപയോഗിച്ച് പാലാഴി കടയുവാന്‍ തുടങ്ങി.
ഏതാണ്ടായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ വാസുകിയുടെ വായില്‍ നിന്നും വിഷം പുറത്തേയ്‌ക്കൊഴുകി. മഥനത്തിന്റെ ഫലമായി ഹാലാഹലം എന്ന ഘോരവിഷം സമുദ്രത്തില്‍ ഉയര്‍ന്നുവന്നു. ദേവന്മാരും അസുരന്മാരും മനുഷ്യരും അതില്‍പ്പെട്ടു. അപ്പോള്‍ ദേവന്മാര്‍ രുദ്രനോട് തങ്ങളെ രക്ഷിക്കേണമെന്ന് അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ശിവന്‍ അവിടെയെത്തിയപ്പോള്‍ വിഷ്ണുവും അവിടെയെത്തി. ആദ്യമായി പുറത്തുവന്നത് അങ്ങയുടെ ഭാഗമാണ്, സ്വീകരിച്ചാലും എന്നു വിഷ്ണു പറയുകയും ശിവന്‍ ആ വിഷം കഴിക്കുകയും അത് തന്റെ തൊണ്ടയില്‍ നിര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് മന്ദരപര്‍വ്വതം സമുദ്രത്തില്‍ താണുപോവുകയുണ്ടായി. ദേവന്മാരുടെ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണു ഒരുവലിയ ആമയുടെ രൂപം ധരിക്കയും പര്‍വതത്തെ താങ്ങിനിര്‍ത്തുകയും ദേവന്മാരോടൊപ്പം സമുദ്രമഥനത്തില്‍ പങ്കുചേരുകയും ചെയ്തു. വീണ്ടുമൊരായിരം വര്‍ഷം കഴിഞ്ഞപ്പോള്‍ കൈയില്‍ കമണ്ഡലുവും ദണ്ഡുമായി ധന്വന്തരി സമുദ്രത്തില്‍ നിന്നും പ്രത്യക്ഷപ്പട്ടു. പിന്നീട് അപ്‌സരസ്സുകളും മദ്യദേവതയായ വാരുണിയും പുറത്തുവന്നു.
ദിതിയുടെ മക്കള്‍ അവളെ സ്വീകരിക്കാതെ വന്നപ്പോള്‍ അവര്‍ അസുരന്മാര്‍ എന്നറിയപ്പെട്ടു. അവളെ സ്വീകരിച്ച അദിതിയുടെ മക്കളാകട്ടെ സുരന്മാര്‍ എന്നറിയപ്പെടാനും തുടങ്ങി. പിന്നീട് ഉച്ചൈശ്രവസ്സ് (ഏറ്റവും ഉത്തമമായ അശ്വം), കൗസ്തുഭം (ഏറ്റവും ഉത്തമമായ രത്‌നം), അമൃത് ഇവയും പുറത്തുവന്നു. അമൃതിനേപ്പറ്റിയുണ്ടായ തര്‍ക്കത്തില്‍ വലിയ നാശനഷ്ടങ്ങളാണ് രണ്ടുവംശത്തിനുമുണ്ടായത്. ഇവര്‍ സമ്പൂര്‍ണ്ണ നാശത്തിലെത്തുന്നതിന് മുമ്പ് വിഷ്ണു തന്റെ മായാശക്തിയാല്‍ അമൃത് എടുത്തുകൊണ്ടുപോയി. ദിതിയുടെ പുത്രന്മാര്‍ പൂര്‍ണമായും പരാജയപ്പട്ടപ്പോള്‍ ഇന്ദ്രന്‍ സന്തുഷ്ടനായി സ്വര്‍ഗ്ഗഭരണം തുടങ്ങി.
ജന്മഭൂമി: http://www.janmabhumidaily.com/news679700#ixzz4oO6L4R00
No comments:
Post a Comment