Wednesday, July 12, 2017

കര്‍ക്കടകം; രാമായണ ഔഷധമാസം

തുഞ്ചന്‍ തന്റെ മാനസ പൈങ്കിളിയെക്കൊണ്ട് പറയിപ്പിച്ച രാമകഥയുടെ ഈരടികള്‍ മധുരസംഗീതമായി ഒഴുകുന്ന ആടിമാസത്തിന്റെ മനോഹാരിതയിലേക്ക് എത്തിനോക്കുന്ന മാലോകര്‍ക്കായി രാമായണമാസത്തിലേക്ക് സ്വാഗതമരുളുമ്പോള്‍ സൂര്യന്‍ കര്‍ക്കടകരാശിയിലേക്ക് പ്രവേശിക്കുകയാണ്. ഒരുമാസത്തെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നിങ്ങനെ തിരിച്ചാല്‍ ബാലകാണ്ഡം മുതല്‍ ആരംഭിക്കുന്ന രാമായണവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്.
എന്തുകഴിച്ചാലും ശരീരത്തില്‍ പിടിക്കും. മേദ്ധ്യമായത് കഴിക്കണം, അമേദ്ധ്യം ഒഴിവാക്കണം. നല്ലതുപറയണം. നല്ലതുപറഞ്ഞാല്‍ ബൗദ്ധികമായ ഉയര്‍ച്ച വന്നുചേരും. നല്ല ചിന്തകളുണരണം. വ്യക്തി, കുടുംബം, ഗ്രാമം, രാഷ്ട്രം, ലോകം ശാന്തമായിരിക്കാന്‍ പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചിന്തിക്കുകയും ചെയ്യണം. 12 മാസങ്ങളില്‍ ശ്രേഷ്ഠമായ മാസമാണ് കര്‍ക്കടകം എന്നതിനാല്‍ ആയുരാരോഗ്യ സൗഖ്യത്തിനായി രാമായണമാസം പ്രയോജനപ്രദമാക്കണം.
പുതുതലമുറയ്ക്ക് ജന്മം നല്‍കുന്നതിനായി ബീജാവാപം നടത്തുന്നതിന് ഉത്തമമായ കര്‍ക്കടകം ശരീരത്തിനെ പുതുക്കുന്നതിനായി അഥവാ നാളിതുവരെ നമ്മുടെ ശരീരത്തിലുണ്ടായ നീര്‍ക്കെട്ടുകളെ ഔഷധത്തിലൂടെ പുറത്തുകളയുവാനും ശരീരത്തിന് പുത്തനുണര്‍വ്വിന് വേണ്ടി പോഷകാംശം ലഭിക്കുന്ന ആഹാരം കഴിക്കുന്നതിന് നമ്മള്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം മനോബലത്തിനായി ഈശ്വരചിന്തയും ഭജനയും ആവശ്യമാണ്. രാമായണ പാരായണം ഇതിന് സഹായിക്കുന്നു.
എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന്റെ ഉടമയായ ശ്രീരാമചന്ദ്രനെ മനുഷ്യനായോ ദൈവമായോ കാണുന്നതില്‍ പക്ഷം ചേരേണ്ടതില്ല. അടങ്ങാത്ത വേദനകളോടെ അലയുന്നവന്റെ ആശ്വാസമാണ് രാമനാമജപം. ഇത് ഏവര്‍ക്കും ആശ്വാസം പകരുന്നതാണ്.


ജന്മഭൂമി

No comments: