Saturday, July 29, 2017

ജീവിക്കുവാനുള്ള കൊതിയും മരിയ്ക്കാനുള്ള ഭയവും മനുഷ്യനുള്‍പ്പെടെ എല്ലാ ജീവികള്‍ക്കും സഹജമാണ്. എല്ലാ ഭയങ്ങളിലും വച്ച് വലിയ ഭയം മരണഭയമാണെന്നു പറയാറുണ്ട്. സ്വന്തമെന്നു നിനച്ചതും, പാടുപെട്ടു സമ്പാദിച്ചതും എല്ലാം മരണത്തോടെ നഷ്ടപ്പെടുമെന്ന കാരണത്താല്‍ മരണത്തെ മനുഷ്യന്‍ ഭയക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മരണഭയത്തെ നമുക്ക് ജയിക്കുവാന്‍ കഴിയും. മരണത്തെ എങ്ങനെ നേരിടണമെന്ന് നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പഠിച്ചിരിക്കണം.
ഒരു ആശുപത്രിയില്‍ മരണാസന്നരായ രണ്ടു രോഗികളുണ്ടായിരുന്നു. ഒന്ന്, ലോകപ്രശസ്തനായ ഒരു സാഹിത്യകാരന്‍. മറ്റേത്, പന്ത്രണ്ടുകാരിയായ ഒരു കൊച്ചു പെണ്‍കുട്ടി. സാഹിത്യകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരെല്ലാം കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ ചികിത്സകളൊന്നും ഫലിച്ചില്ല. ശാരീരികവും മാനസികവുമായ യാതന അദ്ദേഹത്തിന്റെ മുഖത്തു നിഴലിച്ചു. അദ്ദേഹം ദീനദീനം വിലപിച്ചു, ”ഇനി എനിക്കെന്തു സംഭവിക്കും! ഇരുളല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ലല്ലോ?” തന്റെ അന്ത്യനിമിഷങ്ങളില്‍ ഏകാന്തതയും ഭയവും അദ്ദേഹത്തെ വേട്ടയാടി.
എന്നാല്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ കാര്യം വ്യത്യസ്തമായിരുന്നു.അവളും മരണത്തെ തൊട്ടുമുന്നില്‍ കണ്ടു. പക്ഷെ അപ്പോഴും അവള്‍ ഉല്ലാസവതിയായിരുന്നു, ശാന്തയായിരുന്നു. ആ കൊച്ചുമുഖം പുഞ്ചിരിയാല്‍ തിളങ്ങിയിരുന്നു. ഡോക്ടര്‍മാരും നേഴ്‌സുമാരും അവളുടെ മുഖത്തെ പ്രസന്നത കണ്ട് ആശ്ചര്യപ്പെട്ടു. പ്രത്യേകിച്ചും ആ സാഹിത്യകാരന്റെ കാര്യമാലോചിച്ച് അവര്‍ അവളോടുചോദിച്ചു,”കുഞ്ഞേ,നീ സന്തോഷമായിരിക്കുന്നല്ലോ. നിനക്കു മരണത്തെ പേടിയില്ലേ?” നിഷ്‌കളങ്കതയോടെ അവള്‍ പറഞ്ഞു, ”ഞാനെന്തിനു മരണത്തെ ഭയക്കണം, എന്റെ എല്ലാമായ ഈശ്വരന്‍ എന്റെ തൊട്ടടുത്തുള്ളപ്പോള്‍? ‘എന്റെ കുഞ്ഞേ, എന്നടുത്തേക്കു വരൂ’ എന്ന് അവിടുന്ന് എന്നെ വിളിക്കുന്നത് എനിക്കു കേള്‍ക്കാം.” കുറച്ചു നാളുകള്‍ കഴിഞ്ഞ് അവള്‍ ദേഹം വെടിഞ്ഞപ്പോഴും ആ കുഞ്ഞുചുണ്ടുകളില്‍ മന്ദസ്മിതം തങ്ങിനിന്നിരുന്നു.
ഈ കഥയിലെ സാഹിത്യകാരന്‍ മരണത്തിന്റെ മുന്നില്‍ പകച്ചുപോയി. അതേ സമയം ആ കുഞ്ഞ്, ഈശ്വരനുമായി ഒരു പ്രേമബന്ധം സ്ഥാപിച്ചിരുന്നു. ഈശ്വരന്റെ കൈകളില്‍ താന്‍ സുരക്ഷിതയാണെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. അക്കാരണത്താല്‍ ഭയം അവളെ തീണ്ടിയില്ല.
അമ്മയുടെ മടിത്തട്ടില്‍ കഴിയുന്ന കുഞ്ഞിന് എന്തെന്നില്ലാത്ത സുരക്ഷിതത്വബോധമാണ്. ഏതാപത്തില്‍ നിന്ന് രക്ഷിക്കാനും അമ്മയുണ്ടെന്നവനറിയാം. അമ്മയുടെ സംരക്ഷണത്തിന്റെ തണലില്‍ അവന്‍ അല്ലലൊന്നുമറിയാതെ സന്തോഷിച്ചു കഴിയുന്നു.
ഈശ്വരനോട് ഈയൊരു ഭാവം നമുക്കുണ്ടാകണം. അവിടുന്നു നമ്മുടെ അഭയവും ആശ്രയവുമായി മാറണം. പ്രഹ്ലാദന്റെ കാര്യമെടുക്കുക. എന്തെന്തു പ്രതിബന്ധങ്ങളെയാണ് ആ ബാലന് നേരിടേണ്ടിവന്നത്. അച്ഛനായ ഹിരണ്യകശിപു പ്രഹ്ലാദനെ വധിക്കാന്‍ എല്ലാമാര്‍ഗ്ഗങ്ങളും അവലംബിച്ചു. എന്നാല്‍ ഭഗവാന്റെ സംരക്ഷണത്തില്‍ താന്‍ സുരക്ഷിതനാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന പ്രഹ്ലാദന്‍ ഒട്ടും തന്നെ ചഞ്ചലപ്പെട്ടില്ല. അവന്‍ നിര്‍ഭയനായി ഈശ്വരമാഹാത്മ്യത്തെക്കുറിച്ച് കൂടെയുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അത്തരം ഭക്തിയും വിശ്വാസവുമുണ്ടായാല്‍ മരണഭയം നമ്മെ തീണ്ടുകയില്ല.
ഒന്നുകില്‍ മുമ്പ് പറഞ്ഞ കഥയിലെ കുട്ടിയുടേതുപോലെ നിഷ്‌കളങ്ക വിശ്വാസം വേണം. അല്ലെങ്കില്‍ ‘ഞാന്‍ ഈ നശിക്കുന്ന ശരീരമല്ല, ഒരിക്കലും നാശമില്ലാത്ത ആത്മാവാണ്. എനിക്കു മരണമില്ല’ എന്നു ചിന്തിക്കണം. ബള്‍ബ് ഫ്യൂസാകുമ്പോള്‍ വൈദ്യുതി ഇല്ലാതാകുന്നില്ല. ബലൂണ്‍ പൊട്ടിയെന്നു കരുതി അതിലെ വായു ഇല്ലാതാകുന്നില്ല. അതുപോലെ ആത്മാവിന് നാശമില്ല. മരണം ആത്മാവിന്റെ നാശമല്ല, ശരീരമാകുന്ന ഉപാധിയുടെ താല്‍ക്കാലിക നാശം മാത്രമാണ് അതെന്നറിയണം. ഒരു വാചകം എഴുതിയാല്‍ കുത്തിടും. അടുത്ത വാചകം എഴുതാന്‍ വേണ്ടിയാണതു ചെയ്യുന്നത്. അതുപോലെയാണ് മരണവും. അത് പുതിയൊരു ജീവിതത്തിന്റെ ആരംഭം മാത്രമാണ്. ജീവിതകാലത്ത് നമ്മള്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ മരണത്തിനു ശേഷവും നമുക്ക് തുണയായിത്തീരും. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ നല്ല കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് ധര്‍മ്മത്തില്‍ ഉറച്ചു നീങ്ങുന്നവന്‍ മരണത്തില്‍ ആശങ്കപ്പെടില്ല. അഴുക്കായ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിക്കുന്ന സന്തോഷത്തോടെ അവന്‍ മരണത്തെ സ്വാഗതം ചെയ്യും.
ഈശ്വരസാക്ഷാത്കാരം നേടാത്തിടത്തോളം കാലം ജനിച്ചവന് മരണവും മരിച്ചവന് ജനനവും നിശ്ചയമാണ്. എങ്കിലും ജനന-മരണചക്രത്തില്‍ നിന്ന് നമ്മള്‍ മുക്തനാകുക എന്നതാണ് നമ്മുടെ പരമമായ ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പായിരിക്കണം ജീവിതം. ഈശ്വരനില്‍ ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മരണഭയത്തെ ജയിക്കാം. ഈശ്വരനുമായി ഐക്യം പ്രാപിച്ചാല്‍ മരണത്തെ അതിക്രമിക്കാം, നിത്യതയെ പുല്‍കാം.


ജന്മഭൂമി: http://www.janmabhumidaily.com/news679061#ixzz4oHZxDI9K

No comments: