കഴിഞ്ഞ കുറിപ്പ് വായിച്ച് നെയ്യാറ്റിന്‍കര നിന്ന് ഒരാള്‍ വിളിച്ച് ‘ബ്രാഹ്മണന്മാരുടെ തന്ത്രവിദ്യയിലേക്കും അന്ധവിശ്വാസത്തിലേക്കും ശ്രീ നാരായണഗുരുവിനെ കൊണ്ടുവരരുത് ‘ എന്ന് ധാര്‍മ്മികരോഷത്തോടെ പറഞ്ഞു. അങ്ങനെ ആ കുറിപ്പില്‍ ഇല്ലല്ലോ ഒന്നുകൂടി വായിക്കൂ എന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാതെ ആരോപണങ്ങള്‍ തുടര്‍ന്നപ്പോള്‍ മതിയാക്കൂഎന്ന് പരുഷമായി പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
പിന്നീട് ആലോചിച്ചപ്പോള്‍ ആ അരിശത്തിന്റെ യുക്തി ഏതാണ്ട് പിടി കിട്ടി. രണ്ടു കാര്യങ്ങളാണ്. എന്റെ ഗുരു ശ്രീ കരുണാകരഗുരു പിതൃശുദ്ധി ചെയ്തു എന്ന് പറഞ്ഞത് ശ്രീ നാരായണഗുരു ചെയ്തു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. രണ്ടാമത് പിതൃശുദ്ധിക്ക് വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ബ്രാഹ്മണരാണു പരമ്പരാഗതമായി ചെയ്യുന്നത് എന്നതുകൊണ്ട് ബ്രാഹ്മണരുടെ തന്ത്രവിദ്യയിലേക്ക് നാരായണഗുരുവിനെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു എന്ന് തെറ്റിദ്ധരിക്കുന്നു. ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഹിന്ദുക്കള്‍ പിതൃശുദ്ധി കാംക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണു ഭൂരിപക്ഷം ആളുകളും തങ്ങളുടെ കുടുംബാംഗങ്ങള്‍ മരിക്കുമ്പോള്‍ മരണാനന്തരകര്‍മ്മങ്ങള്‍ ചെയ്യുന്നത്. കൂടാതെ വര്‍ഷം തോറും ബലിതര്‍പ്പണങ്ങള്‍ നടത്തുന്നു. ഹിന്ദുവിന്റേതില്‍ മാത്രമല്ല എല്ലാ പാരമ്പര്യങ്ങളിലും മരണാനന്തരപ്രാര്‍ത്ഥനകളുണ്ട്, വാര്‍ഷികപ്രാര്‍ത്ഥനകളുണ്ട്.
ഹിന്ദുക്കള്‍ ഇതിനും പുറമേ യാണ് തിലഹവനം അഥവാ തിലഹോമം തുടങ്ങിയ കര്‍മ്മങ്ങള്‍ നടത്തുന്നത്. കുടുംബത്തിലെ പഴയ തലമുറകളില്‍ പെട്ട ജ്ഞാതാജ്ഞാതങ്ങളായ (അറിയുന്നതും അറിയാത്തതുമായ) ആത്മാക്കള്‍ മോചനത്തിനാഗ്രഹിച്ച് നില്‍പ്പുണ്ടാകും. അപകടമരണത്തില്‍പ്പെട്ടവര്‍ കാണാം. അകാലത്തില്‍ മരിച്ചവരോ പിന്മുറക്കാരുടെ പ്രാര്‍ത്ഥന കിട്ടാത്തവരോ കാണാം. അവരെ ശാന്തരാക്കാനാണു തിലഹോമവും മറ്റും ചെയ്യുന്നത്. (ഇവിടെ ഒരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. അറിഞ്ഞോ അറിയാതെയോ ഓരോ തലമുറയും അവരവരുടെ ജീവിതകാലങ്ങളില്‍ ചെയ്യുന്ന കര്മ്മങ്ങളിലെ അപാകതകള്‍ കാരണം വന്നു കൂടുന്ന ദോഷങ്ങളും ബാധ്യതകളുമാണ് ഇതൊക്കെ. ജന്മാന്തരങ്ങളുടെ വിഷയങ്ങള്‍ക്ക് ഈ കെട്ടുപാടുകളില്‍ പങ്കുണ്ടാകും. ജ്ഞാനികള്‍ക്ക് മാത്രമേ തങ്ങളുടെ അടുത്തുവരുന്ന മനുഷ്യരുടെയും അവരുടെ ജന്മാന്തരങ്ങളുടെയും രഹസ്യങ്ങള്‍ തെളിഞ്ഞുകിട്ടുകയുള്ളൂ.) കുടുംബത്തില്‍ ദുരിതങ്ങള്‍ വരുമ്പോള്‍ ആളുകള്‍ ജ്യോത്സ്യനെ സമീപിക്കുന്നു. ജ്യോത്സ്യനാണു പിതൃദോഷം ഉണ്ടെങ്കില്‍ ഗണിച്ച് കണ്ടുപിടിച്ച് തരുന്നത്.
മോക്ഷമോ അല്ലെങ്കില്‍ പുനര്‍ജ്ജന്മമോ കിട്ടാതെ സദ്ഗതി ലഭിക്കാതെ വലയുന്ന പിതൃക്കള്‍ കാരണമാണു ദോഷങ്ങള്‍ വരുന്നത് എന്നു പറയും. തിലഹവനവും കൂടെ സുദര്‍ശനവും മൃത്യുഞ്ജയവും നടത്താനായിരിക്കും ചാര്‍ത്ത് എഴുതിക്കൊടുക്കുക. മുന്നേപോയ എത്രയോ തലമുറകളിലെ പിതൃക്കള്‍ നമുക്ക് ഉണ്ടായിരിക്കാം. അതൃപ്തരായ ആത്മാക്കള്‍ നമ്മെ ബാധിക്കുന്നു. കൂടെ അവരുടെ ജീവിതകാലത്ത് ആരാധിച്ചുപോയതും നമ്മള് അറിയാത്തതുമായ ആരാധനാമൂര്‍ത്തികളും നില്ക്കുന്നുണ്ടാവാം. തന്ത്രവിദ്യ വഴിയല്ലാതെയാണ് എന്റെ ഗുരു ഈ ഗണത്തില്‍ പെട്ട ആത്മാക്കള്‍ക്ക് മോചനം നല്‍കിയിരുന്നത്. അനന്യനായ ഗുരുവിന്റെ സങ്കല്പം മാത്രമായിരുന്നു ഉപാധി. ഈ സൂക്ഷ്മകര്‍മ്മം ഗുരുവിനു വലിയ വിഷമം ഉണ്ടാക്കുമായിരുന്നു. ഒരു സര്‍പ്പം തീക്കുണ്ഡത്തില്‍പ്പെട്ടാല്‍ തൊലി മാറി പച്ചമാംസംവുമായി തീക്കനലുകളിലൂടെ ഇഴയുമ്പോളുള്ളതിനേക്കള്‍ വേദന വന്നിട്ടുണ്ട് എന്നാണു പറഞ്ഞിരിക്കുന്നത്.
ബ്രഹ്മനിശ്ചിതമായ ഈ ദൗത്യം ഗുരു ആയിരത്തിത്തൊള്ളായിരത്തി എഴുപതു മുതല്‍ നിര്‍വഹിച്ചുപോന്നു. അതിന്റെ സത്യവും അതിന്റെ സദ്ഫലവും ഒട്ടേറെ കുടുംബങ്ങള്‍ അനുഭവിച്ചറിഞ്ഞു എന്ന് എനിക്കറിയാം. ഒരുപാട് പാവപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. പാവങ്ങളോട് കൂടുതല്‍ ആഭിമുഖ്യം ഗുരു കാണിച്ചിരുന്നു. എണ്‍പതുകളുടെ മധ്യത്തില്‍ ഞാന്‍ ഗുരുസന്നിധിയില്‍ കുറച്ചുനാള്‍ നിന്നിരുന്നു. പലപ്പോഴും സന്ദര്‍ശകരെ കാണുമ്പോള്‍ ഗുരുവിന്റെ മുറിയില്‍ നില്ക്കാന് അനുവാദം കിട്ടിയിരുന്നു. ഒരുദിവസം രണ്ടു ചെറുപ്പക്കാര്‍ വല്ലാതെ അസ്വസ്ഥതകള്‍ കാണിക്കുന്ന ഒരു സ്ത്രീയെ മുറിയിലേക്ക് കൊണ്ടുവന്നു. ഇരിക്കാനും നില്‍ക്കാനും വയ്യ അവര്‍ക്ക്. കിതയ്ക്കുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുന്നുണ്ട്. അലങ്കോലമായ വേഷം. ഏതാണ്ട് അമ്പത്തഞ്ചു വയസ്സു കാണും. അവരെ കൊണ്ടുവന്ന മക്കള്‍ തയ്യല്‍ക്കടയില്‍ സഹായികളായി ജോലി ചെയ്യുന്നു. വളരെ പാവപ്പെട്ട സാഹചര്യത്തില്‍ നിന്നാണവര്‍ വരുന്നതെന്ന് കണ്ടാലറിയാം.
തുള്ളിപ്പറയുന്ന ഒരു സ്ഥലത്തുനിന്ന് മൂന്നു ദേവതകള്‍ കൂടിയതാണെന്ന് ഗുരു ചിന്തിച്ച് പറഞ്ഞു. അങ്ങനെ ഒരിടത്ത് പോയിട്ടുണ്ടെന്ന് മക്കള്‍ അറിയിച്ചു. ഏതായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവരെ സാധാരണ മട്ടില്‍ കണ്ടു. കൗതുകം കൊണ്ട് ഞാന്‍ ഇവരെ പരിചയപ്പെട്ടിരുന്നു. രണ്ടോമൂന്നോ മാസം അവര്‍ അവിടെ ഉണ്ടായിരുന്നു. ഏതാണ്ട് രണ്ടു കൊല്ലം കഴിഞ്ഞ് ഒരിക്കല്‍ ഞാന്‍ ഗുരുവിനെ കാണാന്‍ വേണ്ടി ചെല്ലുന്ന വഴിയില്‍ ബസ്സിറങ്ങിയപ്പോള്‍ മറ്റൊരു ബസ്സിറങ്ങി അവരും ഒപ്പം വന്നു. പഴയ ആളേ അല്ല. കുളിച്ച് ഭസ്മക്കുറിയിട്ട് നന്നായി അലക്കിയെടുത്ത വെളുത്ത മുണ്ടും ചെറിയ കസവുള്ള നേരിയതും ഉടുത്ത് ചേലായിരിക്കുന്നു. പഴുക്കാറായ ഒരു വാഴക്കുല താങ്ങിപ്പിടിച്ചിട്ടുണ്ട് ഗുരുവിനു കൊടുക്കാന്‍. ഞാന്‍ ചോദിച്ചു, ഇപ്പോള്‍ എന്തെങ്കിലും വിഷമമുണ്ടോ എന്ന്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു ഉത്തരമാണു ആ അമ്മ തന്നത്: ‘ ഗുരുവും ആ ബ്രഹ്മനും ഉള്ളപ്പോള്‍ എന്തു വിഷമം! ‘ എന്തൊരു അവസ്ഥാന്തരം.
ഗുരു ശുദ്ധീകരണം നടത്തിയ കുടുംബങ്ങളിലൂടെ, അവരുടെ സന്തതിപരമ്പരകളിലൂടെ ഒരു നിശ്ശബ്ദവിപ്ലവം സമൂഹത്തില്‍ നടക്കുന്നുണ്ടാവണം എന്നു ഞാന്‍ വിശ്വസിക്കുന്നു. മറ്റു യുഗങ്ങളിലെ കര്‍മ്മദോഷങ്ങള്‍ കലിമാലിന്യമായി അടിഞ്ഞുകൂടിയിരിക്കുന്ന ദശാസന്ധിയാണെന്നും എങ്കിലും പതുക്കെ ബ്രഹ്മനിശ്ചിതമായ ഒരു മാറ്റം ഉണ്ടാവുമെന്നും ഗുരു പറയുമായിരുന്നു. പഴയ പ്രവചനങ്ങളിലും ചില സൂചനകള്‍ ഉള്ളതായി നമുക്കറിയാമല്ലോ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും അന്തസ്സ് ആര്‍ജ്ജിക്കാന്‍ സഹായകമായ കാലമാണ്, ഋഷിഭാരതം ലോകത്തിനു വെളിച്ചമായിത്തീരേണ്ട കാലമാണ് എന്നൊക്കെയാണല്ലോ പറയുന്നത്. ‘ ഋതുവായ പെണ്ണിനും ഇരപ്പവനും ദാഹകനും’ ഈശ്വരനെ ഭജിക്കാം എന്ന് എഴുത്തച്ഛന് പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്.
ആത്മീയമാര്‍ഗ്ഗങ്ങള്‍ ഇനി എല്ലാവരുടേതുമാണ്. ഏറ്റവും താഴെ എന്ന് സമൂഹം വിലയിരുത്തുന്നവര്‍ക്കും ഗുരുക്കന്മാര്ക്കു മേല്‍ അവകാശമുണ്ട്. ബ്രഹ്മനിശ്ചയത്താല്‍ നമുക്കിടയില്‍ വരുന്ന ഗുരുക്കന്മാരാണല്ലോ പരമമായ ബ്രഹ്മശക്തിയിലേക്കുള്ള ആനന്ദമാര്‍ഗ്ഗങ്ങള്‍. ഏതാനും പേര് മാത്രമുള്ള ഒരു ചെറിയ സദസ്സില്‍ സന്ദര്‍ഭവശാല്‍ എന്റെ ഗുരു ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ എവിടെ ആയിരുന്നാലും രണ്ടു തിരി കത്തിച്ചു വെച്ച് എന്നെ ഓര്‍ത്താല്‍ ഞാന്‍ അവിടെ ഉണ്ടാവും. പ്രത്യക്ഷമാവും എന്ന അര്‍ത്ഥത്തില്‍ അല്ല, നിങ്ങളുടെ ഏതു വിഷമത്തിലും ഓര്‍ത്താല്‍ മതി, ഞാന്‍ പങ്കുചേരും എന്ന അര്‍ത്ഥത്തില്‍. സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക് പോയാലും ബ്രഹ്മനിയുക്തരായ ഗുരുക്കന്മാര് നമ്മുടെ ഹൃദയത്തിന്റെ തൊട്ടടുത്താണ്. എന്റെ ഗുരു വിശ്വസിച്ചു നില്‍ക്കുന്നവരുടേതു മാത്രമല്ല എല്ലാവരുടേതുമാണ്, ഈ വായിക്കുന്ന നിങ്ങളുടേതും.
ജന്മഭൂമി: http://www.janmabhumidaily.com/news716301#ixzz4ulzk3Omi
No comments:
Post a Comment