Sunday, October 15, 2017

”തരംഗിയതാ അപിമേ സംഗാത് സമുദ്രായന്തി”
കാമക്രോധാദികളുടെ വരവ് ഒരു തരംഗരൂപത്തിലായിരിക്കും. ക്രമേണ അത് വന്‍തിരമാലകളായി മാറാം. വന്‍ ചുഴികളായിത്തീരാം.
മിക്കവാറും എല്ലാ പ്രശ്‌നങ്ങളും ഇത്തരത്തിലാണ് രൂപാന്തരം പ്രാപിക്കുന്നത്. വെള്ളത്തിലേക്ക് ഒരു കല്ലെടുത്തിട്ടാല്‍ ആദ്യം ചെറിയ വട്ടത്തില്‍ ഒരു ഓളം ഉണ്ടാകുന്നു. ക്രമേണ അത് വലിയ വൃത്തങ്ങളായി മാറുന്നു. സമുദ്രത്തില്‍ ഇത്തരം തരംഗങ്ങള്‍ ചുഴികളായി മാറും.
ആദ്യമാദ്യം ചെറിയ തെറ്റുകളില്‍ തുടങ്ങുന്നു. അങ്ങനെ അറപ്പും ചളിപ്പും മാറി വന്‍തെറ്റുകളിലേക്ക് കൂപ്പുകുത്തുന്നു. കുളിച്ചാല്‍ കുളിരും പോയി, നശിച്ചാല്‍ നാണവും പോയി എന്നു പറയുംപോലെ വന്‍ തെറ്റുകള്‍ ആവര്‍ത്തിക്കാനിടവരുന്നു. എന്നാല്‍ ചെറിയ തെറ്റുകളെക്കുറിച്ചുള്ള ചിന്തകള്‍ വരുമ്പോള്‍ തന്നെ അതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞാല്‍ വന്‍ ഗര്‍ത്തത്തിലേക്ക് പതിക്കുന്നത് ഒഴിവാക്കാം.
ഒരു കോണി കയറുന്ന വ്യക്തി ഒരു പടി കയറുമ്പോള്‍ തന്നെ തലകറക്കം അനുഭവപ്പെട്ടാല്‍ അവിടെ ഇരുന്നാല്‍ വന്‍ വീഴ്ച ഒഴിവാക്കാം. പടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാറാകുമ്പോഴാണ് തലകറക്കം ബാധിക്കുന്നതെങ്കില്‍ ആ വീഴ്ച ഒരു വന്‍ വീഴ്ച തന്നെയായിരിക്കും. അതുപോലെതന്നെയാണ് തെറ്റുകളിലേക്കുള്ള വീഴ്ചയും.
സല്‍കര്‍മങ്ങളാകട്ടെ, ദുഷ്‌കര്‍മങ്ങളാകട്ടെ നമ്മുടെ എല്ലാ കര്‍മങ്ങളും അന്തരീക്ഷത്തില്‍ തരംഗരൂപത്തില്‍ നിലനില്‍ക്കും. കാലക്രമത്തില്‍ ഒരു ദുഷ്‌കര്‍മഫലം ഒരു ഇടിത്തീപോലെ നമ്മളില്‍ പതിക്കും. സല്‍കര്‍മത്തിലെ വാസനാതരംഗങ്ങളാണ് നിലനില്‍ക്കുന്നതെങ്കില്‍ ആ തരംഗങ്ങള്‍ നമ്മെ രക്ഷിക്കാനുമെത്തും.


ജന്മഭൂമി: http://www.janmabhumidaily.com/news721248#ixzz4vcKKKCUl

No comments: