ആരെങ്കിലും എന്നെ ആശ്രയിച്ചിരിക്കുന്നുവെന്നോ മറ്റൊരുവനു നന്മ ചെയ്യാന്‍ എനിക്കു കഴിവുണ്ടെന്നോ വിചാരിക്കുന്നത് ദൗര്‍ബ്ബല്യമാണ്. ഈ വിശ്വാസമാണ് നമ്മുടെ സകല സക്തിയുടേയും ജനനി. ഈ സക്തിയില്‍നിന്നാണ് സകല ദുഃഖങ്ങളും ഉണ്ടാകുന്നത്. ഈ ജഗത്തില്‍ ആരും നമ്മെ ആശ്രയിച്ചിരിക്കുന്നില്ല എന്ന് നാം നമ്മുടെ മനസ്സിനെ ഉദ്‌ബോധിപ്പിക്കേണ്ടിയിരിക്കുന്നു.
ഒരു യാചകനും നമ്മുടെ ദാനത്തെ ആശ്രയിച്ചിരിക്കുന്നില്ല. ഒരു പ്രാണിയും നമ്മുടെ സഹായത്തെ കരുതിയിരിക്കുന്നില്ല. പ്രകൃതിയാണ് എല്ലാറ്റിനേയും സഹായിക്കുന്നത്; നമ്മില്‍ ലക്ഷോപലക്ഷം പേര്‍ ഇല്ലാതിരുന്നാലും ആ സഹായം നടന്നുവരികയും ചെയ്യും. നമ്മെപ്പോലെയുള്ളവര്‍ക്കുവേണ്ടി പ്രകൃതിയുടെ ഗതി നിലച്ചുപോകയില്ല.
മുമ്പു പ്രസ്താവിച്ചതുപോലെ, അന്യരെ സഹായിക്കുകയെന്ന വഴിക്ക് നമുക്കുതന്നെ ശിക്ഷണം നേടാന്‍ അവസരം ലഭിക്കുന്നത് നമ്മെ സംബന്ധിച്ച് ദിവ്യമായ അനുഗ്രഹമാണ്. ഇതു നമുക്ക് ജീവിതത്തില്‍ പഠിക്കാനുള്ള ഒരു വലിയ പാഠമാണ്. അതു വേണ്ടതുപോലെ പഠിച്ചാല്‍പ്പിന്നെ, നാം ഒരിക്കലും ദുഃഖിക്കുകയില്ല; പിന്നീട് ഒരു ഹാനിയും കൂടാതെ നമുക്ക് എവിടേയും പോയി സമുദായവുമായി ഇടകലരാം. നിങ്ങള്‍ക്കു ഭാര്യമാരോ ഭര്‍ത്താക്കന്മാരോ, ഭൃത്യന്മാരുടെ ഒരു വ്യൂഹമോ, ഭരിക്കാന്‍ രാജ്യങ്ങള്‍തന്നെയോ ഉണ്ടായിക്കൊള്ളട്ടെ; ലോകം നിങ്ങള്‍ക്കുവേണ്ടിയല്ലെന്നും അത് അപരിഹാര്യമാംവണ്ണം നിങ്ങളെ ആശ്രയിച്ചിരിക്കുന്നില്ലെന്നുമുള്ള തത്ത്വത്തെ ആസ്പദമാക്കി പ്രവര്‍ത്തിച്ചാല്‍, ഇവയൊന്നും നിങ്ങള്‍ക്കു ഹാനികരമല്ല.
നിങ്ങളുടെ സ്‌നേഹിതന്മാരില്‍ ചിലര്‍ ഈ കൊല്ലംതന്നെ മരിച്ചിരിക്കാം. അവര്‍ മടങ്ങിവരട്ടെ എന്നു വിചാരിച്ച് ലോകം മുന്നോട്ടു നീങ്ങാതെ നില്‍ക്കുന്നുണ്ടോ? അതിന്റെ പ്രവാഹം നിലച്ചുവോ? ഇല്ല; അതു പൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ലോകത്തിനു വല്ലതും ചെയ്യേണ്ടതുണ്ട് എന്ന ആശയം മനസ്സില്‍നിന്ന് ആട്ടിയോടിക്കുക. ലോകം നിങ്ങളില്‍ നിന്ന് ഒരു സഹായവും ആവശ്യപ്പെടുന്നില്ല.
ലോകത്തെ സഹായിക്കാനാണ് താന്‍ ജനിച്ചിട്ടുള്ളതെന്നു വിചാരിക്കുന്നത് കേവലം അസംബന്ധമാണ്; വെറും ഔദ്ധത്യമാണ്; സദ്ഗുണത്തിന്റെ വേഷത്തില്‍ കടന്നുകൂടിയ സ്വാര്‍ത്ഥതയാണത്. ലോകം നിങ്ങളേയോ മറ്റാരെയെങ്കിലുമോ ആശ്രയിച്ചിരിക്കുന്നില്ലെന്നുള്ള ആശയവുമായി സാത്മ്യം പ്രാപിക്കാന്‍ മനസ്സിനേയും സിരകളേയും പരിശീലിപ്പിച്ചാല്‍പ്പിന്നെ യാതൊരു കര്‍മ്മത്തില്‍നിന്നും ദുഃഖരൂപത്തിലുള്ള പ്രതികരണം ഉണ്ടാകുന്നതല്ല.
ജന്മഭൂമി: http://www.janmabhumidaily.com/news715558#ixzz4ug9Riaxm
No comments:
Post a Comment