Thursday, October 05, 2017

മഹര്‍ഷിമാരുടെ യാഗങ്ങളും സത്രങ്ങളും മുടക്കിയിരുന്ന ബില്വലന്‍ എന്ന അസുരന്റെ ശല്യം അവരുടെ ആഗ്രഹപ്രകാരം ബലരാമന്‍ അവസാനിപ്പിച്ചു. യോഗേശ്വരനായ ബലരാമന്‍ തന്റെ യോഗമായാ ശക്തികൊണ്ട് സൂതന്റെ മകനെ മഹാപണ്ഡിതനും പുരാണപ്രവാചകനുമായി മാറ്റി. ബലരാമന്റെ മഹനീയ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരായ മഹര്‍ഷിമാര്‍ നന്ദിപൂര്‍വം ബലരാമനെ ആദരിച്ചു.
”വൈജയന്തീം ദദുര്‍മാലാം
ശ്രീധാമാമ്ലാനപങ്കജാം
രാമായ വാസസീ ദിവ്യേ ദിവ്യാന്യാഭരണാനി ച”
ദിവ്യങ്ങളായ താമരപ്പൂക്കളാലുള്ള വൈജയന്തീമാലയും ദിവ്യവസ്ത്രങ്ങളും ആഭരണങ്ങളും അവര്‍ ബലരാമന് ദാനം ചെയ്തു.
തുടര്‍ന്നാണ് ബലരാമന്റെ തീര്‍ത്ഥയാത്ര. ഈ തീര്‍ത്ഥയാത്രയെ ഒന്നനുഗമിച്ച് നമുക്കും സായുജ്യപാതയിലെത്താം. ആദ്യം കൗശികീ നദിയില്‍ കുളിച്ച് സരയൂനദിയുടെ ഉദ്ഭവ സ്ഥാനത്തെ സരസിലും ചെന്നു സ്‌നാനം ചെയ്തു. പ്രയാഗത്തില്‍ ചെന്നു തര്‍പ്പണാദികളാല്‍ പിതൃക്കളെ പ്രസാദിപ്പിച്ചു. പുലഹാശ്രമത്തിലും ഗോമതി, ഗണ്ഡകീ നദികളിലും ചെന്നു. ഗയയിലും ഗംഗാ-സാഗര സംഗമത്തിലും സ്‌നാനം നടത്തി. പിന്നീട് പരശുരാമനെക്കണ്ട് അനുഗ്രഹം വാങ്ങി സപ്തഗോദാവരിയും പമ്പയും മറ്റും സന്ദര്‍ശിച്ചു.
തുടര്‍ന്ന് സുബ്രഹ്മണ്യസ്വാമിയെക്കണ്ടു വന്ദിച്ചു. ”സ്‌കന്ദം ദൃഷ്ട്വാ യയൗരാമഃ” എന്നേ വ്യാസന്‍ പറഞ്ഞിട്ടുള്ളൂ. അതെവിടെവച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല. പിന്നീട് ശ്രീശൈലം എന്ന ഗിരീശ ക്ഷേത്രത്തിലുമെത്തി. തിരുപ്പതിയില്‍ ശ്രീവെങ്കടേശ പ്രഭുവിനെക്കണ്ടു വന്ദിക്കുന്നു. ബലരാമന്‍ മറന്നില്ല. കാഞ്ചീപുരദര്‍ശനവും കാവേരി നദീസ്‌നാനവും നിര്‍വഹിച്ചു. ശ്രീരംഗപട്ടണത്തിലെത്തി ശ്രീരംഗനാഥനെയും കണ്ടുവന്ദിച്ചു.
ഋഷഭാദ്രി എന്ന ഹരിക്ഷേത്രവും സന്ദര്‍ശിച്ച് ദക്ഷിണ മധുരയിലുമെത്തി വന്ദിച്ചു. ഏതു പാപത്തേയും നശിപ്പിക്കുന്ന രാമേശ്വരം സേതുബന്ധനത്തിലുമെത്തി.
താമ്രപര്‍ണി നദിയേയും കൃതമാലാനദിയേയും ദര്‍ശിച്ച് സ്‌നാനം ചെയ്തു (കൃതമാല-നെയ്യാറാണത്രെ) മലയാചലത്തെ വന്ദിച്ചു. അഗസ്ത്യകൂടത്തിലെത്തി അഗസ്ത്യമഹര്‍ഷിയെ നമസ്‌കരിച്ചു. (അഗസ്ത്യകൂടത്തിന്റെ പരിസരത്തിലാണ് നെയ്യാറ്.)
ദക്ഷിണ സമുദ്രം ദര്‍ശിച്ച് തീരത്തുള്ള കന്യാകുമാരി ദേവിയെ ദര്‍ശിച്ചു. ”തത്ര കന്യാഖ്യാം ദുര്‍ഗാം ദേവീം ദദര്‍ശസഃ”
തുടര്‍ന്ന് പഞ്ചാപ്‌സരസ് എന്ന പത്മതീര്‍ത്ഥത്തില്‍ കുളിച്ച് അവിടെ സന്നിഹിതനായിരിക്കുന്ന വിഷ്ണുവിനെ-അനന്തപത്മനാഭനെ തൊഴുതു. അനന്തനായിരിക്കുന്ന ബലരാമന്‍ പത്മനാഭനായിരിക്കുന്ന ശ്രീമഹാവിഷ്ണുവിനെ ആരാധിച്ച് മടങ്ങി. പിന്നീട് ത്രിഗര്‍ത്തങ്ങളെ (മുക്കുഴി)ദര്‍ശിച്ച് ഗോകര്‍ണത്തിലെത്തി ധൂര്‍ജടിയായിരിക്കുന്ന ശിവനെ വന്ദിച്ചു.
ദ്വൈപായനീ ദേവിയെ നമസ്‌കരിച്ച് ശൂര്‍പാരകത്തിലെത്തിയ ബലരാമന്‍ തുടര്‍ന്ന് താപീ, പയോഷ്ണി, നിര്‍വിന്ധ്യ നദികളില്‍ തീര്‍ത്ഥസ്‌നാനം നടത്തിയശേഷം ദണ്ഡകവനത്തില്‍ പ്രവേശിച്ചു. പിന്നീട് മാഹിഷ്മതിപുരിക്കരികിലുള്ള രേവാ നദിയിലും കുളിച്ച് മനുതീര്‍ത്ഥത്തിലും പ്രഭാസത്തിലും എത്തി. അവിടെയെത്തിയപ്പോഴാണ് കുരുക്ഷേത്രയുദ്ധം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നുവെന്നറിഞ്ഞത്. ഭീമസേനനും ദുര്യോധനനും തമ്മിലുള്ള ഗദായുദ്ധം തുടരുകയാണ്. ഇതറിഞ്ഞ് ബലരാമന്‍ അവരുടെ അരികിലെത്തി യുദ്ധം അവസാനിപ്പിക്കണമെന്ന് ഇരുവരോടും ഉപദേശിച്ചു.
ഇരുവരും തുല്യബലമുള്ളവരാണെന്നും അതിനാല്‍ ആര്‍ക്കും ജയം എളുപ്പമല്ലെന്നും പറഞ്ഞ് യുദ്ധം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ അതിന് അവര്‍ തയ്യാറായില്ല.
”അനുസ്മരന്താവന്യോന്യം ദുരുക്തം ദുഷ്‌കൃതാനിച”
പരസ്പരം പറഞ്ഞ ദുര്‍വാക്കുകളെയും ദുഷ്‌ചെയ്തികളെയും അനുസ്മരിച്ച അവര്‍ക്ക് യുദ്ധം അവസാനിപ്പിക്കാനായില്ല. തന്നെ ഇരുവരും അനുസരിക്കാതെ യുദ്ധം തുടര്‍ന്നതിനാല്‍ ബലരാമന്‍ ഖിന്നനായിരുന്നു. തിരിച്ച് ദ്വാരകയില്‍ എത്തിച്ചേര്‍ന്നു.
ബലരാമന്‍ തിരിച്ചെത്തിയ സന്തോഷത്തില്‍ മഹര്‍ഷിമാര്‍ പ്രത്യേകം യജ്ഞങ്ങള്‍ നടത്താന്‍ തയ്യാറായി. അതില്‍ സന്തുഷ്ടനായ ബലരാമന്‍ അവര്‍ക്ക് പരമജ്ഞാനം ഉപദേശിച്ചു.
”തേദ്യോ വിശുദ്ധവിജ്ഞാനം ഭഗവാന്‍വ്യതരദ്വിഭുഃ”
വിശ്വാത്മാവില്‍നിന്ന് വിശ്വത്തിന്റെ വിശുദ്ധവിജ്ഞാനം ലഭിച്ചതില്‍ അവര്‍ സന്തോഷിച്ചു. ഭഗവാനില്‍നിന്നുതന്നെ ബ്രഹ്മജ്ഞാനം ലഭിക്കുക. മൃത്യുഞ്ജയ മൂര്‍ത്തിയില്‍നിന്ന് മൃത്യഞ്ജയ മന്ത്രോപദേശം ലഭിക്കുക. ഇതൊക്കെ പരമഭാഗ്യം തന്നെ. ഇതാണ് യഥാര്‍ത്ഥത്തിലുള്ള ”ഹന്തഭാഗ്യം ജനാനാം.”


ജന്മഭൂമി: http://www.janmabhumidaily.com/news715557#ixzz4ug9FHoNE

No comments: