ബലരാമന്‍ തീര്‍ത്ഥാടനം കഴിഞ്ഞ് ദ്വാരകയില്‍ തിരിച്ചെത്തി. ബലരാമന്റെ തീര്‍ത്ഥാടനം കൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടിയത്?. ആരുടെ പാപങ്ങളാണ് തീര്‍ന്നത്?. അശാന്തിയിലായിരുന്ന ബലരാമന്റെ മനസിന് ശാന്തി കൈവന്നു എന്നു വേണമെങ്കില്‍ പറയാം. വാസ്തവത്തില്‍ ഭഗവാന്റെ മനസ്സിന് എന്ത് അശാന്തിയാണുള്ളത്. പരമാത്മാവിന് അശാന്തിയോ? എന്നാല്‍ മഹാമായയുടെ പ്രഭാവം അംഗീകരിക്കാനായി അശാന്തി ഭാവിക്കുകയാണ്. തീര്‍ത്ഥാടന സ്ഥാപനങ്ങളെ തീര്‍ത്ഥീകരിക്കാനായിരുന്നു ബലരാമന്റെ തീര്‍ത്ഥാടനം. ആ പാദസ്പര്‍ശത്താല്‍ അവ കൂടുതല്‍ ശുദ്ധമായി.
മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങളെല്ലാം സമൂഹത്തിന്റെ ശ്രേയസ്സിനുളളതാണ്. ഗുരുദേവന്‍ പാടിയപോലെ ”അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം” എന്ന സങ്കല്‍പം മാത്രമാണുള്ളത്.
തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ വിദുരരോട് യുധിഷ്ഠിരന്‍ സൂചിപ്പിച്ചതുപോലെ ‘തീര്‍ത്ഥകുര്‍വന്തി തീര്‍ത്ഥാനി’ എന്നതാണ് അവസ്ഥ. തീര്‍ത്ഥങ്ങളെ യഥാര്‍ത്ഥ തീര്‍ത്ഥങ്ങളാക്കുകയാണ് മഹാത്മാക്കള്‍ ചെയ്യുന്നത്.
പണ്ട് ഭഗീരഥന്റെ തപസ്സുകാലത്ത് ഗംഗാദേവിയെ ഭൂതലത്തിലേക്കയച്ചപ്പോള്‍ ഭൂമിയുടെ പാപഭാരം തീര്‍ക്കലായിരുന്നു ഉദ്ദേശ്യം. പാപികളായവര്‍ വന്ന് സ്‌നാനം ചെയ്യുമ്പോള്‍ അവരുടെ പാപം അതില്‍ ലയിച്ചില്ലാതാകും. അവര്‍ പരിശുദ്ധരാകും. അവര്‍ മോക്ഷത്തിനര്‍ഹരാകും. ദുര്‍മൃതിയില്‍പ്പെട്ടവര്‍ ഈ ഗംഗാസ്പര്‍ശത്താല്‍ മോക്ഷപ്രാപ്തി യുണ്ടാകും.
ഈ ഘട്ടത്തിലാണ് ഗംഗാദേവി സ്വാഭാവികമായും തന്റെ സംശയം ഭഗവാനോട് ഉന്നയിച്ചത്. ഏറെ പാപികള്‍ എന്നില്‍ സ്‌നാനം ചെയ്യുമ്പോള്‍ ആ പാപക്കറകളാല്‍ ഞാന്‍ നിന്ദ്യയായിത്തീരില്ലേ. പ്രത്യേകിച്ചും കലിയുഗത്തില്‍ മനുഷ്യര്‍ ഏറെ പാപികളാകും. നിന്ദ്യന്മാരും നീചന്മാരും മ്ലേച്ഛന്മാരും പെരുകും. അവരുടെ പാപക്കറകള്‍ എന്നില്‍ ചേര്‍ന്ന് ഞാന്‍ പാപപങ്കിലയാകില്ലേ.
അതിന് ഭഗവാന്‍ അനുഗ്രഹവാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് കൊടുത്ത മറുപടിയെന്തായിരുന്നു? മഹാത്മാക്കള്‍ നിന്നില്‍ വന്നു സ്‌നാനം ചെയ്യുമ്പോള്‍ അതുവരെ നിന്നിലുള്ള പാപമെല്ലാം ആ പുണ്യം കൊണ്ടുതന്നെ ഇല്ലാതാകും. അതിനാല്‍ പാപികള്‍ കുളിക്കുന്നതോര്‍ത്തു വിഷമിക്കേണ്ട. പുണ്യാക്തമാക്കളും വന്നു കുളിക്കും.
ഈ അനുഗ്രഹത്താല്‍ ഗംഗ ഇന്നും പവിത്രയായിത്തുടരുന്നു.
യുധിഷ്ഠിരന്‍ വിദുരരെ സേവിച്ചിരുത്തി സല്‍ക്കരിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍
ചോദിച്ചു.
യുധിഷ്ഠിരന്‍ വിദുരരെ സേവിച്ചിരുത്തി സല്‍ക്കരിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍
ചോദിച്ചു.
”ഭവദ്വിധാ ഭാഗവതാസ്തീര്‍ത്ഥ
ഭൂതാഃ സ്വയം വിഭോ
തീര്‍ത്ഥീ കുര്‍വന്തി തീര്‍ത്ഥാനി
സ്വാന്തസ്ഥേന ഗദാഭൃതാ”
ഭൂതാഃ സ്വയം വിഭോ
തീര്‍ത്ഥീ കുര്‍വന്തി തീര്‍ത്ഥാനി
സ്വാന്തസ്ഥേന ഗദാഭൃതാ”
ഭവാനെപ്പോലുള്ള ഭാഗവതന്മാര്‍ സ്വയമേവ പരിശുദ്ധന്മാരും തീര്‍ത്ഥങ്ങളായി മാറിയവരുമാണ്. അന്തസ്ഥിതനായ ഗദാചക്രധാരിയാല്‍തന്നെ തീര്‍ത്ഥങ്ങളായ മാറിയവരാണല്ലോ അങ്ങയെപ്പോലുള്ള മഹാത്മാക്കള്‍. ആ സ്ഥിതിക്ക് മഹാപുണ്യാത്മാക്കളായ അങ്ങയെപ്പോലുളളവര്‍ തീര്‍ത്ഥാടനം നടത്തുന്നത് സ്വയം ശുദ്ധമാവാനല്ല, മറിച്ച് തീര്‍ത്ഥങ്ങളെ തീര്‍ത്ഥീകരിക്കാനാണ്.
വിദുരര്‍ക്ക് പാദപൂജ ചെയ്ത് ആദരിച്ച യുധിഷ്ഠിരന്‍ വിദുരരോട് ലോകവര്‍ത്തമാനങ്ങള്‍ ആരാഞ്ഞു. ഇതിന് മറുപടിയായി വിദുരര്‍ യുധിഷ്ഠിരനോട് പലതും പറഞ്ഞു. എന്നാല്‍ യുധിഷ്ഠിരന്‍ അനേ്വഷിച്ച പ്രധാന വിവരം വിദുരര്‍ പറഞ്ഞില്ല. യാദവന്മാരെല്ലാം സുഖമായിരിക്കുന്നോ എന്നായിരുന്നു യുധിഷ്ഠിരന്‍ അറിയാന്‍ ആഗ്രഹിച്ചത്. എന്താണ് യദുക്കളെക്കുറിച്ച് വിദുരര്‍ ഒന്നും പറയാതിരുന്നത്?
”നന്വപ്രിയം ദുര്‍വിഷഹം നൃണാം
സ്വയമുപസ്ഥിതം
നാവേദയേത് സകരുണോ ദുഃഖിതാന്‍
ഭ്രഷ്ടുമക്ഷമഃ”
സ്വയമുപസ്ഥിതം
നാവേദയേത് സകരുണോ ദുഃഖിതാന്‍
ഭ്രഷ്ടുമക്ഷമഃ”
മനുഷ്യര്‍ക്ക് വിഷമമുണ്ടാക്കുന്ന സ്വയമേവയുണ്ടാകുന്ന കാര്യങ്ങള്‍ കരുണയുള്ളവരാരും പറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിക്കാറില്ല. യാദവന്മാരുടെ കാര്യം പറഞ്ഞ് പാണ്ഡവന്മാരെ വേദനിപ്പിക്കാന്‍ വിദുരര്‍ക്ക് താല്‍പര്യമില്ല. അതിനാലാണ് ആ വിവരങ്ങള്‍ പറയാതിരുന്നത്.
”സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം” എന്നാണ് ശാസ്ത്രവചനം. സത്യം പറയണം, പ്രിയം പറയണം. എന്നാല്‍ അപ്രിയമായ സത്യം പറയരുത്. അഥവാ അപ്രിയമായ വിധത്തില്‍ സത്യങ്ങള്‍ പറയരുത്.
ന ബ്രൂയാത് സത്യമപ്രിയം” എന്നാണ് ശാസ്ത്രവചനം. സത്യം പറയണം, പ്രിയം പറയണം. എന്നാല്‍ അപ്രിയമായ സത്യം പറയരുത്. അഥവാ അപ്രിയമായ വിധത്തില്‍ സത്യങ്ങള്‍ പറയരുത്.
ജന്മഭൂമി: http://www.janmabhumidaily.com/news719709#ixzz4vKmPnYbK
No comments:
Post a Comment