Sunday, October 01, 2017

ഇങ്ങനെ ഉള്‍മഹിമകളെ സ്വാംശീകരിച്ച് അതുവഴി സംതൃപ്തി കൈവരിക്കാനായി രൂപപ്പെടുത്തിയതാണ് വാനപ്രസ്ഥചര്യ. അടിമുടി തപോനുഷ്ഠാനത്തിനും, അതു നയിക്കുന്ന മനോധനത്തിനു കളമൊരുക്കുന്നതുമായ വാനപ്രസ്ഥത്തിന്റെ വിവരണംതന്നെ ഗൃഹസ്ഥമനസ്സിനെ എത്ര പവിത്രവും മൂല്യബദ്ധവുമാക്കുന്നു.
വാനപ്രസ്ഥന്റെ മുമ്പില്‍ രണ്ടു കാര്യങ്ങളേ ഉള്ളൂ. ചുരുങ്ങിയ തോതിലുള്ള വൈദികനിത്യകര്‍മങ്ങള്‍ തുടരുന്നതാണ് ഒന്ന്. രണ്ടാമത്തേതോ, ദേഹം നിലനിര്‍ത്തലും. വനങ്ങളില്‍ ലഭിയ്ക്കുന്ന വസ്തുക്കള്‍കൊണ്ട് നിത്യകര്‍മങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയെന്നുവരുമ്പോള്‍, പിന്നെ വേവലാതിയെന്തിന്? പണമെടുത്ത് അങ്ങാടിയില്‍ ചെന്ന് ഇഷ്ടവസ്തുക്കള്‍ വാങ്ങിപ്പഴക്കമുള്ള ഗൃഹസ്ഥന്‍ ഇപ്പോള്‍ ഒറ്റക്കാശില്ലാതെ പെറുക്കിക്കൊണ്ടുവരുന്ന സാധനങ്ങള്‍കൊണ്ടാണ് വേദകര്‍മം നടത്തുന്നത്. എന്തന്തരം!
കര്‍മാനുഷ്ഠാനത്തിന്റെ സാഫല്യം ഇത്തരം സാമഗ്രികള്‍ ഉപയോഗിയ്ക്കുന്നതിലല്ല, അനുഷ്ഠാതാവില്‍ ജനിക്കുന്ന തപസ്സിലും പവിത്രതയിലും മാത്രമാണ്. സാമഗ്രികളെ വിട്ടു മനസ്സ് തന്റെതന്നെ പവിത്രതയിലേയ്ക്കു തിരിയുന്നു, വാനപ്രസ്ഥന്‍ മനസ്സിനെ അങ്ങനെ തിരിക്കുന്നു. ചുട്ടുപഴുപ്പിക്കുന്ന സൂര്യരശ്മികളുടെ സ്ഥാനത്തു തണുപ്പു നല്കി രസിപ്പിക്കുന്ന ചന്ദ്രകിരണങ്ങള്‍പോലെയല്ലേ ഈ മാറ്റം!
സന്തപ്തഗൃഹസ്ഥന്‍ ഒറ്റടിക്കു സംശീതളവാനപ്രസ്ഥനാകുന്നു. ആര്‍ഭാടം, ആലഭാരം, അലങ്കാരം, തിക്ക്, തിരക്ക്, നെട്ടോട്ടം എല്ലാംതന്നെ പമ്പ കടന്നു കഴിഞ്ഞു. ഇപ്പോള്‍ താന്‍ ലളിതസുഭഗനാണ്. ചുറ്റും തമാലദൃശ്യങ്ങള്‍.
വന്‍വൃക്ഷങ്ങള്‍, അവയില്‍ പടര്‍ന്നുകയറിയ വള്ളിക്കൂട്ടങ്ങള്‍, കുള്ളന്‍മരങ്ങള്‍, ചെടികള്‍, വിവിധകുസുമങ്ങള്‍, പുല്‍ത്തട്ടുകള്‍, ചോല, കുളം, തടാകം, ചെന്താമര, വെണ്‍കമലം, അരയന്നം, കൊക്ക്, കുയില്‍, ഊമന്‍, കാട്ടുകോഴി, ഇങ്ങനെ ചരാചരമിശ്രണം തന്നെ എവിടേയും! അനായാസേന നൈ സര്‍ഗികസൗന്ദര്യത്തില്‍ ആറാടിനില്ക്കയാണ് എല്ലാം. വീടോ വീട്ടുസാമാനങ്ങളോ ഇല്ല; എങ്കിലും ഓരോ വംശവും എത്ര കാലമായി അഭംഗം തുടരുന്നു!
വീട്ടില്‍ മനസ്സിന്റെ കൃത്രിമപ്രയാണവും പ്രയത്‌നങ്ങളുമായി വീര്‍പ്പുമുട്ടിയിരുന്ന ഗൃഹവാസി, ഇതാ അതൊക്കെ വിട്ടുമറന്ന്, നിസര്‍ഗലാളിത്യവും എളിമയുമായി ഉല്ലസിച്ചാഹ്ലാദിയ്ക്കുന്നു. ഓരോ വനദൃശ്യവും വാനപ്രസ്ഥ മന്ത്രങ്ങള്‍ ഉരുവിടുകയാണ്.
അന്നന്നേയ്ക്കുവേണ്ട ആഹാരങ്ങളും വൈദികദ്രവ്യങ്ങളും മാത്രമേ വാനപ്രസ്ഥന്‍ ശേഖരിയ്ക്കുന്നുള്ളു. പഴയ ശീലത്താല്‍ ഒരു ദിവസം അധികം കൈവശപ്പെട്ടുവെന്നാല്‍ത്തന്നെ, കുടീരത്തിലെത്തി വസ്തുത മനസ്സിലായാല്‍ അധികമുള്ളതു കൈവെടിയും.
ഓരോ ദിവസത്തേക്കുള്ളത് അന്നന്നേ ശേഖരിയ്ക്കാവൂവെന്നുവന്നാല്‍ പിന്നെ ആര്‍ജനത്വരയ്ക്കു സ്ഥാനംതന്നെ ഇല്ലല്ലോ. ആശയില്ലാതെ, ആവശ്യച്ചങ്ങല നീളാതെ, വനവാസിയായ വാനപ്രസ്ഥന്‍ ഇതാ നിത്യസമൃദ്ധി യില്‍ മുങ്ങിപ്പൊങ്ങി തൃപ്തനായിത്തീരുന്നു.
അടുപ്പു വേണ്ട, തീ പൂട്ടേണ്ട, വെപ്പുപാത്രങ്ങള്‍ കഴുകേണ്ട, സൂര്യകിരണങ്ങളേറ്റു പാകംവന്ന വസ്തുക്കള്‍മതി ഭക്ഷണത്തിന്. ഓരോന്നും അതേപടി വായിലും വയറ്റിലുമെത്തുന്നു. ഒന്നിന്റേയും പോഷകമൂല്യത്തിനു വേവുകൊണ്ടുള്ള കുറവും നാശവും ഏല്ക്കില്ലതാനും!
ക്ഷൗരമില്ല. ക്രമത്തിലധികമുള്ള വൃത്തിവെടുപ്പുകള്‍ക്കു പാടുപെടേണ്ട. കാറ്റും വെയിലും തണലും ചന്ദ്രകിരണങ്ങളുമേറ്റ് ഉറഞ്ഞുപൊങ്ങുന്ന സ്വച്ഛതയ്ക്ക് ഒരു പഞ്ഞവുമില്ല. ഇങ്ങനെ കുറേ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടുക. പന്ത്ര ണ്ടു വര്‍ഷമാണ് പരമാവധി, ബുദ്ധിയും മനസ്സും ഉണര്‍ന്നിരിയ്ക്കണമെന്നു മാത്രം.
മനസ്സങ്കല്പത്താലും ദേഹം ത്യജിയ്ക്കാം
ഈ അവധിക്കിടയില്‍ ദേഹം ദുര്‍ബലമായി, ദിനചര്യനടത്താന്‍ വയ്യെന്നു വന്നാലോ? ഭാഗവതവും ഭാഗവതമഹര്‍ഷിയും വിടുന്നില്ല. ദേഹംതന്നെ വേണമെന്നു കരുതേണ്ടത്രെ. ഇരുപത്തൊന്നു വയസ്സിനുശേഷം ശരീരം ക്ഷയിച്ചുകൊണ്ടിരിയ്ക്കയാണല്ലോ. കുറെനാള്‍കൂടി നിന്നാലും പതനം തീര്‍ച്ചയാണ്. അതു വേണമെങ്കില്‍ ഒന്നു ത്വരിതപ്പെടുത്താമെന്നുമാത്രം.
അന്നംകൊണ്ടുമാത്രം തുടരുന്നതാണ് അന്നമയകോശമായ ശരീരം. അതിന് അന്നം നല്കാതിരിയ്ക്കുക. ബഹുവാഹാരമായി ഗൃഹസ്ഥകാലം മുഴുവനും കഴിഞ്ഞില്ലേ? മിതാഹാരമായി അനന്തരവര്‍ഷങ്ങളും.
ഇനി ഇപ്പോള്‍ നിരാഹാരമായി കഴിയാം. അതോടെ പോക്കും വരവും കര്‍മാനുഷ്ഠാനവുമെല്ലാം വേണ്ടെന്നു വരും, അപ്രസക്തമാകും. പിന്നെ അവശേഷിയ്ക്കുന്നതു പ്രാണവായുസഞ്ചാരയുക്തമായ ദേഹം മാത്രം. അതിന്റെ പതനം ആര്‍ക്കുമുള്ളതാണ്. അതിനുവേണ്ടി സ്വയം തയ്യാറാവുക, ദേഹത്തേയും തയ്യാറാക്കുക. ആന്തരമാണ് ഈ ദേഹപാതനക്രമം.
ശരീരാംശങ്ങളെ, ശരീരപ്രവൃത്തികളെ, പ്രവര്‍ത്തനകേന്ദ്രങ്ങളെ, ശബ്ദസ്പര്‍ശാദികളെ, പഞ്ചഭൂതങ്ങളെ, എല്ലാറ്റിനേയുംതന്നെ, ഒന്നൊന്നായി വിട്ടുകളയണം. സങ്കല്പബലത്താല്‍, ഇച്ഛാശക്തിയാല്‍, ഗ്രഹിയ്ക്കപ്പെട്ട ഇവയെ ത്യജിച്ചുകളയുക. മമതയും അഹങ്കാരവും എല്ലാം ശമിച്ച്, അവസാനം ഉണര്‍ വായ ജീവനേയും ചിന്മാത്രമായി ഭാവനചെയ്ത്, അദ്വയമായ അതില്‍ എല്ലാംതന്നെ അലിഞ്ഞുപോകട്ടെ.
ദൃശ്യം അവാസ്തവം ദൃക്കുമാത്രം സത്യം
ദൃശ്യപ്രപഞ്ചം വാസ്തവമല്ല, സാപേക്ഷികമാണ്. അത് ആര്‍ക്കു ദൃശ്യം? ദ്രഷ്ടാവിന്. ദ്രഷ്ടാവാര്‍, എവിടെ? താന്‍തന്നെ! ഈ ഉള്‍ദ്രഷ്ടാവിന്റെ വിലാസമാണ് പുറംദൃശ്യം. അതോടെ ദൃശ്യവിലാസമെല്ലാം ദ്രഷ്ടാവില്‍, ദൃക്കില്‍, ലയിച്ചുകഴിഞ്ഞു. വാനപ്രസ്ഥന്‍ മുക്തനായി. ജീവന്‍ ബ്രഹ്മതേജസ്സില്‍ ചേര്‍ന്നുകഴിഞ്ഞു.
ലോകദൃശ്യങ്ങളെ കണ്ടുഭ്രമിച്ച്, നാനാപ്രകാരത്തില്‍ അവയുമായി സമ്പര്‍ക്കം പുലര്‍ത്തി പലതരത്തിലുള്ള സമ്പത്തും നേട്ടവും പ്രൗഢിപ്രതാപങ്ങളും ലക്ഷ്യമാക്കി, കുടുംബവും കുട്ടികളുമായി കഴിഞ്ഞിരുന്ന ഗൃഹസ്ഥന്‍ അനന്തരം കാണുന്നത് ഈ നെട്ടോട്ടമെല്ലാം വെറും മോഹത്താലായിരുന്നുവെന്നാണ്.
ലോകത്തിലല്ല ആകര്‍ഷണം നില്ക്കുന്നത്, മനസ്സിലാണ്. മനസ്സിന്റെ നിഴല്‍ക്കൂട്ടവും പരപ്പുമാണ് ലോകം, ദൃശ്യങ്ങളെന്തും. ദൃക്കാണ് ആദ്യവും അവസാനവും. ദൃശ്യം വെറും ഇടപ്പകിട്ടത്രെ. ദൃശ്യത്തെ പുണരുന്നതല്ല, വിടുന്നതാണ് ദൃങ്്മഹിമ സ്വന്തമാക്കാനുള്ള വഴി.
ദൃഗ്ജീവിതമത്രേ ശരിയായ മനുഷ്യജീവിതം. മനുഷ്യജന്മം സാര്‍ഥകമാകുന്നതു തലച്ചോറും ബുദ്ധിയും ആന്തരമായ ദൃക്കിന്റെ സൗന്ദര്യാതിരേകത്തില്‍ ആകൃഷ്ടമായി നിമജ്ജമാകുമ്പോള്‍മാത്രമാണ്. ഗൃഹസ്ഥക്രമങ്ങള്‍ ഈ വാസ്തവത്തില്‍നിന്നും വഞ്ചിയ്ക്കപ്പെട്ട് എത്രയോ ദൂരത്താണ് നില്ക്കുന്നത്. വാനപ്രസ്ഥജീവിതമാണ് ദൃഗ്‌വൈഭവത്തെ സമീപത്താനയിയ്ക്കുന്നത്. വാനപ്രസ്ഥംതന്നെ പ്രബുദ്ധമതിയുടെ ആരമണകേന്ദ്രം, ആനന്ദപ്രദമായ ഉത്തമശ്രേണി.
ഇങ്ങനെയൊന്നുണ്ട്, ഗൃഹസ്ഥാശ്രമം പരമാവധി അതിനുള്ള മുന്നോടിമാത്രം. വാനപ്രസ്ഥനാകാന്‍ കഴിയാത്ത ഗൃഹസ്ഥന്‍ മലടിയെപ്പോലെതന്നെ എന്നു വരുമ്പോള്‍ ഗൃഹസ്ഥന്മാരിലുള്ള ഉച്ചനീചത്വങ്ങളും, ഏഴത്തപ്രഭുത്വങ്ങളും കൊഴിഞ്ഞുവീഴുന്നു, ഉടമയില്ലാതാകുന്നു. അതോടെ അല്ലലും അലട്ടും സ്ഥാനവും ലജ്ജിച്ചു പിന്‍വാങ്ങാതെ വയ്യ!
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് e-mail: ashram@bhoomananda.org

No comments: