ചിരപുരാതനമായ ഭാരത പൈതൃകം അറിവിന്റെ കലവറയാണ്. ലോകത്തില്‍ കാണാന്‍ സാധിക്കാത്ത വൈവിധ്യമാര്‍ന്ന പല കാര്യങ്ങളെയും കുറിച്ചുള്ള അറിവ് ഭാരതീയര്‍ക്കുണ്ടായിരുന്നു. കേരളം തന്നെ എടുത്തുനോക്കിയാല്‍ നിരവധി വാദ്യങ്ങളും നൃത്തവൈവിധ്യങ്ങളും ക്ഷേത്രകലകള്‍, ആയുര്‍വേദം ഇവയെല്ലാം കാണാം. ഇതെല്ലാം ഭാരതത്തിന്റെ പൈതൃക മഹത്വമാണ്. ഭാരതീയ സംസ്‌കൃതിയില്‍ എന്നും വൈവിധ്യങ്ങളില്‍ ദിവ്യത്വവും ദിവ്യതയില്‍ വൈവിധ്യവും കാണാന്‍ കഴിയും. മറ്റുമതങ്ങളെപ്പോലെ എല്ലാവരും ഒരേ രീതിയില്‍ പ്രാര്‍ത്ഥിക്കുക എന്നതില്‍ കവിഞ്ഞ് അവനവന്റെ ഭാവനയ്ക്കും സ്വഭാവത്തിനും അനുസരിച്ച് മനസ്സിനെ പരിവര്‍ത്തനം ചെയ്യാന്‍ ഭാരതീയ ഋഷിവര്യന്മാര്‍ ആഹ്വാനം ചെയ്യുന്നു.
നാം ഇവിടെ നമ്മുടെ ജീവിത വിജയത്തിലേക്ക് ഉന്നതങ്ങളായ ആശയങ്ങളെ, ഭഗവദ്ഗീത പോലുള്ള ഗ്രന്ഥങ്ങളില്‍ നിന്നും സ്വാംശീകരിച്ചെടുത്ത് പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവരാനൊരു ശ്രമം നടത്തുകയാണ്. ജനിക്കുന്ന ഒരു വ്യക്തിയും പരാജയപ്പെടരുത്. പരാജയപ്പെടുത്താന്‍ അനവധി സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും മനസ്സെന്ന മാസ്മരിക ശക്തിയെ മാറ്റിമറിയ്ക്കാന്‍ സാധിച്ചാല്‍ പരാജയങ്ങള്‍ക്ക് പിറകില്‍ നേട്ടങ്ങളുടെ വിജയക്കൊടി പാറിക്കാം.
സാധരണ നാം പറയാറുണ്ട് വിജയിക്കാന്‍ ഏറെ പ്രയാസമാണെന്ന്. ആ വാദം തെറ്റാണെന്ന് ഈ പരമ്പര വായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മനസ്സിലാകും. കാരണം പരാജയപ്പെടാനാണ് ഏറെ പ്രയാസം. ഇപ്പോള്‍ ഈ ജീവിതത്തില്‍ നിരവധി കുറവുകളും പരിമിതികളും നാം കണ്ടേക്കാം. അതു നമ്മുടെ ചിന്താ ദൗര്‍ബല്യം കൊണ്ടുമാത്രം രൂപപ്പെട്ടതാണ്. ചിന്തകളെ നാം മാറ്റിമറിക്കുമ്പോള്‍, നിങ്ങളിലുള്ള കഴിവുകളെ കണ്ട് നിങ്ങള്‍ക്കുണ്ടാകുന്ന അത്ഭുതം ഋഷിവര്യന്മാര്‍ വളരെ ആശ്ചര്യത്തോടെയാണ് കണ്ടിട്ടുള്ളത്. മാറ്റത്തിന്റെ മന്ത്രമാണ് ഭഗവദ് ഗീത നമുക്ക് തരുന്നത്. ഇവിടെ മാറേണ്ടത് പുറമെയുള്ള ജീവിത സാഹചര്യങ്ങളല്ല. മറിച്ച് ചിന്താഗതികള്‍ തന്നെയാണ്.
നാം വളര്‍ന്നുവരുന്ന സാഹചര്യം, നമ്മുടെ വിദ്യാഭ്യാസം, ചുറ്റുപാടുകള്‍ എല്ലാം നമുക്ക് കാഴ്ചവച്ചിട്ടുള്ളത് അപകര്‍ഷതാബോധത്തിന്റെ വന്‍നിരതന്നെയാണ്. അവരുടെയൊക്കെ തലങ്ങളില്‍ അത് ശരിയായിരിക്കാം. കാരണം ഒരു വ്യക്തി വിജയശ്രീലാളിതനാവണമെങ്കില്‍ വിദ്യാഭ്യാസം, സമ്പത്ത്, സൗന്ദര്യം, കഴിവ് ഇതെല്ലാം അതിന്റെ ഒരു ഘടകമാണെന്നാണ് നമ്മെ പഠിപ്പിച്ചുവച്ചിരിക്കുന്ന്. എന്നാല്‍ മനസ്സിനുള്ളിലെ നാം കണ്ടെത്താത നമ്മുടെ ശക്തിയും കഴിവും വികസിപ്പിച്ചെടുക്കുമ്പോള്‍ ഉള്ളിലുള്ള അമൂല്യമായ സമ്പത്തിനെ നാം കാണാന്‍ തുടങ്ങും.
അതായത് വിലപിടിപ്പുള്ള രത്‌നക്കല്ലുകളുടെ ഖനി തുറക്കുന്നതുപോലെയാണ് മനസ്സെന്ന മഹാത്ഭുതത്തിലേക്ക് നാം കടക്കാന്‍ ശ്രമിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതം തകര്‍ക്കുവാനും അതേസമയം പടുത്തുയര്‍ത്താനും മനസ്സിന് സാധിക്കും എന്നത് അത്യത്ഭുതം തന്നെയാണ്. കാരണം തളര്‍ന്നുപോയ എത്രയോ മനസ്സുകള്‍ ഗീതയിലൂടെയും ഭാഗവതത്തിലൂടെയും ഊര്‍ജ്ജവും ഉണര്‍വ്വും ഉത്സാഹവും കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെ ഋഷിവര്യന്മാര്‍ക്ക് നല്‍കാനുള്ള ഉത്തമ സാരോപദേശം കരയരുത്, ഇരുന്ന് ഇനിയും കരയരുത്. കരകയറുക നാം. കൈകളില്‍ അമരത്ത്വശക്തിയുമായ് എന്നാണ്. അതായത് നമ്മുടെ വൈഭവം, മഹത്വം ഇവ മനസ്സിലായാലേ നമ്മില്‍ ഉറങ്ങിക്കിടക്കുന്ന മഹാശക്തിയെ ഉണര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഭാരതീയ സംസ്‌കൃതിയുടെ ഓരോ മഹാഗ്രന്ഥവും പ്രത്യേകിച്ചും ഭഗവദ് ഗീത ഒരു സാധാരണ വ്യക്തിയെ അസാധാരണ മഹാ വ്യക്തിയാക്കി മാറ്റിത്തരുന്ന ഉത്തമ ജീവിത ദര്‍ശനമാണ്.
ഇനി നാം തീരുമാനിക്കണം ഏതുതരം ജീവിതമാണ് വേണ്ടതെന്ന്. പമിതികള്‍ അയവിറക്കിക്കൊണ്ടുള്ള ജീവിതമാണോ കഴിവുകളെ ആസ്വദിച്ച് വിജയപതാകയും പാറിച്ചുകൊണ്ട് ജീവിക്കണമോ എന്ന്. നമുക്ക് വിജയക്കൊടിത്തന്നെ കൈയിലേന്താം. തുടര്‍ന്നുള്ള പരമ്പരകളിലേക്ക് നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു, ഭഗവദ്ഗീതയിലൂടെ ജീവിത വിജയമന്ത്രങ്ങളുമായി നമുക്ക് ജീവിതം മുന്നോട്ട് നയിക്കാം.
ജന്മഭൂമി: http://www.janmabhumidaily.com/news721824#ixzz4vimtWHm5
No comments:
Post a Comment