മഹാഭൂതാനി
ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ച മഹാഭൂതങ്ങള്‍ എന്നു പറയുന്നു. ഇവ ഈ ഭൗതികപ്രപഞ്ചത്തിന്റെ ഘടകവസ്തുക്കളാണ്. നാം കണ്ണുകൊണ്ടു കാണുന്ന ഭൂമിയോ ജലമോ അല്ല. ഈ വസ്തുക്കളുടെയും സൂക്ഷ്മരൂപമാണ് പ്രപഞ്ചത്തിന്റെ ഘടകവസ്തുക്കളെന്ന് നാം മനസ്സിലാക്കണം.
അഹങ്കാരഃ-മേല്‍പ്പറഞ്ഞ മഹാഭൂതങ്ങളുടെ ഉത്പത്തി സ്ഥാനമാണ് അഹങ്കാരം.
ബുദ്ധി: ഉറച്ച തീരുമാനമെടുക്കാന്‍ കഴിവുള്ള മാനസികാവസ്ഥ.
അവ്യക്തം-പ്രകൃതിയില്‍ വ്യക്തമല്ലാത്ത അവസ്ഥയില്‍ ഉള്ള സത്വഗുണം, രജോഗുണം, തമോഗുണം എന്നിവ.
ഇന്ദ്രിയാണിദശ
നമ്മുടെ ശരീരത്തില്‍ അറിവ് നേടാനും പ്രവര്‍ത്തിക്കാനും ഉപയോഗിക്കുന്ന അവയവങ്ങളെ-ഇന്ദ്രിയങ്ങള്‍-എന്ന് ആധ്യാത്മിക-ശാസ്ത്രങ്ങളില്‍ പറയുന്നു. അറിവ് നേടാന്‍ ഉപയോഗിക്കുന്ന ഇന്ദ്രിയങ്ങളാണ്-ചെവി, തൊലി, കണ്ണ്, നാക്ക്, മൂക്ക്-എന്നിവ. അതിനാല്‍ അവയെ-ജ്ഞാനേന്ദ്രിയങ്ങള്‍ എന്നുപറയുന്നു. അവ അഞ്ച് എണ്ണമാണ്.
ഏകംച- പതിനൊന്നാമതായി ഒന്നുകൂടിയുണ്ട്. അത്- മനസ്സ്-എന്നുപറയപ്പെടുന്നു. മനസ്സിന്റെ സ്വഭാവം സങ്കല്‍പ്പിക്കുകയും വികല്‍പ്പിക്കുകയും ചെയ്യുന്നതാണ്. മനസ്സിന്റെ പ്രേരണയ്ക്ക് കീഴ്‌പെട്ട് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
പഞ്ച ഇന്ദ്രിയ ഗോചരാഃ
ചെവികൊണ്ട് നാം ശബ്ദം കേള്‍ക്കുന്നു. തൊലി(ചര്‍മ്മം)കൊണ്ട് തണുപ്പ് ചൂട് ഇവ അറിയുന്നു. കണ്ണുകൊണ്ട് രൂപങ്ങള്‍ നിറം മുതലായവ കാണുന്നു. നാക്കുകൊണ്ട് രസം (ഉപ്പ്, പുളി മുതലായവ) അറിയുന്നു, മൂക്കുകൊണ്ട് ഗന്ധം(വാസന) അറിയുന്നു. ഈ ശബ്ദസ്പര്‍ശ രൂപ-രസ-ഗന്ധങ്ങളെ-തന്മാത്രകള്‍-എന്ന് പറയുന്നു. എല്ലാംകൂടി 24 തത്ത്വങ്ങള്‍ പ്രപഞ്ചത്തിന്റെയും നമ്മുടെ ശരീരത്തിന്റെയും ഘടക പദാര്‍ത്ഥങ്ങളാണ്.
ക്ഷേത്ര വിവരണം തുടരുന്നു (13-6)
(1) ഇച്ഛാ-സുഖത്തിന് കാരണമെന്ന് തോന്നുന്ന വസ്തുതനിക്ക് കിട്ടണം എന്ന ആഗ്രഹം
(2) ദ്വേഷഃ-ഇഷ്ടമില്ലാത്ത വസ്തുക്കള്‍ വേണ്ടാ എന്ന് വയ്ക്കുന്ന മാനസികാവസ്ഥ.
(3) സുഖം-പുണ്യകര്‍മ്മങ്ങള്‍കൊണ്ട് ഉണ്ടാവുന്ന ഫലങ്ങളോടുള്ള സ്‌നേഹം.
(4) ദുഃഖം-പാപകര്‍മ്മങ്ങള്‍ കൊണ്ടുണ്ടാവുന്ന ഫലങ്ങളോടുള്ള അപ്രീതി.
ഈ നാലും മനോഭാവങ്ങളാണ്; ആത്മാവിന്റെ ധര്‍മ്മങ്ങളാണ്; ക്ഷേത്രവുമായി ദൃഢബന്ധം പുലര്‍ത്തുന്നതുകൊണ്ടാണ് അവ ജീവന് ലഭിക്കുന്നത്. അതിനാല്‍ ക്ഷേത്രത്തിന്റെ സ്വഭാവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.
(5) സംഘാതഃ- സുഖദുഃഖങ്ങള്‍ക്കുവേണ്ടി ശരീരത്തിന്റെ കൂട്ടായ ചാലനശക്തി.
(6) ചേതനാ-മനസ്സിന്റെ ജ്ഞാനം നേടാനുള്ള അഭിലാഷം.
(7) ധൃതിഃ - ലൗകിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് ക്ഷീണിച്ചുപോകുന്ന ശരീര-മനോ ബുദ്ധ്യാദികളെ ഉത്തേജിപ്പിക്കാനുള്ള പ്രയത്‌നം.
ഈ ഏഴ് വികാരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടതാകയാല്‍, ക്ഷേത്രവിവരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതാണ് ക്ഷേത്രത്തിന്റെ വിവരണം.
No comments:
Post a Comment