Saturday, February 24, 2018

അദ്വൈതാചാര്യന്മാര്‍

ശങ്കരനുശേഷം അദ്വൈതം പുഷ്ടിപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധരായ പല പ്രഗല്ഭാചാര്യന്മാരും ഉണ്ടായിട്ടുണ്ട്. ഇവരെ അദ്വൈതാചാര്യന്മാര്‍ എന്നു വ്യവഹരിക്കുന്നു. അവരില്‍ ചിലരുടെ പ്രയത്നഫലമായി ഭാമതി, വിവരണം എന്നിങ്ങനെ രണ്ടു മഹാപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. ഭാമതി പ്രസ്ഥാനത്തിന്റെ ജനയിതാവ് വാചസ്പതിമിശ്രന്‍ എന്ന ദാര്‍ശനികനാണ്. ബാദരായണന്റെ ബ്രഹ്മസൂത്രത്തിലെ ആദ്യത്തെ നാലു സൂത്രങ്ങള്‍ക്ക് ശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് വാചസ്പതിമിശ്രന്‍ എഴുതിയ വ്യാഖ്യാനമാണ് ഭാമതി. ശങ്കരാചാര്യരുടെ സമകാലികനായ മണ്ഡനമിശ്രന്റെ ബ്രഹ്മസിദ്ധിയാണ് ഭാമതി പ്രസ്ഥാനത്തിന്റെ അടിസ്ഥാനഗ്രന്ഥം. എന്നാല്‍ വിവരണ പ്രസ്ഥാനമാകട്ടെ ശങ്കരാചാര്യരുടെ ശിഷ്യപ്രമുഖരില്‍ ഒരാളായ പദ്മപാദ (സനന്ദനന്‍)രില്‍ (9-ാം ശ.) നിന്നാണ് രൂപംകൊള്ളുന്നത്. ബ്രഹ്മസൂത്രത്തിലെ ആദ്യത്തെ നാലു സൂത്രങ്ങള്‍ക്ക് ശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് പദ്മപാദര്‍ പഞ്ചപാദിക എന്ന
ഒരു വ്യാഖ്യാനം എഴുതി. പഞ്ചപാദികയ്ക്ക് പ്രകാശാത്മയതി (13-ാം ശ.) എഴുതിയ വ്യാഖ്യാനമായ പഞ്ചാപാദികാവിവരണത്തില്‍ നിന്നാണ് 'വിവരണം' എന്ന പേര്‍ പ്രസ്ഥാനത്തിന് ലഭിച്ചത്. അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടു പ്രസ്ഥാനങ്ങളും തമ്മില്‍ യോജിപ്പുണ്ടെങ്കിലും വിശദാംശങ്ങളില്‍ അവ തമ്മിലുള്ള വിയോജിപ്പ് പ്രകടമായി കാണാം.

വാചസ്പതിമിശ്രന്‍, പദ്മപാദര്‍, പ്രകാശാത്മയതി എന്നിവര്‍ക്കുപുറമേ ശങ്കരാചാര്യര്‍ക്കുശേഷം ഉണ്ടായിട്ടുള്ള പ്രതിഭാശാലികളായ മറ്റ് അദ്വൈതാചാര്യന്മാരുടെ പേരുകളും കൃതികളും താഴെ ചേര്‍ക്കുന്നു: ആനന്ദഗിരി (9-ാം ശ.) ന്യായനിര്‍ണയം; ഗോവിന്ദാനന്ദന്‍ (9-ാം ശ.) രത്നപ്രഭ; സര്‍വജ്ഞാത്മമുനി
(10-ാം ശ.) സംക്ഷേപശാരീരകം; അദ്വൈതാനന്ദന്‍ (12-ാം ശ.) ബ്രഹ്മവിദ്യാഭരണം; ആനന്ദബോധയതി (12-ാം ശ.) ന്യായമകരന്ദം, ന്യായദീപാവലി, പ്രമാണമാല; ശ്രീഹര്‍ഷന്‍ (12-ാം ശ.) ഖണ്ഡനഖണ്ഡഖാദ്യം; ചില്‍സുഖാചാര്യന്‍ (13-ാം ശ.) തത്ത്വപ്രദീപിക; വിമുക്താത്മാവ് (13-ാം ശ.) ഇഷ്ടസിദ്ധിപ്രമാണ വൃത്തനിര്‍ണയം; അമലാനന്ദന്‍ (13-ാം ശ.) കല്പതരു; വിദ്യാസാഗരന്‍ (13-ാം ശ.) പഞ്ചപാദികാദര്‍പ്പണം; രാമാദ്വയന്‍ (13-ാം ശ.) വേദാന്തകൌമുദി; വിദ്യാരണ്യന്‍ (13-ാം ശ.) പഞ്ചദശി, വിവരണപ്രമേയസംഗ്രഹം, ജീവന്‍മുക്തിവിവേകം; അഖണ്ഡാനന്ദന്‍ (14-ാം ശ.) തത്ത്വദീപനം; ജഗന്നാഥാശ്രമമുനി (15-ാം ശ.) അദ്വൈതദീപിക, അദ്വൈതപഞ്ചരത്നം, അദ്വൈതബോധദീപിക; സദാനന്ദവ്യാസന്‍ (15-ാം ശ.) അദ്വൈതസിദ്ധി, സിദ്ധാന്തസാരം, വേദാന്തസാരം; നൃസിംഹാശ്രമമുനി (16-ാം ശ.) ഭേദധികാരം; മധുസൂദന സരസ്വതി (16-ാം ശ.) അദ്വൈതസിദ്ധി; പ്രകാശാനന്ദന്‍ (16-ാം ശ.) വേദാന്തസിദ്ധാന്ത മുക്താവലി; രാമകൃഷ്ണാധ്വരി (16-ാം ശ.) ശിഖാമണി; ധര്‍മരാജാധ്വരന്ദ്രന്‍ (16-ാം ശ.) വേദാന്തപരിഭാഷ; അപ്പയ്യദീക്ഷിതര്‍ (16-ാം ശ.) സിദ്ധാന്തലേശസംഗ്രഹം, കല്പതരുപരിമളം, ശിവാദ്വൈതനിര്‍ണയം; അമരദാസന്‍. മണിപ്രഭ; സദാനന്ദയതി (16-ാം ശ.) അദ്വൈത ബ്രഹ്മസിദ്ധി; മല്ലനാരോദിയന്‍ അദ്വൈതരത്നം; നാരായണാശ്രമന്‍ (16-ാം ശ.) തത്ത്വവിവേകദീപനം; ഭട്ടോജിദീക്ഷിതര്‍ (17-ാം ശ.) തത്ത്വകൌസ്തുഭം, വേദാന്തതത്ത്വദീപനവ്യാഖ്യാ.

ആധുനികകാലത്തെ പ്രമുഖാദ്വൈതികള്‍

അദ്വൈതത്തിന്റെ താര്‍ക്കികവശങ്ങളെക്കാളേറെ പ്രായോഗികവശത്തിന് പ്രാധാന്യം നല്കി അദ്വൈതസത്യത്തെ സാക്ഷാത്കരിച്ച രണ്ടു മഹാവ്യക്തികളാണ് രാമകൃഷ്ണ പരമഹംസനും അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖനായ വിവേകാനന്ദസ്വാമികളും. രാമകൃഷ്ണപരമഹംസന്‍ ഓരോ മതവും വിശ്വസിക്കുന്നതരത്തിലുള്ള ഈശ്വരനെ അതേ രൂപത്തില്‍ത്തന്നെ സാക്ഷാത്കരിച്ച് സര്‍വമതസമന്വയത്തിനു വഴിതെളിച്ചു. സ്വാമി വിവേകാനന്ദന്‍ ആകട്ടെ രാമകൃഷ്ണമിഷന്‍ സ്ഥാപിച്ച് വേദാന്തമതത്തെ സേവനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി രൂപപ്പെടുത്തി. കൂടാതെ ഭാരതീയനവോത്ഥാനത്തിന് അദ്ദേഹം മികച്ച സംഭാവനയും നല്കി. തന്റെ മൌനത്തിലൂടെ അദ്വൈതസത്യത്തിന്റെ ദീപ്തി സര്‍വത്ര പ്രസരിപ്പിച്ച മറ്റൊരു പുണ്യപുരുഷനാണ് ശ്രീ രമണമഹര്‍ഷി. അഹങ്കാരത്തെ ഉന്‍മൂലനം ചെയ്താലേ അദ്വൈതസാക്ഷാത്കരണം സാധ്യമാകയുള്ളു എന്നും അതിനുള്ള മാര്‍ഗം 'ഞാന്‍ ആര്‍' എന്ന് നിരന്തരം ആരായുകയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ശ്രീ അരവിന്ദയോഗിയും തപോവനസ്വാമികളും തികഞ്ഞ അദ്വൈതികള്‍ ആയിരുന്നു. കേരളത്തില്‍ അടുത്തകാലത്തുണ്ടായിട്ടുള്ള അദ്വൈതികളില്‍ പ്രധാനികള്‍ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുവും ആണ്. നാരായണഗുരു ദര്‍ശനമാല, ബ്രഹ്മവിദ്യാപഞ്ചകം തുടങ്ങിയ അദ്വൈതകൃതികളുടെ കര്‍ത്താവു മാത്രമല്ല, കേരളത്തിലെ സാമൂഹികസാംസ്കാരിക രംഗങ്ങളില്‍ വിപ്ളവം സൃഷ്ടിച്ച മഹാന്‍കൂടിയാണ്.

അങ്ങനെ ഋഗ്വേദകാലം മുതലേതന്നെ ആരംഭിച്ച് ആധുനിക കാലംവരെ വളര്‍ന്നുവികസിച്ചു വന്നിട്ടുള്ളതും ആസ്തികദര്‍ശനങ്ങളില്‍ ഏറ്റവും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ അദ്വൈതം മനുഷ്യന്റെ പരമോന്നത ഭാവനയുടെ ഒരു ഉത്കൃഷ്ടസന്തതിയാണ്. അദ്വൈതസത്യത്തെ സാക്ഷാത്കരിച്ചിട്ടുള്ള മഹാന്മാര്‍ അവരവരുടെ അനുഭൂതികളെ ശിഷ്യന്മാര്‍ക്ക് രഹസ്യമായി വര്‍ണിച്ചുകൊടുത്തും തത്പ്രാപ്തിക്കുള്ള ഉപായങ്ങളെ ഉപദേശിച്ചുകൊടുത്തും ഈ ദര്‍ശനത്തെ സജീവമാക്കി നിലനിര്‍ത്തിപ്പോരുന്നുണ്ട്. ലോകചിന്തകന്‍മാരുടെ ആദരം ആര്‍ജിച്ചിട്ടുള്ള ഇത് ഭാരതത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ അനശ്വരമായ ഒരു കീര്‍ത്തിസ്തംഭമായി പരിലസിക്കുന്നു.

(ഡോ. ഈ.ഐ. വാര്യര്‍)

No comments: