അദ്വൈതസിദ്ധാന്തം
ശങ്കരാചാര്യരെപ്പോലുള്ള ഒരു സർവതന്ത്രസ്വതന്ത്രന്റെ, പദവാക്യപ്രമാണപാരീണന്റെ, പരമതത്ത്വപ്രവക്താവിന്റെ ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്; ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും ; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോൾമയിർ കൊള്ളിക്കും; കണ്ണുകളിൽ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യന്മാരുമാക്കും. ആ മഹാത്മാവിന്റെ കനിഷ്ഠസാഹോദരത്വം ഒന്നുകൊണ്ടുതന്നെ നാം എന്നും എവിടെയും ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ് - മഹാകവി ഉള്ളൂർ ശങ്കരാചാര്യരെക്കുറിച്ചു പറഞ്ഞത്
കണ്ണു തുറന്നാൽ കാണുന്നതെല്ലാം ദ്വൈതമാണു് (പഞ്ചദ്വൈതസിദ്ധാന്തം). എന്നാൽ കാണുന്നതിന്റെയെല്ലാം യഥാർഥരൂപം മറ്റൊന്നാണെന്നും, അറിവില്ലായ്മ കൊണ്ടു മനുഷ്യർ യഥാർത്ഥമായതിന്റെ മുകളിൽ അയഥാർത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നു ശങ്കരാചാര്യൻ വാദിച്ചു. ആചാര്യൻ ഇപ്രകാരം ഒരു ഉദാഹരണവും നൽകി: “കാട്ടിൽ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യൻ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറിൽ കാണും. അത് കയറാണെന്ന സത്യം മനസ്സിലാക്കുന്നതുവരെ അവന് കയറിനെയും പാമ്പിനെയും വേർതിരിച്ചു കാണുവാൻ കഴിയുകയില്ല. എന്നാൽ അറിവിന്റെ വെളിച്ചത്തിൽ ഇതൊരു പാമ്പേയല്ല, പേടിക്കേണ്ടാത്തതായ കയറാണല്ലോ എന്നു മനുഷ്യൻ തിരിച്ചറിയുന്നു.” പാമ്പാണെന്നു ധരിച്ചതിലുണ്ടായ ഭയം എന്ന അനുഭവം കാലം, ദേശം എന്നിവയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നാണു്. കാലം, ദേശം എന്ന പരിധികൾക്കെല്ലാം അപ്പുറത്തു ശാശ്വതമായ ഒരു സത്യം, അതു പലരൂപഭാവങ്ങളിൽ പ്രകടമാകുകയാണു് (മായ). ഈ യാഥാർഥ്യത്തെ തിരിച്ചറിയുന്ന അറിവാണു ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ). അപ്പോൾ ആരാണു പാമ്പിനെയും കയറിനേയും കാണുന്നതു്? കണ്ണുകളാണു കാണുന്നതു്, എന്നാൽ കണ്ണു തുറന്നുവച്ചാൽ കാണണമെന്നില്ല, കാഴ്ചയെ സ്വീകരിക്കുവാൻ ബുദ്ധി, മനസ്സ് എന്നിവ സന്നദ്ധമായിരിക്കണം. ആത്മാവു് എന്നതു്, മനസ്സിനും ബുദ്ധിക്കും എല്ലാം സാക്ഷിയായുള്ള ചൈത്യനമാണു്. ഈ ആത്മാവു തന്നെയാണു ബ്രഹ്മമെന്നു് അദ്വൈതികൾ പറയുന്നു (അയം ആത്മാ ബ്രഹ്മ). അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്ന വചനത്തിലൂടെ വേദാന്തികൾ അദ്വൈതാശ്രമത്തെ പ്രചരിപ്പിക്കുകയും ചെയ്യുന്നു...wiki
No comments:
Post a Comment