ദര്‍ശനം എന്നാല്‍ കാണല്‍, ഇവിടെ കണ്ടെത്തല്‍ എന്ന അര്‍ത്ഥമാകും കൂടുതല്‍ ചേരുന്നത്. പ്രപഞ്ചരഹസ്യത്തിന്റെ കണ്ടെത്തല്‍. എന്തിന്? അതിന്റെ അടിസ്ഥാനത്തില്‍ ജീവിച്ച് ജീവിതം സുഖകരമാക്കാന്‍. അതായത് ഹിന്ദുദര്‍ശനങ്ങള്‍ തത്ത്വചിന്തയും അതോടൊപ്പം ആചരണപദ്ധതിയും രണ്ടും ഉള്‍ക്കൊള്ളുന്നു. ഇന്നതു ചെയ്യണം, ഇന്നതു ചെയ്യരുത് എന്ന തരത്തില്‍ വിധിനിഷേധങ്ങളെ അനുശാസിക്കുന്നതിനാല്‍ ഇവയെ ശാസ്ത്രങ്ങളെന്നും പറയുന്നു. സത്യത്തെ തേടാന്‍ മാത്രമല്ല സാക്ഷാത്കരിക്കാനും ഉള്ള ത്വര, അതീവ താല്‍പര്യം, ആയിരുന്നു ദാര്‍ശനികനെ ഇവിടെ പ്രേരിപ്പിച്ചത്. പാശ്ചാത്യ സമീപനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. അവിടെ ഫിലോസഫി (അറിവിനോടുള്ള സ്‌നേഹം)യില്‍ ചിന്ത മാത്രമേ ഉള്ളൂ. ഇക്കാര്യം സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ ഫിലൊസോഫിക്കല്‍ എസ്സേയ്‌സ് എന്ന പുസ്തകത്തിലെ അപ്പ്രോച്ച് ടു മെറ്റാഫിസിക്‌സ് എന്ന അദ്ധ്യായത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. എസ്. രാധാകൃഷ്ണനും (ഇന്ത്യന്‍ ഫിലോസഫി, പുറം 41, അദ്ധ്യായം 1, 1923), എം. ഹിരിയണ്ണയും (ഔട്ട്‌ലൈന്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി, 1956) ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
എന്നാല്‍ ദാസ്ഗുപ്തയും ( എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി), ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ (ഇന്ത്യന്‍ ഫിലോസഫി), ഹിരിയണ്ണ (ഔട്ട്‌ലൈന്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി, എസന്‍ഷ്യല്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി) തുടങ്ങിയവരും ഇന്ത്യന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള അവരുടെ കൃതികളില്‍ തത്വചിന്താപരമായ വിശദീകരണം മാത്രമാണ് നല്‍കിയിട്ടുള്ളത്. ഒരു പക്ഷേ ആ കൃതികള്‍ പാശ്ചാത്യപണ്ഡിതന്മാരെ ലക്ഷ്യമാക്കി എഴുതിയതാവാം.
ദര്‍ശനങ്ങളുടെ പല പട്ടികകള്‍: ഛാന്ദോഗ്യോപനിഷത്തില്‍ (സനല്‍ കുമാര-നാരദസംവാദം, 7.1. 2) ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം, ഇതിഹാസം, പുരാണം, വേദാനാം വേദം, പിത്ര്യം, രാശി, ദൈവം, നിധി, വാകോവാക്യം (ന്യായം), ഏകായനം, ദേവവിദ്യാ, ബ്രഹ്മവിദ്യാ, ഭൂതവിദ്യാ, ക്ഷത്രവിദ്യാ, നക്ഷത്രവിദ്യാ, സര്‍പ്പദേവജനവിദ്യാ എന്നിവയടങ്ങുന്ന പാഠ്യപദ്ധതിയെ പറയുന്നു. ഇതില്‍ ആത്മനിഷ്ഠങ്ങളും വസ്തുനിഷ്ഠങ്ങളും ആയ രണ്ടുതരം ശാസ്ത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. യാജ്ഞവല്‍ക്യ സ്മൃതിയില്‍ പുരാണം, ന്യായം, മീമാംസ, ധര്‍മ്മശാസ്ത്രം, ആറ് അംഗ (ശിക്ഷാ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്‍പം) ങ്ങളോടുകൂടിയ വേദം എന്നിങ്ങനെ ആകെ പതിന്നാല് വിദ്യാസ്ഥാനങ്ങളെ പറഞ്ഞിരിക്കുന്നു. വാചസ്പതിമിശ്രന്‍ (ഒന്‍പതാം ശതകം) ന്യായം, സാംഖ്യം, യോഗം, വേദാന്തം എന്നിവയില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. രാജശേഖര കാവ്യമീമാംസയില്‍ (പത്താം ശതകം) പുരാണം, ആന്വീക്ഷികീ, മീമാംസ, സ്മൃതിതന്ത്രം എന്നിങ്ങനെ വാങ്മയങ്ങള്‍ നാലാണെന്നു പറയുന്നു. ജയന്തഭട്ടന്‍ (പത്താം ശതകം) തന്റെ ന്യായമഞ്ജരിയില്‍ മീമാംസ, ന്യായം, സാംഖ്യം, ആര്‍ഹതം, ബൗദ്ധം, ചാര്‍വാകം എന്ന ആറു തര്‍ക്കങ്ങളെ വിവരിക്കുന്നു. വിശ്വസാരതന്ത്രത്തിലെ (പന്ത്രണ്ടാം ശതകം) ഗുരുഗീതയില്‍ ഗൗതമ, കണാദ, കപില, പതഞ്ജലി, വ്യാസ, ജൈമിനിമാരുടെ ഷഡ്ദര്‍ശനങ്ങളെ പരാമര്‍ശിക്കുന്നു. ഹരിഭദ്രസൂരി (പന്ത്രണ്ടാം ശതകം) ബൗദ്ധ, നൈയ്യായിക, സാംഖ്യ, ജൈന, വൈശേഷിക, ജൈമിനിമാരെ പറയുന്നു. ജിനദത്തസൂരി (പതിമൂന്നാം ശതകം) ജൈന, മീമാംസ, ബൗദ്ധ, സാംഖ്യ, ശൈവ, നാസ്തികന്മാരെ പരാമര്‍ശിക്കുന്നു. രാജശേഖരസൂരി (1348 എ. ഡി) ജൈന, സാംഖ്യ, ജൈമിനീയ, യോഗ, വൈശേഷിക, സൗഗത സിദ്ധാന്തങ്ങളെ വിവരിക്കുന്നു. ഈ മൂന്നു പേരും ജൈനപണ്ഡിതന്മാരാണ്. മല്ലിനാഥന്റെ മകന്‍ (പതിനാലാം ശതകം) പാണിനി, ജൈമിനി, വ്യാസ, കപില, അക്ഷപാദ, കണാദപ്രഭൃതികളെ സ്മരിക്കുന്നു.
എതാണ്ട് പതിനാലാം ശതകത്തിനു ശേഷമേ ഷഡ്ദര്‍ശനങ്ങള്‍ എന്ന പൊതുപേരില്‍ സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവയെ ഒരുമിച്ചു ചേര്‍ത്തു പറഞ്ഞുതുടങ്ങിയിട്ടുള്ളൂ. ആസ്തികം, നാസ്തികം എന്നു രണ്ടായി ദര്‍ശനങ്ങളെ തരം തിരിച്ചു കാണുന്ന പതിവും ഇവിടെ ഉണ്ടായി. നാസ്തികന്‍ എന്നാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്ത വ്യക്തി എന്നാണ് പാണിനി നിര്‍വചിച്ചിരിക്കുന്നത്. അപ്പോള്‍ ആസ്തികപദത്തിന് നേര്‍വിപരീതമായ അര്‍ത്ഥമാണല്ലോ. എന്നാല്‍ ആ അര്‍ത്ഥത്തിലല്ല ദര്‍ശനങ്ങളെ തരം തിരിച്ചു കാണുന്നത്. ഇവിടെ ആസ്തികം എന്നാല്‍ വേദത്തിനു പരമപ്രാമാണ്യം കല്‍പ്പിക്കുന്നത് എന്നും നാസ്തികം എന്നാല്‍ വേദപ്രാമാണ്യത്തെ അംഗീകരിക്കാത്തത് എന്നും (നാസ്തികാഃ വേദനിന്ദകാഃ എന്നു മനുസ്മൃതി) അര്‍ത്ഥം സ്വീകരിച്ചുകാണുന്നു. ഇതനുസരിച്ച് മേല്‍ക്കൊടുത്ത ആറു ദര്‍ശനങ്ങള്‍ ആസ്തിക ദര്‍ശനങ്ങളെന്നും ജൈനം, ബൗദ്ധം, ചാര്‍വാകം എന്ന മൂന്നു ദര്‍ശനങ്ങളെ നാസ്തികം എന്നും പറയുന്നു. അങ്ങനെ ദര്‍ശനങ്ങള്‍ ആകെ ഒമ്പത് എന്ന ധാരണ പരന്നു. ഈ തരംതിരിവ് ഗൗതമബുദ്ധന്റെ കാലത്തിനു ശേഷവും ക്രിസ്തുമതത്തിന്റെ കടന്നുവരവിനും ഇടയ്ക്ക് ഉണ്ടായതാകാമെന്നു പണ്ഡിതന്മാര്‍ കരുതുന്നു. (ദേബീപ്രസാദ് ചതോപാദ്ധ്യായ, ഇന്ത്യന്‍ ഫിലോസഫി, 1975). വൈദികം, അവൈദികം എന്നും ഈ ആസ്തിക, നാസ്തിക ദര്‍ശനങ്ങളെ വിളിക്കുന്നുണ്ട്. തന്ത്രങ്ങളേയും അഘോരം, പാശുപതം മുതലായ പല സമ്പ്രദായങ്ങളേയും അവൈദികത്തില്‍പെടുത്തിയിട്ടുണ്ട്. ആസ്തികന്മാര്‍ ഈശ്വരവിശ്വാസികളും നാസ്തികന്മാര്‍ നിരീശ്വരവാദികളുമെന്ന അര്‍ത്ഥകല്‍പ്പനയും പിന്നീട് വന്നുചേര്‍ന്നു. ഷഡ്ദര്‍ശനങ്ങളെന്ന തരംതിരിവു തന്നെ ശരിയല്ല; നിഷ്പ്രയോജനമാണെന്നാണ് മഹാപണ്ഡിതനായ ഗംഗാനാഥ് ഝാ (പൂര്‍വമീമാംസ ഇന്‍ ഇറ്റ്‌സ് സോഴ്‌സസ്, 1942) അഭിപ്രായപ്പെടുന്നത്. മാത്രമല്ല, മാധവാചാര്യര്‍ തന്റെ സര്‍വദര്‍ശന സംഗ്രഹത്തില്‍ പതിനാറു ദര്‍ശനങ്ങളെ വിവരിക്കുന്നുണ്ട്. ചാര്‍വാകം, ബൗദ്ധം, ആര്‍ഹതം (ജൈനം), രാമാനുജീയം, പൂര്‍ണ്ണപ്രജ്ഞ, നകുലീശ-പാശുപതം, ശൈവം, പ്രത്യഭിജ്ഞാ (കാശ്മീരശൈവം), രസേശ്വരം, വൈശേഷികം (ഔലൂക്യം), അക്ഷപാദന്റെ ന്യായം, ജൈമിനീയം, പാണിനീയം, സാംഖ്യം, പാതഞ്ജലം (യോഗം), ശാങ്കരവേദാന്തം എന്നിവയാണവ. പലതിന്റെയും ഉള്‍പ്പിരിവുകളും കണക്കിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഗ്രന്ഥങ്ങളില്‍ കാണുന്നതിലും വളരെ കൂടുതല്‍ നടപ്പിലുമുണ്ട്.
മേല്‍പ്പറഞ്ഞ ആറു ദര്‍ശന (സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം) ങ്ങളെ ഗംഗാനാഥ് ഝാ സാംഖ്യം- യോഗം, ന്യായം- വൈശേഷികം, മീമാംസ- വേദാന്തം എന്നു കേവലം മൂന്നായി തരംതിരിക്കുന്നുണ്ട്. ഈ ഓരോ ഇരട്ടകളും പരസ്പരപൂരകങ്ങളാണ് എന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. സാംഖ്യ, യോഗങ്ങളില്‍ സാംഖ്യം സൈദ്ധാന്തികതലത്തേയും യോഗം പ്രായോഗികതലത്തേയും ഉള്‍ക്കൊള്ളുന്നു. ന്യായ, വൈശേഷികങ്ങളില്‍ ന്യായം പ്രമാണ (വസ്തുക്കളുടെ ശരിയായ അറിവ് നമുക്കു ഉണ്ടാകാന്‍ സഹായിക്കുന്ന പ്രത്യക്ഷം, അനുമാനം, മുതലായവ) ങ്ങള്‍ക്കും വൈശേഷികം പ്രമേയ (മനുഷ്യന്റെയും ബാഹ്യലോകത്തിന്റെയും ഘടകങ്ങള്‍) ങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്തുകാണുന്നു. മീമാംസ, വേദാന്തം എന്നിവ രണ്ടും ഒരേ വേദത്തിന്റെ ആദ്യ-അന്ത്യഭാഗങ്ങള്‍ ആണല്ലോ. വേദത്തിന്റെ കര്‍മ്മകാണ്ഡം, ജ്ഞാനകാണ്ഡം എന്നും പൂര്‍വമീമാംസ, ഉത്തരമീമാംസ എന്നും രണ്ടിനേയും ചേര്‍ത്തു സാധാരണ പറയാറുമുണ്ട്. ഇവ തമ്മില്‍ സാധര്‍മ്മ്യം ഉണ്ടെന്നും ശ്രീശങ്കരാചാര്യരുടെയും പ്രസിദ്ധ മീമാംസാചാര്യനായ കുമാരിലഭട്ടന്റെയും വാക്കുകള്‍ ഉദ്ധരിച്ച് ഝാ ചുണ്ടിക്കാണിക്കുന്നു.
janmabhumi
No comments:
Post a Comment