Wednesday, February 28, 2018

മൂന്നാം അനുവാകം- സംഹിതോപനിഷത്ത്
സഹ നൗ യശഃ സഹ നൗ ബ്രഹ്മവര്‍ച്ചസം
അഥാതഃ സംഹിതായാ ഉപനിഷദം വ്യാഖ്യാസ്യാമഃ
പഞ്ചസ്വധികരണേഷു അധിലോകം
അധിജൗഷമധി വിദ്യമധിപ്രജമധ്യാത്മം
താ മഹാസംഹിതാ ഇത്യാചക്ഷതേ
നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് കീര്‍ത്തിയുണ്ടാകട്ടെ. നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് ബ്രഹ്മതേജസ്സും ഉണ്ടാകട്ടെ. ശിക്ഷാപഠനത്തിനുശേഷം സംഹിതാ ഉപനിഷത്തിനെ വ്യാഖ്യാനിക്കാന്‍ പോകുന്നു. ലോകത്തെ സംബന്ധിച്ച അധിലോകം. ജ്യോതിസ്സിനെപ്പറ്റിയുള്ള അധിജ്യൗതിഷം വിദ്യയെപ്പറ്റി അധിവിദ്യം പ്രജയെക്കുറിച്ച് അധിപ്രജം ആത്മാവിനെ സംബന്ധിച്ച് അധ്യാത്മം എന്നിങ്ങനെ അഞ്ച് അധികരണങ്ങളെയാണ് പറയുന്നത്. ഈ അഞ്ചുവിഷയങ്ങളിലുള്ള ഉപനിഷത്തുകളെ മഹാസംഹിതകള്‍ എന്നു അറിവുള്ളവര്‍ പറയുന്നു.
ശിഷ്യന്റെ പ്രാര്‍ത്ഥനയാണ് ഇവിടെ. വര്‍ണ്ണങ്ങള്‍  തമ്മിലുള്ള അടുപ്പം സംബന്ധിച്ചതായ ഉപാസനം അഥവാ സംഹിതോപനിഷത്തിനെ പറയാന്‍ തുടങ്ങുന്നു. സംഹിത മുതലായ ഉപനിഷത്തുക്കളെ അറിയുന്നതുകൊണ്ട് വേണ്ടത്ര യശസ്സും ബ്രഹ്മതേജസ്സും തനിക്കും ആചാര്യനും ഒരുമിച്ചു ഉണ്ടാകട്ടെ എന്നാണ് ശിഷ്യന്റെ പ്രാര്‍ത്ഥന. ഗുരു ഇതെല്ലാം നേടിയതിനാല്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല. ശിക്ഷ അധ്യയന സമയത്ത് ശിഷ്യന്റെ മനസ്സ് ഗ്രന്ഥപാദത്തിലാകും പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുക. അതിനെ അര്‍ത്ഥജ്ഞാന വിഷയത്തില്‍ പ്രവേശിപ്പിക്കാന്‍ പ്രയാസമാണ്. അതിനാലാണ് സംഹിതാവിഷയമായ ദര്‍ശനത്തെ പറയുന്നത്. വര്‍ണ്ണങ്ങള്‍ തമ്മിലുള്ള അടുപ്പം കാണിക്കുന്ന സംഹിതയ്ക്ക് വ്യാകരണത്തിലുള്ള സവിശേഷതയെ പരിഗണിച്ചാണ് മഹാസംഹിതകള്‍ എന്നുവിളിച്ചത്. വേദ പാഠം  ചൊല്ലുമ്പോള്‍ അക്ഷരങ്ങള്‍ തമ്മിലുള്ള അടുപ്പവും ചേര്‍ച്ചയും നല്ലപോലെ ശ്രദ്ധിക്കണം. അതിന് അര്‍ത്ഥത്തെപ്പറ്റി ആലോചിക്കണം. ഇങ്ങനെ ചൊല്ലുമ്പോഴേ സ്വരം മുതലായവ ശരിയാകൂ. അര്‍ത്ഥജ്ഞാനത്തിലേക്ക് ക്രമത്തില്‍ ശിഷ്യനെ നയിക്കുകയാണ്   സംഹിതയുടെ ലക്ഷ്യം. ഇത് എളുപ്പം സാധിക്കാനായി അഞ്ചുകാര്യങ്ങള്‍ ഉദാഹരണമാക്കി സംഹിതാദര്‍ശനത്തെ ഉപാസിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ശിഷ്യന്റെ ബുദ്ധിയെ സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്ക് നയിക്കലാണ്. ഭൂമിയും ആകാശവും അടങ്ങുന്ന അധിലോകം. ജ്യോതിസ്സിനെപ്പറ്റി അധിജ്യൗതിഷം, വിദ്യയെപ്പറ്റി അധിവിദ്യം, പ്രജയെപ്പറ്റി അധിപ്രജം. ആത്മാവ് അഥവാ ദേഹത്തെപ്പറ്റി അധ്യാത്മം എന്നിവയെക്കുറിച്ചാണ് സംഹിതാ ഉപനിഷത്തില്‍ പറയുന്നത്. ഈ മഹാസംഹിതകളാണ് മഹത്തായ  വിഷയങ്ങളുടെ സംഗയോഗത്തെക്കുറിച്ചായതിനാലാണ് ഈ വിശേഷണം.
അഥാധിലോകം പൃഥിവീ പൂര്‍വരൂപം ദ്യൗരുത്തരരൂപം
ആകാശഃ സന്ധിഃ വായുസന്ധാനം ഇത്യധിലോകം.
ആദ്യം അധിലോകത്തെപ്പറ്റി പറയുന്നു. ഭൂമിയാണ്  പൂര്‍വ്വരൂപം അഥവാ ആദ്യത്തെ വര്‍ണ്ണം. സ്വര്‍ഗ്ഗലോകം പിന്നത്തെ വര്‍ണ്ണം ആകാശം ഇവ തമ്മിലുള്ള ചേര്‍ച്ചയായ സന്ധി വായുവാണ്. കൂട്ടിച്ചേര്‍ക്കുന്ന സന്ധാനം ഇതിനെയെല്ലാം കൂട്ടി അധിലോകം എന്നുപറയുന്നു. ലോകത്തെ സംബന്ധിച്ച ദര്‍ശനമാണിത്. ആകാശം എന്നതുകൊണ്ട് അന്തരീക്ഷലോകമാണ് ഉദ്ദേശിക്കുന്നത്. ഭൂമിയും സ്വര്‍ഗ്ഗവും ചേരുന്ന ഇടമാണ് ആകാശം. ജഗത് പ്രാണനായ വായു സന്ധിചേര്‍ക്കാനുള്ള സാധനമാണ്. 
അഥ ശബ്ദത്തിന് ഇവിടെ എല്ലായിടത്തും ദര്‍ശനങ്ങള്‍ പറഞ്ഞമുറയ്ക്ക് എന്ന അര്‍ത്ഥമാണ്.
അഥാധിജ്യൗതിഷം അഗ്നിഃ പൂര്‍വരൂപം 
ആദിത്യഃ  ഉത്തരരൂപം
ആപഃ സന്ധിഃ വൈദ്യുതഃ സന്ധാനം ഇത്യധിജ്യൗതിഷം
ഇനി ജ്യോതിസ്സിനെ സംബന്ധിച്ച ദര്‍ശനത്തെ പറയുന്നു. ആഗ്നിയാണ്  പൂര്‍വ്വരൂപം അഥവാ ആദ്യത്തെ വര്‍ണ്ണം. സൂര്യന്‍ അടുത്ത വര്‍ണ്ണം. ജലമാണ് സന്ധി. മിന്നല്‍ ആണ് സന്ധാനം അഥവാ കൂട്ടിച്ചേര്‍ക്കുന്നത്. ഇതാണ് അധിജ്യൗതിഷം ജ്യോതിസ്സുകളെ സംബന്ധിച്ച ഇതില്‍ പൃഥിവി, ആദിത്യന്‍, ആപാഃ, വൈദ്യുത എന്നിവ ക്രമത്തില്‍ പൂര്‍വ്വ ഉത്തരരൂപങ്ങളേയും സന്ധിയേയും സന്ധാനത്തേയും കുറിക്കുന്നു.
അഥാധിവിദ്യം ആചാര്യപൂര്‍വ്വരൂപം 
അന്തേവാസ്യുത്തരരൂപം
വിദ്യാ സന്ധിഃ പ്രവചനം സന്ധാനം ഇത്യധിവിദ്യം.
അടുത്തത് വിദ്യയെ സംബന്ധിച്ച ദര്‍ശനമാണ.് ആചാര്യനാണ് പൂര്‍വരൂപം അഥവാ ആദ്യ വര്‍ണ്ണം. അന്തേവാസികളുടെ ശിഷ്യനാണ് അടുത്ത വര്‍ണ്ണം. വിദ്യയാണ് സന്ധി. പഠിപ്പിക്കല്‍ അഥവാ പ്രവചനമാണ് കൂട്ടിച്ചേര്‍ക്കുന്ന സന്ധാനം. പഠിപ്പിച്ചുകൊടുക്കുക എന്നതിലൂടെ കൂട്ടിച്ചേര്‍ക്കലിലൂടെ വിദ്യകൊണ്ട് ആചാര്യനേയും ശിഷ്യനേയും ഒരുമിപ്പിക്കുന്നു.
അഥാധിപ്രജം  മാതാപൂര്‍വരൂപം പിതോത്തരരൂപം
പ്രജാസന്ധിഃ പ്രജനനം സന്ധാനം ഇത്യധിപ്രജം
പിന്നീട് പ്രജയെ സംബന്ധിച്ച ദര്‍ശനമായ അധിപ്രജനെ പറയുന്നു. അമ്മയാണ് ആദ്യ വര്‍ണ്ണം അച്ഛന്‍ ഉത്തര വര്‍ണ്ണം. പ്രജയാണ് സന്ധി. ജനിപ്പിക്കലാണ് കൂട്ടിച്ചേര്‍ക്കല്‍. ഇങ്ങനെയുള്ളതാണ് അധിപ്രജം. സന്താന ഉല്‍പ്പാദത്തിലൂടെയാണ് മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.
അഥാധ്യാത്മം അധരാഹനുഃ പൂര്‍വ്വരൂപം 
ഉത്തരാഹനുരുത്തരരൂപം 
വാക് സന്ധിഃ ജിഹ്വാ സന്ധാനം ഇത്യധ്യാത്മം
ഇനി ആത്മാവിനെ അഥവാ ശരീരത്തെ സംബന്ധിച്ച ആധ്യാത്മത്തെ പറയുന്നു. താഴെയുള്ള താടിയെല്ല് ആദ്യ വര്‍ണ്ണം. മുകളിലെ താടിയെല്ല് പിന്നത്തെ വര്‍ണ്ണം. വാക്ക് സന്ധിയാണ്. നാവ് (വാഗിന്ദ്രിയം) ആണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇതാണ് ദേഹസംബന്ധിയായ അധ്യാത്മം.
ഇതീമാ മഹാ സംഹിതാഃ യ ഏവമേതാ 
മഹാസംഹിതാ
വ്യാഖ്യാതാ  വേദ സന്ധീയതേ 
പ്രജയാ പശ്ചഭിഃ ബ്രഹ്മവര്‍ച്ച-
സേനാന്നാദ്യേന സുവര്‍ഗ്ഗ്യേണ ലോകേന
ഈ പറഞ്ഞവയാണ് മഹാസംഹിതകള്‍. ഇങ്ങനെ വിവരിച്ച മഹാസംഹിതകളെ അറിയുന്നവന്‍ പ്രജയോടും പശുക്കളോടും ബ്രഹ്മതേജസ്സോടും അന്നം മുതലായവയോടും സ്വര്‍ഗ്ഗലോകത്തോടും ചേരുന്നു. ഇവിടെ അറിയുക എന്നാല്‍ ഉപാസിക്കുക എന്ന അര്‍ത്ഥമെടുക്കണം. ഇവയിലെല്ലാം വ്യത്യസ്തങ്ങളായവയെ ഒന്നിച്ച് ചേര്‍ന്ന് ഉപാസിക്കാനാണ് പറഞ്ഞിരിക്കുന്നത്. പരമ ഉപാസനയായ ആത്മോപാസനയ്ക്ക് അധികാരിയല്ലാത്തവര്‍ക്കാണ് ഇത്തരം ഉപാസന. അവര്‍ക്ക് അതിനനുസരിച്ചുള്ള  സ്വര്‍ഗം മുതലായ ഫലത്തേയും വ്യക്തമാക്കി.

No comments: