അധ്യായം-1 ശിക്ഷാവല്ലി ഒന്നാം അനുവാകം
ഓം ശംനോ മിത്രഃ ശം വരുണഃ
ശംനോഭവത്വര്യമാ
ശം ന ഇന്ദ്രോ ബൃഹസ്പതിഃ ശംനോ
വിഷ്ണുരുരുക്രമഃ
നമോബ്രഹ്മണേ നമസ്‌തേ വായോ
ത്വമേവ പ്രത്യക്ഷം ബ്രഹ്മാസി
ത്വാമേവ പ്രത്യക്ഷം ബ്രഹ്മവദിഷ്യാമി
ഋതം വദിഷ്യാമി
സത്യം വദിഷ്യാമി തന്‍മാമവതു
തദ്വക്താരമവതു
അവതു മാം അവതുവക്താരം
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
മിത്രന്‍ നമുക്ക് സുഖം തരട്ടെ. വരുണന്‍ സുഖകാരിയാവട്ടെ. അര്യമാവ് സുഖം നല്‍കട്ടെ. ഇന്ദ്രനും ബൃഹസ്പതിയും സുഖം നല്‍കുന്നവരാകട്ടെ ഉരുക്രമനായ വിഷ്ണു നമുക്ക് സുഖം നല്‍കുന്നവനാകട്ടെ. ബ്രഹ്മത്തിന് നമസ്‌കാരം. വായുവിന് നമസ്‌കാരം. അങ്ങ് തന്നെ പ്രത്യക്ഷ ബ്രഹ്മമായിരിക്കുന്നു. അങ്ങയെത്തന്നെ പ്രത്യക്ഷ ബ്രഹ്മമെന്ന് ഞാന്‍ പറയുന്നു. അങ്ങയെതന്നെ ഋതം എന്ന് ഞാന്‍ പറയുന്നു. അങ്ങ് തന്നെ സത്യമെന്ന് ഞാന്‍ പറയുന്നു. അത് എന്നെ രക്ഷിക്കട്ടെ. അത് ആചാര്യനെ രക്ഷിക്കട്ടെ. എന്നെ രക്ഷിക്കട്ടെ ആചാര്യനെ രക്ഷിക്കട്ടെ. താപത്രയങ്ങളില്‍ നിന്നും ശാന്തിയുണ്ടാകട്ടെ.
ഉപനിഷത്ത് പഠനം നന്നായി നടക്കാനായി ആദ്യമേ തന്നെ ചൊല്ലുന്നതാണ് ഈ ശാന്തി മന്ത്രമായ അനുവാകം. വിവിധങ്ങളായ ശക്തികേന്ദ്രങ്ങളായ ദേവന്മാരോടുള്ള പ്രാര്‍ത്ഥനയാണവിടെ. ബ്രഹ്മം തന്നെയാണ് ഇപ്രകാരം ദേവതാ രൂപത്തില്‍ വിലസുന്നത്. പ്രാണവൃത്തിയുടേയും പകലിന്റേയും അഭിമാനിദേവതയാണ് മിത്രന്‍. അപാനവൃത്തിയുടേയും രാത്രിയുടേയും അഭിമാനി ദേവതയാണ് വരുണന്‍. കണ്ണിലും ആദിത്യനിലും അഭിമാനി ദേവതയാണ് അര്യമാവ്. ബലത്തിന്റെ അഭിമാനി ദേവതയാണ് ഇന്ദ്രന്‍. വാക്കിന്റെയും ബുദ്ധിയുടെയും അഭിമാനിദേവതയാണ് ബൃഹസ്പതി. പാദങ്ങളുടെ അഭിമാനിദേവതയാണ് വിഷ്ണു. വിസ്തീര്‍ണങ്ങളായ പദക്രമങ്ങള്‍ ഉള്ളതിനാലാണ് ഉരുക്രമന്‍ എന്ന് പ്രശസ്തനായത്. ത്രിവിക്രമനായി തന്റെ പാദങ്ങളെക്കൊണ്ട് ലോകം മുഴുവന്‍ അളന്നത് വിഷ്ണുവാണ്. ഈ ദേവതകളെല്ലാം സുഖത്തെ നല്‍കിയാല്‍ അവരുടെ അനുഗ്രഹംകൊണ്ട് ബ്രഹ്മവിദ്യ നേടുന്നതിന് വളരെ നന്നായി കഴിയും. വിദ്യയുടെ ശ്രവണവും മനസ്സിലാക്കലും ഉപയോഗവും യാതൊരു തടസ്സവും ഇല്ലാതെയിരിക്കാനാണ് ഈ പ്രാര്‍ത്ഥന.
ബ്രഹ്മവിദ്യ നേടാനായി തടസ്സങ്ങളൊന്നും ഇല്ലാതിരിക്കാന്‍ ബ്രഹ്മസ്വരൂപനായ വായുവിനെ നമസ്‌കരിക്കുന്നു. എല്ലാ ക്രിയാഫലങ്ങളും വായുവിന് അധീനമായതുകൊണ്ട് വായുവും ബ്രഹ്മവും ഒന്നുതന്നെയാണ്. ബ്രഹ്മത്തിന്റെ പ്രത്യക്ഷരൂപം തന്നെയാണ് വായു. വായുവാകുന്ന ബ്രഹ്മത്തിനു നമസ്‌കാരം. പ്രത്യക്ഷമായും പരോക്ഷമായും വായുവിനെ തന്നെയാണ് നമസ്‌കരിക്കുന്നത്. അങ്ങ് പ്രത്യക്ഷമായ ബ്രഹ്മമാണ്. അങ്ങയെ ഞാന്‍ പ്രത്യക്ഷ ബ്രഹ്മമെന്ന് പറയുന്നു. പുറമെയുള്ളതും അടുത്തുള്ളതുമായ കണ്ണ് മുതലായവയെ അപേക്ഷിച്ച് അങ്ങ് പ്രത്യക്ഷ ബ്രഹ്മമാണ്. ഇപ്പറഞ്ഞ കാര്യം ശാസ്ത്രമനുസരിച്ചും കര്‍ത്തവ്യമനുസരിച്ചും ബുദ്ധിയില്‍ നല്ലപോലെ ഉറപ്പിക്കുന്നതായ ഋതമാണ്. അതുകൊണ്ട് അങ്ങ് ഋതവുമാണ്. അങ്ങ് സത്യമാണ്. വാക്കും ശരീരവും കൊണ്ട് നേടുന്നതാണ് സത്യം. മൂന്ന് കാലങ്ങളിലും മാറ്റവുമില്ലാതെ നില്‍ക്കുന്ന സത്യവസ്തു അങ്ങുതന്നെയാണ്. ഋതുവും സത്യവും സൂത്രാത്മാവായി വ്യാപിച്ചിരിക്കുന്ന വായുവിന് അധീനമായതുകൊണ്ട് അത് വായുതന്നെ. വിദ്യയെ വേണ്ടവിധത്തില്‍ നേടിയെടുക്കുന്നതിനുള്ള കഴിവുണ്ടാക്കി ശിഷ്യനേയും നല്ലപോലെ ഉപദേശിക്കാനുള്ള ശേഷി നല്‍കി ആചാര്യനേയും രക്ഷിക്കട്ടെ. തനിക്ക് വിദ്യയെ നേടാന്‍ ഉള്ള കഴിവും സ്ഥിരോത്സാഹവും ജ്ഞാനസ്വരൂപനായ ബ്രഹ്മംതന്നെ നല്‍കി അനുഗ്രഹിക്കണേ എന്ന് വിനയപൂര്‍വം പ്രാര്‍ത്ഥിക്കുന്നു. ഒപ്പം തന്നെ ആ പരമമായ അറിവിനെ വേണ്ടവിധത്തില്‍ ഗ്രഹിച്ച ഗുരുവിന് നല്ല വാക്ചാതുരിയോടെ നന്നായി പഠിപ്പിച്ചുതരാനുള്ള സാമര്‍ത്ഥ്യവും ഉണ്ടാകണം. അതിനും ഇടയാകട്ടെ.
താപത്രയങ്ങളുടെ വിഷമതകള്‍ നീങ്ങാനും ശാന്തി ലഭിക്കാനുമായി മൂന്ന് തവണ ശാന്തിയെ ചൊല്ലുന്നു. രോഗം തുടങ്ങിയവയായി തന്നില്‍നിന്നുമുണ്ടാകുന്ന ആദ്ധ്യാത്മിക ദുഃഖങ്ങളേയും ചുറ്റുപാടുമുള്ള ജീവജാലങ്ങളില്‍ നിന്നുമുള്ള ആധിഭൗതിക ദുഃഖങ്ങളേയും ഇല്ലാതെയാക്കാന്‍ വേണ്ടിയാണിത്. ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷത്തിലെ പഠനം നന്നായി നടക്കൂ. പ്രത്യേകിച്ചും അതിസൂക്ഷ്മമായ ബ്രഹ്മവിദ്യയുടെ പഠനം.
ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികള്‍ തൈത്തിരീയ ഉപനിഷത്തിന്റെ ഭാഷ്യാരംഭത്തില്‍ മൂന്ന് ശ്ലോകങ്ങള്‍ രചിച്ചിട്ടുണ്ട്. അവയെക്കുടി ഇവിടെ പരിചയപ്പെടാം.
യസ്മാദ്ജാതം ജഗത്‌സര്‍വ്വം
യസ്മിന്നേവ പ്രലീയതേ
യേനേദം ധാര്യതേ ചൈവ
തസ്‌മൈജ്ഞാനാത്മനേ നമഃ
ഈ ലോകമെല്ലാം ആരില്‍നിന്നാണോ ജനിക്കുന്നത് ആരില്‍തന്നെയാണോ ലയിക്കുന്നത് ആരാലാണോ നിലനിര്‍ത്തുന്നത് ആ ജ്ഞാനസ്വരൂപന് നമസ്‌കാരം.
യൈരിമേ ഗുരുഭിഃ പൂര്‍വ്വം
പദവാക്യപ്രമാണതഃ
വ്യാഖ്യാതാ സര്‍വ വേദാന്ത -
സ്താന്‍ നിത്യം പ്രണതോസ്മ്യഹം
ആരാണോ മുന്‍പ് ഈ വേദാന്തമെല്ലാം പദങ്ങളും വാക്യങ്ങളും അനുമാനാദി പ്രമാണങ്ങളും വിവേചനം ചെയ്ത് വ്യാഖ്യാനിച്ചത് ആ ഗുരുക്കന്മാരെ നിത്യവും നമിക്കുന്നു.
തൈത്തിരീയകസാരസ്യ
മയാചാര്യ പ്രസാദതഃ
വിസ്വഷ്ടാര്‍ത്ഥരുചീനാം ഹി
വ്യാഖ്യേയം സംപ്രണീയതേ
തൈത്തിരീയ ഉപനിഷത്തിലുള്ള വാക്കുകളെ നല്ലപോലെ അറിയാനായി ഞാന്‍ എന്റെ ആചാര്യന്റെ അനുഗ്രഹത്താല്‍ ഈ ഉപനിഷത്ത് സാരത്തെ വ്യാഖ്യാനിക്കുന്നു. ഇതിലെ ആദ്യത്തെ രണ്ട് മന്ത്രങ്ങളും വേദാന്ത പഠന വിദ്യാര്‍ത്ഥികളോ ആചാര്യന്മാരോ വളരെയധികം ഉപയോഗിക്കുന്നവയാണ്. പൂര്‍വ്വ പക്ഷത്തിന്റെ സംശയങ്ങളേയും വാദഗതികളേയും തള്ളിയാണ് ആചാര്യസ്വാമികള്‍ ഉപനിഷത്തിന്റെ ഭാഷ്യത്തെ തുടക്കം മുതലേ നിര്‍വഹിച്ചിട്ടുള്ളത്. ബ്രഹ്മവിദ്യയ്ക്കുവേണ്ടിയാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. ഉപനിഷത്ത് എന്നതിന്റെ മുഖ്യാര്‍ത്ഥം വിദ്യ എന്നാണ്. ഇതിനാല്‍ പരമമായ ശ്രേയസ്സ് ലഭിക്കും. ഈ വിദ്യയെ നേടുന്നതിനുള്ള ഉപായമായതിനാല്‍ ഗ്രന്ഥത്തേയും ഉപനിഷത്ത് എന്നുപറയുന്നു.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍
No comments:
Post a Comment