Monday, April 02, 2018

*ശ്മശാനവാസിയായ ശിവൻ*

മരണത്തിന്‍റേതായ ആ നിമിഷം – എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാമെന്ന ഭയം – മനുഷ്യമനസ്സിനെ ഏറ്റവുമധികം ആശങ്കാകുലമാക്കുന്ന ചിന്തയാണത്. മനസ്സിനെ ഇത്രയും ആഗാധമായി തീവ്രമായി സ്പര്‍ശിക്കുന്ന വേറൊരു ചിന്തയില്ലതന്നെ. ദു:ഖമായാലും പ്രണയമായാലും ആനന്ദ നിവൃതിയായാലും, ഒന്നുംതന്നെ അതിനോടടുത്തെത്തുന്നില്ല. എല്ലാറ്റിലും ശക്തമാണ്, തീവ്രമാണ് മരണഭയം. അതുകൊണ്ടാണ് ശിവന്‍ ശ്മശാനത്തില്‍ ചെന്നിരിക്കുന്നത്. ശ്മശാനഭൂമിക്ക് കായാന്തമെന്നും പറയാറുണ്ട്. കായം ശരീരമാണ്, അന്തം എന്നാല്‍ അവസാനം എന്നാണര്‍ത്ഥം. അപ്പോള്‍ കായാന്തമെന്നാല്‍, ശരീരം അവസാനിക്കുന്ന ഇടം. അതുതന്നെയാണല്ലോ ശ്മശാനം.

ശ്മശാനം കായാന്തമാണ്; ജീവാന്തമല്ല. ഈ ഭൂമിയില്‍നിന്നും സ്വന്തമാക്കിയിട്ടുള്ളതൊക്കെ ഇവിടെത്തന്നെ വിട്ടിട്ടു പോകണം. ഈ ശരീരമാണ് സര്‍വ്വവും എന്ന ചിന്തയാണ് നിങ്ങളുടെ ജീവിതത്തെ ഇക്കാലമത്രയും മുന്നോട്ടു നയിച്ചിട്ടുള്ളത് എങ്കില്‍, അത് കൈവിട്ടുപോകുന്ന നിമിഷം അങ്ങേയറ്റം ദു:ഖകരമായിരിക്കും. പ്രകടമായ ശരീരത്തിനപ്പുറം എന്തോ ഒന്നുണ്ട് എന്ന ചിന്ത നിങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എങ്കില്‍, മരണം നിങ്ങളെ സംബന്ധിച്ചിടത്തോളം ദു:സ്സഹമായൊരു സംഭവമാവുകയില്ല. താന്‍ ആരാണ്, എന്താണ് എന്നതിനെകുറിച്ച് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മരണത്തെ ഒരു മഹാദുരന്തമായി കാണാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം കായാന്തം മറ്റൊരു നിമിഷം മാത്രം!

നമ്മുടെ ശരീരത്തില്‍ അടിസ്ഥാനപരമായി രണ്ടു ശക്തികള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്ന് ജീവിതം നിലനിര്‍ത്തികൊണ്ടു പോകാനുള്ളതാണ്, രണ്ടാമത്തേത് എല്ലാ അതിരുകളും ലംഘിച്ച് ജീവിതത്തെ അനന്തമാക്കിത്തീര്‍ക്കാനുള്ള ത്വരയാണ്. ജീവിതത്തിന്‍റെ സുരക്ഷിതത്വം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനുള്ള ശക്തിയുടെ പ്രവര്‍ത്തനം എപ്പോഴും ഒരു ഒതുങ്ങിയ മട്ടിലായിരിക്കും, കാരണം, അപകടങ്ങളില്‍ ചെന്നുപെടാതെ ഒഴിഞ്ഞ് ഒതുങ്ങി നില്‍ക്കുക അതാണല്ലോ നിലനില്‍പിനാവശ്യം, എന്നാല്‍ അതിരുകള്‍ കടന്ന് അനന്തതയിലേക്ക് കൈ എത്തിക്കാനാണ് നിങ്ങളുടെ സഹജവാസന എങ്കില്‍, നിങ്ങളുടെ ആന്തരിക ഊര്‍ജം മുഴുവനായും അതില്‍ കേന്ദ്രീകരിച്ചിരിക്കും. അതുകൊണ്ടുതന്നെ ജീവിതം പൂര്‍ണമായും ഊര്‍ജസ്വലമായിരിക്കും.

ജനനവും മരണവുമാണ് ജീവിതത്തിലെ അതിപ്രധാന മുഹുര്‍ത്തങ്ങള്‍. അതുകൊണ്ടുതന്നെ ഈറ്റില്ലവും, ശ്മശാനവും തുല്ല്യ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം ഈ രണ്ടിടങ്ങളിലാണ് യഥാര്‍ത്ഥ നാടകങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ ഈറ്റില്ലാം തെല്ലു മുമ്പിലായി നില്‍ക്കുന്നു. ജീവിതത്തിലെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ ഇടത്തിലാണ് ശിവന്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു ഇടം നിങ്ങളില്‍ ഭയം ജനിപ്പിക്കുന്നുവെങ്കില്‍, നിങ്ങളില്‍ മുറ്റിനില്‍ക്കുന്നത് നിലനില്‍പിനെകുറിച്ചും, സ്വന്തം സുരക്ഷിതത്ത്വത്തെകുറിച്ചുമുള്ള ആശങ്കയാണെങ്കില്‍ അങ്ങനെയൊരു പരിസരം തീര്‍ച്ചയായും നിങ്ങള്‍ക്ക് സുഖപ്രദമാവുകയില്ല. എന്നാല്‍ ശാരീരികമായ എല്ലാ പരിമിതികളും ലംഘിച്ച് ആത്മീയത എന്ന അനന്തതയെ പുല്‍കാനാണ് നിങ്ങളുടെ മനസ്സ് കുതിക്കുന്നത് എങ്കില്‍ അതിന് ഏറ്റവും പറ്റിയ പരിസരം ശ്മശാനഭൂമിയാണ്.
Dr.Mohan

No comments: