Sunday, April 01, 2018

വയസ്സും മഹാസമാധിയും

ശങ്കരന്‍ മുപ്പത്തിരണ്ടു വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു എന്നുള്ള വസ്തുതയെപ്പറ്റിയും ആര്‍ക്കും വിപ്രതിപത്തിയില്ല. വിദ്യാരണ്യന്‍ ദേവ്യപരാധ സ്തോത്രത്തില്‍ ‘‘മയാ പഞ്ചാശീതേരധികമപനീതേതു വയസി’’ എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ആ സ്തോത്രം ആചാര്യരുടേതെന്നു തെറ്റിദ്ധരിച്ചു ചിലര്‍ അദ്ദേഹം എണ്‍പത്തഞ്ചു വയസ്സിനുമേല്‍ ജീവിച്ചിരുന്നതായി ഭ്രമിക്കുന്നു. ഭഗവല്‍പാദരുടെ സമാധിസ്ഥലത്തെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. കേദാരനാഥക്ഷേത്രത്തില്‍വെച്ചാണ് അദ്ദേഹം ഭൗതികശരീരം പരിത്യജിച്ചതെന്നു നവകാളിദാസനും കാഞ്ചീപുരത്തുവെച്ചാണെന്നു ചിദ്വിലാസനും തൃശ്ശൂര്‍വെച്ചാണെന്നു ഗോവിന്ദനാഥനും പറയുന്നു.
‘‘ദേവത്രയമിനി സ്തുത്വാ ഭാസമാനം വൃഷാചലേ
ശിഷ്യൈസ്സഹ മഹായോഗീ പ്രദേശേ കുത്രചിദ് ഗുരുഃ
നിവിഷ്ടസ്സൂപ്രസന്നാത്മാ സര്‍വമാപാദമൂര്‍ദ്ധജം
യഥാവച്ചിന്തയാമാസ വൈഷ്ണവം രൂപമാദരാല്‍.
* * *

ഇത്ഥം ചിന്തയതോ രൂപം വൈഷ്ണവം സകലം ഗുരോഃ
വക്‌ത്രാല്‍ പ്രാദുരഭൂല്‍ സ്തോത്രം സ്രഗ്ദ്ധരാവൃത്തമാശ്രിതം
* * *

ദേശീകേന്ദ്രോ മഹായോഗീ സ്തോത്രം കുര്‍വന്‍ സ വൈഷ്ണവം
വിവേശ പരമാനന്ദം ഭാനുബിംബാന്തരസ്ഥിതം.’’
എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിന് ഉപോല്‍ബലകമായി മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിതന്നെ നാരായണീയത്തില്‍
‘‘ശ്രീശങ്കരോപി ഭഗവാന്‍ സകലേഷു താവ-
ര്‍ത്ത്വാമേവ മാനയതി; യോ ഹി ന പക്ഷപാതീ;
ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രകാദി
വ്യാഖ്യാല്‍, ഭവല്‍സ്തുതിപരശ്ച ഗതിം പ്രപേദേ.’’
എന്നു ഗാനം ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ മതിലകത്തു വിഷ്ണുക്ഷേത്രത്തിന്റെ പുരോഭാഗത്തുവെച്ചാണ് ആചാര്യര്‍ സുപ്രസിദ്ധമായ വിഷ്ണുപാദാദികേശസ്തവം രചിക്കുവാന്‍ ആരംഭിച്ചതെന്നും അതില്‍ 43-മത്തേതും പുണ്ഡ്രസ്തുതിപരവുമായ ‘‘രൂക്ഷസ്മാരേക്ഷുചാപ ച്യുതശരനികര ക്ഷീണലക്ഷ്മീ കടാക്ഷപ്രോല്‍ ഫുല്ലല്‍ പത്മമാലാവിലസിത മഹിത സ്ഫാടികേശാനലിങ്ഗം’’ എന്ന പദ്യത്തില്‍ പദ്മ എന്ന പദം വരെ ഉച്ചരിച്ചപ്പോള്‍ അദ്ദേഹം പരഗതിയെ പ്രാപിച്ചു എന്നും തദനന്തരം ആപദ്യത്തിന്റെ ശേഷംഭാഗവും ബാക്കി ശ്ലോകങ്ങളും അദ്ദേഹത്തോടുകൂടിയുണ്ടായിരുന്ന പത്മപാദാചാര്യന്‍ നിര്‍മ്മിച്ച് ഗ്രന്ഥം പൂരിപ്പിച്ചു എന്നുമാണ് കേരളീയമായ ഐതിഹ്യം. അത് അവിശ്വസിക്കുന്നതിനു യാതൊരു കാരണവും കാണുന്നില്ല. തൃശ്ശൂര്‍ക്ഷേത്രത്തിനു ദക്ഷിണകൈലാസം എന്നു പേരുണ്ടല്ലോ; ശങ്കരവിജയകാരന്‍ അതിനെ സാക്ഷാല്‍ കൈലാസമായി ധരിച്ചു എന്നു വരാന്‍ പാടില്ലായ്കയില്ല. തൃശ്ശൂര്‍ മതിലകത്തിനുള്ളില്‍ ആചാര്യര്‍ മഹാസമാധിയെ പ്രാപിച്ച സ്ഥാനത്തു വിഷ്ണുവിന്റെ ശംഖചക്രബിംബങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഇന്നും കാണാവുന്നതാണ്.

കാലം

ശങ്കരന്റെ ജീവിതകാലത്തെപ്പറ്റി കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി പല വാദകോലാഹലങ്ങളും നടക്കുന്നുണ്ട്. അവ ഇക്കാലത്തും പ്രശാന്തിയെ പ്രാപിച്ചിട്ടില്ല. ക്രി. മു. ആറാംശതകം മുതല്ക്ക് ഓരോ പണ്ഡിതന്മാര്‍ ഓരോ കാലവുമായി അദ്ദേഹത്തിന്റെ ജീവിതത്തെ സംഘടിപ്പിക്കുന്നു. കാഞ്ചീപുരം കാമകോടിപീഠത്തിലെ ആചാര്യപരമ്പരയുടെ പട്ടിക നോക്കിയാല്‍ ബ്രഹ്മസൂത്രഭാഷ്യകാരനായ ആദിശങ്കരന്‍ ക്രി. മു. 508 മുതല്‍ 476 വരെ ജീവിച്ചിരുന്നതായി കാണും. എന്നാല്‍ ക്രി.പി. പതിനാറാംശതകത്തില്‍ സംവിധാനം ചെയ്ത ആ വംശാവലി ശരിയല്ലെന്നു തെളിയിക്കുവാന്‍ തീരെ പ്രയാസമില്ല. ഗൗതമബുദ്ധന്‍റെ ജീവിതം ക്രി. മു. 473-ലാണ് അവസാനിച്ചത്. ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരന്‍ ‘‘വൈനാശികൈസ്സര്‍വോ ലോക ആകുലീക്രിയതേ’’ എന്നു പറയുന്നു. ക്രി. മു. 264 മുതല്‍ 226 വരെ രാജ്യഭാരം ചെയ്ത അശോകവര്‍ദ്ധനമൗര്യന്റെ കാലത്തുമാത്രമേ ആ മതത്തിനു ഭാരതത്തില്‍ ഗണനീയമായ പ്രചാരം സിദ്ധിച്ചിട്ടുള്ളു, എന്നു മാത്രമല്ല ശങ്കരന്‍ ഖണ്ഡിക്കുന്നത് ആ മതത്തിന്റെ ആദ്യത്തെ പ്രഭേദമായ ഹീനയാനത്തെയല്ല ക്രിസ്ത്വബ്ദം ആരംഭിച്ചതിനു മേലുണ്ടായ മഹായാനത്തെയാണെന്നു പത്മപാദന്റെ പഞ്ചപാദികയില്‍നിന്നു വെളിവാകുന്നുമുണ്ട്. പിന്നെയെങ്ങനെയാണ് ശങ്കരന്‍ ക്രി. മു. 5-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നതായി ഘടിക്കുന്നത്; കൂടാതെ ശങ്കരനെ അപേക്ഷിച്ചു് അല്പമെങ്കിലും പ്രാചീനനെന്നു സമ്മതിക്കേണ്ട കുമാരിലഭട്ടന്‍ കാളിദാസന്റെ ശാകുന്തളത്തില്‍നിന്നു ‘‘സതാം ഹിസന്ദേഹപദേഷു വസ്തുഷു പ്രമാണമന്തഃകരണപ്രവൃത്തയഃ’’ എന്ന ശ്ലോകാര്‍ദ്ധം ഉദ്ധരിക്കുന്നു. ബുദ്ധമതാന്തകനായ കുമാരിലന്‍ ക്രി. മു. ആറാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണോ ജീവിച്ചിരുന്നത്? കാളിദാസന്റെ കാലം അതിനും മുന്‍പാണോ? ശങ്കരന്റെ ശിഷ്യനായ സുരേശ്വരന്‍ ഉപദേശസാഹസ്രിക്കുതാനെഴുതിയ വാര്‍ത്തികത്തില്‍ ഭഗവല്‍പാദര്‍ കീര്‍ത്തി (ധര്‍മ്മകീര്‍ത്തി)യുടെ ഒരു ശ്ലോകം ഉദ്ധരിച്ചിരിക്കുന്നതായി പ്രസ്താവിക്കുന്നു. കുമാരിലനും ശ്ലോകവാര്‍ത്തികത്തില്‍ ധര്‍മ്മകീര്‍ത്തിയെ സ്മരിക്കുന്നു. ധര്‍മ്മകീര്‍ത്തി ക്രി.പി. 639-ല്‍ ജീവിച്ചിരുന്നതിനു തെളിവുണ്ട്. ക്രി.പി. 341-ല്‍ ജീവിച്ചിരുന്നതായി ന്യായസൂചീനിബന്ധനത്തില്‍ തന്നെപ്പറ്റി പ്രസ്താവിക്കുന്ന വാചസ്പതിമിശ്രന്‍ പത്മപാദനെ സ്മരിക്കുന്നു. ഇതുകൊണ്ടെല്ലാം ക്രി.പി. 650-നു് മേലാണ് ഭഗവല്‍പാദരുടെ ജീവിതകാലമെന്നു വന്നുകൂടുന്നു. ക്രി.പി. 788 മുതല്‍ 820 വരെയാണ് അത് എന്നു പറയുന്നവര്‍ക്ക് അവലംബമായിട്ടുള്ളത്
‘‘നിധിനാഗേഭവഹ്ന്യബ്ദേ വിഭവേ ശങ്കരോദയഃ
കല്യബ്ദേ ചന്ദ്രനേത്രാങ്കവഹ്ന്യബ്ദേ പ്രാവിശദ്ഗുഹാം;
വൈശാഖേ പൂര്‍ണ്ണിമായാന്തു ശങ്കരശ്ശിവതാമഗാല്‍.’’
എന്നൊരു അജ്ഞാതകര്‍ത്തൃകമായ ശ്ലോകവും ശ്ലോകാര്‍ദ്ധവുമാണ്. നവ കാളിദാസന്റെ ശങ്കരവിജയത്തിലേ
‘‘ലഗ്നേ ശുഭേ ശുഭയുതേ സുഷുവേ കുമാരം
ശ്രീപാര്‍വതീ ച സുഖിനീ ശുഭവീക്ഷിതേ ച
ജായാ സതീ ശിവഗുരോര്‍ന്നതു ജങ്ഗമസ്ഥേ
സൂര്യേ സുതേ രവിസുതേ ച ഗുരൗ ച കേന്ദ്രേ.’’
എന്ന പദ്യവും ‘ആചാര്യവാഗഭേദ്യോ’ എന്ന കലിവാക്യവും വച്ചു കൊണ്ടു കൊച്ചിയില്‍ ഗവണ്‍മെന്റുജ്യോത്സ്യരായിരുന്ന പിച്ചുഅയ്യര്‍ ക്രി.പി. 895 മേടമാസം 18-ആംനു തിരുവാതിര നക്ഷത്രത്തില്‍ സ്വാമികള്‍ തിരുവവതാരം ചെയ്തിരിക്കാമെന്ന് അഭ്യൂഹിക്കുന്നു. ആ കണക്കിനു് അദ്ദേഹത്തിന്റെ മഹാസമാധി 837-ല്‍ ആണെന്നു വരണം. പക്ഷേ ശങ്കരവിജയത്തിലെ പ്രസ്തുത ശ്ലോകത്തിന് എത്രമാത്രം വിശ്വാസയോഗ്യതയുണ്ടെന്നു നിര്‍ണ്ണയിക്കുവാന്‍ മാര്‍ഗ്ഗമില്ലെന്നു മാത്രമല്ല ‘ആചാര്യ വാഗഭേദ്യാ’ എന്ന കലിവാക്യം എന്നുണ്ടായി എന്നറിവാന്‍ നിവൃത്തിയുമില്ല. കൊല്ലവര്‍ഷത്തിന്റെ ഉത്ഭവകാലം ഓര്‍മ്മിച്ചു എന്നുവച്ചുമാത്രം ശങ്കരന്‍ അക്കാലത്തു ജീവിച്ചിരുന്നിരിക്കണമെന്നില്ലല്ലോ.

No comments: