Monday, July 02, 2018

ത്രേതായുഗത്തില്‍ അവതരിച്ചുവെന്ന്‌ വിശ്വസിക്കുന്ന ശ്രീരാമനും ദ്വാപരയുഗാന്ത്യത്തില്‍ ജനിച്ച ശ്രീകൃഷ്ണനും ലക്ഷാവധി വര്‍ഷങ്ങളായി ലോകമനഃസാക്ഷിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞതാണ്‌. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ രാമരാജ്യവും ശ്രീകൃഷ്ണന്റെ ഗീതാ പ്രവചനവുമാണ്‌ ലോകത്തിന്‌ വെളിച്ചമേകുന്നത്‌.
ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി സമര രംഗത്തിറങ്ങിയ ഗാന്ധിജി മുന്നില്‍ വെച്ചത്‌ രാമരാജ്യവും നവോത്ഥാന നായകന്മാര്‍ക്കെല്ലാം മാര്‍ഗദര്‍ശനമായി നിന്നത്‌ ഭഗവദ്ഗീതയുമാണ്‌. ഈ രണ്ടു വ്യക്തിത്വവും ഭാവി ലോകത്തിന്‌ രണ്ടുവിധം മാര്‍ഗദര്‍ശനമാണ്‌. ഭാരതീയ കുടുംബജീവിതത്തിന്‌ ഉത്തമമാതൃകയാണ്‌ രാമകഥ. എന്നാല്‍ സംഭവബഹുലമായ ലൗകിക ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള കര്‍മ കുശലതയാണ്‌ ശ്രീകൃഷ്ണ കഥയില്‍നിന്ന്‌ ലഭിക്കുന്നത്‌.
അധികാരത്തിന്റെയും ധനത്തിന്റെയും മത്തുപിടിച്ച കേരളീയ സമൂഹത്തിന്‌ ശ്രീരാമ പാരായണം ഒരുപരിധിവരെയെങ്കിലും മാര്‍ഗദര്‍ശനമാകുമെന്ന്‌ പ്രത്യാശിക്കാം. അച്ഛനോടെങ്ങനെ പെരുമാറണമെന്ന്‌ ശ്രീരാമന്‍ സ്വന്തം ജീവിതം കൊണ്ട്‌ കാണിച്ചുകൊടുക്കുക മാത്രമല്ല, സഹോദര സ്നേഹത്തിന്റെയും യുവത്വത്തിന്റെയും പേരില്‍ അച്ഛനോട്‌ കയര്‍ത്ത ലക്ഷ്മണന്‌ നല്‍കിയ ഉപദേശത്തില്‍ കൂടി ശ്രീരാമന്‍, വിവേകം നഷ്ടപ്പെട്ട എല്ലാ യുവാക്കളോടും അതിര്‍ കടന്ന പ്രകോപനം പാടില്ല എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. രാജഭോഗങ്ങള്‍ വച്ചു നീട്ടിയത്‌ തട്ടിയെറിഞ്ഞ്‌, ജ്യേഷ്ഠനോടൊപ്പം വനത്തിലേക്ക്‌ പുറപ്പെട്ട ഭരത, ശത്രുഘ്നന്മാരെ പിന്തിരിപ്പിക്കാന്‍ ശ്രീരാമന്‌ വളരെ വിഷമിക്കേണ്ടിവന്നു. അവസാനം സ്വന്തം പാദുകം നല്‍കി സമാധാനിപ്പിക്കുകയാണ്‌ ചെയ്തത്‌. വനവാസി പീഡനത്തിന്റെയും വനവാസികളെ നക്സലൈറ്റുകളാക്കി പട്ടാളത്തെക്കൊണ്ട്‌ വേട്ടയാടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ രാമായണത്തിലെ ഗുഹനെ- വനവേടനെ സഹോദരനായി പ്രഖ്യാപിക്കുന്ന ശ്രീരാമന്റെ മാതൃക ഇന്നത്തെ ഭരണാധികാരികള്‍ക്കുണ്ടോ? 
രാമന്‍ മര്യാദാ പുരുഷോത്തമനാണ്‌: ദുഷ്ടനായ രാവണന്‍ യുദ്ധരംഗത്ത്‌ പരിക്ഷീണനാണെന്ന്‌ മനസ്സിലാക്കി പോയി വിശ്രമിച്ചിട്ടു വരൂ എന്ന്‌ പറഞ്ഞ്‌ മടക്കി അയയ്ക്കുന്ന ശ്രീരാമന്റെ ഔദാര്യം ഏത്‌ ഭരണാധികാരിക്കുണ്ട്‌. സുന്ദരിയായ സീതയെ മോഷ്ടിച്ചുകൊണ്ടുവന്നു തന്റെ അധീനത്തില്‍ വച്ചുവെങ്കിലും രാക്ഷസനായ രാവണന്‍ അവരോട്‌ അപമര്യാദയായി പെരുമാറിയില്ലെന്ന്‌ രാമായണം പറയുന്നു. നിയമവും ധര്‍മവും പരിപാലിക്കപ്പെടേണ്ടതാണെന്ന്‌ എല്ലാവരും മനസ്സിലാക്കിയിരുന്നു. രാമന്റെ സഹായികളായി യുദ്ധത്തിന്‌ പുറപ്പെട്ടത്‌ വാനരന്മാരാണെങ്കിലും അവര്‍ക്ക്‌ എല്ലാവിധ ലോകമര്യാദകളുമറിയുമായിരുന്നു. മാനവധര്‍മത്തെയും കുടുംബബന്ധത്തെയും ഊട്ടിയുറപ്പിക്കുന്ന രാമകഥ, കേരളീയ സമൂഹത്തിന്റെ നിത്യജീവിതത്തിലേക്ക്‌ പകരാന്‍ ഈ രാമായണ പാരായണം ഉപകരിക്കണം. എന്തു ധാര്‍മിക കാര്യങ്ങളെയും ആഘോഷമാക്കി മാറ്റുകയും ചിലരുടെ ധനപ്രമത്തത കാണിക്കാനുള്ള ചടങ്ങുകളായി അധഃപ്പതിക്കുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കട്ടെ. 
ശത്രുനിഗ്രഹവും ഭരണാധിപത്യവും രാമകഥയിലും ശ്രീകൃഷ്ണ കഥയിലുമുണ്ടെങ്കിലും മറ്റൊരു സന്ദേശമാണ്‌ ശ്രീകൃഷ്ണന്‍ നല്‍കുന്നത്‌. കംസ കാരാഗൃഹത്തില്‍ ജനിച്ചെങ്കില്‍ വൃന്ദാവനമെന്ന ഗോകുലമാണ്‌ ബാലലീലക്ക്‌ കളമൊരുക്കിയത്‌. ശത്രു നിഗ്രഹവും ധര്‍മരക്ഷണവുമായിരുന്നു അവിടെയും ലക്ഷ്യമെങ്കിലും അതെല്ലാം അദ്ദേഹത്തിന്‌ ബാലലീലകള്‍ തന്നെയായിരുന്നു. 
മലിനീകരണത്തില്‍നിന്ന്‌ സമൂഹത്തെ രക്ഷിക്കാന്‍ ഭരണാധികാരികള്‍ക്ക്‌ കഴിയാതെ വരുമ്പോള്‍, മണല്‍ മാഫിയയും ഭൂമാഫിയയും വനം കൊള്ളക്കാരും ഇന്നത്തെ സമൂഹദ്രോഹികളാണ്‌, അവരാണ്‌ ഭരണാധികാരികളെ ഭരിക്കുന്നത്‌. നദികള്‍ വെറും നാമമാത്രമാകുമ്പോള്‍ കാര്‍ഷിക സമൂഹം കേരളത്തില്‍ മണ്‍മറയുകയാണ്‌. കുഞ്ഞുങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഭാരം ചുമക്കപ്പെടുകയും ചെയ്യുന്നത്‌ ശ്രദ്ധിക്കാതെ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആയിരങ്ങള്‍ ധൂര്‍ത്തടിക്കുന്നു. ഗോക്കളെ സംരക്ഷിക്കാന്‍ പറഞ്ഞ കൃഷ്ണന്റെ ഗോവര്‍ദ്ധനോദ്ധാരണ കഥയും കാളിയമര്‍ദ്ദനവും ഇന്ന്‌ നമുക്ക്‌ മാതൃകയാണ്‌. 
ഇന്നും നമ്മുടെ കുഞ്ഞുങ്ങളെ പാല്‍പ്പൊടിയും മാരകമായ പാനീയവും തന്ന്‌ പ്രലോഭിപ്പിക്കാന്‍ പൂതനമാര്‍ ചുറ്റിയടിക്കുന്നുണ്ടെന്ന്‌ ആധുനിക സമൂഹം മനസ്സിലാക്കട്ടെ. അധര്‍മികളെ നശിപ്പിക്കുകയെന്നത്‌ ശ്രീകൃഷ്ണന്റെ ലീലയായിരുന്നു. പ്രായമായപ്പോഴും മഹാഭാരത യുദ്ധം പോലും അദ്ദേഹത്തിന്‌ ലീലയായിരുന്നു. ആധുനിക ചരിത്രകാരന്മാര്‍ പോലും 5000 വര്‍ഷം കഴിഞ്ഞുവെന്ന്‌ സമ്മതിക്കുന്ന കൗരവ-പാണ്ഡവ യുദ്ധഭൂമിയില്‍ അവതരിപ്പിച്ച ഭഗവദ്ഗീതാതത്വം ഇനിയും എത്രയേറെ സഹസ്രാബ്ദങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമാകുമെന്നാരറിഞ്ഞു. സ്വയം ആയുധമെടുക്കാതെയും ചെങ്കോല്‍ പിടിക്കാതെയും ഒരു കാലഘട്ടത്തെ മാത്രമല്ല വരും കാലഘട്ടത്തെയും നിയന്ത്രിക്കാന്‍ സാധ്യതയുള്ള വ്യക്തിത്വമാണ്‌ ശ്രീകൃഷ്ണന്റേത്‌. 
വരും ലോകത്തിന്റെ പ്രശ്നത്തിന്‌ പരിഹാരമാണ്‌ കൃഷ്ണന്‍. ഭാരതീയനായ പ്രഭുപാദര്‍ അമേരിക്കയില്‍ സ്ഥാപിച്ച ഹരേ കൃഷ്ണ പ്രസ്ഥാനം ഇന്ന്‌ ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തും ഗീതാതത്വം ചെവിക്കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. ആധുനിക ധനതത്വശാസ്ത്രജ്ഞന്മാരും ഗീതാതത്വം പഠിക്കാന്‍ ശ്രമിക്കുന്നു. ഗീതായജ്ഞവുമായി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ചിന്മയാനന്ദജി ലോക പ്രശസ്തിയിലേക്കുയര്‍ന്നത്‌ ഗീതാ പ്രചരണം വഴിയാണ്‌.
ശ്രീകൃഷ്ണ ജയന്തിയും ബാലദിനവും മൂന്ന്‌ ദശകങ്ങള്‍ക്ക്‌ മുമ്പ്‌ കേരളത്തില്‍ രൂപം കൊണ്ട ബാലഗോകുലം കുട്ടികളുടെ സാംസ്കാരിക പ്രവര്‍ത്തനവുമായിട്ടാണ്‌ രംഗപ്രവേശം ചെയ്തത്‌. ശ്രീകൃഷ്ണനെ മുന്നില്‍നിര്‍ത്തി കുട്ടികളുടെ സാംസ്കാരികോന്നതിക്കുവേണ്ടി തുടങ്ങിയ പ്രസ്ഥാനം സംസ്ഥാന വ്യാപകമായി ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.
ശ്രീകൃഷ്ണ ജയന്തിയെ ബാലദിനമെന്നപേരിലാഘോഷിക്കാനാണ്‌ നിശ്ചയിച്ചത്‌. ലോകചരിത്രത്തില്‍ ഇത്രയേറെ ബാലകഥകളുള്ള ഒരു വ്യക്തിയില്ല. നേരത്തെ പറഞ്ഞതുപോലെ ആ സംഭവങ്ങളെല്ലാം ധര്‍മ സംരക്ഷണവും അധര്‍മനിഗ്രഹവുമായിരുന്നുവെന്ന്‌ മാത്രം. ഭാവിയെക്കുറിച്ച്‌ ഇത്രയേറെ ശുഭപ്രതീക്ഷയുള്ള ഒരു ബാലകഥാപാത്രം മേറ്റ്വിടെയുമില്ല. ഭൗതിക ലോകം അവര്‍ നേടിയെടുത്ത മാരകായുധങ്ങളുമായി പോര്‍വിളി നടത്തുകയും ദുര്‍ബലരെ തുറങ്കിലടക്കുകയും ചെയ്യുന്ന കാഴ്ചയാണ്‌ എവിടെയും. ധര്‍മവും സംസ്കാരവും വിസ്മരിച്ചുകൊണ്ടുള്ള ഭൗതിക വിദ്യയ്ക്ക്‌ ലോകത്തെ രക്ഷിക്കാന്‍ കഴിയുകയില്ല. ഭാരതീയ തത്വം കൂടി കണക്കിലെടുത്താണ്‌ ബാലഗോകുലം കുട്ടികളെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌. ലോകമെങ്ങുമുള്ള കുട്ടികളുടെ ആഘോഷമായി ശ്രീകൃഷ്ണജയന്തി മാറണം. ശ്രീകൃഷ്ണന്റെ ഗീതാ സന്ദേശവും ധര്‍മസംരക്ഷണ മാര്‍ഗങ്ങളും ലോകം ചെവിക്കൊള്ളണം. അതിനാലാണ്‌ ബാലഗോകുലം പരപ്രേരണ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ വ്യാപിച്ചത്‌. ശ്രീകൃഷ്ണ വൈഭവം മാത്രമല്ല, കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്കാരിക പൈതൃകം കണ്ടുപഠിക്കാനുള്ള ഒരു അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ കേരളത്തില്‍ തുടങ്ങിക്കഴിഞ്ഞു. 
ഭാരതത്തിന്റെ ധാര്‍മിക ജീവിതചര്യ ഒന്നുമാത്രമാണ്‌ ലോക സമൂഹത്തെ അധര്‍മജീവിതത്തില്‍നിന്ന്‌ അകറ്റി നിര്‍ത്താനുള്ള മാര്‍ഗം. അതിന്റെ മാതൃകാ പുരുഷനാണ്‌ ശ്രീരാമന്‍. അദ്ദേഹത്തിന്റെ വൈഭവങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്ക്‌ മുമ്പുതന്നെ ലോകമെങ്ങും വ്യാപിച്ചു കഴിഞ്ഞിരുന്നു. ഭാവി സമൂഹം നേരിടുന്ന ഏത്‌ പ്രശ്നവും അതിജീവിച്ച്‌ വിജയം വരിക്കാനുള്ള കര്‍മകുശലതയും ധര്‍മമാര്‍ഗവുമാണ്‌ ശ്രീകൃഷ്ണന്റേത്‌. ഭാരതഇതിഹാസത്തെ ലോകജനതയ്ക്ക്‌ വെളിച്ചമാക്കി മാറ്റി ശീരാമന്റെയും കൃഷ്ണന്റെയും കാല്‍പ്പാടിലാണ്‌ ഭാരതം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതും ലോകത്തെ നയിക്കേണ്ടതും. അതുകൊണ്ടാണ്‌ കേരളത്തിന്റെ വഴിതെറ്റിപ്പോയ പ്രവണതയെ തിരിച്ചുകൊണ്ടുവരാന്‍ രാമായണാമാസാചരണവും ശ്രീകൃഷ്ണ ജയന്തി ആഘോഷവും.
എം.എ. കൃഷ്ണന്‍ (ബാലഗോകുലം മാര്‍ഗദര്‍ശിയാണ്‌ ലേഖകന്‍)

No comments: