Tuesday, July 24, 2018

'ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയിലേക്കു മടങ്ങിവന്ന്,കിരീടധാരണം കഴിഞ്ഞശേഷം വസിഷ്ഠന്‍,വിശ്വാമിത്രന്‍,നാരദന്‍ തുടങ്ങി പലരും പങ്കെടുത്ത ഒരു ഡര്‍ബാര്‍ നടത്തുകയുണ്ടായി. ഈശ്വരനാണോ ഈശ്വരനാമമാണോ വലുത് എന്ന ഒരു ചര്‍ച്ച അവിടെ നടന്നു. ഈശ്വരനാണ് പരമമായശക്തിയെന്നും ഈശ്വരനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ലെന്നും വിശ്വാമിത്രന്‍ വാദിച്ചു. ഭക്തിയുടെ സ്തുതിപാഠകനായ നാരദര്‍ അതിനെ ഖണ്ഡിച്ചു. അദ്ദേഹം പറഞ്ഞു, ഈശ്വരനാമം ഈശ്വരനേക്കാള്‍ വലുതാണ്,മഹത്താണ്. 
   തന്റെ വാദത്തെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം മാരുതിയുടെ കഥ പറഞ്ഞു. രാമനാമം ഉരുവിട്ടുകൊണ്ട് സമുദ്രത്തിനു മുകളിലൂടെ ഒരു കുതിപ്പിനു നൂറുയോജന ദൂരം താണ്ടുവാന്‍ മാരുതിക്കു കഴിഞ്ഞു. പക്ഷേ ആ സമുദ്രം തരണം ചെയ്യാന്‍ ഈശ്വരാവതാരമായ ശ്രീരാമചന്ദ്രന് ഒരു പാലം നിര്‍മ്മിക്കേണ്ടി വന്നു. ഈശ്വരനാമത്തിന് അത്രമാത്രം മഹത്ത്വമുണ്ട്. 
   ചര്‍ച്ചക്കു വിഷയമായ തത്ത്വം വെളിപ്പെടുത്തുവാന്‍ പറ്റിയ ഒരു സന്ദര്‍ഭം അപ്പോള്‍ സംജാതമായി. നാരദര്‍ ഹനുമാനെ സന്ദര്‍ശിച്ചു പറഞ്ഞു,''അല്ലയോ മാരുതേ, രാമചന്ദ്രന്റെ രാജസദസ്സില്‍ എല്ലാ താപസശ്രേഷ്ഠന്മാരും മഹാന്മാരും സമ്മേളിച്ചിട്ടുണ്ട്. ദയവുചെയ്ത് അങ്ങ് അവിടെ വന്ന് എല്ലാവരേയും വണങ്ങണം. എന്നാല്‍ വിശ്വാമിത്രനെമാത്രം വണങ്ങരുത്.'' മാരുതി നാരദര്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിച്ചു. കോപാകുലനായ വിശ്വാമിത്രന്‍ തന്റെ ശിഷ്യനായ രാമചന്ദ്രനോട് ആ വാനരന്റെ തലകൊയ്യുവാന്‍ പറഞ്ഞു. മാരുതി അചഞ്ചലനായി നിന്നു. ശ്രീരാമന്‍ കുഴങ്ങി. അവസാനം തന്റെ ഗുരുവിന്റെ കല്‍പന പാലിക്കാന്‍ തന്നെ തീരുമാനിച്ചു. നാരദന്റെ ഉപദേശപ്രകാരം മാരുതി സരയൂതീരത്തു പോയി യോഗാസനത്തില്‍ ഉപവിഷ്ടനായി രാമനാമം ഉരുവിടാന്‍ ആരംഭിച്ചു. ശ്രീരാമന്‍ അവിടെ വന്ന് തന്റെ  ബാണങ്ങള്‍ ഓരോന്നായി ഹനുമാന്റെ നേര്‍ക്ക് അയക്കാന്‍ തുടങ്ങി. പക്ഷേ ഭക്തകുലോത്തംസനായ മാരുതിയുടെമേല്‍ ഒരു ബാണവും തറക്കുന്നില്ല. രാമനാമത്തിലൂടെ മാരുതി രാമനുമായി താദാത്മ്യം നേടിക്കഴിഞ്ഞിരുന്നു. ആ നിലയ്ക്ക് രാമാസ്ത്രങ്ങള്‍ രാമനെത്തന്നെ ക്ഷതമേല്‍പ്പിക്കുന്നതെങ്ങനെയാണ്? അവസാനം ശ്രീരാമചന്ദ്രന്‍ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വാമിത്രന്‍ തടഞ്ഞു. ശിഷ്യധര്‍മ്മത്തില്‍ ഉറച്ചുനിന്നതിന് രാമനെ സന്തോഷത്തോടെ ആശ്‌ളേഷിച്ചു. വിജയിയായ നാരദര്‍ മന്ദഹസിച്ചു. അത് ഈശ്വരനാമത്തിന്റെ വിജയമായിരുന്നുവെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. നാമത്തിന്റെ നിസ്തുലമായ ശക്തിയെ ഈ ഉപകഥ തെളിയിക്കുന്നു.        

No comments: