Friday, July 27, 2018

നാഡികളെ ഉണര്‍ത്തുന്ന സിദ്ധാസനം

കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Saturday 28 July 2018 2:27 am IST
ബ്രഹ്മാനന്ദന്‍ തന്റെ ഭാഷ്യത്തില്‍ പറയുന്നത് ഇടതുകാലിന്റെ മടമ്പ് മേഢ്ര(ലിംഗം)ത്തിനിടയിലും വലതുകാല്‍ മടമ്പ് മേഢ്രത്തിനു മേലെയും വന്നാല്‍ സിദ്ധാസനം. രണ്ടും മേഢ്രത്തിനു മേലെയായാല്‍ മുക്താസനം. അപ്പോള്‍ 36 ല്‍ പറഞ്ഞത് ഗുപ്താസനമാണെന്നു കാണാം. മേഢ്രത്തെ മുക്തമാക്കുന്നത് മുക്താസനവും അതിനെ ഗോപനം ചെയ്യുന്നത് ഗുപ്താസനവും എന്നെളുപ്പത്തില്‍ പറയാം. സിദ്ധാസനത്തിന്റെ പ്രാധാന്യമാണ് ഈ സൂക്ഷ്മമായ വ്യത്യാസങ്ങളിലൂടെ വെളിപ്പെടുന്നത്. ഇനിയും ഏഴു ശ്ലോകങ്ങള്‍ സിദ്ധാസനത്തിന്റെ പ്രാ
ധാന്യം പറയാന്‍ മാറ്റിവച്ചിട്ടുണ്ട്.
യമേഷ്വിവ മിതാഹാരം
അഹിംസാം നിയമേഷ്വിവ
മുഖ്യം സര്‍വാസനേഷ്വേകം
സിദ്ധാഃ സിദ്ധാസനം വിദുഃ (1-38)
യമങ്ങളില്‍ മിതാഹാരം എന്നപോലെ എല്ലാ ആസനങ്ങളിലും വച്ച് മുഖ്യമാണ് സിദ്ധാസനം എന്ന് സിദ്ധന്മാര്‍ പറയുന്നു.
ആത്മനിയന്ത്രണമെന്ന യമങ്ങളില്‍ ആഹാര നിയന്ത്രണം ഏറ്റവും പ്രധാനമാണ്. ഏറ്റവും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളത് ഭക്ഷണം തന്നെ. അത് കുറക്കുക, എന്നാല്‍ കൂടുതല്‍ കുറയരുത് എന്നൊക്കെയുള്ള നിയന്ത്രണം കഠിനമാണ്. ശങ്കരാചാര്യരുടെ പക്ഷത്തില്‍ ആഹാരം വായിലൂടെയുള്ളതു മാത്രമല്ല. പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളിലോട്ടു ചെല്ലുന്നതും ആഹാരം തന്നെയാണ്. അപ്പോള്‍ അത് കഠിനമായ വ്രതം തന്നെയാണ്-വ്രതങ്ങളിലെ രാജാവാണ്. അതുപോലെ അഹിംസ, സത്യത്തിന്റെ മറ്റൊരു മുഖം തന്നെയാണ്. നാം പാലിക്കേണ്ട പ്രധാന നിയമം തന്നെ അത്. എന്നാല്‍ പാലിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും അതുതന്നെ. മനസാ വാചാകര്‍മ്മണാ മറ്റുള്ളവരെ ഹിംസിക്കാതെയുള്ള ജീവിതം വാള്‍മുനയിലൂടെ നടക്കുന്ന തരം വ്രതം തന്നെ. സിദ്ധാസനത്തിനും
 അത്രയും പ്രധാന്യമുണ്ടെന്നാണിവിടെ പറഞ്ഞുവെയ്ക്കുന്നത്.
ചതുരശീതി പീഠേഷു
സിദ്ധമേവ സദാഭ്യസേത്
ദ്വാസപ്തതി സഹസ്രാണാം
നാഡീനാം മലശോധനം (1-34)
84 ആസനങ്ങളില്‍ സിദ്ധം തന്നെ എപ്പോഴും അഭ്യസിക്കണം. 72,000 നാഡികളെയും അതു ശുദ്ധമാക്കും.
തെറ്റായ ജീവിതശൈലിയാണ് ശരീരത്തില്‍ വിഷാംശങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണം. ദുഷ്ചിന്തകള്‍ നാഡികളിലൂം ദോഷമുണ്ടാക്കുന്നു. സുഷുമ്‌ന ഉണര്‍ന്നാല്‍ ഇഡാപിം
ഗളനാഡികള്‍ താളത്തിലാകും; മറ്റു നാഡികളേയും ഉണര്‍ത്തുന്നതിനും
 സിദ്ധാസനം സഹായിക്കും. എങ്ങനെ? മൂലാധാര ചക്രത്തിന്റെ സമീപത്ത് സമ്മര്‍ദ്ദം നേരിടുമ്പോള്‍ ആ ചക്രം ഉത്തേജിതമാവും. പ്രധാന നാഡികള്‍ ഉത്ഭവിക്കുന്നതിവിടെയാണ്. എല്ലാ തടസ്സങ്ങളും നീങ്ങാന്‍ സിദ്ധാസനം കാരണമാവും.
ആത്മധ്യായീ മിതാഹാരീ
യാവത് ദ്വാദശവത്സരം
സദാ സിദ്ധാസനാഭ്യാസാത്
യോഗീ നിഷ്പത്തിമാപ്‌നുയാത് (1-40)
ആത്മാവിനെ ധ്യാനിച്ചുകൊണ്ടും ആഹാരത്തില്‍ മിതത്വം പാലിച്ചുകൊണ്ടും 12 വര്‍ഷം സിദ്ധാസനം അഭ്യസിക്കുന്ന യോഗി സിദ്ധികള്‍ നേടും.
ശരീരവും മനസ്സും സാധനയില്‍ പ്രധാനങ്ങളാണ് രണ്ടിനും പറ്റിയ മിതമായ ഭക്ഷണം നല്‍കണം. ശരീരത്തിന് മിതാഹാരവും മനസ്സിന് ആത്മധ്യാനവും വിധിച്ചിരിക്കുന്നു. മനസ്സിനെ നിയന്ത്രിക്കാന്‍ ഉയര്‍ത്താന്‍ ആത്മധ്യാനം തന്നെ ഉത്തമ മാര്‍ഗം. ശരീരം അതിന്റെ എല്ലാ കോശങ്ങളും മാറി പുതിയതാവാന്‍ ഏഴ് വര്‍ഷം എടുക്കും. എന്നാല്‍ മനസ്സിന് അതിന്റെ ദൂഷ്യമോചനത്തിന് ഒരു വ്യാഴവട്ടം തന്നെ വേണം. വലിയ കാര്യങ്ങള്‍ നേടാന്‍ വലിയ കര്‍മം, വലിയ ത്യാഗം ചെയ്യേണ്ടിവരും. 12 കൊല്ലം ആ ദൃഷ്ടിയില്‍ നീണ്ട കാലയളവല്ല.
കിമനൈ്യര്‍ ബഹുഭിഃ പീഠൈഃ
സിദ്ധേ സിദ്ധാസനേ സതി
പ്രാണാനിലേ സാവധാനേ
ബദ്ധേ കേവലകുംഭകേ
ഉത്പദ്യതേ നിരായാസാല്‍
സ്വയമേവോന്മനീ കലാ (1-41)
സിദ്ധാസനം സിദ്ധമായാല്‍ പിന്നെ എന്തിനാണ് മറ്റനേകം ആസനങ്ങള്‍? പ്രാണവായു സാവധാനത്തിലാവുകയും കേവല കുംഭകത്തില്‍ ബദ്ധമാവുകയും ചെയ്താല്‍ അനായാസമായി ഉന്മനീ അവസ്ഥയുണ്ടാകും.
ഇവിടെ മറ്റാസനങ്ങളെ നിന്ദിക്കുകയല്ല, സിദ്ധാസനത്തെ വന്ദിക്കുകമാത്രമാണ് ലക്ഷ്യം. മാത്രമല്ല ആദ്യകാലങ്ങളിലെ കഠിന സാധനയില്‍ മറ്റാസനങ്ങളൊക്കെ ധാരാളം പരിശീലിക്കും. എന്നാല്‍ ആസനജയം വന്നുകഴിഞ്ഞാല്‍ സിദ്ധാസനം മാത്രം മതിയാകും. ശ്വാസക്രമത്തെയും ഇതു ബാധിക്കും. ബോധപൂര്‍വം പ്രാണായാമം പരിശീലിച്ച് അതില്‍ സിദ്ധിവന്നാല്‍ പിന്നെ ശ്വാസത്തില്‍ ശ്രദ്ധവേണ്ടിവരില്ല. പരിശ്രമമില്ലാതെ കുംഭകം വന്നുചേരും.  ഇതാണ് കേവല കുംഭകം.
ഉന്മനീ അവസ്ഥയെ കലാ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കല ചന്ദ്രക്കല തന്നെ. മനസ്സിന് ആഹ്ലാദമേകുന്നതാണ് ചന്ദ്രക്കല. അതുപോലെ ആഹ്ലാദം നല്‍കുന്നതാണ് ഉന്മനീ.

No comments: