Monday, July 30, 2018

ജീവനിൽ അവിദ്യയുള്ളതിനാൽ അവിദ്യോപാധിയോടുകൂടിയ പരമാത്മാവുതന്നെയാണ് ജീവാത്മാവ്.  ബ്രഹ്മത്തിൽ നിന്ന് അന്യമായി സാധാരണ കാരണമായ ജീവന്റെയോ ഉപദാനഭൂതമായ പ്രകൃതിയുടെയോ സത്തകളെ അംഗീകരിക്കുന്നില്ല.
അദ്വൈത സിദ്ധാന്തത്തിന്റെ തന്നെ ഉപോല്പന്നമായ “മായാ”സിദ്ധാന്തത്തെപ്പറ്റി ഇനി വിചിന്തനം ചെയ്യാം.  ഭാരതീയ അദ്വൈത ചിന്തയോട് അടിസ്ഥാനപരമായൊരു ബന്ധമാണ് മായാവാദത്തിനുള്ളത്.  ഇത്രയേറെ പ്രസിദ്ധമായ മറ്റൊരു പദം വേദാന്തത്തിൽ ഇല്ലെന്നു തന്നെ പറയാം.  പ്രജ്ഞയുടെ പതിനൊന്നു പേരുകളിൽ ഒന്നാണ് മായ.  യാസ്കാചാര്യരുടെ നിരുക്തത്തിൽ മായയ്ക്ക് നൽകിയിരിക്കുന്ന അർത്ഥം പ്രജ്ഞയെന്നാണ്.   യാസ്കനെപ്പോലെ സായണാചാര്യനും മായയ്ക്ക് ഒരേ അർത്ഥമാണ് ഏറിയകൂറും കല്പിക്കുന്നത്.   വേദങ്ങളിൽ ഏകദേശം 94 പ്രാവശ്യം  മായയുടെ വിവിധ രൂപങ്ങൾ  കാണാം.  മായാഃ പ്രഥമ, മായയാ, മായിന, മായഭി, മായിനം, മായാ, മായാം, മായി, മായിനി, മായിനാം, മായിനാ, മായവിനാ, മായവാൻ, മായവിനം, മായവിനഃ എന്നീ പ്രയോഗങ്ങൾ വേദങ്ങളിൽ കാണാം.  മായയ്ക്ക്  ‘മിഥ്യ‘ എന്ന അർത്ഥത്തിലുള്ള പര്യായം പ്രശസ്തമായത് മാണ്ഡൂക്യോപനിഷത്തിന് ശ്രീ.ഗൌഡപാദാചാര്യരുടെ കാരികയോടുകൂടിയാണ്.  ഈ കാരിക അദ്വൈത വേദാന്തത്തെയും മായാസിദ്ധാന്തത്തെയും അംഗീകരിക്കുന്ന ഗ്രന്ഥമാണ്.

പ്രപഞ്ചത്തിന്റെ സ്ഥിതി രജ്ജുസർപ്പം പോലെയാണെന്ന് പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നു.  രജ്ജുവിനെപ്പറ്റി അറിയാതിരിക്കുമ്പോൾ അവിടെ സർപ്പമാണുള്ളത്.  അതുപോലെ ആത്മാവിനെപ്പറ്റി അറിയാതിരിക്കുമ്പോൾ മാത്രമെ പ്രപഞ്ചമുള്ളൂ.    രജ്ജുവിനെ അറിഞ്ഞുകഴിഞ്ഞാൽ സർപ്പമില്ലാത്തതുപോലെ ആത്മാവിനെ അറിഞ്ഞുകഴിഞ്ഞാൽ പ്രപഞ്ചമില്ല.  പരമാർത്ഥത്തിൽ അദ്വൈതം മാത്രമേയുള്ളൂ.  മറ്റെല്ലാം മായാകല്പിതമാണെന്നർത്ഥം.  അങ്ങിനെ പ്രപഞ്ചരഹിതമായ ബ്രഹ്മത്തിൽ പ്രപഞ്ചരൂപമായ ജഗദ് വിസ്തരിക്കപ്പെടുന്നു.  കയറ് വസ്തുവാണെന്ന് സമ്മതിക്കുന്ന അദ്വൈതി സർപ്പം ആ വസ്തുവാണെന്ന് കരുതുന്നതുകൊണ്ടാണ് ഈ വിഭ്രമം ഉണ്ടായത്.  ഈ ഉദാഹരണംകൊണ്ട് സർപ്പം കയറിൽ ഇല്ല എന്നു മാത്രമെ സ്ഥാപിക്കുവാൻ കഴിയുകയുള്ളൂ.  മറ്റെവിടെയോ ഉണ്ടെന്ന് സിദ്ധിക്കുകയും ചെയ്യും.  മനസ്സിൽ അതിന്റെ സംസ്കാരവും സ്മരണയും ഉള്ളതിനാലാണ് പ്രതീതി ഉളവായതെന്ന് മനസ്സിലാക്കണം.  അതിനാൽ ആ വസ്തു അവിടെ ഇല്ലെങ്കിൽ മറ്റെവിടെയോ ഉണ്ടെന്നു വേണം മനസ്സിലാക്കാൻ. 

(മായയെ അന്വേഷിച്ചു പോയാൽ എവിടെയും നിൽക്കില്ല.  അതുകൊണ്ട് തൽക്കാലം നിറുത്തുന്നു.  മുകളിലെ വ്യാഖ്യാനം എഴുതാൻ അറിവ് പകർന്ന ആചാര്യന്മാർക്കെല്ലാം സാഷ്ടാംഗനമസ്ക്കാരം.)

സമ്പാദനം : ഗാനൻ

No comments: