Monday, July 30, 2018

എപ്രകാരമാണോ വായു ഒരു സുഗന്ധപുഷ്പത്തിൽ നിന്നും  അതിന്റെ സുരഭിലതയെ പൂവുപോലും അറിയാതെ എടുത്തുകൊണ്ടുപോകുന്നത്, അതുപോലെയാണ് മായാവിനോദനായ ദൈവം നമ്മിൽ നിന്നും ജീവനെ കൊണ്ടുപോകുന്നത്.
മായയെക്കുറിച്ച് എത്രമാത്രം വ്യാഖ്യാനിച്ചാലും അത് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള  ഒരു വിഷയമാണ്.  ആദ്ധ്യാത്മികശാസ്ത്രത്തിൽ പറഞ്ഞുവച്ചിട്ടുള്ള മായയെ നമുക്ക്  പരിചയം കുറവാണ്.  പക്ഷെ, മായ എന്നു കേൾക്കുമ്പോൾ, എപ്പോഴും ഇല്ലാത്തതിനെ ഉണ്ടാക്കി ലോകത്തെ ദുഃഖഭൂയിഷ്ഠമാക്കുന്ന ഒരു ദുർദേവതയുടെ പ്രതീതിയാണ് പലർക്കും ഉണ്ടാകുന്നത്.  അതുപോലെ പല പുരാണകഥകളിലും പ്രത്യക്ഷപ്പെടുന്ന, ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ഒരു ദേവതയായും മായയെ പലരും മനസ്സിലാക്കി വച്ചിട്ടുണ്ട്.

ഏതൊന്നാണോ ഇല്ലാത്തത്, അത് മായയാകുന്നു.   മായ തീരെ ഇല്ലാത്തതാണോ എന്നു ചോദിച്ചാൽ, അല്ല.  പരമാർത്ഥദൃഷ്ട്യാ ഇല്ലാത്തതും, വ്യവഹാരദൃഷ്ട്യാ ഉള്ളതും ആകുന്നു.  അസത്യമായിരിക്കുന്നതിൽ നിന്നും സത്യത്തെ തിരിച്ചറിഞ്ഞ് അസത്യത്തെ നിഷേധിക്കുവാൻ സാധിക്കുന്ന വിദ്യയും മായയാണ്.  സത്യാസത്യങ്ങളെ തിരിച്ചറിയാൻ  സഹായിക്കുന്ന വിദ്യ ഏതൊരു മായയാണോ, അതിന്റെ വിരുദ്ധവശമായ അവിദ്യയും മായയിൽ തന്നെ പെടുന്നതാണ്.   മായ തന്നെ വിദ്യയായി വിലസുമ്പോൾ നാം ആത്മാരാമന്മാരും, അവിദ്യയായി വിലാസം ചെയ്യുമ്പോൾ ഇന്ദ്രിയാരാമന്മാരുമായി ഭവിക്കുന്നു.    ഈ അത്ഭുതകരമായ എല്ലാ വിശേഷത്തോടും കൂടിയിരിക്കുന്ന മായ ഏതൊരു ദൈവത്തിനു സ്വാധീനമായിരിക്കുന്നുവോ ആ ദൈവം തന്നെയാണ്  മായയെ ഒഴിവാക്കി സായുജ്യം നൽകുവാനും സമർത്ഥനായിട്ടുള്ളത്. 
പ്രപഞ്ചം ഏവരും കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്.  അതുകൊണ്ട്  അതില്ലെന്ന് തീർത്തുപറയാനാവുകയില്ല.  എന്നിരുന്നാലും ചില അനുഭവങ്ങൾക്ക് സത്തയുണ്ടെന്നു പറയുന്നത് ശരിയായിരിക്കുകയില്ല.  ഉദാഹരണത്തിന്, നീല നിറമുള്ള ഒരു ആകാശവിതാനം തലയ്ക്കു മുകളിൽ കാണുന്നുണ്ട്.  ശരിക്കും വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലുമുണ്ട്.  സത്യത്തിൽ ഈ വസ്തുതകൾ ഇല്ലാത്തവയാണ്.  അത് ഉള്ളതുപോലെ കാണപ്പെടുന്നത്, നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും രചനയിലടങ്ങിയിരിക്കുന്ന രാസ്യവും ഊർജ്ജതന്ത്രപ്രധാനവുമായ ചില പ്രത്യേകതകളാലാണ്.  നമ്മൾ ഭൂമി ഉരുണ്ടതാണെന്ന് പഠിക്കുന്നു. പക്ഷെ നമ്മുടെ അനുഭവത്തിൽ ഭൂമി എങ്ങിനെയാണ് ഉള്ളത്?  ഭൂമി പരന്നു തന്നെയാണിരിക്കുന്നത്.   ഭൂമി കറങ്ങുന്നുണ്ട്.  പക്ഷെ നമ്മൾ അത് അറിയുന്നില്ല. സൂര്യൻ ഉദിക്കുന്നതായും അസ്തമിക്കുന്നതായും നാം കാണുന്നു.  പക്ഷെ സൂര്യൻ ഉദിക്കുന്നും ഇല്ല അസ്തമിക്കുന്നും ഇല്ല.  ഉള്ളത് ഇല്ലാത്തതായും, ഇല്ലാത്തത് ഉള്ളതായും കാണിച്ചു തരുന്നതാണ് മായ.

പൂർണ്ണസത്യബോധത്തിൽ നിന്നും  പ്രപഞ്ചനിർമ്മിതിക്കായി മായ സ്പന്ദിച്ചുയരുമ്പോൾ     സത്യത്തിന് ഒരു മറ (ആവരണം) സൃഷ്ടിക്കുന്നു.  ഈ മായാസ്പന്ദനത്തിന് ശക്തി കൂടിവരുന്തോറും ഈ ആവരണത്തിന് കട്ടി കൂടി വരും.  ഇങ്ങനെ  സത്യത്തെ മറയ്ക്കുന്ന പ്രവർത്തനത്തെയാണ്  മായയുടെ ആവരണശക്തി എന്ന് പറയുന്നത്.   ഇന്ദ്രജാലപ്രകടനത്തിൽ ഒരു ഇന്ദ്രജാലക്കാരൻ പല പദാർത്ഥങ്ങളും ഉണ്ടാക്കി കാണിക്കുന്നു.  പ്രകടനത്തിന്  പ്രഭാ‍വം വർദ്ധിക്കുന്തോറും കളിയിൽ മയങ്ങുന്ന  കാഴ്ചക്കാർ ഐന്ദ്രജാലികനെ മറന്നു പോകുന്നു.  മായാജാല പ്രകടനത്തിലെ കാഴ്ചകൾ അവസാനിക്കുമ്പോൾ ഐന്ദ്രജാലികനെ വ്യക്തമായി വേർതിരിച്ച് കാണാൻ കഴിയും. അതുപോലെ മായയാൽ നിർമ്മിതമായ  മായാകാര്യങ്ങളെല്ലാം  മാറിത്തന്നാൽ മായികനായ  ദൈവം മാത്രമെ ഉണ്ടാവുകയുള്ളൂ.   മായയുടെ യഥാർത്ഥരൂപം തമസാണ്.  അജ്ഞാനം അഥവാ ജഡം മാത്രമാണ് മായാസ്വരൂപം.  ആദ്യപരിണാമഘട്ടങ്ങളിൽ പ്രകാശമയിയായിരിക്കുമെന്നും മറ്റും പറഞ്ഞത് സത്യസ്വരൂപത്തിന്റെ പ്രതിഫലനം അവിടെ കൂടുതൽ ഉള്ളതുകൊണ്ടാണ്.  യുക്തിക്ക് വിലയിരുത്താൻ കഴിയാത്ത കാഴ്ചയാണ് മായ.  അതുകൊണ്ട്  ജഗത്ത് മായാമയമാണ്.  ജഗത്തിനെ ഉണ്ടാക്കിയും ഇല്ലാതാക്കിയും കാണിക്കുന്നത് ഈ മായയാണ്.  മായയെ ഒരിക്കലും നിരൂപണം ചെയ്യാൻ കഴിയുന്നതല്ലെന്ന് വേദാന്തശാസ്ത്രം  കണ്ടെത്തിയിട്ടുണ്ടെങ്കിലും,  മായയെ പൂർണ്ണമായി ഒഴിച്ചുമാറ്റാൻ കഴിയുമെന്ന് വേദാന്തം തെളിയിച്ചിട്ടുണ്ട്.    അങ്ങിനെ  മായ അവസാനിക്കുന്നതോടെ സത്യസ്വരൂപം തെളിഞ്ഞു കാണും.  മായയെ ഇല്ലാതാക്കി  സത്യവസ്തു ഒന്നേയുള്ളൂ എന്ന് അനുഭവിച്ചറിഞ്ഞ മഹാത്മാക്കളിൽ ഒരാളാണ്  ഗുരുദേവൻ.  ഈ സാക്ഷാത്കാരാനുഭവത്തിൽ നിന്നുകൊണ്ടാണ് ഗുരുദേവൻ ‘നീയല്ലോ മായയും മായാവിയും മായാവിനോദനും’ എന്ന് പ്രഖ്യാപിക്കുന്നത്. 

അന്വേഷിക്കാത്തിടത്തോളം നിലനിൽക്കുന്നതും,  അന്വേഷിച്ചാൽ ഇല്ലാതെയാകുന്നതും ആണ് മായ എന്നാണ് ലളിതമായ വ്യാഖ്യാനം.   പ്രപഞ്ചസൃഷ്ടിയിൽ  യാതൊരു വസ്തു ഉണ്ട് എന്ന് നമ്മളെ അനുഭവപ്പെടുത്തിത്തരുന്നുവോ, ആ  പ്രകൃതിയെയാണ് മായ എന്ന് പറയുന്നത്.  ആരാണ് മായയെ ജയിക്കുന്നത് ? നാരദഭക്തിസൂത്രത്തിൽ  നാരദൻ ചോദിക്കുന്നു;  “കസ്തരതി കസ്തരതി മായ” ? ആരാണ് ലോകബന്ധത്തെ ഉന്മൂലനം ചെയ്യുന്നത്; അവൻ മായയെ തരണം ചെയ്യുന്നു.
മായയെ തരണം ചെയ്യാൻ എന്തു ചെയ്യണം എന്ന്  ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നതും ശ്രദ്ധിക്കാം.   
“ദൈവീഹേഷ്യാ ഗുണമയീ മമ മായ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ മായാ മേ താം തരന്തി തേ”

ത്രിഗുണാത്മികയായ  ദൈവീപ്രകൃതിയായിരിക്കുന്ന എന്റെ മായ അതിക്രമിക്കാൻ  പ്രയാസം തന്നെ.   എന്നാൽ  ആര് എന്നെ ശരണം പ്രാപിക്കുന്നുവോ അവർ ഈ മായയെ കടന്നു പോകുന്നു.  മൂർച്ചയുള്ള വൈരാഗ്യമാകുന്ന വാളുകൊണ്ട്   സംസാരബന്ധമാകുന്ന അശ്വത്ഥത്തിന്റെ വേര് അറുത്തുകളഞ്ഞാൽ മാത്രമെ  ഭഗവാനിലേയ്ക്ക്  എത്തിച്ചേരാൻ കഴിയുകയുള്ളൂ  എന്ന് ഗീതാകാരൻ വ്യക്തമാക്കുന്നുമുണ്ട്.  
sreenaraydharmam

No comments: