Wednesday, July 25, 2018

ശബരിമല കേസ് ഇന്ന്...


ശബരിമല കേസിൽ എൻ എസ് എസിനു വേണ്ടി ഹാജരായ ഇന്നത്തെ വക്കീൽ ശ്രീ കെ. പരാശരന്റെ വാദങ്ങൾ വായിക്കുകയായിരുന്നു.
സുപ്രീം കോടതിയിലെ തന്നെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാളാണല്ലോ അദ്ദേഹം.രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്‌ട്രപതി ആദരിച്ച നിയമജ്ഞനുമാണ്.
വലിയ പ്രതീക്ഷയോടെ തന്നെയാണ് പരാശരന്റെ സബ്മിഷനുകൾക്ക്  വേണ്ടി കോടതിയും കാത്തിരുന്നത്.
എല്ലാ പ്രതീക്ഷയും കടത്തി വെട്ടിയ ഉഗ്രൻ നിയമഞ്ജന്റെ പ്രകടനമാണുണ്ടായതും.

90 വയസ്സിലും ഒരൽപ്പം പോലും മങ്ങാത്ത അഭിഭാഷക ധിഷണ.
പ്രായം കൊണ്ടും അനുഭവം കൊണ്ടും വായന കൊണ്ടും പരിശീലനം കൊണ്ടും ആർജ്ജിച്ചെടുത്ത അപാരമായ ജ്ഞാനം.
ദൈവനിയോഗം നിറവേറ്റാനെത്തിയ കർമ്മയോഗിയുടെ മനോഭാവവും ഓരോ വാക്കിലും തുളുമ്പുന്ന അഗാധ ഭക്തിയും, പാണ്ഡിത്യവും.
പരാശരൻ പറയുമ്പോൾ ഒരിക്കൽ പോലും ഇടപെടാൻ മറന്ന് നീതിപീഠം മുഴുവൻ കാതോർത്തു കേട്ടിരുന്നു പോവുകയായിരുന്നു.
രാമായണത്തിലെ സുന്ദരകാണ്ഡം ഉദ്ധരിച്ച് എന്താണ് നൈഷ്ഠിക ബ്രഹ്മചര്യമെന്ന് അദ്ദേഹം വിശദീകരിക്കുമ്പോൾ,
ആദി ശങ്കരന്റെ വാക്യങ്ങൾ കടമെടുത്ത് ശ്രീഅയ്യപ്പൻറെ ബ്രഹ്മയോഗീ ഭാവത്തെ വർണ്ണിക്കുമ്പോൾ,
നീതിയുടെ സങ്കൽപ്പത്തെ വിദുരനീതി കൊണ്ടും ആർട്ടിക്കിൾ 14നെ അർദ്ധനാരീശ്വര സങ്കല്പം കൊണ്ടും വ്യാഖ്യാനിച്ചു വിവരിക്കുമ്പോൾ, 
ഹർജിക്കാരുന്നയിച്ച കുതർക്കങ്ങളെ ഓരോന്നായി തെളിഞ്ഞ യുക്തി കൊണ്ട് ഖണ്ഡിച്ച് ചിതറിക്കുമ്പോൾ,
തെറ്റായ ചോദ്യങ്ങളിലൂടെ നിങ്ങൾ തെറ്റായ ഉത്തരങ്ങളിലേ എത്തി ചേരുള്ളുവെന്നും ശരിയായ ഉത്തരങ്ങളിൽ എത്താൻ ശരിയായ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങണമെന്നും ന്യായാധിപന്മാരെ ഓർമ്മപ്പെടുത്തുമ്പോൾ,
ഒടുവിൽ, ഈ കേസിൽ ഞാൻ ഇവിടെ നീതി പീഠത്തിൽ അമർന്നിരിക്കുന്ന നാഥന്മാരോട് മാത്രമല്ല, അതിനും മുകളിലമരുന്ന ശബരിഗിരി നാഥനോടും ഉത്തരം പറയാൻ ബാധ്യസ്ഥനാണ് എന്ന് സംശയമില്ലാതെ പ്രസ്താവിക്കുമ്പോൾ..
ഒരു സൂപ്പർതാര പ്രകടനം കണ്ട ആരാധകനെ പോലെ ആവേശപൂർവ്വം കയ്യടിച്ചു പോവുകയായിരുന്നു.

അദ്ദേഹം ഈ കേസിൽ എൻ.എസ്.എസിന് വേണ്ടിയാണത്രേ ഹാജരായത്. തിരുവിതാംകൂർ
ദേവസ്വം ബോർഡിനേക്കാൾ അതി ശക്തമായി, വ്യക്തതയോടെ ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി വാദിച്ചത് നായർ സർവീസ് സൊസൈറ്റി ആണെന്ന് പറയാതെ വയ്യ. അയ്യപ്പഭക്തജന കോടികളുടെ,ഹൈന്ദവ ഈശ്വരവിശ്വാസികളുടെ, ഭക്ത വനിതകളുടെ ആചാരങ്ങളും അഭിമാനവും പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ
സുപ്രധാനകേസിൽ കക്ഷി ചേരാനും, അതിൽ തങ്ങൾക്കു വേണ്ടി വാദിക്കാൻ അഭിഭാഷകവൃത്തിയിലെ അഗ്രഗണ്യൻ സാക്ഷാൽ ശ്രീ കെ. പരാശരനെ തന്നെ തങ്ങളുടെ അഭിഭാഷകനായി നിയോഗിക്കാനും, എൻ.എസ്.എസ്  നേതൃത്വം എടുത്ത തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ഉറപ്പാണ്.
ഹൈന്ദവ സമൂഹം ഇക്കാര്യത്തിൽ എൻ എസ് എസിനോട്  എന്നെന്നും കടപ്പെട്ടിരിക്കും.

No comments: