Friday, July 27, 2018

സ്വാമി അഭയാനന്ദ
Saturday 28 July 2018 2:38 am IST
നാലാം ബ്രാഹ്മണം
ആത്മൈവേദമഗ്ര ആസീത്, പുരുഷ വിധ: 
സോളനു വീക്ഷ്യ നാന്യദാത്മനോ ള പശ്യത്
 സോളഹമസ്മിത്യഗ്രേ വ്യാഹരത്, തതോളഹം നാമാഭവത്....
പ്രപഞ്ചമായിത്തീരുന്നതിന് മുമ്പ് ഇതെല്ലാം  ആത്മാവ് തന്നെയായിരുന്നു. വിരാട്പുരുഷനായ ആ ആത്മാവ് ചുറ്റും നോക്കിയപ്പോള്‍ തന്നില്‍ നിന്ന് അന്യമായി ഒന്നിനേയും കണ്ടില്ല. അപ്പോള്‍ ആദ്യമായി 'അഹം അസ്മി  ഞാന്‍ ആകുന്നു' എന്ന് പറഞ്ഞു. അതുകൊണ്ട് അഹം  ഞാന്‍ എന്ന പേരുള്ളവനായിത്തീര്‍ന്നു .
 അതുകൊണ്ട് നീ ആര്? എന്ന് ചോദിക്കുമ്പോള്‍ ഇത് ഞാനാണ് എന്ന് ഇപ്പോഴും ആദ്യം പറഞ്ഞതിന് ശേഷമാണ് വേറെയുള്ള പേര് പറയുന്നത്. അവന്‍ മറ്റുള്ളവര്‍ക്കെല്ലാം മുമ്പ് എല്ലാ പാപങ്ങളേയും ദഹിപ്പിച്ചു. അതിനാല്‍ പുരുഷന്‍ എന്ന് വിളിക്കുന്നു. ഇപ്രകാരം അറിയുന്നവന്‍ അവനെക്കാള്‍ മുമ്പ് പോകുവാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ദഹിപ്പിക്കും
 പ്രജാപതിത്വത്തെ പ്രാപിക്കാനുള്ള കാര്യങ്ങളാണ് മുമ്പ് പറഞ്ഞത്. പ്രജാപതിക്ക് ജഗത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങളിലുള്ള സ്വാതന്ത്ര്യം തുടങ്ങിയവയെ വര്‍ണ്ണിക്കുന്നു. തുടര്‍ന്ന് ജ്ഞാനകര്‍മങ്ങളുടെ ഫലോത് കര്‍ഷത്തെയും പറയുന്നു. കര്‍മകാണ്ഡത്തിലെ ജ്ഞാന കര്‍മങ്ങളെ സ്തുതിക്കുന്നുവെങ്കിലും ഇവ മോക്ഷത്തിലേക്ക് എത്തിക്കില്ല.  മോക്ഷത്തിന് കാരണമായ ആത്മജ്ഞാനം നേടാന്‍ ,ബ്രഹ്മവിദ്യ അറിയുന്നതിന് സാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്.
ഇവിടെ ആത്മാവ് എന്ന് പറയുന്നത് ഏറ്റവും ആദ്യമുണ്ടായ പ്രജാപതിയെയാണ് . സമഷ്ടി ശരീരമായിരിക്കുന്ന ആ പ്രജാപതി പൂര്‍വ്വജന്മത്തില്‍ ശ്രൗത വിജ്ഞാനത്താല്‍ സംസ്‌കരിക്കപ്പെട്ട് ഈ കല്‍പത്തില്‍ ആദ്യമായി ജനിക്കുന്നു. പിന്നീട് സൂക്ഷ്മ ശരീരങ്ങളുടെ സമഷ്ടിയായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ഹിരണ്യഗര്‍ഭനെന്ന് പറയുന്നു. സ്ഥൂല ശരീരങ്ങളുടെ സമഷ്ടിയുമായി താദാത്മ്യം പ്രാപി
ക്കുമ്പോള്‍ വിരാട് എന്നും വിളിക്കുന്നു.
എല്ലാറ്റിനും കാരണമായിരിക്കുന്ന പ്രജാപതി ആദ്യം 'ഞാന്‍ ആകുന്നു'എന്ന് പറഞ്ഞതിനാലാണ് അദ്ദേഹത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരും ആരാണ് എന്ന് ചോദിക്കുമ്പോള്‍ ആദ്യം 'ഞാനാണ് ' എന്ന് പറയുന്നത്. ആദ്യം ഞാന്‍ എന്ന് പറഞ്ഞതിന് ശേഷം തന്റെ പേര് പറയുന്നു.
മുജ്ജന്മത്തില്‍ ശാസ്ത്ര വിഹിത കര്‍മങ്ങള്‍ കൊണ്ട് അജ്ഞാനമുള്‍പ്പടെയുള്ള പാപങ്ങളെ ആദ്യമേ ദഹിപ്പിച്ചതിനാലാണ് പുരുഷന്‍ എന്ന് പേരുണ്ടായത്. പൂര്‍വ്വം ഓഷണം ചെയ്തവന്‍ പുരുഷന്‍. ഇങ്ങനെ അറിയുന്നയാള്‍ക്ക് മറ്റുള്ളവരേക്കാള്‍ മുമ്പ് പ്രജാപതി പദം ലഭിക്കും.
സോളബിഭേത്, തസ്മാദേകാകീ ബിഭേതി; സ ഹായ മീക്ഷാംചക്രേ, യന്മ ദന്യന്നാസ്തി, 
കസ്മാന്നു ബിഭേമീതി, തത ഏവാസ്യ ഭയം വീയായ, കസ്മാദ്ധ്യഭേഷ്യത്
 ദ്വിതീയാദ് വൈ ഭയം ഭവതി.
ആ പ്രജാപതി ഭയപ്പെട്ടു. അതുകൊണ്ട് ഇന്നും ഒറ്റയ്ക്കായുള്ളവര്‍ ഭയപ്പെടുന്നു. പ്രജാപതി അപ്പോള്‍ ആലോചിച്ചു നോക്കി. എന്നില്‍ നിന്ന് അന്യമായി ഒന്നുമില്ലല്ലോ, പിന്നെ ഏതില്‍ നിന്നാണ് ഞാന്‍ ഭയപ്പെടുന്നത്? എന്ന്. അങ്ങനെ ചിന്തിച്ചപ്പോള്‍ ആ പ്രജാപതിയുടെ ഭയം തീരെ നീങ്ങി. ഏതില്‍ നിന്നാണ് ഭയപ്പെടുന്നത്? രണ്ടാമതൊന്നില്‍ നിന്നാണല്ലോ ഭയം ഉണ്ടാകുന്നത്.
 ഞാന്‍ ഒറ്റക്കാണ് ആരെങ്കിലും വന്ന് എന്നെ ഉപദ്രവിക്കുമോ? കൊല്ലുമോ? എന്ന് പ്രജാപതി ഭയപ്പെട്ടു. ഇത് വിപരീത ദര്‍ശനമാണ്. മനുഷ്യര്‍ക്കും ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇങ്ങനെ തോന്നും. ആത്മദര്‍ശനത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പ്രജാപതിയുടെ തെറ്റിദ്ധാരണ മാറി. തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ല. അപ്പോള്‍ ഭയം മാറി. അറിവില്ലായ്മ മൂലമുണ്ടാകുന്ന രണ്ടെന്ന ഭാവം കൊണ്ടാണ് ഭയം ഉണ്ടാകുന്നത്. തത്ത്വജ്ഞാനത്താല്‍ രണ്ടെന്ന ഭാവം നീങ്ങും. ആത്മദര്‍ശനത്താല്‍ താന്‍ മാത്രമാണ് ഉള്ളത് എന്നും രണ്ടാമതൊന്നില്ല എന്നും ബോധ്യമായാല്‍ പിന്നെ എങ്ങനെ ഭയമുണ്ടാകും.

No comments: