Saturday, October 07, 2017

മറ്റുള്ളവര്‍ നമ്മളെ വിമര്‍ശിക്കുന്നതും നമ്മുടെ കുറ്റങ്ങള്‍ പറയുന്നതും പൊതുവെ ആരും ഇഷ്ടപ്പെടാറില്ല. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ പലരും അസ്വസ്ഥരാകും. ചിലര്‍ വിഷമിക്കും. ചിലര്‍ പ്രതിഷേധിക്കും. ചിലര്‍ പ്രത്യാക്രമണങ്ങള്‍ തന്നെ നടത്തും.
സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഏതൊരാളും വ്യഗ്രത കാണിക്കും. എന്നാല്‍ ഇങ്ങനെയല്ല വിമര്‍ശനങ്ങളോടും ആരോപണങ്ങളോടും നമ്മള്‍ പ്രതികരിക്കേണ്ടത്. സന്മനോഭാവത്തോടെ, ജാഗ്രതയോടെ വിമര്‍ശനങ്ങളെ സ്വീകരിച്ചാല്‍ അവയെ നമ്മുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള ഉപാധികളാക്കി മാറ്റാം.
ഒരു രാജ്യത്ത് ഏകാധിപതിയായ ഒരു ഭരണാധികാരിയുണ്ടായിരുന്നു. ആ രാജ്യത്ത് രഹസ്യമായി പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ തനിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുന്നതായി അദ്ദേഹം അറിഞ്ഞു. രഹസ്യാന്വേഷകര്‍ ആ വിമര്‍ശനങ്ങളെഴുതുന്ന പത്രപ്രവര്‍ത്തകനെ കണ്ടെത്തി. അയാളെ ഭരണാധികാരിയുടെ മുന്നില്‍ ഹാജരാക്കി. പത്രപ്രവര്‍ത്തകന് എന്താണ് സംഭവിക്കുക എന്നോര്‍ത്ത് എല്ലാവരും ആകാംക്ഷാഭരിതരായി.
എന്നാല്‍ തന്റെ മുന്നിലെത്തിയ പത്രപ്രവര്‍ത്തകനോട് ഭരണാധികാരി പറഞ്ഞതിങ്ങനെയാണ്, ”നിങ്ങളുടെ ലേഖനങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. അതില്‍ എന്റെ പ്രവൃത്തികളെയും ഉദ്ദേശ്യങ്ങളെയും നിങ്ങള്‍ വിശദമായി വിശകലനം ചെയ്യുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാന്‍ പോലും ശ്രദ്ധിക്കാതെപോകുന്ന എന്റെ പോരായ്മകള്‍ നിങ്ങളുടെ ലേഖനത്തിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിങ്ങള്‍ എന്റെ സെക്രട്ടറിയായിരിക്കാമെങ്കില്‍ എന്റെ തെറ്റുകള്‍ തിരുത്താനും കുറെക്കൂടി നന്നായി ഭരണം നിര്‍വ്വഹിക്കുവാനും എനിക്കു കഴിയും.” പിന്നീട്, ആ പത്രപ്രവര്‍ത്തകന്‍ ഭരണാധികാരിയുടെ സെക്രട്ടറിയായി.
സാധാരണയായി നമ്മുടെ തെറ്റുകളും പോരായ്മകളും നമ്മള്‍ സ്വയം മനസ്സിലാക്കുക പ്രയാസമാണ്. മനസ്സിലായാല്‍ത്തന്നെ നമ്മള്‍ അവയെ നിസ്സാരമായിക്കണ്ട് അവഗണിക്കും. എന്നാല്‍ മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും കാണുന്നതിന് പൊതുവെ എല്ലാവരും സമര്‍ത്ഥരാണ്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ശ്രദ്ധാപൂര്‍വ്വം അവയെ സ്വീകരിക്കണം.
പലപ്പോഴും വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമായിരിക്കാം, എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമ്മള്‍ ശ്രദ്ധിക്കാതെപോയ നമ്മുടെ ചില പോരായ്മകള്‍ നമുക്കതില്‍ കാണാന്‍ കഴിയും. തെറ്റു തിരുത്താനും സ്വയം വളരാനും അത്തരം വിമര്‍ശനങ്ങളെ നമ്മള്‍ ഉപയോഗപ്പെടുത്തണം. വിമര്‍ശിക്കുന്നവരോട് നമ്മള്‍ ആന്തരികമായി നന്ദിയുള്ളവരായിരിക്കണം.
ഒരു റോസാച്ചെടിയില്‍ വിരിയുന്ന പുഷ്പം എത്ര ഭംഗിയുള്ളതാണ്. പക്ഷേ, അതിനു നമ്മള്‍ കൊടുക്കുന്ന വളമോ ചാണകം, തേയിലക്കൊത്ത് തുടങ്ങിയവ. നല്ല ഭംഗിയുള്ള പൂവിരിയാന്‍ ഇതുപോലുള്ള വളം ആവശ്യമാണ്. അതുപോലെ നമ്മുടെ വളര്‍ച്ചയ്ക്കും വിമര്‍ശനങ്ങളും എതിര്‍പ്പുകളുമാകുന്ന വളം ആവശ്യമാണ്.
വിമര്‍ശനത്തില്‍ കഴമ്പില്ലെങ്കില്‍ക്കൂടി നമ്മുടെ പ്രതികരണം മിതവും സംയമനത്തോടുകൂടിയതുമായിരിക്കണം. നമ്മളെ വിമര്‍ശിച്ചവരോടു പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍പോലും പാടില്ല. ‘ഈശ്വരാ! അവരെക്കൂടി നന്നാക്കൂ, അവര്‍ക്കു നല്ല മനസ്സു കൊടുക്കൂ’ എന്നു പ്രാര്‍ത്ഥിക്കുകയാണു വേണ്ടത്.
വിമര്‍ശനം നമ്മെ അസ്വസ്ഥരാക്കുന്നത് നമ്മുടെ പ്രവൃത്തികളിലും വ്യക്തിത്വത്തിലും നമുക്കുള്ള അഭിമാനം കൊണ്ടാണ്. അതാണു നമ്മളില്‍ വേദനയുണ്ടാക്കുന്നത്. വാസ്തവത്തില്‍ ഈ അഹങ്കാരം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ബാഹ്യമായി എങ്ങനെ പ്രതികരിച്ചാലും ആന്തരികമായി ശാന്തതയോടെ വിമര്‍ശനങ്ങളെ സ്വീകരിക്കുന്ന ഒരു മനോഭാവം നമ്മള്‍ വളര്‍ത്തിയെടുക്കണം. അതിനു കഴിഞ്ഞാല്‍ ശാന്തിയും സമാധാനവും ഉള്ളില്‍ സൂക്ഷിക്കുവാനും അതോടൊപ്പം നമ്മുടെ തെറ്റുകള്‍ തിരുത്തി സ്വയം വളരുവാനും നമുക്കു കഴിയും.


ജന്മഭൂമി: http://www.janmabhumidaily.com/news716922#ixzz4urmXRcIG

No comments: