Saturday, October 07, 2017

ഭാരതീയ ചിന്താധാരയ്ക്കനുസൃതമായി (ആയുര്‍വേദമുള്‍പ്പെടെ) ചിന്തിക്കുമ്പോള്‍, രോഗമെന്നത് പഞ്ചകോശതലങ്ങളിലുണ്ടാകുന്ന അപാകതകളുടെ പ്രതിഫലനമാണ്.
പുറമേ നാം കാണുന്നത് രോഗലക്ഷണങ്ങള്‍ മാത്രമാണ്, യഥാര്‍ത്ഥ കാരണങ്ങള്‍ സൂക്ഷ്മ-അതിസൂക്ഷ്മ കോശതലങ്ങളിലാകും. അതിനാലാണ് ചികിത്സാ സമയത്ത് ചികിത്സയ്‌ക്കൊപ്പം, ആഹാര, മാനസിക, വിചാര, വികാരതലങ്ങളിലെ ശുദ്ധി(പത്ഥ്യം) ആവശ്യമാണെന്ന് നിഷ്‌കര്‍ഷിക്കുന്നത്.
കഴിക്കുന്ന ആഹാരത്തില്‍നിന്നാണല്ലോ പഞ്ചകോശ നിര്‍മിതിയും നടക്കുന്നത്. അതിനാല്‍ ഹീലിങ് സമയത്ത് ആഹാരശുദ്ധിയുണ്ടായാല്‍ തജ്ജന്യമായ കോശ സമൂഹം ശുദ്ധമാകുകയും സൂക്ഷ്മതലത്തിലെ അപാകതകള്‍ വേഗത്തില്‍ സുഖപ്പെടുകയും ചെയ്യും. ഇതോടെ ബാഹ്യമായ രോഗലക്ഷണങ്ങളും ഇല്ലാതാകുന്നു.
വികാര-വിചാര-മാനസിക-ഭക്ഷ്യരീതികളുടെയും ജീവിതചര്യകളുടെയും സമഗ്രമായ മാറ്റമാണ് അടുത്തകാലത്തായി കണ്ടുവരുന്ന കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് അടിസ്ഥാന കാരണം. ആധുനിക വൈദ്യംശാസ്ത്രം തന്നെ 140 ല്‍ പരം രോഗങ്ങളെ സൈക്കോ-സൊമാറ്റിക് രോഗങ്ങളെന്ന പേരു ചൊല്ലി, ചികിത്സാ മാര്‍ഗ്ഗമില്ലാതെ അമ്പരന്നു നില്‍ക്കുമ്പോഴാണ് ഈശരീയ ശക്തിവിശേഷമായ പ്രാണശക്തി ചികിത്സക്കു പ്രസക്തിയേറുന്നത്.
പ്രധാനരോഗങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥമായ കാരണം സൂക്ഷ്മതലത്തില്‍നിന്നാണ്. ഈ തലങ്ങളിലേക്ക് അലോപ്പതി മരുന്നുകള്‍ക്കു കടന്നുചെന്നു പ്രവര്‍ത്തിക്കുവാനാകുകയില്ല. അവിടെ അതിസൂക്ഷ്മ ഈശ്വരീയ ശക്തിക്ക് കടന്നുചെല്ലാനും അപാകതകളെ ഒഴിവാക്കി ഹീലിങ് നടത്തുവാനും കഴിയുന്നു. വേദനയുള്ള ഭാഗത്തു കൈവച്ച് പ്രാണശക്തി നല്‍കുന്നതോടെ അവിടത്തെ ബ്ലോക്കുകള്‍ അലിഞ്ഞില്ലാതാകുകയും രക്തപ്രവാഹം സുഗമമാകുകയും ചെയ്യുമ്പോള്‍ വേദന ഇല്ലാതാകുന്നു. ഏതുതരം വേദനയും ഇല്ലാതാക്കുവാന്‍ പ്രാണശക്തി ചികിത്സയിലൂടെ സാധിക്കും.
സഹസ്രാരപത്മത്തിലൂടെ സ്വീകരിക്കപ്പെടുന്ന ഊര്‍ജ്ജം ആജ്ഞ, വിശുദ്ധി ചക്രങ്ങളിലൂടെ അനാഹതചക്രയിലെത്തി ഇരുകൈകളിലൂടെ കൈവെള്ളയിലെത്തി പുറത്തേക്കു പ്രവഹിച്ച് രോഗമുള്ള സ്ഥാനത്ത് കടന്നുകയറി ഹീലിങ് നടത്തുന്നു.
കരസ്പര്‍ശത്തിലൂടെ പ്രാഥമികതല പഠനം നടത്തിയയാള്‍ ഹീലിങ് നടത്തുന്നുവെങ്കിലും, രണ്ടാം ഘട്ട പഠനം മുതല്‍ ഏതാനും സിംബലുകള്‍ അന്തരീക്ഷത്തില്‍ വരച്ച് അതിന്റെ പേരുള്ള മന്ത്രം മൂന്നുപ്രാവശ്യം ഉച്ചരിച്ചു കഴിയുന്നതോടെ കൈയില്‍ ഊര്‍ജ്ജ പ്രവാഹം അനേകമടങ്ങായി വര്‍ധിക്കുകയും കുറഞ്ഞ സമയംകൊണ്ട് ഹീലിങ് നടക്കുകയും ചെയ്യുന്നു.
ഒരു പ്രത്യേക സിംബല്‍ വരച്ച് അതിന്റെ മന്ത്രവും ഉച്ചരിച്ചു കഴിഞ്ഞാല്‍, പിന്നീട് നാം നല്‍കുന്ന ചികിത്സ മുഴുവനും നാം വിചാരിക്കുന്ന വ്യക്തിയിലേക്കോ സ്ഥലത്തേക്കോ ചെന്ന് ഹീലിങ് നടത്തുന്നു. ഈ പ്രക്രിയയെ ഡിസ്റ്റന്റ് ഹീലിങ് എന്നറിയപ്പെടുന്നു. ഇതുവഴി എത്ര അകലെയുള്ളയാളെയും കാല-ദൂരങ്ങള്‍ക്കുപരിയായി നേരില്‍ ചികിത്സ നടത്തുന്നതുപോലെ തന്നെ ഹീല്‍ ചെയ്യാം. ഐസിയുവിലും വെന്റിലേറ്ററിലും മറ്റും കിടക്കുന്ന രോഗികളെ ഈ രീതിയിലാണ് ചികിത്സിക്കുന്നത്.
ഇതെങ്ങനെ സാധിക്കുന്നുവെന്നത് അദ്ഭുതകരമാണ്. എല്ലാ മനുഷ്യരുടെയും ഉച്ചിയിലുള്ള സഹസ്രാരപത്മത്തിലേക്ക് അനന്തതയില്‍നിന്നും വരുന്ന ഒരു വെളുത്ത പ്രകാശധാരയുണ്ട്. ഇത് ബ്രഹ്മത്തില്‍നിന്നുമെത്തുന്നതാണ്. പ്രപഞ്ചവും മനുഷ്യശരീരവുമായി താദാത്മ്യപ്പെട്ടാണല്ലോ ഇരിക്കുന്നത്. ഈശ്വരവിശ്വാസികളില്‍ പ്രകാശധാര തടിച്ചതും വിസ്തൃതവുമായിരിക്കുമ്പോള്‍ നിരീശ്വരവാദികളില്‍ അത് വളരെ നേര്‍ത്തതായിരിക്കും.
കിര്‍ലിയന്‍ ക്യാമറയിലൂടെ ഇതുകണ്ടറിഞ്ഞിട്ടുള്ളതാണ്. ഇതാണ് മനുഷ്യനും ഈശ്വരനുമായുള്ള ബന്ധമെന്നു കരുതുന്നതില്‍ തെറ്റില്ല. എപ്രകാരം ഒരു ടെലഫോണില്‍ നിശ്ചിത അക്കങ്ങള്‍ അമര്‍ത്തുമ്പോള്‍ നമുക്ക് വേണ്ട ഫോണിലേക്കു കണക്ഷന്‍ കിട്ടുന്നുവോ അതുപോലെയാണ് ഒരു പ്രത്യേക സിംബല്‍ ഉപയോഗിക്കുമ്പോള്‍ നാം വിചാരിക്കുന്ന വ്യക്തിയിലോ, അയാളിലെ രോഗഗ്രസ്തമായ ഭാഗത്തോ (കൃത്യമായി) പ്രാണശക്തി എത്തി ഹീലിങ് നടത്തുന്നത്.
പ്രാണശക്തി ഈശ്വരീയമായതിനാല്‍ അതിന് അവബോധതലമുണ്ട്. അതിനാല്‍ വേണ്ടിടത്തു വേണ്ടതുപോലെ അവധാനതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഈ കഴിവ് ഈശ്വരീയ ശക്തിക്കു മാത്രമുള്ളതാണ്. പ്രാണശക്തിയില്‍ പ്ലസ്സും മൈനസും ഭാവങ്ങള്‍, പ്രകൃതി-പുരുഷ (സ്ത്രീ-പുരുഷ) ഭാവങ്ങള്‍ വ്യക്തമായും ഉള്‍ക്കൊള്ളുന്നു. മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശിവ-ശക്തി ഭാവം തന്നെ.


ജന്മഭൂമി: http://www.janmabhumidaily.com/news716964#ixzz4urmoQMsJ

No comments: