Saturday, October 07, 2017

ആദ്ധ്യാത്മിക സാധനയുടെ സുപ്രധാനഘടകമായ മന്ത്രോപാസനയുടെ ശാസ്ത്രീയാടിസ്ഥാനത്തിലാണ് ക്ഷേത്രമെന്ന സങ്കല്‍പം ഉരുത്തിരിയുന്നത്. അവ കല്ലുകൊണ്ടും മറ്റും നിര്‍മ്മിക്കുന്ന വെറും കെട്ടിടങ്ങള്‍ മാത്രമല്ല, മന്ത്രചൈതന്യത്തെ ജനോപകാരക്ഷമങ്ങളായി ആവിഷ്‌കരിക്കാനുപയോഗിക്കുന്ന താന്ത്രികയന്ത്രങ്ങള്‍ തന്നെയാണ്.
അതിനാല്‍ ഒരു പ്രത്യേക ശാസ്ത്രസംവിധാനമനുസരിച്ചുതന്നെയാണ് ആ പ്രാകാരങ്ങള്‍ പണി ചെയ്തിരിക്കുന്നത്. പ്രതിഷ്ഠ കഴിയുമ്പോള്‍ ബിംബത്തിലും അതോടുകൂടി ക്ഷേത്രത്തിന്റെ പുറംമതില്‍ വരെയും വ്യാപകമാകുന്ന മന്ത്രചൈതന്യം- അതുതന്നെയാണ് ദേവന്റെ സൂക്ഷ്മരൂപം -വ്യാപിക്കുന്നു.
ഭക്തന്മാര്‍ ഹൃദയശുദ്ധിയോടെ ദേവനെ വിളിച്ചാരാധിക്കുമ്പോള്‍ അവിടെ സ്പന്ദിക്കുന്ന ദേവചൈതന്യം അവരുടെ ദേഹങ്ങളിലും അനുരണനം ചെയ്യുകയും അവരില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തി ഈശ്വരശക്തിയുടെ ലേശാംശത്തെ ഉണര്‍ത്തുകയും ചെയ്യുന്നു.
ഇങ്ങനെ അതിസൂക്ഷ്മമായി ഉണര്‍ന്ന ഭക്തന്റെ കുണ്ഡലിനീ ശക്തിയാണ് അവന്റെ ആഗ്രഹ നിവൃത്തിവരുത്തി പ്രാര്‍ത്ഥനകളെ സാധിപ്പിച്ചുകൊടുക്കുന്നതെന്ന ശാസ്ത്രീയ തത്ത്വം മനസ്സിലാക്കണം.
ക്ഷേത്രക്കുളത്തിലെ കുളി
മലിനമായ ശരീരമോ മനസ്സോ പവിത്രമായ ഈശ്വരാരാധന എന്ന കര്‍മ്മത്തിന് സഹായകമാവില്ല. ബാഹ്യശുദ്ധിക്ക് പുറമെ യമനിയമാദികള്‍ അനുഷ്ഠിച്ച ശേഷം മാത്രമാണ് സുഖാസനത്തിലിരുന്ന് പ്രാണായാമദിക്രിയകള്‍ അനുഷ്ഠിക്കുവാനും ആദ്ധ്യാത്മിക സൗധത്തിന്റെ ഉന്നത മണ്ഡലങ്ങളിലേക്ക് കയറുവാനും യോഗശാസ്ത്രം അനുശാസിക്കുന്നത്. ഈ ബാഹ്യാന്തര ശുദ്ധിതന്നെയാണ്്, ദേവതാദര്‍ശനത്തിന് മുന്നേ തന്നെ സ്‌നാനം ചെയ്യണമെന്ന ആചാരത്തിന്റെ അടിസ്ഥാനം.
സ്‌നാനശേഷം ദേഹത്തിന് കുളിര്‍മയും ഓജസ്സും കിട്ടുന്നതിനൊപ്പം മനസ്സിന് ഒരു തെളിച്ചവും ഉണര്‍വ്വും കൈവരുന്നു എന്നത് അനുഭവവേദ്യമായ കാര്യമാണ്. പക്ഷേ സ്ഥൂലദേഹത്തിന്റെ തൊലിപ്പുറം മാത്രം വൃത്തിയാക്കുകയല്ല ഇവിടെ സ്‌നാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈശ്വരചൈതന്യത്തില്‍ ആറാടുക എന്ന ആന്തരിക പ്രകിയ കൂടി ഇവിടെ നടക്കേണ്ടതുണ്ട്.
പരബ്രഹ്മത്തിന്റെ അത്യുന്നതമായ മേഖലകളില്‍ നിന്ന് ഏറ്റവും സ്ഥൂലമായ പൃഥ്വീതലം വരെ ഒഴുകിവരുന്ന ഈശ്വരചൈതന്യത്തിന്റെ പ്രതീകമായിട്ടാണ് വൈദികക്രിയകള്‍ ആപസ്സിനെ അല്ലെങ്കില്‍ ജലത്തെ കല്‍പിച്ചിട്ടുള്ളത്. ആ ജലത്തിലാണല്ലോ നാം നിമജ്ജനം ചെയ്യുന്നത്.
സാധകനില്‍ ഉറങ്ങിക്കിടക്കുന്ന ദൈവിക ശക്തി ഉണര്‍ന്ന് ശിരസ്സിന്റെ ഉപരിതലത്തിലുള്ള ബ്രഹ്മരന്ധ്രത്തോളം ഉയരുകയും അവിടെയുള്ള പരമാത്മചൈതന്യത്തോട് സമ്മേളിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമയ സ്വരൂപമായ 72,000 നാഡീഞരമ്പുകളിലൂടെയും ഒഴുകിവന്ന് ദേഹമാകെ ആപ്ലാവനം ചെയ്യിക്കുന്ന ഒരു പരമാനന്ദ പ്രവാഹം യോഗികളുടെ അനുഭൂതിയാണ്. ഇതുതന്നെയാണ് വൈദിക ഋഷികളുടെ ആപസ്തത്വം
ആപോഹിഷ്ഠാദി ഋക്കുകൊണ്ട് ജപിച്ച് തളിക്കല്‍, സ്ഥൂലസൂക്ഷ്മ ശരീരത്തിലുണ്ടായേക്കാവുന്ന സകലവിധ മാലിന്യങ്ങളേയും കഴുകിക്കളഞ്ഞ് ദേഹത്തില്‍ ഈശ്വരന്റെ വാസഗൃഹത്തിനുതകുന്ന പവിത്രതയണിയിക്കുന്നു.
ഗംഗാദിതീര്‍ത്ഥസ്‌നാനങ്ങളില്‍ പാപമോചനം ഉണ്ടാകുന്നുവെന്ന അടിസ്ഥാനവും ഇതുതന്നെ. ആദ്ധ്യാത്മികാനുഭൂതിയുടെ പരമകാഷ്ഠഭാവം പുലര്‍ത്തുന്ന ശിവസ്വരൂപത്തിന്റെ ശിരസ്സില്‍ നിന്നൊഴുകി വരുന്നുവെന്ന് പറയപ്പെടുന്ന ഗംഗാപ്രവാഹം ഈ യോഗാനുഭൂതിയുടെ കവിതാമയമായൊരു ഉത്തമ പ്രതീകമത്രെ.
ക്ഷേത്രത്തില്‍ പോയി ദേവദര്‍ശനം നടത്തുന്നതിന് മുമ്പായി ഇത്തരത്തിലൊരു തീര്‍ത്ഥസ്‌നാനം നടത്തേണ്ടതിന് രണ്ട് ഔചിത്യമുണ്ട്. ക്ഷേത്രക്കുളത്തില്‍ കുളിക്കുമ്പോള്‍ അതുതന്നെയാണ് ഉദ്ദേശിക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news716938#ixzz4urmzjyqW

No comments: