വൈവിദ്ധ്യങ്ങളും അന്തര്‍ഗതമായ ഏകാത്മതയും
1931-ല്‍ ജെ.എച്ച്. ഹട്ടണ്‍ നടത്തിയ സ്ഥിതിവിവരക്കണക്കെടുപ്പിലാണ് റിസ്‌ളേയുടെ വിഭജനത്തിന് മുഖ്യപരിഷ്‌കാരം ഉണ്ടായത്. വംശീയചായ്‌വുകളെക്കുറിച്ച് ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ബി.എസ്. ഗുഹയും ഇന്ത്യയുടെ വംശീയചരിത്രത്തെക്കുറിച്ച് ഹട്ടണ്‍ തന്നെയും അതില്‍ എഴുതിയിട്ടുണ്ട്. ഗുഹയും ഇന്ത്യന്‍ ജനതയെ ഏഴായി തരംതിരിക്കുന്നുണ്ടെങ്കിലും ഗുഹയുടെ വംശീയവിഭാഗങ്ങള്‍ റിസ്‌ളേയുടേതില്‍ നിന്നും ഭിന്നമാണ്. ഗുഹ മൂന്നുതരം വംശീയ മാതൃകകളെ (ടൈപ്പ്) കുറിച്ചും പറയുന്നു. അതിലൊന്ന് ഇന്‍ഡസ് നാഗരികതയുടെ കാലത്തേതാണ്. ദക്ഷിണേന്ത്യയിലെ ഇരുമ്പുയുഗത്തിലെ രണ്ടു കാലഘട്ടങ്ങളില്‍ പെടുന്നതാണ് മറ്റു രണ്ടെണ്ണവും. ഹട്ടണ്‍ മുന്നോട്ടുവെച്ച വംശീയചരിത്രം കൂടുതലും സാംസ്‌കാരികമായിരുന്നു. പിന്നീടുവന്ന നിരവധി പണ്ഡിതന്മാരുടെ പഠനങ്ങളില്‍ പൊതുവായി കാണപ്പെടുന്ന പരസ്പര ബന്ധം കണ്ടെത്തുന്ന രീതിക്ക് അടിത്തറ പാകിയത് ഹട്ടന്റെ ഈ പഠനമാണ്. പുരാതന ഇന്ത്യയുടെ വംശീയവും സാംസ്‌കാരികവുമായ ചരിത്രം വ്യാഖ്യാനിക്കുന്ന ആധുനിക പുസ്തകങ്ങള്‍ എല്ലാം തന്നെ പൊതുവായി ഈ ഗുഹ- ഹട്ടണ്‍ വാദഗതിയെ പിന്തുടരുന്നവയാണ്. 1994-ല്‍, ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ദി ബയോളോജിക്കല്‍ വേരിയേഷന്‍സ് ഓഫ് ഇന്ത്യന്‍ പോപ്പുലേഷന്‍ എന്ന മോണോഗ്രാഫില്‍ അതിന്റെ എഡിറ്റര്‍മാര്‍ ബി.എസ്. ഗുഹയുടെ വിഭജന മാതൃകയും വംശീയ വിഭജനത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ചേര്‍ത്തിരിക്കുന്നു. ഈ ലേഖനത്തിലെ ആറാം ഭാഗത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന എ റിലിജിയസ് ഹിസ്റ്ററി ഓഫ് എന്‍ഷ്യന്റ് ഇന്ത്യ എന്ന പുസ്തകത്തില്‍ എസ്. ആര്‍. ഗോയല്‍ ഉദ്ധരിക്കുന്ന എസ്.കെ. ചാറ്റര്‍ജി മുതലായവരുടെ പഠനങ്ങള്‍ ഇതില്‍പ്പെടുന്നു എന്നു കാണാം.
ഇന്ത്യയിലേക്കുണ്ടായതായി സിദ്ധാന്തവല്‍ക്കരിച്ചിരിക്കുന്ന വംശീയകുടിയേറ്റങ്ങളോടൊപ്പം ഭാഷകളുടെ കുടിയേറ്റങ്ങളേയും ചേര്‍ത്ത് വിസ്തൃതമായ പദ്ധതികളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹട്ടണ്‍ ഈ വിഷയത്തില്‍ ചിലതു തന്റെ പദ്ധതിയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 1903-ലും 1927-ലും ആയി ജെ.എ. ഗ്രിഗേര്‍സണ്‍ ഇന്ത്യയിലെ ഭാഷകളുടെ സര്‍വേ നടത്തുകയുണ്ടായി. ഇന്ത്യന്‍ ഭാഷകളുടെ പഠനത്തിന്റെ റഫറന്‍സ് ഗ്രന്ഥങ്ങളാണ് നിരവധി അധ്യായങ്ങളുള്ള ആ സര്‍വെ പഠനം. ഇന്ത്യന്‍ ഭാഷകളുടെ പ്രധാനകുടംബങ്ങള്‍ അതനുസരിച്ച് ഇന്‍ഡോ-ആര്യന്‍, ദ്രവീഡിയന്‍, ആസ്റ്റ്രിക് അഥവാ ആസ്റ്റ്രോ- ഏഷ്യാറ്റിക്, ടിബറ്റോ-ബര്‍മ്മന്‍ എന്നിങ്ങനെ നാലെണ്ണമാണ്. 1951-ലെ സെന്‍സസ് പ്രകാരം 845 ഭാഷകളും പ്രാദേശികരൂപങ്ങളും ആധുനിക ഇന്ത്യയില്‍ത്തന്നെയുണ്ട്. ഈ ഉപഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളിലേതും ചേര്‍ത്താല്‍ എണ്ണം വളരെ കൂടുമല്ലോ. ഭൂരിഭാഗം ജനങ്ങളും ഇന്‍ഡോ-ആര്യന്‍ കുടുംബത്തില്‍പ്പെട്ട ഭാഷകളാണ് സംസാരിക്കുന്നത്. ഏകദേശം 20 ശതമാനം ദ്രാവിഡ ഭാഷകളും അതിലും കുറവായി മറ്റു രണ്ടു വിഭാഗങ്ങളിലെ ഭാഷകളും ഉപയോഗിക്കുന്നു. ലിപികളുടെ എണ്ണം നിരവധിയാണ്. മിക്ക പ്രാദേശികഭാഷകള്‍ക്കും സ്വന്തമായി ലിപിയുണ്ട്. അവയുടെ എല്ലാം മൂലം ഇവിടുത്തെ പ്രാചീനലിപിയായ ബ്രാഹ്മി യാണ്. ആകെ പതിനൊന്ന് മുഖ്യലിപികളുണ്ട്. ഇവയില്‍ സംഖ്യാപരമായി ഹിന്ദിയുടെയും കൂടി ലിപിയായ ദേവനാഗരിയാണ് മുന്നില്‍.
ജീവശാസ്ത്രവും ആന്ത്രോപ്പോളജി (നരവംശശാസ്ത്രം) യും ചേര്‍ത്തു ചിന്തിക്കുന്ന നിരവധി ശാസ്ത്രജ്ഞര്‍ ഇന്ന് ഈ വംശവാദത്തില്‍ വിശ്വസിക്കുന്നില്ല എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. 1964-ല്‍ പ്രസിദ്ധീകരിച്ച ദി കണ്‍സെപ്റ്റ് ഓഫ് റെയ്‌സ് എന്ന ആധികാരിക പുസ്തകത്തില്‍ വംശം എന്ന നരവംശശാസ്ത്രപരമായ ആശയം പ്രകൃതിയിലൊന്നുമായും സാദൃശ്യമില്ലാത്ത ഒരു ഓംലെറ്റ് ആണ് എന്നാണ് വിവരിച്ചിരിക്കുന്നത്. 'നരവംശശാസ്ത്രപരമായ ഭാവനയുടെ ചൂടില്‍ ഒരുക്കിയ അതിന് സ്ഥിതിവിവരക്കണക്കാകുന്ന വറവുചട്ടിക്കു വെളിയില്‍' ഒരു അസ്തിത്ത്വമില്ല എന്നും അതില്‍ വ്യക്തമാക്കിയിരിക്കുന്നു. കല്‍ക്കട്ടയിലെ ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പി. പി. മജൂംദാറും കൂട്ടരും കൂടി 1990-ല്‍ നടത്തിയ ഇന്ത്യന്‍ ജനതയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ പഠനത്തില്‍ തെളിഞ്ഞത് - ആന്ത്രോപോമെട്രിക്ക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ജനതയെ നിശ്ചിത വംശവിഭാഗങ്ങളായി ഒരുതരത്തിലും വിഭജിക്കാന്‍ സാധ്യമല്ല- എന്നാണ്.
വൈവിദ്ധ്യങ്ങളുടെ ഈ നിഴല്‍ നില്‍ക്കേ സമൂഹം പല ശകലങ്ങളായി ഭിന്നിച്ചതാണെന്ന തോന്നല്‍ ഇന്ത്യക്കാര്‍ക്കില്ല. അവര്‍ക്കിത് സന്തോഷത്തോടെ അന്യോന്യം കൊടുക്കല്‍-വാങ്ങല്‍ നടത്തുന്ന, ഇടവും പാരമ്പര്യവും സംസ്‌കാരത്തനിമയും പങ്കിട്ടെടുക്കുന്ന, വിവിധ സമൂഹങ്ങള്‍ അടങ്ങുന്ന ഒരു തേനീച്ചക്കൂടാണ്. ഒരു അപരിചിതന്‍ തന്റെ കണ്ണടയിലൂടെ എന്ത് കാണുന്നു എന്നതിനേക്കാള്‍ ഇന്നാട്ടുകാര്‍ തമ്മില്‍ തമ്മില്‍ എങ്ങനെ കാണുന്നു എന്നതാണല്ലോ മുഖ്യം.
താത്ത്വികതലത്തില്‍ ഈ ഇടവും, പാരമ്പര്യവും, സംസ്‌കാരത്തനിമയും പങ്കിടുന്നതിന്റെ മെച്ചപ്പെട്ട വിശദീകരണം, ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കുറേ മുമ്പു നടത്തിയ, ഇന്ത്യയിലെ ജനജീവിതത്തിന്റെ ഭൗതിക പ്രത്യേകതകളുടെ വിതരണത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍, സാധിക്കും. ഗ്രാമങ്ങളുടെ ഘടന, വീടുകളുടെ മാതൃകകള്‍, മുഖ്യഭക്ഷണം, എണ്ണയും എണ്ണച്ചക്കുകളും, കലപ്പയും മറ്റുപകരണങ്ങളും, സ്ത്രീ-പുരുഷ വേഷവിധാനങ്ങള്‍, ചെരിപ്പ്, കാളവണ്ടികള്‍ എന്നീ ഭൗതിക പ്രത്യേകതകളെയാണ് പഠനവിധേയമാക്കിയത്. ഇവയുടെ വിതരണത്തില്‍ കുറച്ചളവില്‍ പ്രാദേശികത പ്രകടമാണെങ്കിലും എന്‍. കെ.ബോസിന്റെ അഭിപ്രായത്തില്‍ ഈ പ്രാദേശികത ഭാഷയുടെയോ, ശരീരപ്രകൃതിയുടെയോ അടിസ്ഥാനത്തിലുള്ളതല്ല. മാത്രമല്ല, മൊത്തത്തില്‍ ഈ ഭൗതികഘടകങ്ങളില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കാണപ്പെട്ട സാദൃശ്യം വ്യക്തമാക്കുന്നത് കൃഷിപ്പണിക്കാര്‍, നെയ്ത്തുകാര്‍, കുടമുണ്ടാക്കുന്നവര്‍ തുടങ്ങിയവരുടെ ഇടയിലുള്ള ഒരുതരം ഏകാത്മതയെ ആണ്. സാമൂഹ്യഘടനയെ സംബന്ധിച്ചിടത്തോളം വ്യത്യാസങ്ങളുടെ തോതു കുറവാണ്.
വിവിധ ജാതികള്‍ തമ്മിലുള്ള സാദൃശ്യം നിരവധിയാണ്. ബന്ധപ്പെട്ട ഉല്‍പ്പാദനസംഘടനകളുടെ സാദൃശ്യവും ഏറെയാണ്. എന്നു മാത്രവുമല്ല ഒരു സമൂഹത്തിനുള്ളിലെ പാരമ്പര്യസ്വത്തവകാശം, വ്യക്തികളുടെ കടമകളും അവകാശങ്ങളും മുതലായവയെ സംബന്ധിച്ച നിയമങ്ങളും മറ്റും അതുപോലെ കുറേക്കൂടി ഉയര്‍ന്ന തലത്തിലുള്ള ആദര്‍ശം, വിശ്വാസപദ്ധതികള്‍, കല തുടങ്ങിയവയെ പരിഗണിക്കുമ്പോള്‍ വ്യത്യാസങ്ങള്‍ ഭൗതിക തലത്തിലുള്ളതിനേക്കാള്‍ നേര്‍ത്തുനേര്‍ത്തു വരുന്നതു കാണാം. ഒടുവില്‍ ഇന്ത്യന്‍ നാഗരികതയ്ക്ക് ഒരു സവിശേഷ തനിമ നല്‍കുന്ന വിശ്വാസങ്ങളുടെയും അഭിലാഷങ്ങളുടെയും ഒരു ഏകത ആ വ്യത്യാസങ്ങള്‍ക്കു പകരം കാണപ്പെടുന്നു. അതുകൊണ്ട് ഇന്ത്യന്‍ ഏകതയെ ഒരു സ്തൂപിക (പിരമിഡ്) പോലെ കണക്കാക്കാം. വ്യത്യസ്തതകള്‍ ഭൗതികതലത്തില്‍ കൂടുതലും ഉപരിതലങ്ങളിലേക്കു ചെല്ലുന്തോറും കുറഞ്ഞുകുറഞ്ഞും വരുന്നു. ഈ നിഗമനത്തിലാണ് ചക്രബര്‍ത്തി നമ്മെ എത്തിക്കുന്നത്.
No comments:
Post a Comment