Friday, February 02, 2018

ശിവരാത്രിയോടനുബന്ധിച്ച് അനുഷ്ഠിച്ചുവരുന്ന ഒരാചാരമാണ് 'ചാലയം ഓട്ടം'എന്ന് പഴമക്കാര്‍ വിളിച്ചിരുന്ന 'ശിവാലയ ഓട്ടം.' മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിക്ക് വരുന്ന ശിവരാത്രി നാളില്‍ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. ഈ വര്‍ഷം ഫെബ്രുവരി 13  മീനം ഒന്ന് മാഘം 24 ചൊവ്വാഴ്ചയാണ് ശിവരാത്രി.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലേക്ക് ഒരു രാത്രിയും ഒരു പകലും കൊണ്ട് കാല്‍നടയായൊ ഓടിയൊ ദര്‍ശനം നടത്തുന്ന ആചാരമാണ് 'ശിവാലയ ഓട്ടം.' ശിവാലയത്തിന് പല പല കഥകള്‍ ഉണ്ടെങ്കിലും  ധര്‍മ്മപുത്രര്‍ ഒരു യാഗനടത്തിപ്പിനായി മനുഷ്യ മൃഗമെന്ന് വിശേഷിപ്പിച്ചിരുന്ന 'വ്യാഘ്രപാദ മഹര്‍ഷി'യെ ഭീമന്‍  ക്ഷണിച്ചുകൊണ്ടു വരുമ്പോഴുണ്ടായ സംഭവവുമായി ബന്ധപ്പെട്ട ഒരു നാടോടിക്കഥയാണ് ്ശിവാലയഓട്ടത്തിന്റെ ഐതിഹ്യത്തിന്നാധാരം.
ധര്‍മ്മപുത്രന്‍ യാഗം നടത്തിയത് ഇന്നത്തെ നാഗര്‍കോവിലിലെ 'വടശ്ശേരി കൃഷ്ണന്‍കോവില്‍' സ്ഥിതിചെയ്യുന്ന പ്രദേശത്താണത്രെ! ശിവാലയം ആരംഭിക്കുന്ന തിരുമല ക്ഷേത്രത്തിനുസമീപം പാര്‍ത്ഥിവപുരം എന്നൊരു പ്രദേശമുണ്ട്. 'പാര്‍ത്ഥിവന്‍' എന്നൊരു തമിഴ് രാജാവുമായി ബന്ധപ്പെട്ടതാണീ പേരെന്നും അതല്ല മധ്യമ പാണ്ഡവനായ അര്‍ജ്ജുനന്‍ അഥവാ 'പാര്‍ത്ഥന്‍' പാര്‍ത്തിരുന്നയിടം എന്ന രീതിയില്‍ പാര്‍ത്ഥിവപുരം എന്ന സ്ഥലപ്പേര് ഉണ്ടായിയെന്ന് പരക്കെ കരുതുന്നു. ഇവിടുത്തെ കൃഷ്ണക്ഷേത്രം പാര്‍ത്ഥസാരഥി ക്ഷേത്രമാണ്.
പാര്‍ത്ഥിവപുരത്തിനടുത്ത്'കുഞ്ചാവോട്' എന്ന സ്ഥലത്തെ ഗുഹയിലാണത്രെ വ്യാഘ്രപാദന്‍ തപസ്സുചെയ്തിരുന്നത്. 'കുന്തിവാകോട്' എന്നത് കാലാന്തരത്തില്‍ 'കുഞ്ചാവോട്' എന്നായതാകാം. വടശ്ശേരിയും പാര്‍ത്ഥിവപുരവും പാര്‍ത്ഥസാരഥി ക്ഷേത്രവും കുന്തിവാകോട് എന്ന കുഞ്ചാവോടും മറ്റും മഹാഭാരതകഥകളുമായി ഈ പ്രദേശത്തിന് ബന്ധമുള്ളതായി കരുതാം. ഗൗതമ മുനിയുടെ പുനരവതാരമായ വ്യാഘ്രപാദനെ കൊണ്ടുവേണം പാണ്ഡവരുടെ യാഗം നടത്തേണ്ടതെന്ന് ശ്രീകൃഷ്ണന്‍ തീരുമാനിച്ചു. വ്യാഘ്രപാദന്‍ പരമശിവഭക്തനാണ്, ശിവപൂജക്ക് പൂക്കള്‍ ഉതിര്‍ക്കുമ്പോള്‍ മുള്ളുകൊള്ളാതിരിക്കാനായി കൈകളില്‍ കണ്ണും ഏതു വൃക്ഷത്തിലും അനായാസം കയറുന്നതിന് പുലിയെപ്പോലുള്ള പാദങ്ങളും ഇരുട്ടിലും കാണാനാകുന്ന കണ്ണുകളും മഹാദേവനില്‍ നിന്ന് വരമായി ഇദ്ദേഹം നേടിയിട്ടുണ്ട്. ശിവഭക്തനെന്നതിനുപരി നാരായണ മന്ത്രത്തിന്റെ ശത്രുകൂടിയാണിദ്ദേഹം. അദ്ദേഹത്തിനുമുമ്പില്‍ ആരെങ്കിലും നാരായണമന്ത്രം ജപിച്ചാല്‍ ദുര്‍വ്വസാവിനെക്കാളും കോപമുള്ളവനായി മാറും! നാരായണ മന്ത്രം ശ്രവിച്ചാല്‍ കോപിക്കുന്ന ഈ മഹര്‍ഷിയെ വിളിച്ചുകൊണ്ടുവരാനാണ് ശ്രീകൃഷ്ണന്‍ ഭീമനെ നിയോഗിച്ചത്. ശിവനും കൃഷ്ണനും വ്യത്യസ്തരല്ലെന്ന് തെളിയിക്കണം. ശിവാലയ ഓട്ടത്തിന് കാരണമിതാകാം.
മുനി തപസ്സുചെയ്യുന്ന ഗുഹാമുഖത്തു ചെന്ന് ഭീമന്‍ ഗോവിന്ദാഗോപാലായെന്ന് ജപിച്ചുകൊണ്ടു വേണം മുനിയെ യാഗത്തിലേക്ക് ക്ഷണിക്കേണ്ടത്. എന്നാല്‍ ഇതുകേള്‍ക്കുന്ന മുനിയാകട്ടെ ഉടന്‍ തന്നെ ഭീമനെ ആക്രമിക്കാനായിട്ടടുക്കും പിടിക്കപ്പെട്ടാല്‍ മുനി ഭീമനെ ഭക്ഷിച്ചേക്കും. അതുകൊണ്ട് തിരിഞ്ഞു നോക്കാതെ ഓടണമെന്നും മുനി അടുത്തുവരുമെന്നു തോന്നുമ്പോള്‍ ഒരു രുദ്രാക്ഷ മണി മുനിക്കുനേരേ എറിയണമെന്നും നിര്‍ദ്ദേശിച്ച് പന്ത്രണ്ട് രുദ്രാക്ഷമണികള്‍ കൃഷ്ണന്‍ ഭീമനു നല്‍കി.
ഭീമസേനന്‍ ഈ രുദ്രാക്ഷമണികളുമായി  വ്യാഘ്രപാദന്‍ തപസ്സുചെയ്യുന്ന ഗുഹക്കുസമീപമെത്തി 'ഗോവിന്ദാഗോപാലാ എന്ന് ജപിച്ചു കൊണ്ട് മുനിയെ യാഗത്തിനു  ക്ഷണിച്ചു. അപ്പോഴേക്കും ക്രുദ്ധനായ മുനി ഭീമനുനേരെ പാഞ്ഞടുത്തപ്പോള്‍ ഗോവിന്ദാ...ഗോപാലാ...എന്നുജപിച്ചുകൊണ്ട് പിന്തിരിഞ്ഞോടി. മുനി ഭീമന്റെ സമീപമെത്തുമ്പോള്‍ ഭീമന്‍ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോള്‍ അവിടെ രുദ്രാക്ഷം ശിവലിംഗമായി മാറും. ശിവലിംഗം കണ്ടാല്‍ മുനി അവിടെ പൂജ നടത്തും. ഭീമന്‍ മുനിയെ വീണ്ടും യാഗത്തിനു  പ്രേരിപ്പിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോള്‍ ഭീമന്‍ വീണ്ടും രുദ്രാക്ഷം നിക്ഷേപിക്കും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. ഒടുവില്‍ പന്ത്രണ്ടാമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനം നല്‍കി. അങ്ങനെ ഇരുവര്‍ക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യകതമായി. മുനി പിന്നീട് ധര്‍മ്മപുത്രന്റെ യാഗത്തില്‍ പങ്കുകൊണ്ടു.
ഭീമന്‍ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥാപിതമായ പന്ത്രണ്ട് ശിവലിംഗങ്ങളുടെ സ്ഥാനത്ത് പന്ത്രണ്ട് ശിവക്ഷേത്രങ്ങളുണ്ടായി. ശിവാലയ ഓട്ടം നടക്കുന്നത് ഈ ദ്വാദശ ക്ഷേത്രങ്ങളിലാണ്. തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര,പൊന്മന,പന്നിപ്പാകം, കല്‍ക്കളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നിവയാണ് ശിവാലയ ക്ഷേത്രങ്ങള്‍. തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കുഴിത്തുറ കഴിഞ്ഞ് വെട്ടുവെന്നി ശാസ്താക്ഷേത്രദര്‍ശനം കഴിഞ്ഞ് വലത്ത് തേങ്ങാപ്പട്ടണം റോഡില്‍ മുഞ്ചിറക്കു സമീപം തിരുമല മഹാദേവക്ഷേത്രം.
ഇതാണാദ്യത്തെ ശിവാലയം. ഇവിടെ നന്ദിയുടെ പ്രതിഷ്ഠ ശിവലിംഗത്തിനു നേരെയല്ല. ഇവിടത്തെ നന്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ചതില്‍ മഹാദേവന്റെ കോപത്തിനുപാത്രമായി. അങ്ങനെ നന്ദിയെ മാറ്റിനിര്‍ത്തിയതാണത്രെ.  അടുത്തത് തിക്കുറിശ്ശി മഹാദേവന്‍. ഈ മഹാദേവന്റെ അനുഗ്രഹത്താല്‍ ഒട്ടനവധി സാംസ്‌കാരിക നായകര്‍ പ്രശസ്തരായിട്ടുണ്ടത്രെ. മാര്‍ത്താണ്ഡത്തുനിന്ന് നാലു കിലോമീറ്റര്‍ വടക്കുമാറി താമ്രപര്‍ണി നദിക്കരയിലാണ് തിക്കുറിശ്ശി ക്ഷേത്രം. ഇവിടേയും നന്ദി പ്രശ്‌നംതന്നെ.  'കുമരിക്കുറ്റാലം' എന്നറിയപ്പെടുന്ന  തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനു സമീപം തൃപ്പരപ്പ് മഹാദേവക്ഷേത്രം. ഇതാണ് മൂന്നാമത്തെ ശിവാലയം.    തിക്കുറിശ്ശിയില്‍ നിന്ന് എട്ടോളം കിലോമീറ്റര്‍ വടക്കു കിഴക്കുമാറിയാണ് തൃപ്പരപ്പ്.
'തിരുച്ചാരണമല'യെന്നുമറിയപ്പെടുന്ന പ്രസിദ്ധമായ 'ചിതറാല്‍മല'യിലെ ജൈനമതക്കാരുടെ ഗുഹാക്ഷേത്രം വഴിവക്കിലാണ്. ജൈനമതത്തെ തിരുച്ചാരണമതമെന്നാണ് തമിഴില്‍ അറിയപ്പെടുന്നത്. തൃപ്പരപ്പില്‍ നിന്ന് കുലശേഖരം വന്ന് പേച്ചിപ്പാറ റൂട്ടിലാണ് നാലാമത്തെ ശിവാലയം  തിരുനന്ദിക്കര. മഹാദേവന്റെ വാഹനമായ നന്ദിയുമായി ബന്ധപ്പെട്ടതാണീ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കുഭാഗത്തെ പാറയിലെ  ഗുഹാക്ഷേത്രമാണ് ഇവിടത്തെ മൂലക്ഷേത്രം. ശിവരാത്രി ദിവസം ഇവിടെ പ്രത്യേക പൂജയുണ്ട്.
അഞ്ചാമത് ശിവാലയം പൊന്മന തീമ്പിലാന്‍കുടി മഹാദേവക്ഷേത്രം. കുലശേഖരത്തില്‍ നിന്ന് കിഴക്കോട്ട് പെരുഞ്ചാണിഅണയ്ക്ക് സമീപം. പന്നിഭാഗം മഹാദേവക്ഷേത്രമാണ് ആറാമത്തെ ശിവാലയം. 'പാശുപതം'നല്‍കുന്നതിനുമുമ്പ് മഹാദേവന്‍ അര്‍ജ്ജുനനെ പരീക്ഷിക്കാനായി യുദ്ധം ചെയ്ത ഭാവത്തിലുള്ളതാണ് ഇവിടത്തെ പ്രതിഷ്ഠ.
തമിഴ്‌നാട്ടിലാണങ്കിലും കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്മനാഭപുരം കൊട്ടാരത്തിന് കിഴക്ക് കോട്ടയ്ക്ക് പുറത്ത്  കല്‍ക്കുളം മഹാദേവക്ഷേത്രം. ഏഴാമത്തെ ശിവാലയമാണിത്.  എട്ടാമത് മേലാംകോട്.  മേലാംകോട് യക്ഷിയെപ്പറ്റി കേട്ടിരിക്കുമല്ലൊ? യക്ഷിക്ക് മോക്ഷം നല്‍കിയഭാവം. ക്ഷേത്രത്തോടു ചേര്‍ന്നും പുറത്തുമായി രണ്ട് യക്ഷിയമ്പലങ്ങളിവിടുണ്ട്. ജേഷ്ഠത്തിയും അനുജത്തിയുമാണത്രെ. യക്ഷിക്ക്  അബ്രാഹ്മണ പൂജയാണ്. സഹ്യാദ്രി സാനുവിന്റെ താഴ്‌വരയിലെ പ്രകൃതി രമണീയമായ ഗ്രാമക്ഷേത്രം മേലാങ്കോട്. അടുത്ത ശിവാലയം തിരുവിടക്കോട്. ഇതാണ് ഒന്‍പതാമത്തേത് .തിരുവനന്തപുരം-കന്യാകുമാരി ദേശിയപാതയില്‍ 'വിലക്കുറി'യില്‍ റോഡിനു കുറുകെ ഒരു  ചാനല്‍ പാലമുണ്ട്.  അതിനോടുചേര്‍ന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ചെന്നാല്‍ തിരുവിടക്കോട് മഹാദേവര്‍ ക്ഷേത്രം. ഇവിടെ ദര്‍ശനം കഴിഞ്ഞാല്‍ തിരിഞ്ഞോടണം. ഓടി തക്കല പിന്നിട്ട് പടിഞ്ഞാറോട്ട് തിരുവിതാംകോട്. ഇവിടുത്തെ മഹാദേവര്‍ ക്ഷേത്രമാണ് പത്താമത്തെ  ശിവാലയം. ഇവിടെ മഹാദേവര്‍ ക്ഷേത്രത്തോടൊപ്പം മഹാവിഷ്ണു ക്ഷേത്രവുമുണ്ട്.
രണ്ടു ശ്രീലകവും രണ്ട് കൊടിമരവും ഇവിടുത്തെ പ്രത്യേകതയാണ്. തിരുവിതാംകോട്ടു നിന്ന് ഓട്ടം വടക്കോട്ട്  അഴകിയ മണ്ഡപം കഴിഞ്ഞ് മുളമൂട്ടനു പടിഞ്ഞാറ്  പള്ളിയാടി അവിടെ  പതിനൊന്നാമത് ശിവാലയം തൃപ്പന്നിയോട്   മഹാദേവര്‍ ക്ഷേത്രം.   ബ്രഹ്മാവിന്റെ നാല് ശിരസ്സുകളില്‍ ഒന്ന് നുള്ളിയെടുത്തതിനാല്‍  ബ്രഹ്മഹത്യാപാപമുണ്ടായ മഹാദേവന്റെ കയ്യില്‍ ബ്രഹ്മശിരസ്സ് ഉറച്ച് കപാലിയായി മാറി. ഈ ഭാവത്തിലാണ് ഇവിടത്തെ മഹാദേവന്‍. ഭീമന് കൃഷ്ണനായും വ്യാഘ്രപാദന് ശിവനായും ദര്‍ശനം നല്‍കിയെന്ന് കരുതുന്ന തിരുനട്ടാലമാണ് അവസാനത്തെ ശിവാലയം.ഇവിടെ രണ്ട് ക്ഷേത്രങ്ങള്‍ തീത്ഥക്കുളത്തിന് ഇരു കരകളിലായി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് പരമശിവനും കിഴക്ക് ശ്രീകൃഷ്ണനും. ശങ്കരനാരായണന്മാര്‍.         
നൂറ് കിലോമീറ്ററോളം ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളില്‍ കാല്‍നടയായി ദര്‍ശനം നടത്തുന്നതാണ് വഴിപാട്. ഒരാഴ്ച വ്രതം നോറ്റശേഷമാണ് ഓട്ടം ആരംഭിക്കുക.  ഭക്തര്‍ മിക്കവാറും സംഘങ്ങളായാണ് ശിവാലയമോടുന്നത്.   ശിവരാത്രിയുടെ തലേ ദിവസം വൈകുന്നേരത്തെ ദീപാരാധന കഴിഞ്ഞ് ആദ്യത്തെ  ശിവാലയമായ തിരുമല ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വെളുക്കുമ്പോള്‍ തിരുനട്ടാലത്ത് ഭീമന് കൃഷ്ണനായിട്ടും മുനിക്ക് ശിവനായിട്ടും ദര്‍ശനം നല്‍കിയ  നടപ്പാലം ശങ്കര നാരായണ  ക്ഷേത്രത്തില്‍  അവസാനിക്കുന്നു. കാവി വസ്ത്രത്തില്‍ പട്ടുചുറ്റി, തുളസിമാല മാറിലണിഞ്ഞ് കൈകളില്‍ ശിവലിംഗത്തെ വീശാനായിട്ടൊരു വിശറിയും ഭസ്മ സഞ്ചിയുമായിട്ടാണ് ഭക്തര്‍ ശിവാലയ ഓട്ടംനടത്തുന്നത്.
ഓടുന്ന വഴിയിലുടനീളം സന്നദ്ധ സംഘങ്ങളുടെ സഹായം ലഭ്യമാകും. പഴയ കാലത്ത് ടോര്‍ച്ചും മറ്റും ഇല്ലാതിരുന്ന കാലത്ത് ചൂട്ട്കറ്റകളാണ് വെളിച്ചത്തിനുണ്ടായിരുന്നത്. അന്ന് സന്നദ്ധ സംഘടനകള്‍ ചൂട്ടുകറ്റകള്‍ സൗജന്യമായി വിതരണം ചെയ്യുമായിരുന്നു. ഇപ്പോള്‍ കുടിവെള്ള വിതരണം, അന്നദാനം എന്നിവ ക്ഷേത്രങ്ങളോടനുബന്ധിച്ചുണ്ടാകാറുണ്ട്. ശിവക്ഷേത്രങ്ങളിലേക്ക് 'ഗോവിന്ദാ ഗോപാലാ'എന്ന വൈഷ്ണവ മന്ത്രവുമായി പോകുന്നതിനാല്‍ ഗോവിന്ദന്മാര്‍ എന്നാണിവരെ വിളിക്കുക. വിഷ്ണുവും ശിവനും വ്യത്യസ്തരല്ലയെന്ന സന്ദേശത്തിനാണിവിടെ പ്രസക്തി. ശൈവ വൈഷ്ണവ മതങ്ങളുടെ ഏകോപനവുമാകാം ഈ ആചാരം.

No comments: