വൈവിദ്ധ്യങ്ങളും അന്തമര്‍ഗതമായ ഏകാത്മതയും
ഈ വംശസിദ്ധാന്തത്തിന്റെ ചില വശങ്ങള്‍ പരിശോധിക്കാം. ഒന്നാമതായി ഭാഷയുടെ പല ഘടകങ്ങളേയും ഇതുമായി കൂട്ടിക്കുഴച്ചു കാണുന്നു. പല പണ്ഡിതന്‍മാരും സൈദ്ധാന്തികമായി ഈ ബന്ധപ്പെടുത്തലിനെ തള്ളിക്കളയുന്നുണ്ടെങ്കിലും, പ്രായോഗികതലത്തില്‍, വംശത്തേയും വംശാടിസ്ഥാനത്തിലുള്ള വിഭജനത്തേയും കുറിച്ച് ഇവര്‍ തന്നെ എഴുതുമ്പോള്‍ ഭാഷാപരമായ ബന്ധങ്ങള്‍ കയറിവരുന്നതു കാണാം. രണ്ടാമത്തെ കാര്യം വംശപരമായ വിഭജനങ്ങള്‍ക്ക് പലപ്പോഴും വംശങ്ങളുടെ ഉച്ചനീചത്വ നിറം കൈവരുന്നു എന്നതാണ്. വംശങ്ങളെന്ന ആശയം പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ് ചിട്ടയോടെ അവതരിപ്പിച്ചത്. അന്നുതൊട്ട് വംശീയശ്രേണിയെന്ന ഘടകം ഏതാണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും കൂട്ടിവായിക്കുക പതിവായി.
ആധുനിക രാജനൈതിക- സാമൂഹ്യ സാഹചര്യങ്ങളില്‍ ഇതിന് ശക്തിയായ അടിയൊഴുക്കുകള്‍ ഉണ്ടാക്കുവാന്‍ കഴിയും. അത് ഏറ്റവും പ്രബലമായി പ്രകടമായത് നാസി ജര്‍മനിയിലായിരുന്നല്ലോ. മൂന്നാമത്തെ വശം മനുഷ്യസമൂഹത്തെ കാക്കസോയ്ഡ്, മംഗളോയിഡ്, നെഗ്രോയിഡ് എന്നിങ്ങനെ ഇനംതിരിച്ച് പട്ടികയിലാക്കുന്ന മൗലിക ചട്ടക്കൂട് ഈ അടുത്തകാലം വരെ തടസ്സങ്ങളില്ലാതെ, ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നുവന്നു. അതിന്റെ ഉച്ച/നീചവംശപരമായ ശ്രേണിതിരിക്കലും നാഗരികതയുടെ മുന്നോട്ടുപോക്കില്‍ അതു ചെലുത്തുന്നതായി കരുതപ്പെടുന്ന സ്വാധീനവും, ചരിത്രത്തോട് തികച്ചും വംശീയമായ സമീപനം കൈക്കൊള്ളാന്‍ ഇടയാക്കി. നാലാമതായി ജര്‍മനിയിലെ നാസിഭരണകൂടത്തിന്‍ കീഴില്‍ നടന്ന ജൂതന്‍മാരുടെ കൂട്ടക്കുരുതി (ഹോളോക്കാസ്റ്റ്)ക്കും അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് പ്രസ്ഥാനത്തിനും ശേഷം വളരെ ചരിത്രപ്രാധാന്യമുള്ള ഒരു ആശയം എന്ന നിലയ്ക്ക് പണ്ഡിതന്മാരുടെ ഇടയില്‍ അതിന് അമിതപ്രാധാന്യം ഇല്ലാതായെങ്കിലും സര്‍വകലാശാലകളില്‍ ആ ആശയത്തിന്റെ ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പൊഴേക്കും മേല്‍ക്കൊടുത്ത സെഫാലിക് സൂചകത്തിന്റെ അടിസ്ഥാനത്തിലുള്ള വംശീയ വിഭജനപദ്ധതി യൂറോപ്പില്‍ അംഗീകരിക്കപ്പെട്ടു. ആ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുടനീളം ഇന്ത്യന്‍ ജനതയെ പലകൂട്ടങ്ങളായി വിഭജിക്കാനുള്ള താല്‍പ്പര്യം കൂടിക്കൂടി വന്നിരുന്നു. ഇത് പ്രാഥമികമായി പണ്ഡിതന്മാരുടെ തലങ്ങളിലുയര്‍ന്നതായിരുന്നില്ല. അതിന്റെ പ്രധാന ഉദ്ദേശം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുക എന്നതായിരുന്നു. ജാതി- ഗോത്ര- വംശതലങ്ങളിലായുള്ള പലതരം വിഭജനമെന്ന കാഴ്ച്ചപ്പാടിന് ഇന്ത്യന്‍ ജനതയുടെ കണ്ണില്‍ ശാസ്ത്രീയപരിവേഷം കൊടുക്കേണ്ടത് അതിന് ആവശ്യമായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന് ഇതു കൂടുതല്‍ ശക്തി പകരും. മാത്രമല്ല, ജനങ്ങള്‍ തമ്മില്‍ തമ്മില്‍ അകന്നു വേര്‍പെടാനുള്ള തോന്നല്‍ വര്‍ദ്ധിക്കുകയും ചെയ്യും എന്ന് ബ്രിട്ടീഷ് അധികൃതര്‍ കരുതി. അവരുടെ ഈ മനോഭാവം തുറന്നു കാണിക്കുന്ന ഒരു ഉദ്ധരണം ചക്രബര്‍ത്തി തന്റെ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട് - 'ആഴമാര്‍ന്നതും എന്നാല്‍ നിഷ്‌കളങ്കവുമായ വിടവുകളുള്ള ഒരു ജനസമൂഹത്തില്‍ അപകടകരമായ രാജനൈതിക സ്വഭാവമുള്ള രഹസ്യ സംഘങ്ങളൊന്നും തന്നെ ഉണ്ടാകാന്‍ സാധ്യതയില്ല. ജാതിയില്‍ അധിഷ്ഠിതമായ പഞ്ചായത്ത് ഒരു യഥാര്‍ത്ഥ ഭരണാധികാരിക്ക് സ്വാഗതം ചെയ്യപ്പെടേണ്ട ഒരു നല്ല സഹായിയാണ്; ഡിവൈഡ് ഇംപെരാ.. (ഭിന്നിപ്പിച്ചു ഭരിക്കുക) എന്ന പഴയ റോമന്‍ നയം ഇവിടെ ചേരും. ബ്രിട്ടീഷ് ഇന്ത്യയില്‍ ഒരു എത്‌നോളജിക്കല്‍ (വംശാടിസ്ഥാനത്തില്‍) സര്‍വേയ്ക്കു സാധ്യത ഉണ്ടെന്നു കേട്ടപ്പോള്‍ എനിക്കു സന്തോഷമായി.'
1886-88 കാലത്ത് ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ റിസ്‌ളേ ഒരു സര്‍വേ നടത്തി. അതുവഴി കിട്ടിയ ആന്ത്രോപോമെട്രിക്ക് (മനുഷ്യശരീരത്തിന്റെയും അവയവങ്ങളുടെയും അളവുമായി ബന്ധപ്പെട്ട ശാസ്ത്രം) വിവരങ്ങളും എത്‌നോഗ്രാഫിക് അനുബന്ധവും 1891-ല്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ജനതയെ പലതരം സമുദായങ്ങള്‍ (കമ്മ്യൂണിറ്റി) ആയി വിഭജിക്കുന്ന രീതി ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന സംരംഭത്തില്‍ നാം നേരത്തെ കണ്ടു. ഈ പാരമ്പര്യം റിസ്‌ളേയുടെ ആ പ്രസിദ്ധീകരണം തൊട്ടുതുടങ്ങിയതാണ്. ഒരു ഉദാഹരണം- ലാല്‍ബെഗി എന്ന പട്ടികയില്‍ അപ്പര്‍ ഇന്ത്യയിലെ മുസ്‌ളീം തൂപ്പുകാരുടെ സമൂഹത്തെക്കുറിച്ചുള്ള വിവരണം കാണാം. ഇവരാകട്ടെ പണ്ട് പാശ്ചാത്യരുടെ ബംഗ്‌ളാവുകളില്‍ തൂപ്പുപണിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്.
ഇന്ത്യന്‍ ജനതയെ ഏഴായി തരം തിരിച്ചതാണ് റിസ്‌ളേയുടെ ചെയ്തികളില്‍ പ്രധാനം. ഈ വിഭജനപ്പട്ടിക നാം കണ്ടു. ഇതിനവലംബം ഇന്ത്യയുടെ പുരാവൃത്തം, ഇന്ത്യന്‍ ഭാഷകളുടെ ചരിത്രം എന്നിവയെക്കുറിച്ചുള്ള റിസ്‌ളേയുടെ ധാരണകളും ആന്ത്രോപോമെട്രിക്ക് വിവരങ്ങളും ആയിരുന്നു. റിസ്‌ളേയുടെ ഇതു സംബന്ധിച്ച സൈദ്ധാന്തിക നിരീക്ഷണങ്ങളില്‍ രണ്ടെണ്ണം ശ്രദ്ധേയമാണ്. സ്വന്തം ജാതിക്കുള്ളില്‍ നിന്നു തന്നെ വിവാഹം കഴിക്കുന്ന സമ്പ്രദായത്തിന് ഊന്നല്‍ കൊടുക്കുന്ന ജാതിഘടന വംശവിശുദ്ധി നിലനിര്‍ത്തുന്നതില്‍ മുഖ്യഘടകമായിരുന്നു എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വംശവും ഭാഷയും തമ്മില്‍ മാത്രമല്ല വംശവും തൊഴിലും തമ്മിലും റിസ്‌ളേ കേവലം ലളിതമായി പരസ്പരബന്ധം കണ്ടെത്തുന്നു എന്നതാണ്. ഇന്‍ഡോ-ആര്യന്‍ വംശത്തിന് ശ്രേണിയില്‍ ഉന്നതസ്ഥാനം നല്‍കിക്കൊണ്ടുള്ള വംശപരമായ ഉച്ച/നീചത്വകല്‍പ്പനകളും ഈ നിരീക്ഷണത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍, താരതമ്യഭാഷാപഠന (കംപാരിറ്റീവ് ഫിലോളജിക്കല്‍ സ്റ്റഡീസ്) ത്തിന്റെ അടിസ്ഥാനത്തില്‍ ആര്യന്‍സങ്കല്‍പ്പത്തിന് പ്രാധാന്യം കൈവന്നിരുന്നു. ഋഗ്വേദം ആദ്യത്തെ ആര്യന്‍ ഗ്രന്ഥമായി കല്‍പ്പിച്ച സ്ഥിതിക്ക് ഇന്ത്യയിലെ ഉന്നത ജാതികള്‍ക്ക് ആര്യന്‍ (അഥവാ, ഈ കാര്യത്തില്‍, ഇന്‍ഡോ-ആര്യന്‍) വിഭാഗത്തില്‍പ്പെടേണ്ടി വന്നു. ഇതുവഴി അവര്‍ക്ക് ആര്യന്‍ ഇംഗ്‌ളീഷ് ഭരണാധികാരികളുമായി ഒരു സാഹോദര്യം അവകാശപ്പെടാമെന്നും വന്നു. റിസ്‌ളേയുടെ വംശീയ ശ്രേണിയില്‍ ഇന്‍ഡോ-ആര്യന്മാര്‍ ഏറ്റവും മുകളിലായി പരിഗണിക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഉന്നതജാതികളില്‍പ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ ആര്യത്വം തങ്ങള്‍ക്കാണെന്നു സ്ഥാപിക്കാനുള്ള വ്യഗ്രത ഉണ്ടായി. ബംഗാളിലെ ഉന്നതജാതിക്കാര്‍ മേല്‍പ്പറഞ്ഞ സെഫാലിക് സൂചക പ്രകാരം വിശാല ശിരസ്‌കരായത് റിസ്‌ളേ വാദിച്ചതുപോലെ മംഗ്ലോയിഡ് പാരമ്പര്യം കൊണ്ടല്ല. മറിച്ച് തക്ലമകന്‍ മരുഭൂമിയിലെ ചില നല്ലയിനം ആര്യന്‍ തലയോട്ടികളില്‍ നിന്നാണെന്നു സ്ഥാപിക്കാനായി ആര്‍.പി. ഛന്ദ എന്ന ഇന്ത്യന്‍ പണ്ഡിതന്‍ ഇന്‍ഡോ- ആര്യന്‍ റെയ്‌സ് എന്ന പുസ്തകം തന്നെ എഴുതുകയുണ്ടായി. ഇന്ത്യയുടെ പുരാതനചരിത്രത്തെക്കുറിച്ചുള്ള പഠനം, സത്യത്തില്‍, ഇതിനകം പൂര്‍ണ്ണമായും വംശീയത നിറഞ്ഞതായിത്തീര്‍ന്നു...vamanan
No comments:
Post a Comment