മയി ഏവ മനഃ ആധത്സ്വ
ഭക്തപ്രിയനും ഈശ്വരന്മാര്ക്കും ഈശ്വരനായ എന്നില്‍- ഈ കൃഷ്ണനില്‍ മാത്രം നീ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തൂ! മനസ്സ് പലപ്പോഴും ലക്ഷ്യത്തില്‍ നിന്ന് തെന്നി, മറ്റ് വിഷയങ്ങളിലേക്ക് ചേര്‍ന്നേക്കാം. അങ്ങനെ സംഭവിക്കരുത്. മനസ്സിന്റെ സ്വഭാവം സങ്കല്പിക്കുകയും വികല്പ്പിക്കുകയും ചെയ്യുക എന്നതാണ്. മനസ്സിന് ഒരു കാര്യത്തിലും ഉറച്ച തീരുമാനം എടുക്കാന്‍ കഴിയില്ല. അപ്പോള്‍ ബുദ്ധിയെ ഉപയോഗിക്കണം. ''വ്യവസായാത്മിക ബുദ്ധിഃ ഏകേഹകുരു നന്ദന'' -ഉറച്ച തീരുമാനം എടുക്കുക എന്നതാണ് ബുദ്ധിയുടെ സ്വഭാവം എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ. (2-41) ഭഗവാനായ എന്നെത്തന്നെയാണ് ഭജിക്കേണ്ടത് എന്ന് തീരുമാനിക്കുക. എന്റെ നാമങ്ങളും കഥകളും മഹത്ത്വവും പഞ്ചമവേദമായ പുരാണങ്ങളില്‍ നിന്ന്-പ്രത്യേകിച്ച് ശ്രീമദ് ഭാഗവതത്തില്നിന്ന്- കേള്‍ക്കണം, പിന്നെ കീര്‍ത്തിക്കണം. എല്ലാ ഇന്ദ്രിയങ്ങളെയും എന്നിലേക്ക് മാത്രം പ്രവര്‍ത്തിപ്പിക്കണം.
മയി ഏവ നിവസിഷ്യസി
ഭക്തിപൂര്‍വം എന്നെ സേവിക്കുന്ന ഭക്തന് ഭൗതികാവസ്ഥയില്നിന്ന് ഉയര്‍ന്ന് ഇന്ദ്രിയങ്ങള്‍ക്ക് അപ്പുറത്ത്-എന്റെ സച്ചിദാനന്ദമയമായ അവസ്ഥയില്‍ ആരംഭം മുതല്‍ തന്നെ എത്തിച്ചേരുന്നു; അവിടെ തന്നെ താമസിക്കുന്നു. എങ്ങനെ എന്നല്ലേ? പറയാം- ഞാനും- ഈ കൃഷ്ണനും എന്റെ 'ഹരേ കൃഷ്ണ' എന്നു തുടങ്ങുന്ന നാമങ്ങളും എന്റെ അവതാരങ്ങളും ലീലകളും എന്റെ രൂപവും ഭൂഷണങ്ങളും ആയുധങ്ങളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. അതിനാല്‍ എന്റെ നാമങ്ങളും കഥകളും കേള്‍ക്കുമ്പോഴും കീര്ത്തിക്കുമ്പോഴും ഞാന്‍ തന്നെയാണ് അവരുടെ നാവിലും ചെവിയിലും നര്‍ത്തനം ചെയ്യുന്നത്. ഇങ്ങനെ അവര്‍ എന്നില്‍തന്നെ താമസം ഉറപ്പിക്കുന്നു. നീയും ഇങ്ങനെ ചെയ്താല്‍ ഈ നിലയില്‍ എത്തിച്ചേരും. ഈ വസ്തുതയില്‍ നീയും ആരും ലേശംപോലും സംശയിക്കേണ്ടതില്ല.
എന്റെ വിഗ്രഹം ധ്യാനിച്ചു
കൊണ്ട് തുടങ്ങാം (12-9)
എന്റെ സച്ചിദാനന്ദസ്വരൂപം ഹൃദയത്തില്‍ ധ്യാനിക്കാന്‍ കഴിവില്ലാത്തവരുണ്ട്. വാസ്തവത്തില്‍ എല്ലാ മനുഷ്യരുടേയും ഹൃദയത്തില്‍, ഭക്തിയാകുന്ന കല്പകവല്ലിയുടെ വിത്ത്, ജനിക്കുന്നതിന് മുമ്പേ ഞാന്‍ നടുന്നുമുണ്ട്. ഭൗതികമാലിന്യത്തില് മൂടിക്കിടക്കുന്നതുകൊണ്ടും അജ്ഞാന കൂരിരുട്ട് നിറഞ്ഞതുകൊണ്ടും അതിന് മുളക്കാന്‍ പോലും കഴിയുന്നില്ല. അത്തരം ആളുകള്‍ക്കാണ് എന്നെ ധ്യാനിക്കാന്‍ കഴിയാത്തത്. അവര്‍ ക്ഷേത്രങ്ങളിലെ എന്റെ വിഗ്രഹങ്ങള്‍, കണ്ണുകള്‍ കൊണ്ടു നിരന്തരം കാണുകയാണ് ആദ്യം വേണ്ടത്. അതാണ് ഭക്തിയോഗ പരിശീലനത്തിന്റെ ആദ്യ ചുവട് വയ്പ്പ്. അങ്ങനെ നേത്രം വഴി എന്റെ രൂപത്തെ ഹൃദയത്തിലേക്ക് ഉള്‍ക്കൊള്ളുക. ഈ പ്രക്രിയയെ 'അഭ്യാസ യോഗം' എന്നുവിളിക്കാം. ഭൗതിക മാലിന്യം നിറഞ്ഞ കണ്ണ്, എന്റെ വിഗ്രഹദര്‍ശനം എന്ന അഭ്യാസയോഗം പരിശുദ്ധമാകുന്നു. പിന്നീട്.
മാം ആപ്തും ഇച്ഛ
ഭഗവാനേ, എനിക്ക് അങ്ങയില്‍ പരമപ്രേമലക്ഷണയായ ഭക്തി വളര്‍ത്തണേ! എന്ന് പ്രാര്‍ത്ഥിക്കണം. ക്രമേണ ഹൃദയത്തിലെ ഭൗതികപാപമാലിന്യം കുറഞ്ഞു കുറഞ്ഞു വരികയും എന്റെ സ്വരൂപം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയും ചെയ്യും. ധനഞ്ജയ! നിരവധി രാജാക്കന്മാരെ ജയിച്ച്, രാജസൂയത്തിനുവേണ്ടി ധനം സമാഹരിച്ച് നിനക്ക്, മനസ്സാകുന്ന ശത്രുവിനെ ജയിക്കാനും ജ്ഞാനധനം നേടാനും കഴിയും. ഭഗവാന്റെ ഈ അഭ്യാസയോഗം എന്ന ഉപദേശം, അര്ജ്ജുനനെലക്ഷ്യംവച്ചല്ല, സാധാരണക്കാരായ നമ്മളെ ലക്ഷ്യംവെച്ചാണെന്ന കാര്യം ശ്രീ മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു.
ഭഗവാന്റെ വിഗ്രഹം കാണുന്നതോടൊപ്പം തന്നെ ഭഗവാനോടു സ്നേഹവും വളര്‍ത്തണം. പ്രഭാതത്തില്‍ സ്നാനം ചെയ്യുക, ഭഗവാന്നാമം ജപിച്ചുകൊണ്ടുതന്നെ ചെയ്യുക, പുഷ്പങ്ങളും നിവേദ്യ സാധനങ്ങളും സമര്‍പ്പിക്കുക. ഭഗവാന് നിവേദിച്ച പദാര്‍ത്ഥങ്ങള്‍-പഴം മുതലായവ-ദിവസവും ആദ്യമായി ഭക്ഷിക്കുക-എല്ലാം 'ഹരേ കൃഷ്ണ' നാമം ജപിച്ചുകൊണ്ട് തന്നെ ചെയ്യുക...kanapram
No comments:
Post a Comment