Saturday, February 10, 2018

ശിവപരബ്രഹ്മത്തെയും അതേ പ്രകൃതത്തില്‍ ശ്രീ ഗണേശനെയും ശ്രീ മുരുകനെയും ഒരുമിച്ചു കണ്ട വൈശ്രവണന്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പേടിച്ചുവിറച്ചു.
ആ ഭയത്തില്‍ താന്‍ ലയിച്ചില്ലാതായിപ്പോകുന്നതായി വൈശ്രവണന് തോന്നി. തലകറങ്ങി തളര്‍ന്നുവീണു.
പെട്ടെന്ന് ശിവശിരസില്‍നിന്നും ഗംഗാതീര്‍ത്ഥത്തിന്റെ അംശം തന്റെ മുഖത്ത് പതിച്ചു. ബോധം തിരിച്ചുകിട്ടി. അടുത്ത് ശിവനെയും ഗണേശനെയും പഴയ രൂപത്തില്‍ കണ്ട് രണ്ടുപേരെയുമായി സാഷ്ടാംഗം നമസ്‌കരിച്ചു.
ശ്രീഗണേശന്റെ പൊരുളെന്തന്നറിയാതിരുന്ന തന്റെ ദുരവസ്ഥയെക്കുറിച്ചോര്‍ത്ത് വിതുമ്പി. വിഷമത്തോടെ ശിവഭഗവാന്റെ മുഖത്തേക്കു നോക്കി.
ശ്രീപരമേശ്വരന്‍ ആശ്വസിപ്പിച്ചു. ഗണേശന്റെ പൊരുളറിയുക അത്ര എളുപ്പമൊന്നുമല്ല, വൈശ്രവണാ. അതറിയാതെ ദേവന്മാരെല്ലാം ഓരോ ഘട്ടത്തില്‍ വിഷമവൃത്തത്തില്‍ പെട്ടിട്ടുണ്ട്.
ശിവന്‍ തുടര്‍ന്നു.
വൈശ്രവണാ, പണ്ട് പാര്‍വതീപരിണയത്തിനു മുന്‍പ് സപ്തര്‍ഷികളും ഒന്നു വിഷമിച്ചതാണ്.
ഭഗവാന്‍ ശ്രീമഹാവിഷ്ണു തന്റെ സഹോദരിയായ പാര്‍വതീദേവിയെ വിവാഹത്തിന് അണിയിച്ചൊരുക്കാനായി ലക്ഷ്മീസമാനകളായ അനേകം തോഴിമാരെ നിയോഗിച്ചു. അവര്‍ വൈകുണ്ഠത്തില്‍നിന്നും തലേന്ന് തന്നെ വന്നു. അവര്‍ ആകാശമാര്‍ഗത്തില്‍ വന്നിറങ്ങിയത് ദ്രാവിഡദേശത്തിലാണ്.
അവര്‍ ഒത്തുകൂടി നാട്ടുവര്‍ത്തമാനങ്ങളും നേരം പോക്കുകളും പറഞ്ഞ് കുറേസമയം കളഞ്ഞു. എന്നാല്‍ നേരംപോക്കിനിടയില്‍ ശരിക്കും നേരംപോയതറിഞ്ഞില്ല. ഉറങ്ങിയപ്പോള്‍ വൈകി. ഇടയ്ക്ക് പാതിരാക്കോഴി കൂകുന്നതുകേട്ട് ഉണര്‍ന്നു. മൊത്തത്തിലുള്ള പ്രകാശവും കൂടി കണ്ടപ്പോള്‍ നേരം പുലര്‍ന്നുകഴിഞ്ഞതായി തോന്നി.
അവരാകെ വിഷമാവൃത്തത്തിലായി. വിവാഹസമയത്തിനു മുന്‍പുതന്നെ ഇനി പാര്‍വതീദേവിയെ അണിയിച്ചൊരുക്കുന്നതെങ്ങനെ? ഒരുക്കാന്‍ വൈകിയാല്‍ ശിവനും വിഷ്ണുവുമെല്ലാം കോപിച്ചാലോ? അതിനാല്‍ ഇനിയിപ്പോള്‍ ഹിമാലയത്തിലേക്കു പോയിട്ടു കാര്യമൊന്നുമില്ലല്ലോ എന്നായി ചിലര്‍.
എന്നാല്‍ പോകാതിരുന്നിട്ടു കാര്യമില്ല. അതുകൊണ്ട് ഭഗവത്‌കോപത്തില്‍നിന്നും ഒഴിഞ്ഞുമാറാനൊന്നുമാവില്ല. പോവുകതന്നെ എന്നായി ചിലര്‍.
ആകപ്പാടെ തര്‍ക്കം. മുറുമുറുപ്പ്. പരസ്പരം കുറ്റപ്പെടുത്തല്‍. ബഹളമയം.
ഇതിനിടെ പര്‍വതരാജന്‍ ഹിമവാന്‍ അവിടെ ഒരുക്കത്തിലായിരുന്നു. മകളുടെ വിവാഹച്ചടങ്ങുകളുടെ പ്രവര്‍ത്തനത്തിലാണ്. എല്ലാ കാര്യങ്ങളുടേയും ചുമതലക്കാരായി സപ്തര്‍ഷികളേയാണ് ഏല്‍പിച്ചിരിക്കുന്നത്. തടസ്സം കൂടാതെ എല്ലാം ഭംഗിയാക്കി പൂര്‍ത്തീകരിക്കണം. അതിനുവേണ്ടിയുള്ള എല്ലാ പൂജകളും ഹോമങ്ങളും മറ്റും നടത്തണം.
എന്തെല്ലാം പൂജകളും ഹോമങ്ങളും വേണമെന്ന് സര്‍വജ്ഞരായ മഹര്‍ഷിമാരോട് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ. ഒന്നിനും ഒരു കുറവും വരുത്തരുത് എന്നുമാത്രം നിര്‍ദ്ദേശിച്ചു.
എല്ലാമാകാം. എല്ലാം നിയോഗംപോലെ എന്നുമാത്രം മഹര്‍ഷിമാര്‍ മറുപടിയും നല്‍കി.
പിന്നെ ഒരു സംശയം മാത്രം. ആ സംശയം അവരെയും അല്‍പം ചിന്താക്കുഴപ്പത്തിലാക്കാതിരുന്നില്ല.

No comments: