ശൂന്യത എന്നൊരവസ്ഥ പ്രപഞ്ചത്തിലില്ല. ശൂന്യാകാശം (outer space) എന്നു വിളിക്കപ്പെടുന്നിടവും ശൂന്യമല്ല
യഥാ സര്‍വഗതം സൗക്ഷ്മ്യാത്
ആകാശം നോപലിപ്യതേ
സര്‍വത്രാവസ്ഥിതോ ദേഹേ
തഥാത്മാ നോപലിപ്യതേ (ഭഗവദ്ഗീത 13/33)
ആകാശം നോപലിപ്യതേ
സര്‍വത്രാവസ്ഥിതോ ദേഹേ
തഥാത്മാ നോപലിപ്യതേ (ഭഗവദ്ഗീത 13/33)
സര്‍വത്ര നിറഞ്ഞിരിക്കുന്ന (ഭൂത) ആകാശം എപ്രകാരം അതിന്റെ സൂക്ഷ്മത്വം കാരണം (ഒന്നില്‍നിന്നും) കളങ്കമേല്‍ക്കുന്നില്ലയോ, അതുപോലെ എല്ലാ ദേഹങ്ങളിലും അകവും പുറവും നിറഞ്ഞിരിക്കുന്ന പരമാത്മാവിന് (ഒന്നില്‍നിന്നും) കളങ്കമേല്‍ക്കുന്നില്ല.
പഞ്ചഭൂതങ്ങളില്‍ ഒന്നായ ആകാശത്തെക്കുറിച്ചാണ്, നമുക്കു സുപരിചിതമായ നീലാകാശത്തെപ്പറ്റിയല്ല പറയുന്നത്. (ഈ നീലാകാശം മറ്റേ ആകാശത്തിന്മേലുള്ള ഒരു ചായച്ചാര്‍ത്തു തന്നെ. പക്ഷേ, ഇതിലെ ഒരു നിറവും ആ ആകാശത്തില്‍ പറ്റിപ്പിടിക്കുന്നില്ല.) (സൂക്ഷ്മത്വം എന്നാല്‍ വ്യാപനശേഷി എന്നാണ് അര്‍ഥം.) ആകാശം സൂക്ഷ്മതമമാണ്. അതായത്, സര്‍വവ്യാപിയാണ്. വായു തുടങ്ങിയ മറ്റു ഭൂതങ്ങളും അവയുടെ വികാരങ്ങളായ ദേഹങ്ങളും നിന്നുതിരിയുന്നത് ആകാശത്താണ്. അവയിലൊക്കെ ആകാശം നിറഞ്ഞിരിക്കുന്നു എന്നര്‍ഥം. പുക മുതല്‍ ദുര്‍ഗന്ധം വരെ എല്ലാം ആകാശത്ത് വ്യാപിക്കാറുണ്ട്. പര്‍വതങ്ങള്‍ ആകാശത്തെ വിഭജിക്കുന്നപോലെയും മേഘങ്ങള്‍ മറയ്ക്കുന്നപോലെയും തോന്നുന്നു. പാത്രങ്ങളില്‍ അടച്ചു വെക്കാം, ആകാശത്തെ. കെട്ടിടം പണിയുമ്പോള്‍ അവിടെയുള്ള ആകാശം കെട്ടിടം പൊളിച്ചാലും അതുപോലെ അവിടെയുണ്ട്. ആകാശത്തുള്ള ഒന്നും ഒരു പാടും കറയും അടയാളവും അവിടെ അവശേഷിപ്പിക്കാറില്ല. ഒന്നില്‍നിന്നും ആകാശത്തെ പുറന്തള്ളാന്‍ പറ്റില്ല. ആകാശത്തെ ഉള്‍പ്പെടുത്താതെ ഒരു നിര്‍മിതിയും സാധ്യവുമല്ല.
എല്ലാറ്റിനും ആശ്രയമായി നില്‍ക്കെത്തന്നെ ഒന്നിനാലും കറയോ പോറലോ ഏല്പിക്കപ്പെടാത്ത അവസ്ഥ പഞ്ചഭൂതങ്ങളിലൊന്നായ ആകാശത്തിനുതന്നെ കാണുന്നുണ്ട്. അപ്പോള്‍ അതിനും കാരണമായ ചിദ്വസ്തു സര്‍വഥാ നിശ്ചലവും നിര്‍ല്ലേപവുമായിരിക്കും എന്നു നിശ്ചയം.
ശൂന്യത എന്നൊരവസ്ഥ പ്രപഞ്ചത്തിലില്ല. ശൂന്യാകാശം (outer space) എന്നു വിളിക്കപ്പെടുന്നിടവും ശൂന്യമല്ല. അവ്യക്തമാധ്യമം എങ്ങെങ്ങും സന്നിഹിതമാണ്. ആധുനികഭൗതികത്തില്‍ (modern physics)വലിയ വഴിത്തിരിവുണ്ടായത് പ്രപഞ്ചവ്യാപിയായ ഒരു മാധ്യമത്തെ സങ്കല്പിക്കേണ്ടിവന്നതിന്റെ തുടര്‍ച്ചയായാണ്.
വിദ്യുത്കാന്തതരംഗങ്ങള്‍ക്കും ഗുരുത്വാകര്‍ഷണത്തിനും വ്യാപിക്കാന്‍ ഒരു മാധ്യമമില്ലാതെ കഴിയില്ലെന്നു വന്നു. പക്ഷേ, ആ മാധ്യമത്തിന് കാരിരുമ്പിനേക്കാള്‍ എത്രയോ ഇരട്ടി കാഠിന്യമുണ്ടെങ്കിലേ ഇത്രയും വേഗത്തില്‍ വിദ്യുത്കാന്തതരംഗങ്ങള്‍ക്ക് അതിലൂടെ സഞ്ചരിക്കാനാവൂ എന്നു കണക്കുകള്‍ കാണിച്ചു. അപ്പോള്‍ ഗ്രഹങ്ങളെന്നല്ല ഒരു അണുകണംപോലും അതിലൂടെ ചലിക്കുന്നതെങ്ങനെ എന്ന അമ്പരപ്പും അതോടൊപ്പമുണ്ടായി. എന്നിട്ടോ, അതിനൊത്ത സൂക്ഷ്മത്വവും സവിശേഷസ്വഭാവവുമുള്ള ഒരു മാധ്യമം സങ്കല്പിക്കുന്നതിനു പകരം, മാധ്യമമേ ഇല്ലെന്നു വിചാരിക്കാന്‍ നിശ്ചയിച്ചുകളഞ്ഞു.
ദ്രവ്യത്തിന്റെ ചലനമെന്നാല്‍ മാധ്യമത്തില്‍ ഒരു സ്പന്ദ- സംഘാതത്തിന്റെ തുടര്‍ച്ചയായ സ്വയംപുനര്‍നിര്‍മിതി (self-re-generation) ആണെന്നു കരുതുന്നതിനുപകരം, ഭൗതികം ദ്രവ്യത്തിന്റെ സര്‍വപ്രാമാണികതയില്‍ത്തന്നെ ഊന്നിയാണ് പിന്നെയും മുന്നേറിയത്. അതിനാല്‍, പ്രപഞ്ചത്തിന്റെ ബാക്കി സമസ്യകള്‍ മനസ്സിലാക്കാനുള്ള ശ്രമത്തില്‍ ഇപ്പോഴും വളഞ്ഞുതിരിഞ്ഞു മൂക്കു പിടിക്കാനുള്ള ബദ്ധപ്പാടില്‍ പെട്ട് നട്ടംതിരിയുകയുമാണ്.
പ്രപഞ്ചത്തിന്റെ ആകെ വലിപ്പത്തിന്റെ നന്നേ ചെറിയ ഒരു ശതമാനമേ ദ്രവ്യമുള്ളൂ. കുറേ ഉറുമ്പുകള്‍ അരിച്ചു നടക്കുന്ന വലിയൊരു മൈതാനത്ത് ആകെയുള്ള കാര്യം ഈ ഉറുമ്പുകളാണെന്ന് നിശ്ചയിച്ചാലത്തെ അവസ്ഥയാണ് സയന്‍സിന്റെ പ്രപഞ്ചവീക്ഷണത്തില്‍ ഇന്നുമുള്ളത്. 'മാറ്ററേ' ആകെ ഉള്ളൂ എന്നാണ് ശാഠ്യം (nothing else matters) . ആ ശാഠ്യം ഉളവാക്കിയ അഴിയാക്കുരുക്കുകള്‍ ഇപ്പോഴും ശേഷിക്കുന്നു.
സര്‍വാധാരമായ ഒരേ ഒരു നിത്യവസ്തു ഈ മഹാപ്രപഞ്ചത്തെ തനിച്ചെങ്ങനെ സമ്യക്കായി പ്രകാശിപ്പിക്കുന്നു? എന്താണ് ഈ കൗശലത്തിന്റെ സ്വഭാവം?
(തുടരും..)
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം.
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം.
No comments:
Post a Comment