Wednesday, October 04, 2017

കേവലം രണ്ട്‍ വയസ്സായ ഒരു കുട്ടി ഏറ്റവും പ്രശസ്തനായ ഒരു ഗായകന്‍ പാടുന്നതിനേക്കാള്‍ സുന്ദരമായി പാട്ട്‍ പാടുന്നു. മൂന്ന്‍ വയസ്സായ കുട്ടിയുടെ അഭിനയം ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്നു. മുന്‍ജന്മത്തില്‍ ചെയ്ത്‍ തീര്‍ക്കാന്‍ പറ്റാതെ വിടപറഞ്ഞ്‍ പോയ ജീവന്‍ ഈ ജന്മത്തില്‍ അത്‍ നേരത്തെ തുടങ്ങി, ജീവിതം അവസാനിക്കുന്നതിനുമ്പ്‍ ബാക്കിവന്നതൊക്കെ ചെയ്ത്‍ തീര്‍ക്കുന്നു. വീണ്ടും വല്ലതും ശേഷിക്കുന്നുവെങ്കില്‍, അത്‍ വീണ്ടും മറ്റൊരു ജന്മത്തിലേക്ക്‍ നീങ്ങുന്നു. മറ്റുള്ളവരുടെ ചിന്തകള്‍ക്കുകൂടി എത്തിപ്പെടാന്‍ പറ്റാത്ത തലങ്ങളെ ഒരു പിഞ്ചുകുട്ടി എത്രയും അനായാസേന, വളരെ ലാഘവമായി, വാരിപ്പുണരുമ്പോള്‍, മുന്‍ ജന്മത്തില്‍ ചെയ്ത്‍തീര്‍ക്കാന്‍ പറ്റാതെ ബാക്കിയായതിനെ ഈ ജന്മത്തില്‍ പൂര്‍ത്തീകരിക്കുന്നു, എന്നല്ലാതെ അതിനെ മറ്റേത്‍ തലങ്ങളുമായി നമുക്ക്‍ തുലനം ചെയ്യാം. ഒരേ ബഞ്ചില്‍ നിങ്ങളുടെ അരികിലിരുന്ന്‍ പഠിച്ച കുട്ടി നൂറില്‍ നൂറുമാര്‍ക്കും കൈക്കലാക്കുകയും, എന്നോ ഒരു ദിവസം പഠിത്തം നിര്‍ത്തി സ്കൂളില്‍നിന്ന്‍ പുറത്തുപോയ നിങ്ങള്‍ ഭൗതികജീവിതത്തില്‍ നേടാന്‍ പറ്റാവുന്ന സകല സുഖസൗകര്യങ്ങളും നേടിയെടുക്കുകയും, പഠിപ്പില്‍ ഏറ്റവും മുന്നിലായിരുന്ന ആ കുട്ടി, ഒരു കൂലിപ്പണിക്കാരനായി ജോലി ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിന്‌ അനുഭവങ്ങള്‍ ഓരോരുത്തരുടെയും ചുറ്റുപാടിലും, ഓരോരുത്തരുടെയും അനുഭവത്തിലും ഉണ്ട്‍ എന്നിരിക്കെ, അതിനെയൊന്നും കാണാതെ പോവുകയും, വീണ്ടും വീണ്ടും ഈ സംശയം ഉദിക്കുകയും ചെയ്യുക. ഇത്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. വേദങ്ങളിലും ഉപനിഷത്തുക്കളിലും എല്ലാ പുരാണങ്ങളിലും ഒക്കെ പുനര്‍ജ്ജന്മത്തെകുറിച്ച്‍ പ്രതിപാദിക്കുന്നുണ്ട്‍. ഐതരേയ ഉപനിഷത്ത്‍ ബ്ര്‌ഹദാരണ്യക ഉപനിഷത്ത്‍ എന്നിവ നോക്കിയാല്‍ ഏറെക്കുറെ പുനര്‍ജ്ജന്മത്തെ കുറിച്ച്‍ അറിയാനൊക്കും. പുനര്‍ജ്ജന്മം എന്തുകൊണ്ട്‍ യുക്തിപരമായി ശരിയാണ്‌ എന്ന്‍ സംശയം ഉദിക്കുന്നതുതന്നെ, യുക്തിയെ കുറിച്ച്‍ അറിയാത്തതുകൊണ്ടാണ്‌. യുക്തി വെറും ബൗദ്ധിക തലമാണ്‌. ബുദ്ധിക്ക്‍ ഒരുപാട്‌ പരിമിതിയുണ്ട്‍. ആ പരിമിതിക്കപ്പുറം കടക്കാന്‍ മാനവന്റെ തുച്ഛമായ ബുദ്ധിയുപയോഗിച്ചുള്ള യുക്തിക്ക്‍ സാധ്യമല്ല. ജന്മത്തിന്റെ രഹസ്യം തന്നെ ഇന്നുവരെ ആരെക്കൊണ്ടും കണ്ടെത്താന്‍ പറ്റിയിട്ടില്ല. അതറിയുന്നവന്‌ പുനര്‍ജ്ജന്മത്തിന്റെ രഹസ്യം അറിയാനൊക്കും. അതില്‍ യുക്തിയ്ക്കൊന്നും ഒരു സ്ഥാനവുമില്ല. കാരണം യുക്തി യുക്തിക്കുതന്നെ നിരക്കാത്തതാണ്‌. യുക്തിയെ മാറ്റിവെച്ച്‍ യുക്തിയെക്കൂടി പ്രചോദിപ്പിക്കുന്ന ശുദ്ധവും തീക്ഷ്ണവുമായ ബുദ്ധി കൈവരിച്ചാല്‍ അയുക്തമായതൊന്നും ഈ പ്രക്ര്‌തിയില്‍ ഇല്ലെന്ന്‍ ബോധ്യമാവും. അതിനെ പ്രജ്ഞാനം ബ്രഹ്മ: എന്ന്‍ വേദവും പറയും.
Murali Dharan Vm

No comments: