പതിമൂന്നാം അധ്യായം
ഭഗവദ്ഗീതയിലെ 18 അധ്യായങ്ങളെ 6 വീതം അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന 3 ഭാഗങ്ങളായി മിക്ക ഭാഷ്യകാരന്മാരും വിഭജിച്ചിട്ടുണ്ട്. പ്രഥമഷള്ക്കം ദ്വിതീയഷള്ക്കം തൃതീയഷള്ക്കം എന്ന് അവയ്ക്ക് പേരും നല്‍കിയിട്ടുണ്ട്.
പ്രഥമഷള്ക്കത്തിലെ പ്രതിപാദ്യം-
ശരീരം സ്വീകരിച്ച ജീവാത്മാക്കള്‍ പരമാത്മാവായ ഭഗവാന്റെ അംശങ്ങള്‍ തന്നെയാണ്.
''മമൈവാംശോ ജീവലോകേ
ജീവഭൂതസനാതനഃ (15-17)
എന്ന് ഭഗവാന് തന്നെ ഇത് വിശദീകരിക്കുന്നുണ്ടല്ലോ. അംശമാണെങ്കിലും ത്രിഗുണ സ്വരൂപമുള്ള മായയാല്‍ മോഹിതരായി ഭൗതികസുഖങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സകലവിധ കര്‍മ്മങ്ങളും ലൗകികവും ആത്മീയവുമായ എല്ലാ കര്‍മ്മങ്ങളും സ്വര്‍ഗാദി ഭൗതിക സുഖത്തിനുവേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിച്ച്, ഭഗവാന് ആരാധനയായിത്തീരുംവിധം അനുഷ്ഠിച്ചാല്‍, ഹൃദയം കാമമാലിന്യം നീങ്ങി പരിശുദ്ധമാകും. അങ്ങനെ ഭഗവത്തത്ത്വജ്ഞാനം നേടാനുള്ള യോഗ്യത കിട്ടുകയും ചെയ്യും.
ദ്വിതീയ ഷള്‍ക്കത്തിലെ പ്രതിപാദ്യം
എല്ലാത്തരം കര്‍മ്മങ്ങളും ''ഭഗവാന് സന്തോഷിക്കണേ'' എന്ന ഒരേ ഒരു ലക്ഷ്യത്തോടെ ചെയ്യുക എന്നതാണ് പരമപദത്തിയില് നമ്മെ എത്തിക്കുന്ന നേരിട്ടുള്ള മാര്‍ഗ്ഗം. ഈ അവബോധം നമ്മള്‍ക്ക് ലഭിക്കുന്നതിന് ഭഗവാന്റെ മഹത്വം, ഐശ്വര്യം, വീര്യം, കീര്‍ത്തി, വൈരാഗ്യം ഇവയെപ്പറ്റി നാം യഥാരൂപം അറിയേണ്ടതുണ്ട്. 12-ാം അധ്യായം അവസാനിക്കുന്നതുവരെയുള്ള അധ്യായങ്ങളില്‍ അവ വിവരിക്കുന്നു. ഏഴാം അധ്യായത്തില്‍ ''ജ്ഞാനം തേഹം സവിജ്ഞാന ഇദം വക്ഷ്യാമി'' എന്ന് തുടങ്ങുന്നു. തുടര്‍ന്ന് ഭഗവാന്റെ 'പരാ' 'അപരാ' എന്ന രണ്ടുവിധം പ്രകൃതിയെ വിവരിക്കുന്നു. ''മയി സര്വ്വാമിദം പ്രോതം'' എന്നില്‍ എല്ലാ ലോകങ്ങളും നൂലില്‍ മണികള്‍ പോലെ കോര്‍ത്തുവച്ചിരിക്കുന്നു; സത്വ രജ സ്തമോ ഗുണങ്ങള്‍ എന്നില്‍നിന്ന് ഉണ്ടാവുന്നു. എന്റെ 'മായ' എന്ന ശക്തി 'ദുരത്യയ'- ആരാലും അതിക്രമിക്കപ്പെടാന്‍ കഴിയാത്തതാണ്. എല്ലാ ദേവന്മാര്ക്കും നിഗ്രഹാനുഗ്രഹശക്തി നല്‍കുന്നത് ഞാനാണ്. യോഗമായയാല്‍ സ്വയം ആവൃതനായ ഞാന്‍ ആര്‍ക്കും പ്രത്യക്ഷനല്ല. എനിക്ക് വ്യക്തമായ രൂപമില്ല എന്ന് പറയുന്നവര്‍ ബുദ്ധിയില്ലാത്തവരാണ്. ഈ പ്രപഞ്ചത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാന്‍ ഭാവിക്കുന്നതുമായ എല്ലാ സ്ഥാവര ജംഗമവസ്തുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും അറിഞ്ഞുകൊണ്ടിരിക്കുന്നു എന്നും ഭഗവാന് പറഞ്ഞു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ അര്‍ജുനന്റെ ചോദ്യങ്ങള്‍ക്കു മറുപടിയായിട്ട്, അഷ്ടാംഗയോഗ പദ്ധതി, ഭക്തിയോഗത്തിന്റെ ശാസ്ത്രീയത, ഭഗവാന്റെ വിഭൂതികള്‍, വിശ്വരൂപ ദര്‍ശനം, ഭക്തിയുടെയും ഭക്തന്മാരുടെയും ശ്രേഷ്ഠത ഇവയും വിവരിച്ചു.
തൃതീയ ഷള്‍ക്കത്തിലെ പ്രതിപാദ്യം
13-ല്‍ ഏഴാം അധ്യായത്തിന്റെ തുടര്‍ച്ചയായി, ക്ഷേത്രം, ക്ഷേത്രഭക്തന്, പരമാത്മാവ് മുതലായ വിഷയങ്ങള്‍ വിവരിക്കുന്നു. 14 ല്‍ ത്രിഗുണങ്ങളുടെ വിവരണം 15-ല്‍ ഭഗവാന്റെ പുരുഷോത്തമഭാവം, 16-ല്‍ ദേവാസുര വിഭാഗങ്ങളുടെ വിവരണം, 17-ല്‍ ശ്രദ്ധയുടെ സത്വരജസ്തോമോ ഗുണ രൂപത്തിലെ ഭിന്നാവസ്ഥ, 18 ല്‍ സര്‍വ കര്‍മ്മങ്ങളും ഭഗവാനില്‍ സമര്‍പ്പിച്ച് ഭഗവാനെ ശരണം എന്നു പറയുന്നു.
kanapram
No comments:
Post a Comment