രണ്ടാംപാദത്തെക്കുറിച്ച് പറയുന്നു
സ്വപ്നസ്ഥാനോളന്തഃ പ്രജ്ഞഃ സപ്താംഗ
ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക്
തൈജസോ ദ്വിതീയഃ പാദഃ
സ്വപ്നമാകുന്ന സ്ഥാനത്തോടുകൂടിയവനും അന്തര്‍ഭാഗത്ത് പ്രജ്ഞയോട് കൂടിയവനും 7 അംഗങ്ങള്‍ ഉള്ളവനും 19 മുഖങ്ങളുള്ളവനും സൂക്ഷ്മ വിഷയങ്ങളെ അനുഭവിക്കുന്നവനുമായ തൈജസന്‍ രണ്ടാംപാദമാകുന്നു.
ജാഗ്രത്തിനുശേഷം സ്വപ്നമാണ് ഉണ്ടാകുന്നത് എന്നതിനാല്‍ ആത്മാവിന്റെ തൈജസഭാവത്തെ രണ്ടാം പാദം എന്ന് പറയുന്നു. പുറമെയുള്ള വിഷയങ്ങളൊന്നുമില്ലാതെ വാസനയുടെ തേജോരൂപമായ പ്രജ്ഞയിലിരുന്ന് സൂക്ഷ്മങ്ങളായ മനോവിഷയങ്ങളായ സ്വതേജസ്സിനാല്‍ പ്രകാശിപ്പിച്ച് അനുഭവിക്കുന്നതിനാലാണ് തൈജസന്‍ എന്നുവിളിക്കുന്നത്. മനസ്സില്‍ വാസനയുടെ രൂപത്തിലാണ് സ്വപ്നത്തില്‍ പ്രജ്ഞയിരിക്കുക. അതിനാല്‍ അന്തഃപ്രജ്ഞന്‍. ഉണര്‍ന്നിരിക്കുമ്പോള്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ ഒരു സംസ്‌കാരത്തെ ഉണ്ടാക്കും. സ്വപ്നത്തില്‍ ഈ സംസ്‌കാരത്തിനനുസരിച്ച് വിഷയങ്ങളെ സ്വയം കല്‍പ്പിച്ച് ജീവന്‍ അനുഭവിക്കുന്നു. ഇതിനാല്‍ സ്വപ്നത്തില്‍ പേര് പ്രവിവിക്തഭുക്. ഏഴ് അംഗങ്ങളും 19 മുഖങ്ങളും പഞ്ചീകരണം ചെയ്യാത്തവയായ ഭൂതങ്ങളില്‍നിന്ന് ഉണ്ടാകുന്നതിനാല്‍ സൂക്ഷ്മരൂപങ്ങളാണ്. ജാഗ്രത്തിലെ വൈശ്വാനരന്റേയും സ്വപ്നത്തിലെ തൈജസന്റേയും അനുഭവങ്ങള്‍ക്ക് വ്യത്യാസമില്ല. ജാഗ്രത്തിലും മനസ്സ് വേണം.
ജാഗ്രത്തില്‍ സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളുടെ സഹായത്താല്‍ സ്ഥൂല അനുഭവങ്ങളും സ്വപ്നത്തില്‍ ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാകും. അപ്പോള്‍ സൂക്ഷ്മ വിഷയാനുഭവമാകും. സ്വപ്നത്തില്‍ സ്ഥൂലംപോലെ തോന്നും. ഉണരുമ്പോള്‍ ഇത് ശരിയല്ലായിരുന്നുവെന്നും അറിയാം.
മൂന്നാമത്തെ പാദത്തെപ്പറ്റി ഇനി-
യത്ര സുപ്‌തോ ന കംചന കാമം കാമയതേ
നകംചന സ്വപ്നം പശ്യതിതത് സുഷുപ്തം
സുഷുപ്ത സ്ഥാന ഏകീഭൂതഃ പ്രജ്ഞാനഘന
ഏവാനന്ദമയോ ഹ്യാനന്ദഭുക് ചേതോമുഖഃ
പ്രാജ്ഞസ്തൃതീയഃ പാദഃ
ഉറങ്ങുന്നയാള്‍ ഒന്നിനേയും ആഗ്രഹിക്കാതിരിക്കുകയും ഒരു സ്വപ്നവും കാണാതിരിക്കുകയും ചെയ്യുന്ന സ്ഥാനത്തെ സുഷുപ്തം എന്നുപറയുന്നു. സുഷുപ്തമായ സ്ഥാനത്തോടുകൂടിയവനും എല്ലാം ഒന്നായിത്തീര്‍ന്നവനും പ്രജ്ഞാനം ഘനീഭവിച്ചിരിക്കുന്നവനും ആനന്ദമായിരുന്ന് ആനന്ദത്തെ അനുഭവിക്കുന്നവനും ചേതസ്സാകുന്ന മുഖത്തോടുകൂടിയവനുമായ പ്രാജ്ഞന്‍ മൂന്നാമത്തെ പാദമാകുന്നു.
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്ത അവസ്ഥയാണ് സുഷുപ്തി അഥവാ ഗാഢനിദ്ര. ഇതാണ് ഒന്നുമറിയാതെയുള്ള ശരിയായ ഉറക്കം. ഉണര്‍ന്നിരിക്കുന്നതും സ്വപ്നവും തമ്മില്‍ ഉറക്കത്തിനുള്ള വ്യത്യാസത്തെ അറിയാന്‍ വേണ്ടിയാണ് ആദ്യം സുഷുപ്തി എന്താണെന്ന് പറഞ്ഞത്. അറിവില്ലായ്മയെ തുടര്‍ന്ന് ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും രണ്ട് കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്ട്. പരമാര്‍ത്ഥ വസ്തുവിനെ അറിയാതിരിക്കുക എന്ന 'അഗ്രഹണവും', മറ്റു തരത്തില്‍ കാണുക എന്ന 'അന്യഥാ ഗ്രഹണ'വും സുഷുപ്തിയില്‍ അന്യഥാഗ്രഹണം ഉണ്ടാകില്ല. അവിടെ പരമാര്‍ത്ഥ വസ്തുവായ ആത്മാവിനെ അറിയുന്നില്ല എങ്കില്‍ ആത്മാവില്‍നിന്ന് അന്യമായ വേറെന്നിനെയും കാണുക എന്നുള്ളതില്ല. സുഷുപ്തിയില്‍ മനസ്സ് ആത്മാവില്‍ ലയിക്കുന്നതിനാല്‍ മറ്റ് അവസ്ഥകളില്‍ ഉണ്ടായിരുന്ന ദ്വൈത അനുഭവങ്ങള്‍ അവ്യാകൃത കാരണത്തില്‍ ഒന്നായിച്ചേരുന്നു.
അതുകൊണ്ട് ഏകീഭൂതന്‍. കൂരിരുട്ടത്ത് മുന്നില്‍ ഉള്ളതെല്ലാം തിരിച്ചറിയാന്‍ കഴിയാതെ എല്ലാം ഒന്നായിരിക്കുന്നതുപോലെയാണിത്. ജാഗ്രത്തിലേയും സ്വപ്നത്തിലേയും മനസ്സിന്റെ ഇളക്കങ്ങളായ പ്രജ്ഞാനങ്ങളെല്ലാം ഘനീഭവിക്കുന്നു. കട്ടപിടിച്ച ഇരുട്ട് പോലെ പ്രജ്ഞാനഘനന്‍. അജ്ഞാനം ഉള്ളതിനാല്‍ ആനന്ദസ്വരൂപനല്ല. മിക്കവാറും ആനന്ദം തന്നെയായുള്ളവന്‍ എന്നര്‍ത്ഥത്തിലാണ് ആനന്ദമയന്‍ എന്ന് പറഞ്ഞത്. സുഷുപ്തിയില്‍ ദുഃഖങ്ങളൊന്നുമില്ലാത്തതിനാല്‍ ആനന്ദഭുക്. ഉറക്കത്തില്‍നിന്ന് ഉണരുമ്പോള്‍ 'സുഖമായി ഉറങ്ങി ഒന്നുമറിഞ്ഞില്ല' എന്ന് പറയുന്നത് ആനന്ദം അനുഭവിച്ചതിന്റെ തെളിവാണ്. ജാഗ്രത്, സ്വപ്നം എന്നിവയിലേക്ക് കടക്കാനുള്ള വാതിലായ ബോധം എന്ന ചേതസ്സ് ഉള്ളതിനാല്‍ പ്രാജ്ഞ ചേതോമുഖന്‍ എന്നുപറയുന്നു. വിശേഷജ്ഞാനമില്ലെങ്കിലും സാമാന്യജ്ഞാനമുള്ളതിനാല്‍ പ്രാജ്ഞന്‍. പ്രകര്‍ഷേണ അറിയുന്നവന്‍ പ്രാജ്ഞന്‍. പിന്നീട് വിശ്വനും തൈജസനുമായിത്തീര്‍ന്ന് എല്ലാം അറിയുന്നതുകൊണ്ടും പ്രാജ്ഞന്‍ എന്ന് വിളിക്കുന്നു.
No comments:
Post a Comment